Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആധുനിക സാഹചര്യങ്ങളിൽ, ആരോഗ്യ രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ ഉൾകൊണ്ട് ശാസ്ത്രീയ അടിത്തറയോടെ മുന്നോട്ട് നീങ്ങാൻ ഹോമിയോപ്പതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല;ഹോമിയോപ്പതി നാമാവശേഷമായി എന്നതും ചരിത്രം ആണ്. അമേരിക്കയിൽ അത് പണ്ട് സംഭവിച്ചു. യൂറോപ്പിൽ പലയിടത്തും അത് സംഭവിച്ചു. ഫ്രാൻസിൽ അത് സംഭവിക്കാൻ പോകുന്നു... ഇന്ത്യയിലും അത് സംഭവിക്കും; ചാണകത്തിൽ പ്ലൂട്ടോണിയം തിരയുന്ന തിരക്കിലാണ് ഇവിടത്തെ 'ശാസ്ത്രജ്ഞന്മാർ'; ഹോമിയോപ്പതിയോപതിയിൽ കുറിപ്പുമായി ഡോ.ആരിഫ് ഹുസൈൻ

മറുനാടൻ മലയാളി ബ്യൂറോ

ഫ്രാൻസിലെ ഹോമിയോപ്പതി.

ഇക്കഴിജ്ഞ ദിവസം ഹോമിയോപ്പതി മേഖലയിലെ ഒരു പ്രമുഖ - ഓൾ റൗണ്ട് വ്യക്തിത്വം ഫ്രാൻസിൽ ഒരാവശ്യത്തിന് പോയപ്പോൾ അവിടത്തെ ഹോമിയോപ്പതിയുടെ പെരുമ കണ്ട് ആകെ 'അന്ധാളിച്ചു' നിക്കുന്ന ഒരു അവസ്ഥ വിവരിക്കുക ഉണ്ടായി. അത് ഫേസ്‌ബുക്കിൽ ആണ് അദ്ദേഹം കുറിച്ചിട്ടത്. അതിലെ ചില വാചകങ്ങൾ ചുവടെ എടുത്ത് എഴുതുന്നു.

1. പാരീസിലെ തെരുവുകളിൽ നിറയെ ഹോമിയോപ്പതി ഫാർമസികൾ ഉണ്ട്. താമസിക്കുന്ന സ്ട്രീറ്റിനടുത്ത് ഏത് ഹോമിയോ ഫാർമസി ഉണ്ടെന്നറിയാൻ ഒന്നു നോക്കിയപ്പോൾ ദാ കിടക്കുന്നു ഏതാണ്ട് 20 ലധികം ഹോമിയോ ഫാർമസികൾ ഒരു ചെറിയ തെരുവിൽ. എല്ലാ സ്ട്രീറ്റുകളിലും ഇത് തന്നെയാണ് സ്ഥിതി. അനേകം ഹോമിയോപ്പതി ഫാർമസികൾ.

2. ഫ്രഞ്ച് ജനതയുടെ 60 ശതമാനം ആളുകൾ ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവരാണ്..2018 ൽ ഇപ്സോസ് എന്ന രാജ്യാന്തര മാർക്കറ്റ് റിസർച് കമ്പനി നടത്തിയ സർവേ അനുസരിച്ചു ഫ്രഞ്ച് ജനതയിൽ 77 % ഒരിക്കലെങ്കിലും ഹോമിയോപ്പതി മരുന്ന് കഴിച്ചിട്ടുള്ളവർ ആണ്.58 % ആളുകൾ നിരവധി തവണ ഹോമിയോപ്പതി മരുന്ന് ഉപയോഗിച്ചിട്ടുള്ളവർ ആണ്. 40 % ത്തിൽ അധികം ആളുകൾ 10 വർഷത്തിലധികമായി ഹോമിയോപ്പതി മരുന്നുകൾ ഉപയോഗിക്കുന്നവർ ആണ്.

3. .ഫ്രാൻസിൽ ഹോമിയോപ്പതി ബിരുദ പഠനത്തിനായി നിരവധി യൂണിവേഴ്സിറ്റികളും ഒപ്പം സ്വകാര്യ കോളജുകളും ഉണ്ട്.

4. 2019 ൽ ഹോമിയോപ്പതി മരുന്നുകൾക്കുള്ള റീ ഇമ്പേഴ്സ്‌മെന്റ് നിർത്തലാക്കാൻ ആലോചിക്കുന്നതായി ഫ്രഞ്ച് ആരോഗ്യ മന്ത്രി പ്രസ്താവന നടത്തി. 2021 ഓടെ ഇത് നടപ്പിലാക്കും എന്നാണ് പറഞ്ഞതെങ്കിലും ഇതിനെതിരെ ഹോമിയോപ്പതി ചികിൽസ തേടുന്ന രോഗികളുടെ കടുത്ത എതിർപ്പ് ഇപ്പോഴും തുടരുക ആണ്.

5. ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹോമിയോപത്സ് എന്ന ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയുടെ പ്രസിഡന്റും ഹോമിയോപ്പതി യൂണിവേഴ്സിറ്റി പ്രൊഫസറും ആയ ഡോ.ആൽബർട്ട് ക്ലോഡ് ള്യൂമോൺ പറയുന്നത് നിലവിൽ 10 ശതമാനം മാത്രമാണ് സർക്കാർ റീ ഇമ്പേഴ്സ്‌മെന്റ് ഹോമിയോപ്പതി മരുന്നുകൾക്ക് നൽകുന്നത്, അത് നിർത്തിയാലും പ്രത്യേകിച്ചൊന്നും സഭവിക്കാനില്ല.
-------------------------------------------

ഇനി ആണ് ചില വസ്തുതകൾ പരിശോധിക്കപ്പെടേണ്ടത്. അത് മുകളിൽ ഉള്ളത് എഴുതിയ പ്രിയ ഡോക്ടറോട് നേരിട്ടുള്ള ചില ചോദ്യങ്ങളായി തന്നെ താഴെ കൊടുക്കുന്നു. ഉത്തരങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

1. അനേകം ഫാർമസികൾ ഒരു ചെറു തെരുവിൽ കാണാനിടയായി, മിക്കയിടത്തും അത് തന്നെ അവസ്ഥ എന്ന ഒരു കാരണം കൊണ്ട്, ഹോമിയോപ്പതി ഫ്രാൻസിൽ വളരെ പോപ്പുലർ ആണ് എന്ന ഒരു നിഗമനത്തിൽ താങ്കൾ എത്തി എന്നത് താങ്കളുടെ വാക്കുകളിൽ നിന്നും വ്യക്തം ആണ്. ഇവിടെ ചോദ്യം ഇതാണ്. മേല്പറഞ്ഞ ഫാർമസികളിൽ വിറ്റഴിക്കപ്പെടുന്ന മരുന്നുകളിൽ ഹോമിയോപ്പതിയുടെ തിയറി പ്രകാരം ഉള്ള മരുന്നുകളാണോ വിറ്റഴിക്കുന്നത് എന്ന് താങ്കൾ പരിശോധിച്ചിരുന്നോ? താഴ്ന്ന ആവർത്തികളും, മാതൃ സത്തുകളും, അതുപയോഗിച്ചുള്ള കോമ്പിനേഷൻ മരുന്നുകളും എന്ന് മുതൽ ആണ് ഹോമിയോപ്പതി ആയത്? BHMS സിലബസിൽ ഏതായാലും അത് ഒരു 'നീച പ്രവർത്തി' ആയാണ് പഠിപ്പിച്ചു പോരുന്നത്. 'ക്ലാസ്സിക്കലുകൾ' മാത്രം ആണ് 'മോക്ഷം' ലഭിച്ചവർ. ഹോമിയോപ്പതി കമ്പനി ഉല്പാദിപ്പിക്കുന്ന സോപ്പും, ചീപ്പും കണ്ണാടിയുമാണ് ഒരു ഫാർമസിയിൽ വിൽക്കുന്നതെങ്കിൽ, അതും ഹോമിയോപ്പതി ആവുമോ? ഉത്തരം വേണം. പ്രമുഖ കമ്പനിയുടെ പ്രോഡക്ട് ലൈൻ ഉദാഹരണത്തിനായി ചേർത്തിട്ടുണ്ട്. (https://www.boiron.fr/.../2-famill.../nos-principaux-medicaments)

2. കുറെ കണക്കുകൾ നിരത്തികൊണ്ട് ഫ്രാൻസിലെ ഹോമിയോപ്പതിയുടെ ജാനകിയത താങ്കൾ ഇവിടെ കുറിച്ചു. ശരി സമ്മതിക്കുന്നു. പക്ഷേ, അതുകൊണ്ട് എന്താണ് സൂചിപ്പിക്കുന്നത്? അങ്ങനെ കുറെയേറെ പേർ പണം കൊടുത്തോ അല്ലാതെയോ ഉപയോഗിച്ചു എന്നതുകൊണ്ട്, അത് ശരിയോ തെറ്റോ, നല്ലതോ ചീത്തയോ ഒക്കെ ആകുമോ?അങ്ങനെ നോക്കുകയാണെങ്കിൽ മന്ത്രിച്ചൂതിയ വെള്ളവും, ജ്യോതിഷവും, പ്രാർത്ഥനയും ഒക്കെ എന്നേ അംഗീകരിക്കപ്പെടണം? മതങ്ങൾ ഒക്കെ എന്നേ ശാസ്ത്രീയം ആകണം...! മനുഷ്യരിലെ വിശ്വാസത്തിന്റെ ജനകിയതയുടെ കണക്ക് ഇവിടെ ഇട്ടാൽ താങ്കൾ അത് സമ്മതിക്കുമോ? ജനകീയത ശാസ്ത്രീയതയുടെ മാനദണ്ഡം ആണോ? ആരോഗ്യ രംഗം ഒരു പോപ്പുലാരിറ്റി കോണ്ടെസ്റ്റ് ആണോ?

3. അടുത്തത് താങ്കൾ പറഞ്ഞത് അവിടെ ഹോമിയോപ്പതി പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ കണക്കാണ്. അതേ, അതും ശരിയാണ്. അനവധി സ്ഥാപനങ്ങൾ ഉണ്ട്. അത് ഇന്ത്യയിലും ഉണ്ട്. അമേരിക്കയിൽ ഉണ്ടായിരുന്നു. മറ്റു പല സ്ഥലങ്ങളിലും ഉണ്ടായിരുന്നു. പിന്നെ എന്താണ് അവിടങ്ങളിൽ സംഭവിച്ചത്? അന്നേഷിച്ചു നോക്കിയിട്ടുണ്ടോ? French university drops homeopathy degree amid alternative medicines row: The faculty of medicine of Lille unversity has suspended its degree in homeopathy for the 2018-19 academic year. (http://www.rfi.fr/.../20180902-french-university-drops-homeop...) ഇതും ഒരു വാർത്തയാണ്. ഒന്ന് കാണുന്നത് നല്ലതാണ്.

4. ഇനി ആണ് മെഡിക്കൽ റീമ്പേഴ്‌സ്‌മെന്റ്. സോഷ്യൽ സെക്യൂരിറ്റി സ്‌കീമുകൾ എന്ത് എന്ന് ചിന്തിച്ചു പോലും തുടങ്ങാത്ത ഇന്ത്യ പോലെ ഉള്ള ഒരു രാജ്യത്ത് നിന്നുകൊണ്ട് ഫ്രാൻസിലെ മെഡിക്കൽ റീഇമ്ബര്‌ഴ്‌സ്‌മെന്റിൽ നിന്നും ഹോമിയോപ്പതിയെ വെട്ടിച്ചുരുക്കിയ വാർത്ത വായിക്കുമ്പോൾ സത്യത്തിൽ ആശ്ചര്യം ആണ് വരുന്നത്. കാരണം, ജർമനിയിൽ സമാനമായ ഒരു സ്ഥിതി വന്നപ്പോൾ, അവിടെ അത് നാമമാത്രമായ ഒരു തുകയാണ് സർക്കാരിന് ചെലവാകുന്നുള്ളൂ എന്ന കാരണം കാണിച്ചു റീഇമ്പേഴ്‌സ്‌മെന്റ് തുടരുവാൻ തീരുമാനിച്ച വിവരവും നമ്മൾ കാണണം. (https://www.dw.com/.../homeopathy-leave-system-as-.../a-50487205) ഇവിടെ ചോദ്യം ഇതാണ്, സർക്കാർ അത് 2021 നിർത്തലാക്കാൻ എടുത്ത തീരുമാനത്തിന് കൊടുത്ത കാരണങ്ങൾ എന്തൊക്കെ എന്ന് താങ്കൾ കാണാത്തതാണോ, അതോ കണ്ടില്ലെന്ന് നടിക്കുന്നതാണോ? (https://www.telegraph.co.uk/.../france-stop-refunding-homeop.../)

5. ഡോ.ആൽബർട്ട് ക്ലോഡ് ള്യൂമോൺ ന്റെ ആ ചങ്കുറപ്പിനു നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. ഹോമിയോപ്പതി ഒരു വിശ്വാസം ആണ് എന്നും, അത് നിരോധിച്ചാലും, രോഗികൾ നമ്മളെ തേടി വരും എന്നും, സർക്കാർ സഹായം ഉണ്ടായില്ലെങ്കിലും അതൊക്കെ നടക്കും എന്നും, വ്യംഗ്യമായി ആണെങ്കിലും അറിയാതെ സമ്മതിച്ച ഇദ്ദേഹത്തിന് ഒരു പ്രത്യേക ജൂറി പരാമർശം വേണം..! പക്ഷേ താങ്കളോടുള്ള ചോദ്യം ഇതാണ്. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു സ്ഥിതിവിശേഷം ഉണ്ടായാൽ, അദ്ദ്യം പറഞ്ഞ മാതിരി 'പ്രത്യേകിച്ചൊന്നും സഭവിക്കാനില്ല' എന്ന് പറയാൻ താങ്കൾ ഇദ്ദേഹത്തെ പോലെ മുന്നോട്ടു വരുമോ?

മാറിവരുന്ന ആധുനിക സാഹചര്യങ്ങളിൽ, ആരോഗ്യ രംഗത്ത് ഉണ്ടാവുന്ന മാറ്റങ്ങൾ ഉൾകൊണ്ട് ശാസ്ത്രീയ അടിത്തറയോടെ മുന്നോട്ട് നീങ്ങാൻ ഹോമിയോപ്പതിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് കാലം തെളിയിച്ച കാര്യം ആണ്. അത്തരം ഒരു മുന്നേറ്റം കൊടുമ്പിരി കൊള്ളുന്ന സ്ഥലങ്ങളിൽ ഹോമിയോപ്പതി നാമാവശേഷമായി എന്നതും ചരിത്രം ആണ്. അമേരിക്കയിൽ അത് പണ്ട് സംഭവിച്ചു. യൂറോപ്പിൽ പലയിടത്തും അത് സംഭവിച്ചു. ഫ്രാൻസിൽ അത് സംഭവിക്കാൻ പോകുന്നു. ഇന്ത്യയിലും അത് സംഭവിക്കും. പക്ഷേ, ചാണകത്തിൽ പ്ലൂട്ടോണിയം തിരയുന്ന തിരക്കിലാണ് ഇവിടത്തെ 'ശാസ്ത്രഞ്ഞന്മാർ'..! അതുകൊണ്ട് കുറച്ച് കാത്ത് നിക്കണം എന്ന് മാത്രം.

വേണമെങ്കിൽ ഒരു കസേര ഇട്ടു തരാം..!

സസ്‌നേഹം,
Dr. Arif Hussain Theruvath
The faculty of medicine of Lille unversity has suspended its degree in homeopathy for the 2018-19 academic year while waiting for France's national health authority to rule on the practice, which man...

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP