Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

'ഞങ്ങൾമാത്ര തീവ്രവാദ'ങ്ങളുടെ കാലത്ത് ഞങ്ങളല്ലാതെ മറ്റാരും നല്ലതു ചെയ്യരുത്! അങ്ങനെ ചെയ്താൽ എതിർക്കും എന്നു മാത്രമല്ല ദുഷ്പ്രചാരണം നടത്തും എന്നുകൂടി വന്നിട്ടുണ്ട്; സങ്കുചിത കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ നടത്തേണ്ട ഘട്ടത്തിൽ വലിയ വേർതിരിവുകളും സംഘർഷവും സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്; വാളയാറിൽ എത്തിയ ജനപ്രതിനിധികൾക്ക് ക്വാറന്റൈൻ വിധിച്ച സർക്കാരിനെ കുറിച്ച് ഡോ. ആസാദ് എഴുതുന്നു

'ഞങ്ങൾമാത്ര തീവ്രവാദ'ങ്ങളുടെ കാലത്ത് ഞങ്ങളല്ലാതെ മറ്റാരും നല്ലതു ചെയ്യരുത്! അങ്ങനെ ചെയ്താൽ എതിർക്കും എന്നു മാത്രമല്ല ദുഷ്പ്രചാരണം നടത്തും എന്നുകൂടി വന്നിട്ടുണ്ട്; സങ്കുചിത കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ നടത്തേണ്ട ഘട്ടത്തിൽ വലിയ വേർതിരിവുകളും സംഘർഷവും സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്; വാളയാറിൽ എത്തിയ ജനപ്രതിനിധികൾക്ക് ക്വാറന്റൈൻ വിധിച്ച സർക്കാരിനെ കുറിച്ച് ഡോ. ആസാദ് എഴുതുന്നു

ഡോ. ആസാദ്

ലോക്ഡൗൺ ചട്ടങ്ങൾ പാലിച്ച് വീട്ടിലിരിക്കാൻ ജനപ്രതിനിധികൾക്കും രാഷ്ട്രീയ നേതാക്കൾക്കും കഴിയണമെന്നില്ല. ആവശ്യമായ മുൻകരുതലുകളോടെ ജനകീയ പ്രശ്നങ്ങളുള്ളിടത്ത് അവർ ഓടിയെത്തണം. പകർച്ചവ്യാധികൾ പടർന്നു പിടിച്ച കാലത്തും സ്ഥലത്തുമെല്ലാം നമ്മുടെ ജനനായകർ സേവന സന്നദ്ധരായി ഓടിയെത്തിയിട്ടുണ്ട്. വസൂരിയുടെയും പ്ലേഗിന്റെയുമൊക്കെ അനുഭവ ചരിത്രത്തിൽ അതു വായിച്ചിട്ടുണ്ട്. കൊറോണകാലത്തും ആ ഉത്തരവാദിത്തം നിർവ്വഹിക്കേണ്ടതുതന്നെ.

'ഞങ്ങൾമാത്ര തീവ്രവാദ'ങ്ങളുടെ കാലത്ത് ഞങ്ങളല്ലാതെ മറ്റാരും നല്ലതു ചെയ്യരുത്! അങ്ങനെ ചെയ്താൽ എതിർക്കും എന്നു മാത്രമല്ല ദുഷ്പ്രചാരണം നടത്തും എന്നുകൂടി വന്നിട്ടുണ്ട്. അതത്ര ഗുണപരമല്ല. വാളയാറിൽ ജനപ്രതിനിധികളെത്തിയത്, അതിർത്തിയിലെത്തിയവരെ തിരിച്ചയക്കാൻ ആരംഭിച്ചപ്പോഴാണ്. തമിഴ് നാട് പൊലീസ് കേരളത്തിലേക്കും കേരള പൊലീസ് തമിഴ്‌നാട്ടിലേക്കും അവരെ ആട്ടിക്കൊണ്ടിരുന്ന നേരത്താണ്. പ്രാഥമിക സൗകര്യങ്ങൾ നിർവ്വഹിക്കാനോ വിശപ്പടക്കാനോ മാർഗമില്ലാതെ മണിക്കൂറുകളോളം അനിശ്ചിത കാത്തിരിപ്പിലായ ആൾക്കൂട്ടം അസ്വസ്ഥമായി തുടങ്ങിയപ്പോഴാണ്. ഉദ്യോഗസ്ഥരാജിന്റെ ഭീകരത ദയാരഹിതമായ ജനവിരുദ്ധ വാഴ്‌ച്ച തുടർന്നപ്പോഴാണ്.

അവിടെയെത്തിയ ജനപ്രതിനിധികൾ ആവശ്യപ്പെട്ടത് പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണവും പ്രാഥമിക സൗകര്യങ്ങളും നൽകാനാണ്. തലേ ദിവസം ചെയ്തതുപോലെ പ്രത്യേക കൗണ്ടറുകൾവഴി പ്രശ്നത്തിനു പരിഹാരംകണ്ട് അവരെ ഇൻസ്റ്റിറ്റ്യൂഷണൽ കോറന്റൈന് വിധേയമാക്കാനാണ്. അല്ലെന്ന് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നില്ല. ആളുകൾ മണിക്കൂറുകളോളം തടിച്ചുകൂടാനും അശാന്തരാവാനും ഇടയായത് ഉദ്യോഗസ്ഥ സംവിധാനത്തിന്റെ ദൗർബല്യംമൂലമാണ്.

ഈ അനിശ്ചിതത്വത്തിലേക്ക് പാഞ്ഞെത്തിയ ജനപ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു. ചട്ടങ്ങൾ മനുഷ്യരെ പ്രയാസപ്പെടുത്താൻ ഉള്ളതല്ല. അസാധാരണമായ സന്ദർഭത്തിൽ മുൻ നിശ്ചയപ്രകാരമല്ലാതെ പ്രതിസന്ധികൾ രൂപപ്പെടുമ്പോൾ അതു പരിഹരിക്കാനാണ് ജനപ്രതിനിധികളും ജനാധിപത്യ സംവിധാനങ്ങളും ഒത്തു ശ്രമിക്കേണ്ടത്. വാളയാറിൽ അതാണ് സംഭവിച്ചത്. പിന്നീട് സഹായത്തിനെത്തിയ ജനപ്രതിനിധികളെ അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമിക്കുന്നത് നന്നല്ല.

സഹായത്തിനെത്തിയവരെ മരണത്തിന്റെ വ്യാപാരികളും അതിർത്തിക്കപ്പുറത്ത് നിസ്സഹായരായി നിലവിളിക്കുന്ന മലയാളി സഹോദരങ്ങളെ മരണത്തിന്റെ വിത്തുകളുമായി വിശേഷിപ്പിക്കുന്നത് അറിവില്ലായ്മയല്ല. മനുഷ്യത്വത്തോടുള്ള ക്രൂരമായ പരിഹാസമാണ്. ഭരണകൂടത്തെ അമിതമായി വിശ്വസിക്കുകയും സ്തുതിഗീതങ്ങളാലപിക്കുകയും ചെയ്യുന്ന അടിമജീവികൾ പൗരസമൂഹത്തോടു കാണിക്കുന്ന വെറുപ്പാണ്. സർക്കാറിന്റെ സദ് വൃത്തികൾക്കു പിന്തുണ നൽകുമ്പോൾ തന്നെ നടത്തിപ്പു സംവിധാനങ്ങളുടെ പിശകുകൾ ചൂണ്ടിക്കാണിച്ചു തിരുത്താനും ജനങ്ങൾക്കു ബാധ്യതയുണ്ട്. ജനപ്രതിനിധികൾ അതാണു നിർവ്വഹിക്കുന്നത്.

സങ്കുചിത കക്ഷിരാഷ്ട്രീയത്തിന് അതീതമായി കാര്യങ്ങൾ നടത്തേണ്ട ഘട്ടത്തിൽ വലിയ വേർതിരിവുകളും സംഘർഷവും സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കാനും സംഭാഷണശകലങ്ങൾ അതിനനുസരിച്ച് മുറിച്ചൊട്ടിക്കാനും 'പ്രാപ്തി'യുള്ള ഉപജാപക ഫാക്റ്ററികൾ നമ്മുടെ നാട്ടിൽ രൂപംകൊണ്ടിട്ടുണ്ട്. അവിടെ ലോക്ഡൗണില്ല. പരിശീലനം സിദ്ധിച്ച അധോലോക പടയാളികൾ വാസ്തവങ്ങളെ തലകീഴായി മറിച്ചിടും. ഞങ്ങൾ, ഞങ്ങളാണ് തീരുമാനിക്കുക എന്ന പുതുബ്രാഹ്മണ്യത്തിന്റെ രാഷ്ട്രീയമുഖം പലമട്ടു വെളിപ്പെടുന്നു!

വാസ്തവമെന്ത് എന്നു പരിശോധിക്കാതെ സാമൂഹിക മാധ്യമങ്ങളിലെ കൂട്ടക്കമന്റുകളിൽ വഴുതിക്കൂടാ എന്നു നാം സ്വയം നിശ്ചയിക്കണം. അല്ലെങ്കിൽ നമ്മുടെ ചിന്തകളെയും നിശ്ചയങ്ങളെയും ഉപജാപക വ്യവസായം അട്ടിമറിക്കുമെന്നു തീർച്ച.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP