Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്രൈസ്റ്റ് ചർച്ചിലെ കൂട്ടക്കൊലകളിൽ നിർഭാഗ്യവശാൽ രണ്ടുതരം പ്രചാരണങ്ങളാണ് കൊഴുക്കുന്നത്; ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്; വേട്ടക്കാർ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്‌ളാദമാണ് മറുവശത്ത്; രണ്ടും ഒരുപോലെ അപലപനീയം; ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്: സി രവിചന്ദ്രൻ എഴുതുന്നു

ക്രൈസ്റ്റ് ചർച്ചിലെ കൂട്ടക്കൊലകളിൽ നിർഭാഗ്യവശാൽ  രണ്ടുതരം പ്രചാരണങ്ങളാണ് കൊഴുക്കുന്നത്; ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്; വേട്ടക്കാർ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്‌ളാദമാണ് മറുവശത്ത്; രണ്ടും ഒരുപോലെ അപലപനീയം; ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്: സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

ഇന്നലെ വന്നവരും നാളെ വരുന്നവരും

(1) ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ആരാണ് കണ്ടുപിടിച്ചത്? ഏതുത്തരം പറഞ്ഞാലും അത് തെറ്റായിരിക്കും. ഈ പ്രദേശങ്ങൾ കണ്ടുപിടിച്ച ആദ്യത്തെയാൾ ആരെന്ന് നമുക്കറിയില്ല. ഒരുപക്ഷെ അവിടെ എത്തിച്ചേർന്ന ആദ്യ മനുഷ്യൻ അതറിഞ്ഞിട്ടുണ്ടാവില്ല; അയാളെ പുറംലോകവും. ഏറ്റവും അവസാനത്തെ ഹിമയുഗത്തിന്റെ പ്രഹരത്തിൽനിന്നും ബ്രീട്ടീഷ് ദ്വീപുകൾ പുറത്തുവരുന്നത് കഷ്ടിച്ച് പതിനായിരം വർഷങ്ങൾക്ക് മുമ്പാണ്. 45000-50000 വർഷങ്ങൾക്ക് മുമ്പ് ഹോമോസാപിയൻസ് എത്തിച്ചേർന്ന ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ബ്രിട്ടീഷുകാരുടേതാണെന്ന് പലരും വിശ്വസിക്കുന്നു!

(2) ഹോമോ സാപിയൻസ് ഓസ്‌ട്രേലിയൻ ദ്വീപുകളിലേക്ക് ആദ്യമെത്തുന്നത് ഇന്തോനേഷ്യ, പാപ്പു-ന്യൂഗിനി പ്രദേശങ്ങളിൽ നിന്നാവാം. ശേഷം നാൽപ്പതിനായിരം വർഷങ്ങളോളം പുറംനാഗരികതയ്ക്ക് അവർ അപരിചിതരായിരുന്നു. ഏകദേശം 4500 വർഷങ്ങൾക്ക് മുമ്പ്(ബി.സി.ഇ 2600-1900) തമിഴ് സമുദ്ര സഞ്ചാരികൾ ഈ പ്രദേശത്ത് എത്തിയിട്ടുണ്ടാവാം എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയിലും മറ്റും കാണപ്പെടുന്ന ഇന്ത്യൻ ജനിതകചരിത്രമുള്ള ഡിംഗോ എന്ന പരുക്കൻ നായകൾ ഈ സംശയം ബലപ്പെടുത്തുന്നു. പതിനഞ്ചാം നൂറ്റാണ്ടിൽ(1421) ഷെംഗ് ഹെ ഓസ്‌ട്രേലിയ കണ്ടുപിടിച്ചിരുന്നു എന്നൊരു അവകാശവാദം ഉണ്ട്. വലിയൊരു സൈനികസംഘത്തേയും ചൈനക്കാർ അങ്ങോട്ട് അയച്ചിരുന്നുവത്രെ. ഇന്നും ഈ രാജ്യങ്ങളിലെ ജനസംഖ്യയിൽ നല്ലൊരു ശതമാനം ചൈനീസ് വംശജരാണെന്നോർക്കുക. 1605 ൽ പോർട്ടുഗീസ് സമുദ്രസഞ്ചാരിയായ പെഡ്രോ ഫെർണാണ്ടസ് ഡി ക്വിറോസ് ഓസ്‌ട്രേലിയിൽ എത്തിയെന്നും പറയപ്പെടുന്നു. പക്ഷെ ഈ ദൗത്യങ്ങൾക്കൊന്നും കൃത്യമായ ചരിത്ര തെളിവുകളില്ല.

(3) 1606 ൽ വിലം ജാൻസൂൻ എന്ന ഡച്ചുകാരൻ ഈ മേഖലയിൽ എത്തിച്ചേരുകയും ഈ പ്രദേശത്തെ പൊതുവിൽ ന്യൂസിലാൻഡ്(neu zealand) എന്ന വിളിക്കുകയും ചെയ്തു. പിന്നെയും ഡച്ച് സംഘങ്ങൾ എത്തിയെങ്കിലും അവിടെ കോളനികളൊന്നും സ്ഥാപിച്ചില്ല. ഓസ്‌ട്രേലിയയും ന്യൂസിലൻഡും ആത്യന്തികമായി കോളനികളാക്കിയ ബ്രിട്ടീഷ് സാമ്ര്യാജ്യത്വത്തിന്റെ പ്രതിനിധി എന്നു പറയാവുന്ന വില്യം ഡാമ്പിയർ 1699 ൽ ആദ്യമായി അവിടെയെത്തുമ്പോൾ ആ പ്രദേശം അറിയപ്പെട്ടിരുന്നത് ന്യൂ ഹോളണ്ട് (New Holland) എന്ന പേരിലായിരുന്നു. ലോകംചുറ്റിയുള്ള സഞ്ചാരത്തിനിടെയാണ് ഡാമ്പിയർ അവിടെ ചെല്ലുന്നത്. തുടർന്ന് ക്യാപ്റ്റൻ ജയിംസ് കുക്കിന്റെ (1728/779) നേതൃത്വത്തിലുള്ള ആദ്യത്തെ ബ്രിട്ടീഷ് നാവികസംഘം ബോട്ടണി ബേ(Botany Bay) എന്നറിയപ്പെടുന്ന സ്ഥലത്ത് എത്തിച്ചേർന്നത് 1770 ലാണ്. 1787 ൽ ബ്രിട്ടീഷുകാർ ഓസ്‌ട്രേലിയിൽ കോളനിവൽക്കരണം ആരംഭിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് അമേരിക്ക നഷ്ടപെട്ട കാലമായിരുന്നു അത്. 1788 ൽ സിഡ്‌നി എന്ന പട്ടണം സ്ഥാപിക്കപ്പെട്ടു.

(4) അതേസമയം 700 വർഷങ്ങൾക്ക് മുമ്പ് തന്നെ മലയ-പോളിനേഷ്യൻ വംശജർ ന്യൂസിലൻഡിൽ എത്തിയിരുന്നു. മയോറികൾ എന്നറിയപ്പെടുന്ന അവരുടെ സംസ്‌കാരം ഇന്നും ന്യൂസിലൻഡിൽ നിലനിൽക്കുന്നു. 1642 ഡിസമ്പറിൽ എത്തിയ ഡച്ച് സഞ്ചാരി ഏബൽ ടാസ്മൻ ആണ് ന്യൂസിലൻഡിലെത്തിയ ആദ്യത്തെ യൂറോപ്യൻ. 1769 ൽ എത്തിച്ചേർന്ന ക്യാപ്റ്റൻ ജയിംസ് കുക്ക് ന്യൂസിലാൻഡിന്റെ തീരപ്രേദേശങ്ങൾ പഠിച്ച് ആ ഭൂവിഭാഗത്തിന്റെ മാപ്പ് ഉണ്ടാക്കി. അവിടെ നിന്നാണ് ജയിംസ് കുക്ക് 1770 ൽ ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത് വെയിൽസ് തീരത്ത് എത്തുന്നത്. ചുരുക്കത്തിൽ, ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലും യൂറോപ്യന്മാർ വരുത്തരാണ്. ഡച്ചുകാർ കണ്ടെത്തിയ സ്ഥലങ്ങളിൽ ഇംഗ്ലിഷുകാർ കൊടി ഉയർത്തി.

(5) കലർന്നും പടർന്നുമാണ് മനുഷ്യർ ലോകമെങ്ങും വ്യാപിച്ചത്. തൊലിയുടെ നിറവ്യത്യാസവും ആകാരപ്രകൃതികളിലെ ഭിന്നതകളുമെല്ലാം ആദിമജനതകൾ കൂടുതൽകാലം ജീവിച്ചിരുന്ന പ്രദേശങ്ങളിൽ നിലവിലുണ്ടായിരുന്ന ഭൗതിക അവസ്ഥകളുടെയും ജനിതകസാഹചര്യങ്ങളുടെയും ബാക്കിപത്രം മാത്രം. മനഷ്യന് ഭൂമിയിൽ എവിടെയും ജീവിക്കാൻ അവകാശമുണ്ട് എന്ന അവസ്ഥയിൽനിന്നും ചില മനുഷ്യർക്ക് മാത്രമേ ചില സ്ഥലങ്ങളിൽ വസിക്കാൻ അവകാശമുള്ളൂ എന്ന അതിർത്തിവാദവും ദേശീയബോധവും ഉടലെടുക്കുന്നത് പിന്നീടാണ്. പാസ്‌പോർട്ടും വിസയും ചോദിച്ച് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.

(6) റഷ്യക്കാർ സൈബീരിയയിലേക്ക് കുറ്റവാളികളെ നാടുകടത്തിയിരുന്നതുപോലെ ഏതാനും നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാർ കുറ്റവാളികളെ നാടുകടത്തിയിരുന്ന സ്ഥലമാണ് ഓസ്‌ട്രേലിയ. 1849 ആകുമ്പോഴേക്കും ഓസ്‌ട്രേലിയ ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെ പീനൽ കോളനി (penal colony) ആയി മാറിക്കഴിഞ്ഞിരുന്നു. 1850-68 കാലഘട്ടത്തിൽമാത്രം 9721 കുറ്റവാളികളാണ് 43 കപ്പലുകളിലായി ദക്ഷിണ ഓസ്‌ട്രേലിയയിൽ എത്തുന്നത്. കുറ്റവാളികളുടെ കയറ്റുമതി അവസാനിക്കുന്നത് 1868 ലാണ്. ചുരുക്കത്തിൽ, ഓസ്‌ട്രേലിയയിൽ ആദിമവാസികൾ ഉൾപ്പടെ എല്ലാവരും കുടിയേറിയവരാണ്.

(7) ആരാദ്യം വന്നു എന്നതാണ് വർത്തമാനകാല പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരിഗണിക്കുന്ന മാനദണ്ഡം. ഇന്നലെ വന്നവർ ഇന്നു വരുന്നവരെ തടയുന്നു, ഇരുവരുംകൂടി വരാനിരിക്കുന്നവരെ പ്രതിരോധിക്കുന്നു, 'മണ്ണിന്റെ മക്കൾ 'വാദം ഉയർത്തുന്നു. കുടിയേറ്റക്കാരുടെ ഭൂഖണ്ഡത്തിൽ കുടിയേറ്റക്കാർക്കെതിരെയുള്ള വികാരം പുകയുന്നു. അരക്ഷിതാവസ്ഥയും പട്ടിണിയും നടമാടുന്ന രാജ്യങ്ങൾ വിട്ട് സമ്പന്നരാജ്യങ്ങളിലേക്ക് കുടിയേറുന്നവരെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടാകുന്നു. ഓസ്‌ട്രേലിയയിലും അമേരിക്കയിലും ന്യൂസിലാൻഡിലുമൊക്കെ പുറത്തുനിന്നും ജനങ്ങൾ കുടിയേറുന്നതിനെ സംശയത്തോടെയും അസഹിഷ്ണുതയോടെയും വീക്ഷിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. പണ്ട് ഈ അവസ്ഥ നിലവിലുണ്ടായിരുന്നെങ്കിൽ തങ്ങളുടെ മുൻഗാമികൾ അവിടങ്ങളിൽ എത്തില്ലായിരുന്നു എന്നവർ ചിന്തിക്കാറില്ല.

(8) കുടിയേറ്റക്കാർ കുടിയേറ്റത്തെ പ്രതിരോധിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ന്യൂസിലാൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മോസ്‌കുകളിലേക്ക് അഞ്ചോളം തോക്കുകളുമായി ഇരച്ചുകയറി അമ്പതുപേരെ കൊലപ്പെടുത്തിയ ബ്രന്റൺ ഹാരിസൺ ടാറന്റ് എന്ന ഓസ്‌ട്രേലിയക്കാരൻ നടത്തിയ കൂട്ടക്കൊല. വെള്ളക്കാരനും നിയോ നാസി വംശീയവാദിയുമാണ് ഈ ഭീകരകൃത്യം നടത്തിയതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി പറയുന്നു. 2011 ജൂലെ 22 ന് ആൻഡേഴ്‌സ് ബെറിങ് ബ്രെവിക് ഓസ്ലോയിലെ യൂത്ത് സമ്മർക്യാമ്പിൽ കടന്നുകയറി 77 പേരെ വെടിവെച്ച് കൊന്ന് സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ആളാണ് കൊലയാളി. ന്യൂസിലാൻഡ് സമൂഹം അക്ഷരാർത്ഥത്തിൽ സ്തംഭിച്ചുപോയെന്ന് അവരുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാണ്. തോക്കു ലൈസൻസ് നയം പരിഷ്‌കരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പ്രസിദ്ധമായ ക്രൈസ്‌ററ് ചർച്ച് ക്രൂസേഡേഴ്‌സ് എന്ന റഗ്‌ബി ടീമിന്റെ പേര് മാറ്റുന്നതിനെക്കുറിച്ചുള്ള ആലോചനകൾ നടക്കുന്നു.

(9) ന്യൂസിലാൻഡിലും ഭരണകൂടം വളരെ ശുഷ്‌കാന്തിയോടും ആത്മാർത്ഥതയോടുംകൂടിയാണ് ഈ ദുരന്തത്തെ നേരിടുന്നത്. ഓസ്‌ട്രേലിയ ഇന്ത്യയുടെ രണ്ടര ഇരട്ടിയിലധികം വലുപ്പമുള്ള രാജ്യമാണ്. കഷ്ടിച്ച് കേരളത്തിന്റെ ജനസംഖ്യ മാത്രം. ന്യൂസിലൻഡും ജനസാന്ദ്രത്ര കുറഞ്ഞ രാജ്യമാണ്. പൊതുവെ സ്‌കാൻഡിനേവിയൻ രാജ്യങ്ങൾപോലെ ശാന്തവും സമൃദ്ധവുമാണ് ഈ സമൂഹങ്ങൾ. വ്യവസ്ഥകൾക്ക് വിധേയമായി അവർ കുടിയേറ്റക്കാർക്ക് പൗരത്വവും സംരക്ഷണവും നൽകാറുണ്ട്. വംശീയവെറി, കുടിയേറ്റക്കാർക്കെതിരെയുള്ള പൊതുവികാരം, മുസ്ലിം കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധം ഇവയൊക്കെ സമാസമം ചേർത്ത അസഹിഷ്ണുത ഇന്ന് അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിൽ പുകയുന്നുണ്ട്. അപരനെ സഹിക്കാനുള്ള സഹിഷ്ണുതാബോധം ആഗോളമനുഷ്യൻ ഇനിയും നേടിയെടുത്തിട്ടില്ല. റോഹിഞ്ച്യർമുതൽ കേരളത്തിലെ ഇതരസംസ്ഥാന കുടിയേറ്റക്കാർ വരെ ഉദാഹരണമായി മുന്നിലുണ്ട്.

(10) പൗരത്വപ്രശ്‌നങ്ങളും തിരിച്ചറിയൽ പട്ടികകളും ഇന്ത്യയിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിക്കുന്നു. തങ്ങൾക്ക് ചെയ്യാൻ താല്പര്യമില്ലാത്ത തൊഴിലുകളും ദൗത്യങ്ങളും നിർവഹിക്കാൻ ശേഷിയുള്ള അന്യരെ മാത്രമാണ് എല്ലാവർക്കും ആവശ്യം. അമേരിക്കയിലെ ആഫ്രിക്കൻ അടിമകൾ മുതൽ കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾ വരെ വരച്ചിടുന്ന ചിത്രമതാണ്. മിക്ക ഗൾഫ് രാജ്യങ്ങളും പുറത്തുനിന്നുള്ളവർക്ക് പൗരത്വം നൽകില്ല. മനുഷ്യവാസമില്ലാത്ത തങ്ങളുടെ പ്രദേശങ്ങൾ മുന്നിൽ കണ്ട് കുടിയേറ്റക്കാരോട് ഉദാരനയം സ്വീകരിക്കുന്ന രാജ്യങ്ങളുണ്ട്. അതേസമയം, കുടിയേറ്റക്കാരെ കഴിയുന്നത്ര ഉൾകൊള്ളാൻ ആധുനിക നാഗരികതകൾ ശ്രമിക്കാറുണ്ട്. സിറിയൻ അഭയാർത്ഥികൾ പ്രാണനുംകൊണ്ട് പലായനംചെയ്തപ്പോൾ അവരിൽ നല്ലൊരു പങ്കിനേയും സ്വീകരിക്കാൻ യൂറോപ്യൻരാജ്യങ്ങൾ തയ്യാറായത് അതിന്റെ അടയാളമാണ്. അപ്പോഴും തങ്ങൾ പടുത്തുയർത്തിയ നാഗരികജീവിതത്തിന്റെ ഫലങ്ങൾ ഭുജിക്കാൻ അന്യരെത്തുന്നത് ലോകമെങ്ങും പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നില്ല.

(11) ഇപ്പറഞ്ഞതിന്റെ എതിർവാദവും പരിശോധിക്കേണ്ടതുണ്ട്. അതിർത്തികളും നിയമങ്ങളുമില്ലാതെ, നാമും മറ്റുള്ളവരും എന്ന ബോധമില്ലാതെ ഏത് സമൂഹത്തിനാണ് മുന്നോട്ടുപോകാനാവുക? ദേശരാഷ്ട്രീയത്തിന്റെയും നിയമങ്ങളുടെയും സമ്പൂർണ്ണ നിരാകരണം മനുഷ്യനാഗരികതയെ തന്നെ അട്ടിമറിക്കും. ഏതൊരു മനുഷ്യനും പരിധിയില്ലാതെ ലോകത്തെവിടെയും സഞ്ചരിക്കാനും താമസിക്കാനും കഴിയും എന്ന അവസ്ഥ വന്നാൽ പഴയതുപോലെ അധിനിവേശങ്ങളും കീഴടക്കലുകളും തുടർക്കഥയാവും. ശക്തന്റെ ആധിപത്യം വരും. സ്വാഭാവികമായും നിയമങ്ങളും നിയന്ത്രണങ്ങളും തിരികെയെത്തും. ഓരോ രാജ്യത്തും അവിടെ ഇപ്പോഴുള്ള ജനതയ്ക്കാണ് പരമാധികാരവും സ്വയംഭരണവുമുള്ളത്. ചരിത്രം എന്തായിരുന്നു എന്നതല്ല മറിച്ച് വർത്തമാനം എന്താണ് എന്നതാണ് പ്രസക്തം. എല്ലാവരും വന്നവരാണ്, എല്ലാവരും കുടിയേറ്റക്കാരാണ് എന്നൊക്കെ വാദിച്ചുകൊണ്ടിരുന്നാൽ നാഗരികസമൂഹങ്ങൾക്ക് മുന്നോട്ടുപോകാനാവില്ല. അതേസമയം അത്തരം തിരിച്ചറിവുകൾ സഹിഷ്ണുത വർദ്ധിപ്പിച്ചേക്കാം.

(12) ചരിത്രത്തിൽ ജീവിക്കുക എന്നത് അയഥാർത്ഥപരവും പരിഹാസ്യമായിരിക്കും. ചരിത്രം ഉദ്ധരിച്ചുള്ള വിലപേശലുകൾ പലപ്പോഴും കൂടുതൽ കാലുഷ്യം നിർമ്മിക്കും. ചരിത്രഖനനം എത്ര ആഴത്തിൽ എന്നതും മറ്റൊരു ചോദ്യമാണ്. തങ്ങൾക്ക് ആവശ്യമുള്ളതിലും ആഴത്തിലേക്ക് പോകാൻ മിക്കവരും തയ്യാറാവില്ല. ഇന്നത്തെ ഓസ്‌ട്രേലിയൻ സമൂഹം അധിനിവേശകരുടെയും കുറ്റവാളികളുടെയും പിൻതലമുറ ആയിരിക്കാം. പക്ഷെ അത്തരമൊരു കുറ്റബോധത്തോടെ പെരുമാറാൻ ഇന്നത്തെ തലമുറയോട് ആവശ്യപ്പെടാനാവില്ല. തങ്ങളുടെ അസ്തിത്വത്തിനും സുരക്ഷിതത്വത്തിനും നേരെ ഉയരുന്ന ഭീഷണിയായി പിന്നീട് വരുന്നവരെ കാണുന്ന പ്രവണത ജീവിസഹജമാണ്. പക്ഷെ അത്തരം ചോദനകൾ നാഗരികമായി പരിഷ്‌കരിക്കാതെ മനുഷ്യന് മുന്നോട്ടുപോകാനാവില്ല. ആദ്യമെത്തിയവർ പിന്നീടെത്തുന്നവരെ സംഘടിതമായി തടയുന്നതും അവർക്കെതിരെ വെറുപ്പും പകയും ചുരത്തുന്നതും മനുഷ്യാവകാശലംഘനമായി കാണാൻ ആധുനിക നാഗരികതയ്ക്ക് കഴിയണം. എങ്കിലേ കുടിയേറ്റപ്രശ്‌നം മനുഷ്യത്വപരമായി പരിഹരിക്കാനാവൂ.

(13) ക്രൈസ്റ്റ് ചർച്ചിലെ കൂട്ടക്കൊലകളുടെ മറ്റൊരു കാരണമായി കൊലയാളി ആരോപിക്കുന്നത് മുസ്ലിംകുടിയേറ്റമാണ്. കുടിയേറ്റക്കാർ സ്വീകാര്യരല്ല, മുസ്ലീങ്ങൾ ഒട്ടും സ്വീകാര്യരല്ല എന്ന നിലപാടാണത്. മുസ്ലിം ആരാധനാലായങ്ങൾ തന്നെ തിരഞ്ഞെടുത്തതിന് പിന്നിലെ കാരണവും മറ്റൊന്നല്ല. നിർഭാഗ്യവശാൽ ഇക്കാര്യത്തിൽ രണ്ടുതരം പ്രചരണങ്ങൾ കൊഴുക്കുന്നു. ലോകത്തിനാകെ ഇസ്ലാമോഫോബിയ പിടിപെട്ടേ എന്നു വിളിച്ചുകൂവി സ്വയംമഹത്വപ്പെടുത്തുന്ന ഇരവാദമാണ് ഒരുവശത്ത്. വേട്ടക്കാർ വേട്ടയാടപ്പെടുന്നതിലെ ഗൂഢാഹ്‌ളാദമാണ് മറുവശത്ത്. രണ്ടും ഒരുപോലെ അപലപനീയമായ നിലപാടുകൾ. നോക്കൂ, ഒരു പ്രത്യക കഥയിൽ വിശ്വസിക്കുന്നു എന്ന ഒരൊറ്റ കാരണമാണ് 50 മുസ്ലീങ്ങൾക്ക് മരണമൊരുക്കിയത്. ഈ ആക്രമണം മനുഷ്യരാശിക്കെതിരെയാണ്. കുട്ടികളടക്കം ഒന്നുമറിയാത്ത നിരപരാധികളാണ് ഒരു വംശീയവെറിയന്റെ മുന്നിൽ കരിഞ്ഞുവീണത്. മനുഷ്യരുടെ പിടച്ചിൽ മുന്നിൽകാണണം.

(14) ദുരന്തങ്ങൾ പരനിന്ദയുടെ ഇന്ധനമാക്കുന്നത് സഹായകരമല്ല. ഇസ്ലാമോഫോബിയ ആണ് പ്രശ്‌നകാരണം എന്ന രീതിയിലുള്ള ഉത്തരവാദിത്വബോധമില്ലാത്ത മതതമാശകൾ നിർമലമായി അവഗണിക്കപ്പെടണം. മതവിശ്വാസികൾ മതത്തിന്റ ഇരകളാണ്, അവർ നിരപരാധികളാണ്. ആധുനികനാഗരികതയുമായി ഐക്യപെടാനും സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്യാനും ഇസ്ലാമിന് ബാധ്യതയുണ്ട്. സമാധാനപൂർണ്ണമായ സംവാദം പ്രോത്സാഹിക്കപ്പെടണം. കണ്ടുംകേട്ടും മനസ്സിലാക്കിയും ഇസ്ലാമിനെ കൂടെ കൂട്ടാൻ മറ്റുള്ളവർക്ക് കഴിയുന്ന സാഹചര്യമുണ്ടാകണം. ഇസ്ലാമോഫോബിയ എന്ന കുറ്റാരോപണം പ്രശ്‌നപരിഹാരത്തിന് താല്പര്യമില്ലെന്ന പ്രതീതി സൃഷ്ടിക്കും. പേടിക്കുന്നവർക്കും പേടിപ്പിക്കുന്നവർക്കും തുല്യതോതിൽ കുറ്റംവിധിക്കണമെന്ന ശാഠ്യം കയ്യൊഴിയപ്പെടേണ്ടതാണ്.

(15) ഇരവാദവും പീഡനവിഭ്രാന്തിയും പരത്തി വളരുക എന്നത്, ചരിത്രപരമായിതന്നെ, മതങ്ങളുടെ പൊതുതന്ത്രമാണ്. പ്രാരംഭകാലത്ത് ക്രിസ്തുമതം കരളലിയിക്കുന്ന പീഡനകഥകളിലൂടെയാണ് ലോകമെമ്പാടും പടർന്നത്.പരപീഡ ഏറ്റുവാങ്ങിയ ദൈവത്തെ അവതരിപ്പിച്ചു. അതേ കൂട്ടർ പിന്നീട് കുരിശുയുദ്ധങ്ങളിലും ഇൻക്വിസിഷനുകളിലും യഹൂദപീഡനത്തിലും അഭിരമിച്ചു. മുൻതൂക്കം ലഭിക്കുന്നിടങ്ങളിൽ ചാട്ടവാറായും പ്രതികൂലസാഹചര്യങ്ങളിൽ ഇരവാദമുയർത്തിയും കളംപിടിക്കുന്ന മതതന്ത്രങ്ങൾ തിരിച്ചറിയപ്പെടണം. സാഹചര്യങ്ങൾ എന്തുമായികൊള്ളട്ടെ, സഹിഷ്ണതയിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ ബന്ധങ്ങൾ നിർമ്മിക്കപ്പെടണം. കൊന്നുതീർത്തും തുടച്ചുനീക്കിയും ആർക്കും മുന്നോട്ടുപോകാനാവില്ല. മതസഹിഷ്ണുത മതങ്ങളുടെകൂടി ബാധ്യതയാണ്.

(16) ഒരു വിഷയം പരിഹരിക്കാനുള്ള എളുപ്പവഴി അതിന്റെ കാരണങ്ങളെ നേർക്കുനേർ അഭിസംബോധന ചെയ്യുക എന്നതാണ്. മതം നേർപ്പിക്കുകയോ തീവ്രമതബോധത്തിൽ നിന്ന് അകലുകയോ അത് പൂർണ്ണമായി ഉപേക്ഷിക്കുകയോ ചെയ്യുമ്പോൾ മതാത്മക സംഘർഷങ്ങൾ ലഘൂകരിക്കപ്പെടും. മതം ദുർബലപ്പെട്ടാലും വംശീയവിദ്വേഷവും അമിതദേശീയബോധവും കെടുതികൾ കൊണ്ടുവരാം. അപ്പോഴും മതജന്യമല്ലാത്ത സംഘർഷങ്ങളിലും മോശം കൂട്ടുകറിയാവാൻ മതത്തിന് സാധിക്കാറുണ്ടെന്നത് മറക്കരുത്. വംശീയവെറിയുടെ മുന്നിൽ ക്രൈസ്റ്റ്ചർച്ചിൽ കരിഞ്ഞുവീണ ജീവനുകൾ മനുഷ്യകുലത്തിന്റെ നഷ്ടമാണ്. വെടിയൊച്ചകളും പൊട്ടിത്തെറികളും എവിടെ ആയിരുന്നാലും എതിർവശത്ത് നിൽക്കുന്നത് മനുഷ്യരാണെന്ന തിരിച്ചറിവ് ഹിംസയുടെ ചിതയൊരുക്കും.

( എഴുത്തുകാരനും പ്രഭാഷകനുമായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP