Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഐയ്ക്ക് സിപിഐ(എം) ഇല്ലാത്ത ഇടതു പക്ഷകക്ഷികളുടെ പുനരേകീകരണത്തിന് ശ്രമിച്ചുകൂടെ.?

സിപിഐയ്ക്ക് സിപിഐ(എം) ഇല്ലാത്ത ഇടതു പക്ഷകക്ഷികളുടെ പുനരേകീകരണത്തിന് ശ്രമിച്ചുകൂടെ.?

ൻഡ്യയിൽ ചെറുതും വലുതുമായി 35ൽ അധികം ഇടതു സ്വഭാവമുള്ള കക്ഷികളുണ്ട്. അതിൽ വലിയ കക്ഷികളായി വിലയിരുത്തപെടുന്നത് സിപിഐ.യും, സിപിഎമ്മുമാണെങ്കിലും ഇന്ന് അതിൽ നിന്നും പല ഘട്ടങ്ങളിലായി വേർപിരിഞ്ഞുപോയവരും അല്ലാത്തതുമായ ചില കക്ഷികളെങ്കിലും ഇന്ത്യയൊട്ടാകെ വേരുകളുറപ്പിച്ച് യഥാർത്ഥ ഇടതുബദൽ തങ്ങളാണെന്ന വാദങ്ങളുമായി രംഗത്തുണ്ട്....

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പേറുന്ന കക്ഷികളെ ഒരുകുടക്കീഴിൽ അണിനിരത്തുന്നതിന് നാളിതുവരെ നിലവിലെ ഇടതുപക്ഷകക്ഷികളുടെ മുന്നണിയെന്ന് അവകാശപെടുന്നവർക്ക് സാധിച്ചിട്ടില്ല. ഉദാഹരണത്തിന് കേരളത്തിലെ ഇടതു മുന്നണിയിലെ കക്ഷിയായിരുന്ന ആർ.എസ്‌പി. മുന്നണിയിൽ നിന്ന് വിട്ടുപോയി കോൺഗ്രസ് മുന്നണിയുടെ ഭാഗമായി. ഇതേ സമയം ദേശീയതലത്തിൽ അവർ ഇടതു മുന്നണിയിലെ 4 കക്ഷികളിലൊന്നാണ്. അതേ 4 കക്ഷികളിലൊന്നായ ഫോർവേർഡ് ബ്ലോക്കിനെ കേരളത്തിലെ മുന്നണിയിലെടുക്കാൻ ഇതുവരെ കേരളത്തിലെ മുന്നണി നേതൃത്വം തയ്യാറായിട്ടില്ല...

ഇടയ്‌ക്കെല്ലാം സിപിഐ. പറയുന്നത് ഇടതു മുന്നണിയിൽ വലിയ പാർട്ടിയും ചെറിയപാർട്ടിയും എന്ന തിരിച്ചുഭേദങ്ങളില്ല മുന്നണിയിൽ എല്ലാവർക്കും ഒരേപോലെയുള്ള സ്ഥാനമാണ് എന്നാണ്. അങ്ങനെയെങ്കിൽ കമ്മ്യൂണിസ്റ്റ് പുനരേകീകരണം പറയുന്ന സിപിഐ.ക്ക് ഫോർവേർഡ് ബ്ലോക്കിനെ മുന്നണിയിലെടുക്കണമെന്ന് ശക്തമായി വാദിക്കാൻ സാധിക്കാത്തതും മുന്നണിയിലെടുപ്പിക്കാൻ സാധിക്കാത്തതും എന്തുകൊണ്ടാണ് ഉത്തരം വളരെ ലളിതമാണ് സിപിഐ. നേതാക്കൾ സമ്മതിച്ചുതരില്ലെങ്കിലും സിപിഎമ്മിന്റെ ഏകാധിപത്യമാണ് എൽ.ഡി.എഫ്. എന്ന മുന്നണിയിലുള്ളത്....

അങ്ങനെയാണ് സിപിഎമ്മുമായി മാത്രം ചർച്ചചെയ്ത ശേഷം ആർ.എസ്‌പി. മുന്നണി വിട്ട് യു.ഡി.എഫിൽ ചെന്ന് ചേർന്നത്. അല്ലാതെ അവർ സിപിഎമ്മുമായി ചർച്ച ചെയ്തപോൾ സീറ്റ് നൽകാൻ സാധിക്കില്ല എന്നു കട്ടായം പറഞ്ഞതുകേട്ട് അതിൽ പരാതിയുമായി സിപിഐ. നേതാക്കളെ കണ്ടില്ല എന്നതിൽ നിന്ന് സിപിഐ.യുടെ വല്ല്യട്ടൻ പാർട്ടിയില്ല എന്ന നേതാക്കളുടെ വാദം തെറ്റെന്ന് വ്യക്തമാണ്....ഇന്ന് എങ്ങുമെത്താതെ യു.ഡി.എഫിന്റെ വരാന്തയിൽ നിരങ്ങി കോൺഗ്രസിൽ ചേർന്ന പഴയ ആർ.എസ്‌പി. നേതാവ് ബാബു ദിവാകരൻ വിണ്ടും ആർ.എസ്‌പി. എന്ന പാർട്ടി തല്ലിക്കൂട്ടിയെടുക്കുന്നത് സിപിഐ(എം). എന്ന പാർട്ടിയുടെ യാതൊരു തത്വദീക്ഷയുമില്ലാത്ത കേരളത്തിലെ നേതാവിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് എന്ന് പകൽപോലെ വ്യക്തമാണ്. ...

ആർ.എസ്‌പി. ഔദ്യേഗിക വിഭാഗം മുന്നണിവിട്ടുപോയപ്പോഴും കുറെയേറേ ആർ.എസ്‌പി. അണികൾ കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു എന്നു വരുത്തി തീർത്ത്. ബാബു ദിവാകരൻ നേതാവിനെ മുൻനിർത്തി ഉണ്ടാക്കിക്കൊണ്ടുവരുന്ന അവസരവാദ ആർ.എസ്‌പി.യെ മുന്നണിയിലെടുക്കുക എന്നത് സിപിഐ(എം). അടവു തന്ത്രത്തിന്റെ ഭാഗമാണ്. ഇതിലൂടെ ഇടതുമുന്നണിക്ക് വലിയ ജീർണ്ണതയുടെ മുഖം പൊതുസമൂഹമധ്യത്തിൽ നൽകപെടും എന്നതും വ്യക്തമാണ്....

ഇത്തരം ഏകാധിപത്യ സിപിഐ(എം). കുതന്ത്രങ്ങളെ ചെറുത്തു തോൽപ്പിക്കാൻ സിപിഐ. നേതൃത്വത്തിന് കഴിയുമോ?...
ഇവിടെയുള്ള മറ്റ് ഇടതുകക്ഷികളിൽ നല്ലൊരു പങ്കും സിപിഐ(എം). വിട്ട് പുതിയപാർട്ടികളുണ്ടാക്കിയതാണ്. ഉദാ: സി.എംപി. ജെ.എസ്.എസ്., ആർ.എംപി., .. ഇവയുടെ നേതാക്കളെന്നും സിപിഐ(എം). വിട്ടപോൾ സി.പിഐ.യെ സമീപിക്കാതിരുന്നതിനുകാരണം കേരളത്തിലെ മുന്നണി രാഷ്ട്രീയമാണ്. ...

ബാബു ദിവാകരന്റെ കൂടെ എത്ര അണികളുണ്ടായാലും ഇല്ലെങ്കിലും ബാബു ദിവാകരനും കൂടെ മൂന്നുപേരും ഇടതുമുന്നണിയിൽ സിപിഐ.യുടേയും, സിപിഎമ്മിന്റേയും സംസ്ഥാന നേതാക്കൾക്കൊപ്പം ഇരുന്ന് കാര്യങ്ങൾ ചർച്ചചെയ്യും. മറിച്ച് യു.ഡി.എഫിലെത്തിയാലും ഇതു തന്നെ അവസ്ഥ. അടുത്ത തെരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റിൽ മത്‌സരിക്കും, ഭരണം എൽ.ഡി.എഫിന് ലഭിച്ചാൽ ആരെങ്കിലും ജയിച്ചിട്ടുണ്ടെങ്കിൽ മന്ത്രി. രണ്ടുമൂന്നുപേർ ഏതെങ്കിലും കോർപ്പറേഷന്റേയുമൊക്കെ ചെയർമാന്മാരാകും. ഈ അവസ്ഥയിൽ സിപിഐ. ഉയർത്തുന്ന പുനരേകീകരണത്തിനേക്കാൾ പിളർന്ന് ഒരു പുതിയ പാർട്ടികൂടിയായാൽ അവർക്കെല്ലാം ഈ വലിയ സൗഭാഗ്യങ്ങൾ ലഭിക്കുമെന്ന കേരളത്തിലെ പരമാനന്ദകരമായ ഒരു അവസ്ഥ വിട്ടുപോരുക ആർക്കും കഴിയുന്ന കാര്യമല്ല. (വെള്ളിമൂങ്ങ എന്ന പുതിയ സിനിമയും ഇതാണ് പറഞ്ഞു വയ്ക്കുന്നത്).

ഇതുതന്നെയാണ് സിപിഎമ്മില്ലാതെ സിപിഐ. ഇന്ത്യയിലെ മറ്റുകമ്മ്യൂണിസ്റ്റ് ആശയ പാർട്ടികളുമായി ചേർന്ന ഒരു പുനരേകീകരണത്തിന് ശ്രമിക്കാത്തതെന്നും വ്യക്തം. കാരണം സിപിഎമ്മുമായി യോജിച്ച് പോകാൻ സാധിക്കാത്ത നേതാക്കളാണധികവും മറ്റുപാർട്ടികളായി കഴിയുന്നവർ. ഇവരെ കൂട്ടുപിടിച്ചാൽ കേരളത്തിലെ ഇടതുമുന്നണിയിൽ സി.പിഎമ്മിനൊപ്പം തുടരാൻ സിപിഐ.ക്ക് സാധിക്കില്ലാത്ത അവസ്ഥ വന്നാലോ?. അത്തരുണത്തിൽ കേരളത്തിലെ സൗഭാഗ്യം നഷ്ടപെടുത്തേണ്ട വല്ല കാര്യവുമുണ്ടോ?

കേരളത്തിലാണ് ബംഗാളിലേതിനേക്കാൾ ഇന്ന് കമ്മ്യൂണിസ്റ്റ് ചേരിക്ക് ശക്തി ഉള്ളത്. കേരളത്തിലെ സിപിഐ. നേതാക്കൾ കമ്മ്യൂണിസ്റ്റ് പുനരേകീകരണ ചർച്ച മുന്നോട്ടുവയ്ക്കുമ്പോൾ ദേശീയതലത്തിലും അതിന് വലിയ മാനങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിൽ അസ്വസ്ഥരാവുന്ന സിപിഎമ്മിന്റെ നേതാക്കൾക്ക് അതിനെ നല്ല അർത്ഥത്തിൽ കാണാൻ കഴിയുന്നില്ല. ഇവിടെയാണ് സിപിഎമ്മില്ലാതെയുള്ള ഒരു കമ്മ്യൂണിസ്റ്റ് ഇടതുചേരികളുടെ പുനരേകീകരണ സാധ്യതയും തേടേണ്ടത്.

അത്തരം പുനരേകീകരണ ചർച്ചയ്ക്ക് വലിയ അളവിൽ തടസമാവാൻ പോകുന്നത് കേരളത്തിലെ ഇടതുമുന്നണിയിലെ സിപിഎമ്മുമായുള്ള ബന്ധമാണെങ്കിൽ ഇടതുപക്ഷകക്ഷികളുടെ പുനരേകീകരണമെന്ന ആശയത്തിനായി അതിൽ നിന്നും സ്‌നേഹപൂർവ്വം മാറിനിൽക്കാൻ സിപിഐ.യുടെ നേതൃത്വം കരുത്തുകാട്ടണം. എങ്കിൽ മാത്രമാണ് ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയരംഗത്ത് ചെറിയ പാർട്ടികളായി നിന്ന് പലതരത്തിലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിവരുന്ന പോരാട്ടങ്ങളെ ഒറ്റപ്പാർട്ടിയായി നിന്ന് നടത്തികാട്ടി പൊതുസമൂഹത്തിന്റെ അംഗീകാരം പിടിച്ചു പറ്റാൻ സാധിക്കുക.

സിപിഐ.എം.എൽ.ഉം, എസ്.യു.സിഐയും, പോലുള്ള കക്ഷികൾ യാതൊരുവിധ ഭരണ ആനുകൂല്യങ്ങളുമില്ലാതെ ഭരണത്തിലിരിക്കുന്ന കക്ഷികൾക്കെതിരെ ചൂക്ഷിതരാക്കപെടുന്ന സാധാരണ ജനവിഭാഗത്തെ കൂട്ടുപിടിച്ച് നടത്തിവരുന്ന പോരാട്ടങ്ങൾക്ക് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ വലിയ ജനപിൻതുണ ഉണ്ടാക്കുന്നുണ്ട്. ഇതു തിരിച്ചറിയുന്ന സിപിഐ(എം). നേതൃത്വം നഷ്ടപെട്ട ബംഗൾ ഉടൻ തിരിച്ചുപിടിക്കാൻ കഴിയില്ലെങ്കിലും ഇന്ന് അവിടെ രാഷ്ട്രീയപ്രവർത്തനം നടത്തണമെങ്കിൽ സി.പിഐ. എം.എല്ലിന്റേയും, എസ്.യു.സിഐയുടേയും കൂടി പിൻബലം വേണമെന്ന് തിരിച്ചറിഞ്ഞ് പുതിയ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. ഇതെല്ലാം അവരുടെ അവസരവാദപരമായ നീക്കങ്ങളുടെ ഭാഗമാണ്. അല്ലാതെ ആത്മാർത്ഥതയുള്ള ഇടതു ഐക്യത്തിനുള്ള ശ്രമങ്ങളുടെ ഭാഗമല്ല...

വർഗീയതയെ പ്രോത്‌സാഹിപ്പിക്കുന്ന നയങ്ങളും വലതു പിൻതിരിപ്പൻ സാമ്പത്തീക നയങ്ങളുമുള്ള ഒരു ഗവൺമെന്റ് രാജ്യം ഭരിക്കുമ്പോൾ ഭിന്നിച്ചു നിന്നാൽ തങ്ങൾക്ക് ഇനി രക്ഷയില്ലെന്നും എന്നാൽ ഒന്നിച്ചു നിന്നാൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന തിരിച്ചറിവിൽ പഴയ സോഷ്യലിസ്റ്റ് ആശയ പാർട്ടികളായ ജനാതദളിന്റേയും സമാജ് വാദികളുടേയും നേതാക്കൾ ഒന്നിച്ച് ഒറ്റപാർട്ടിയാവാനുള്ള ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി വർഗീയഭരണം രാജ്യത്തെ ഗ്രസിച്ചിരിക്കുമ്പോഴും, വിലക്കയറ്റത്തിൽ ജനം വലയുമ്പോഴും, മൂപ്പിളമ തർക്കങ്ങളാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിനേതാക്കൾ ഉയർത്തുന്നത് എന്നത് പൊതു സമൂഹ മനസിൽ വലിയ ചർച്ചകളുയർത്തുന്നുണ്ട്....

നാം ഉയർത്തുന്ന ആശയത്തിലേയ്ക്ക് സിപിഎമ്മിന് എത്താൻ സാധിക്കില്ലെങ്കിൽ നമ്മുടെ ആശയം കുഴിച്ചിടുകയല്ല വേണ്ടത്. പകരം ഈ ആശയഗതികളുമായി യോജിപ്പിലെത്താൻ സാധിക്കുന്ന മറ്റ് കമ്മ്യുണിസ്റ്റ് പാർട്ടികളുടെ നേതാക്കളുടെ കൂട്ടായ്മ രൂപീകരിക്കുകയും നമ്മുടെ ആശയങ്ങൾ അവരുമായി പങ്കുവയ്ക്കുകയും ചേരാൻ സാധിക്കുന്നവരുമായി ചേർന്ന് കമ്മ്യൂണിസ്റ്റ് പുനരേകീകരണം സാധ്യമാക്കുക എന്നതാണ് കാരണീയമായിട്ടുള്ളത്.

അല്ലെങ്കിൽ സിപിഐ. നേതാക്കൾ ചുമ്മാ ആശയങ്ങൾ പറയുന്നവർ മാത്രമായി ജനത്തിനുമുന്നിൽ ചിത്രീകരിക്കപെടും. പഴംചൊല്ലിൽ പറയും പോലെ കമ്മ്യൂണിസ്റ്റ് ആശയക്കാരുടെ പുനരേകീകകരണമെന്ന പൂച്ചയ്ക്ക് ആരാണ് മണികെട്ടുക.? അതിന് ഇന്ന് ഇന്ത്യയിൽ നേതൃത്വം കൊടുക്കേണ്ടത് സിപിഐ. തന്നെയാണ്. സിപിഐ.യുടെ നേതാക്കൾ അത്തരം നയപരമായ കാര്യങ്ങൾ തങ്ങളുടെ പാർട്ടി സമ്മേളനങ്ങളിൽ ഉയർത്തി ചർച്ചകൾ നടത്തി പാർട്ടികോൺഗ്രസിൽ അതിനുള്ള തീരുമാനങ്ങളെടുക്കുക. എന്നിട്ട് ധീരമായ നയങ്ങൾ പാർട്ടിയണികളുടേയും പൊതു ജനങ്ങളുടേയും മുന്നിൽ അവതരിപ്പിച്ച് പറയുന്ന ആശയങ്ങൾ നടപ്പിലാക്കികാട്ടുക.
ലാൽ സലാം......

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP