Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡോക്ടർമാരുടെ കുറവു നികത്തലും ഗ്രാമീണ മേഖലയിലെ ആരോഗ്യ രംഗം പരിപോഷിപ്പിക്കലുമാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ അതിനു വഴികൾ വേറെ ഏറെ ഉണ്ട്; അത് ചർച്ചകൾ വഴി ജനാധിപത്യ രീതിയിൽ നടപ്പിലാക്കേണ്ടത്; പക്ഷേ ഇത്തരം കുറുക്കുവഴികൾ തുഗ്ലക്കിനെ പോലും നാണിപ്പിക്കുന്നതാണ്; ഒരു മെഡിക്കൽ പാലംവലി അപാരത: ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു

ഡോക്ടർമാരുടെ കുറവു നികത്തലും ഗ്രാമീണ മേഖലയിലെ ആരോഗ്യ രംഗം പരിപോഷിപ്പിക്കലുമാണ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ അതിനു വഴികൾ വേറെ ഏറെ ഉണ്ട്; അത് ചർച്ചകൾ വഴി ജനാധിപത്യ രീതിയിൽ നടപ്പിലാക്കേണ്ടത്; പക്ഷേ ഇത്തരം കുറുക്കുവഴികൾ തുഗ്ലക്കിനെ പോലും നാണിപ്പിക്കുന്നതാണ്; ഒരു മെഡിക്കൽ പാലംവലി അപാരത: ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു

ഡോ ആരിഫ് ഹുസൈൻ തെരുവത്ത്

പ്പോൾ പുറത്ത് വന്ന പുതിയ നാഷണൽ മെഡിക്കൽ കമ്മീഷൻ ബില്ലിൽ സൂചിപ്പിച്ച പാലം വലിയും, അത് സംബന്ധിച്ച ചർച്ചകളും നിരർത്ഥകമാകുന്നത് എങ്ങനെ ആണ് എന്ന് ഒന്ന് നോക്കാം. സർക്കാർ പറയുന്നു ഇവിടെ ഗ്രാമങ്ങളിൽ ഡോക്ടർമാരുടെ വലിയ ക്ഷാമമാണ് എന്ന്. അതേസമയം ഡോക്ടർമാർ പറയുന്നു, അങ്ങനെ ഒരു ക്ഷാമം ഇല്ല എന്ന്. ഡോക്ടർമാർക്ക് ജോലി സ്ഥലത്ത് വേണ്ട സൗകര്യങ്ങൾ കൊടുത്താൽ ആ പ്രശ്നം ഇവിടെ തീരും എന്നാണു അവരുടെ അസോസിയേഷന്റെ പക്ഷം.

എന്നാൽ സർക്കാർ വീണ്ടും പറയുന്നു, ആ പറയപ്പെടുന്ന ക്ഷാമം പരിഹരിക്കാൻ ആയുഷ് ഡോക്ടർമാരെ മോഡേൺ മെഡിസിനിലേക്ക് പാലം വലിക്കുകയാണ് മുന്നിലുള്ള ആകെ ഉള്ള പോംവഴി എന്ന്. അതൊരുമാതിരി മറ്റേടത്തെ വഴിയാണ് എന്ന് ഡോക്ടർമാരും.
നഗരങ്ങളിൽ ഉള്ള പോലെതന്നെ നല്ല 'ഒറിജിനൽ' ഡോക്ടർമാർ തന്നെ വേണം ഗ്രാമങ്ങളിൽ ഉള്ളവരെയും ചികിത്സിക്കേണ്ടത്, അല്ലാതെ ഇതുപോലെ അവരെ രണ്ടാകിടക്കാരായി കാണുന്നത് ശരിയല്ല എന്നാണ് അവരുടെ അഭിപ്രായം. അത് ന്യായമാണ് താനും.

അവസാനമായി, സർക്കാർ പറയാതെ പറയുന്ന ഒരു കാര്യമുണ്ട്, ഇങ്ങനെ ഒരു പാലംവലി നടത്തേണ്ടി വരുന്നത് തന്നെ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ ഒരു വലിയ പോരായ്മയാണ്, ഒരു പാളിച്ചയാണ് തുറന്നു കാണിക്കുന്നത് എന്ന്. ഇന്ന് നിലവിലുള്ള ആയുഷ് ഡോക്ടർമാരെ കൊണ്ട് രാജ്യത്തിന് ആവശ്യ മേഖലയിൽ വലിയ ഗുണമില്ല എന്ന്. ആയുഷ് മന്ത്രാലയത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒരു അവസ്ഥണിത് എന്ന് പക്ഷെ ആ ബില്ലുണ്ടാക്കിയവർ പോലും ചിന്തിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

'ബില്ലാ'നന്തര ചിന്തകൾ അങ്ങനെ പോകുന്നു.

ഈ അവസരത്തിൽ ഒരു ഹോമിയോപ്പതി ഡോക്ടറുടെ കണ്ണിലൂടെ കണ്ട ചില കാര്യങ്ങൾ പങ്കു വെക്കാം. ഇന്ത്യയിൽ ഏറ്റവും അധികം വ്യവസ്ഥാപിതമായി സർക്കാർ പിന്തുണയോടെ വളർന്നു വരുന്ന ഒരു ഇതര വൈദ്യ മേഖലയാണ് ആയുഷിലെ ഹോമിയോപ്പതി വിഭാഗം.അതിൽ കേരളത്തിൽ ആണ് എടുത്തുപറയാവുന്ന നേട്ടം ഹോമിയോപ്പതി മേഖല ഉണ്ടാക്കിയിട്ടുള്ളത്. കേരള സർക്കാരിന്റെ തന്നെ വിവിധ പദ്ധതികൾ വഴി അനേകം രോഗങ്ങൾ ഇവിടെ മാറ്റിയിട്ടുണ്ട്, സർജറികൾ ഒഴിവാക്കിയിട്ടുണ്ട്, കുട്ടികളുണ്ടായിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ ഹോമിയോപ്പതിയുടെ നല്ല വശങ്ങൾ കൊണ്ട് ധാരാളം രോഗികൾക്ക് ഗുണം ചെയ്തിട്ടുണ്ട് എന്ന് തന്നെ വേണം പറയാൻ.

ഹോമിയോപ്പതി ഒരു കപട ശാസ്ത്രമാണ് എന്നും അല്ല എന്നും ഉള്ള വടംവലി ഇവിടെ നടന്നു കൊണ്ടിരിക്കെ തന്നെ ഇവിടെ സംഭവിക്കുന്ന ഒരു കാര്യമാണ് മേൽ പറഞ്ഞത്. ഹോമിയോപ്പതിയിൽ ഉപയോഗിക്കപ്പെടുന്ന ഉയർന്ന അവർത്തികൾ അല്ലാത്ത മരുന്നുകളും, സംയുക്തങ്ങളും എല്ലാം ഉണ്ടാക്കുന്ന ഫലങ്ങൾ ആണ് അതിൽ ഏറെയും എന്ന് പക്ഷെ ആർക്കും അറിയാൻ താല്പര്യമില്ല, ഹോമിയോപ്പതിക്കാർക്ക് പോലും. എല്ലാം ജീവശക്തിയുടെ ലീലാവിലാസമാണ് എന്ന് സമ്മതിക്കാൻ ആണ് എല്ലാവര്ക്കും ഒരുപോലെ ഇഷ്ടം.

ചികിത്സ എന്നത് ഒരു മതം പോലെയാണ് ആളുകൾ കാണുന്നത്, അതിൽ ഡോക്ടർമാരും വ്യത്യസ്തരല്ല എന്നതാണ് ദുഃഖ സത്യം. തന്റെ ചികിത്സ മേഖലയിൽ സാധിക്കാത്തതു സാധിക്കും എന്ന് പറഞ്ഞും, ആധുനിക വൈദ്യത്തിൽ വളരെ സിംപിൾ ആയി ചെയ്യാവുന്ന ഒരു കാര്യം അജ്ഞത മൂലം സ്വന്തം ചികിത്സ ശാഖ കൊണ്ട് കോംപ്ലിക്കേറ്റഡ് ആക്കുന്ന കാര്യത്തിലും ഇതര വൈദ്യ ഡോക്ടർമാർ മിടുക്കന്മാരാണ്. അവിടെ കുറ്റാരോപിതരാകുന്നത് ചികിത്സ ശാഖ തന്നെയാണെന്നതാണ് ആശ്ചര്യം. അങ്ങനെ ആണ് ഹോമിയോപ്പതി വ്യാജ വൈദ്യമാകുന്നതും, മരുന്നുകൾ മാഫിയായി മാറുന്നതും, അലോപ്പതി ലോബിയായി പരിണമിക്കുന്നതും.

ഇങ്ങനെ ഏറെയും പഴികേൾക്കേണ്ടി വരുന്നത് ഹോമിയോപ്പതി ഉൾപ്പെടുന്ന ആയുഷ് വിഭാഗം മൊത്തത്തിൽ ആണ് എന്നതാണ് ഒരു വലിയ സത്യം. കാരണം, ആധുനിക വൈദ്യം വളർച്ച കൈവരിക്കുന്നതിന് മുന്നേ ഇന്നുണ്ടായിട്ടുള്ള ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഒരു കാലത്ത് ഉത്ഭവിച്ച ആയുർവേദവും ഹോമിയോപ്പതിയും ഒക്കെ ഇന്നും അതേപോലെ നിലനിർത്തുകൊണ്ടു അതാണ് ഏറ്റവും നല്ലതു എന്ന് സ്ഥാപിക്കുവാൻ മതപുരോഹിതൻ നടത്തുന്ന വാദം കണക്കെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ആയുഷ് വിഭാഗത്തിന്റെ രീതി ആണ് ഇങ്ങനെ ഒരു ദുരവസ്ഥക്ക് പ്രധാന കാരണം. സിലബസിൽ ഉൾപ്പെടുത്തിയ വൈദ്യ ശാസ്ത്രങ്ങളെ പരിചയപ്പെടുത്തുന്ന വിവരങ്ങൾ പലപ്പോഴും അവരുടെ കുറവുകൾ കണ്ടെത്തുവാൻ മാത്രമായി ചുരുങ്ങി പോകുന്ന ഒരു വ്യവസ്ഥിതി ആണ് ഇവിടെ സംജാതമായിട്ടുള്ളത്.

ഇതിൽ നിന്നും എല്ലാം മനസ്സിലാകുന്നത്, ബിരുദ തലത്തിൽ പഠിപ്പിക്കപ്പെടുന്ന വിവിധ ആയുഷ് ചികിത്സാ ശാഖകൾ തമ്മിലോ, ആധുനിക വൈദ്യമായിട്ടോ യോജിച്ചു പോകുവാനുള്ള സാധ്യത വളരെ വിരളമാണ് എന്നതാണ്. അവയുടെ പ്രയോഗവത്കരണം ഇനിയെങ്കിലും കൃത്യമായി പഠന വിധേയമാക്കേണ്ടതുണ്ട്. സ്‌കോപ് ആൻഡ് ലിമിറ്റേഷൻസ് കൃത്യമായി പഠിപ്പിക്കേണ്ടതുണ്ട്, അത് എല്ലാ ഡോക്ടർമാരും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്, ചികിത്സാ ശാഖകൾ മതങ്ങൾ അല്ല എന്ന അവബോധം ജനങ്ങൾക്കും ഡോക്ടർമാർക്കും ഉണ്ടാകേണ്ടതുണ്ട്. സംയോജിത ചികിത്സ സമ്പ്രദായം സാധ്യമാണെങ്കിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. ഇന്ന് നിലനിർത്തേണ്ടതില്ലാത്ത, ശാസ്ത്രീയാടിത്തറയില്ലാത്ത ഇതര വൈദ്യ മേഖലകൾ പ്രത്യേകമായി ബിരുദ തലത്തിൽ പഠിപ്പിക്കുന്നത് തന്നെ പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. ഇന്നത്തെ ബില്ലാനന്തര ചർച്ച സൂചിപ്പിക്കുന്നത് പോലെ ആയുഷ് വിഭാഗത്തിലെ ഒരെണ്ണം പോലും അങ്ങനെ ഒരു പ്രത്യേക ബിരുദമായി പഠിപ്പിക്കാൻ യോഗ്യമല്ല എന്നതാണ്. ആയിരുന്നെങ്കിൽ, ഇതുപോലെ ഒരു രണ്ടാംകിട പാലംവലി വേണമായിരുന്നോ?

വാസ്തവത്തിൽ ഇങ്ങനെ ഒരു പാലം വലി നടത്താൻ ഉണ്ടായ അവസ്ഥാവിശേഷം തന്നെ നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ ഒരു വലിയ ജീർണതയിലേക്ക് കൂടെ ആണ് വെളിച്ചം വീശുന്നത്. ഇവിടെ ഏറെ കൊട്ടിഘോഴിച്ചു നടത്തപെടുന്ന ആയുഷ് മെഡിക്കൽ ബിരുദത്തിലൂടെ പുറത്തു വരുന്ന ഒരു 'ഡോക്ടർ' ആരോഗ്യ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്ന പ്രൈമറി ഹെൽത്ത് മാനേജ്മെന്റിൽ പോലും ഉപയോഗപെടാത്തത് ആണ് എന്ന വസ്തുത അത്രമാത്രം ഭീകരമാണ്. ഇങ്ങനെ ആവശ്യഘട്ടങ്ങളിൽ ഉപയോഗപ്പെടുന്നില്ലെങ്കിൽ പിന്നെ എന്തിന്റെ പേരിൽ ആണ് ഇങ്ങനെ ജനങ്ങളുടെ നികുതി പണമുപയോഗിച്ചു ആയുഷ് പ്രീണനം നടത്തപ്പെടുന്നത്?

ഇന്ത്യയൊട്ടാകെ യാത്ര ചെയ്ത ചെറിയ ഒരു അനുഭവം വച്ച് പറയുക ആണെങ്കിൽ, ഇപ്പോൾ അവതരിപ്പിച്ച മെഡിക്കൽ ബില്ലിലെ പരാമർശം കൊണ്ട് എന്ത് കാര്യം ആണോ സർക്കാർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അക്കാര്യം ഈ അടുത്തകാലത്തൊന്നും തന്നെ സാദ്ധ്യം ആകുകയുമില്ല, പകരം അത് വഷളാവുകയും ചെയ്യും എന്ന് വേണം പറയാൻ. മതിയായ സൗകര്യങ്ങളോ, സ്റ്റാഫോ, യാത്ര സൗകര്യങ്ങളോ ഇല്ലാതെ എങ്ങനെ ആണ് ഒരു ഡോക്ടർക്ക് റൂറൽ മേഖലയിൽ ജോലി നോക്കുവാൻ സാധിക്കുക? ഉത്തരേന്ത്യൻ മേഖലകളിൽ ആരോഗ്യ രംഗം മാത്രമല്ല, മറ്റേതു രംഗം എടുത്താലും ഇതാണ് സ്ഥിതി. എന്നാൽ കേരളത്തിലെ സാഹചര്യത്തിൽ നിന്ന് കൊണ്ട് ഇക്കാര്യത്തെ ഒരിക്കലും നമുക്ക് ഉൾകൊള്ളാൻ സാധിക്കില്ല, അത്രയേറെ പുരോഗതിയും പ്രൊഫഷണലിസവും ആരോഗ്യ മേഖലയിൽ അടക്കം കൈവരിച്ച സംസ്ഥാനം ആണ് നമ്മുടേത്. അത് കേരള-മോഡൽ എന്ന പേരിൽ വാഴ്‌ത്തപ്പെടുന്നതിന്റെ കാരണവും മറ്റൊന്നും അല്ല.

ഉത്തരേന്ത്യ മുഴുവൻ റോഡുകളും പാലങ്ങളും പണിയുന്നതിൽ ആണ് ഇക്കാലമത്രയും ശ്രദ്ധകൊടുത്ത്. അതുകൊണ്ട് തന്നെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മേഖലകളിൽ ഉത്തരേന്ത്യൻ ഗ്രാമീണ മേഖല ഇന്ന് അധികം വളരെ പിന്നാക്കം ആയി പോയി. കേരളത്തിൽ ഇപ്പോഴാണ് നമ്മൾ ഒരു തെക്ക് വടക്ക് എക്സ്പ്രസ് ഹൈവേ തന്നെ ചർച്ചയാക്കുന്നത്... കാര്യങ്ങൾ അത്രക്ക് വ്യക്തമാണ്. മുന്നിലുള്ള എലിയെ പിടിക്കാൻ ഇല്ലം ചുടുന്ന തരത്തിൽ ഉള്ള ഒരു മുട്ടാപോക്ക് വികസന നയമായിപ്പോയി ഈ പാലംവലി.

ഒരു വശത്തു ആയുഷ് നിർമ്മാണവും, മറുവശത്ത് പാലംവലിയും നടത്തുവാൻ സർക്കാർ തന്നെ ഒരുമ്പെടുമ്പോൾ, ഇത് മറ്റൊരു കച്ചവടത്തിനല്ലേ വാസ്തവത്തിൽ വാതിൽ തുറന്നിടുന്നത് - ഒരു തരം പാലം വലി കച്ചവടം. അല്ലെങ്കിലേ ജീർണിതവസ്ഥയിൽ നിൽക്കുന്ന ആരോഗ്യവിദ്യാഭ്യാസ മേഖലയെ കൂടുതൽ രോഗാതുരമാക്കുവാനല്ലേ ഇത് വഴിവെക്കുക?

ചുരുക്കി പറഞ്ഞാൽ, ഇവിടെ കാണുന്നത്, ആധുനിക വൈദ്യ മേഖലയിലെ ഡോക്ടർമാർ പാലംവലിയെ എതിർക്കുന്നതാണ്. അതിനു അവരുടേതായ ന്യായമായ കാരണങ്ങൾ ഉണ്ട്.ആയുഷ് വിഭാഗം അതിനേക്കാൾ ശക്തിയിൽ ആണ് ഈ പാലംവലിയെ എതിർക്കുന്നത്. അവരുടെ 'മതത്തിൽ' ഇങ്ങനെ ആധുനിക വൈദ്യത്തിന്റെ കലർത്തൽ ആവശ്യമില്ല എന്നാണ് അവരുടെ എതിർപ്പിന്റെ പ്രധാന കാരണം. ശരിയാണല്ലോ, മേല്പറഞ്ഞ പോലെ ശക്തമാണ് ഹോമിയോപ്പതി മേഖല എങ്കിൽ എന്തിനാണ് ഇങ്ങനെ ഒരു പാലം. പാലം പണിയാതെ തന്നെ ആ ഗ്രാമങ്ങൾ ആയുഷ് മേഖലക്ക് ഏൽപ്പിക്കരുതോ? എന്തേ അങ്ങനെ സർക്കാർ ചെയ്യാത്തത്? ആയുഷ് മേഖലക്ക് എന്തെങ്കിലും കാര്യമായ കുറവുകളുണ്ടോ?

ഈ എതിർപ്പുകൾ കൊടുമ്പിരി കൊള്ളുന്നതിനിടെ, എന്തിനാണ് ചുളിവിൽ അലോപ്പതി ഡോക്ടറാവാനുള്ള സുവർണ്ണാവസരം ആയുഷ് ഡോക്ടർമാർ കളഞ്ഞു കുളിക്കുന്നത് എന്നോർത്ത് നാട്ടുകാർ അന്തം വിട്ടു നോക്കി നിൽക്കുകയാണ്. പ്രത്യേകിച്ച് ആയുഷ് അഡ്‌മിഷനായി കാത്തുനിൽക്കുന്ന കുട്ടികൾ.

ഇവിടെ സർക്കാർ യഥാർത്ഥ പ്രശ്നങ്ങളെ കാണാതെ, മുഖം രക്ഷിക്കാനായുള്ള ഒരു കുറുക്കുവഴി ആണ് കണ്ടു പിടിച്ചിരിക്കുന്നത്.അതേസമയം, ഇത് ആയുഷ്‌മേഖലയെ ഇങ്ങനെ വളർത്തുന്നതിൽ ഉള്ള നിരർത്ഥകത മനസ്സിലാക്കി കൊണ്ട്, അവരെ പ്രത്യേകമായി സൃഷ്ടിക്കുന്നത് നിർത്തലാക്കുവാനും, നിലവിലുള്ള ആയുഷ് ഡോക്ടർമാരെ ആധുനിക വൈദ്യത്തിലേക്ക് പുനരധിവസിപ്പിക്കുവാനായി ഒരു ബില്ല് മുഖാന്തിരം ഉള്ള പരിശ്രമം ആണ് സർക്കാർ ഇവിടെ ആത്മാർഥമായി നടത്തിയിരുന്നത് എങ്കിൽ, ഇരുകയ്യും നീട്ടി അത് ഏവരും സ്വീകരിച്ചേനെ. ഇവിടെ അത്തരത്തിലുള്ള ഒരു ദീർഘവീക്ഷണമോ ചിന്തയോ നടന്നതായി കാണുന്നില്ല. അടിസ്ഥാന യോഗ്യതയുള്ള 'ഒറിജിനൽ' ഡോക്ടർമാർക്ക് പഠിക്കുവാനുള്ള ഒരു ബിരുദാനന്തര മേഖലയായി ആയുഷ് മേഖലയെ മാറ്റേണ്ട സമയം അതിക്രമിച്ചിട്ടുണ്ട് എന്നാണ് ഈ അവസരത്തിൽ പറയാനുള്ളത്.

എന്തായാലും ഒരു കാര്യത്തിൽ സന്തോഷമുണ്ട്, ഈ പാലംവലിയെ എതിർക്കുക വഴി, ഐ.എം.എ ആയാലും മറ്റു ഇതര ചികിത്സ അസോസിയേഷനുകൾ ആയാലും അവരവരുടെ സ്വതം മനസ്സിലാക്കാൻ ഈ ഒരു സാഹചര്യം വഴി വെച്ചു എന്നതിൽ. പക്ഷെ അപ്പോഴും പ്രശ്നത്തിന്റെ കാതലായ വശങ്ങൾ പുറത്തേക്ക് എത്തിക്കുവാൻ ഇരു സംഘടനകൾക്കും സാധിക്കുന്നില്ല എന്നത് ആശങ്കാജനകമാണ്. ഈവിധമുള്ള, വീണ്ടുവിചാരമില്ലാത്ത രണ്ടാംകിട പാലം വലി എതിർക്കപ്പെടേണ്ടത് തന്നെ ആണ്. ഡോക്ടർമാരുടെ കുറവു നികത്തലും, റൂറൽ മേഖലയിലെ ആരോഗ്യ രംഗം പരിപോഷിപ്പിക്കലുമാണ് സർക്കാരിന്റെ മുന്നിലുള്ള ലക്ഷ്യം എങ്കിൽ അതിനു വഴികൾ വേറെ ഏറെ ഉണ്ട്. അതാണ് ഇവിടെ ചർച്ചകൾ വഴി, ജനാധിപത്യ രീതിയിൽ നടപ്പിലാക്കേണ്ടത്. ഇത്തരം കുറുക്കുവഴികൾ തുഗ്ലക്കിനെ പോലും നാണിപ്പിക്കുന്നതാണ്.

( ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP