Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു

ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടും ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്ന പ്രത്യേകത: മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്ത് ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്; തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ- ചെറിയാൻ ജേക്കബ് എഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

നൂറ്റാണ്ടുകളായി നടന്നു വരികയും ഒരിക്കലും തീരാത്ത വ്യവഹാരങ്ങളുടെയും കഥയാണ് കേരളത്തിലെ പുരാതന ക്രിസ്ത്യാനികളുടെ ഇടയിൽ നില നിൽക്കുന്നത്. അതിൽ ഏറ്റവും പ്രമാദമായതു ഓർത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ 1912 മുതൽ നടന്നു വരുന്ന മലങ്കര സഭാ കേസാണ്. 1958 ലും 1995 ലും 2017 ലും ഇന്ത്യയുടെ പരമോന്നത നീതിപീഠം തീർപ്പു കല്പിച്ചിട്ടു ഇന്നും തീരാതെ കോടതികളെ പോലും നാണക്കേടിൽ എത്തിച്ച കേസെന്നും ഈ കേസിനു പ്രത്യേകത ഉണ്ട്. മരടിൽ അനധികൃതമായി നിർമ്മിച്ച ബഹുനില മണിമന്ദിരങ്ങൾ പൊളിക്കാൻ ഉത്തരവിട്ട അതേ കോടതിയാണ് 1934 ൽ പ്രസിദ്ധീകരിച്ചു എന്ന് പറയപ്പെടുന്ന ഒരിക്കലും ഈ രാജ്യത്തിന്റെ നിയമ വ്യസ്ഥയിൽ രജിസ്റ്റർ പോലും ചെയ്യാത്ത ഒരു രേഖയ്ക്ക് ഇല്ലാത്ത സാധുത ഉണ്ടാക്കിക്കൊടുത്തു ഇന്ന് പുലിവാൽ പിടിച്ചിരിക്കുന്നത്. ഇന്ത്യൻ നീതിന്യായ വ്യസ്ഥയിൽ ഇതൊക്കെ സംതുലനം ചെയ്യുവാൻ വേണ്ടിയ വഴികൾ ഇല്ലാത്തതാണ് ആർക്കും എങ്ങനെയും നിയമത്തിന്റെ ലൂപ് ഹോളുകൾ അവരുടെ സ്വാർത്ഥ ലാഭത്തിനു ഉപയോഗിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കുന്നത്. ഒരു കണക്കിന് ഇവിടെ കോടതി നിസ്സഹായ അവസ്ഥയിൽ ആയതാണ് നാം കണ്ടത്. തെറ്റാണെന്ന് അറിഞ്ഞിട്ടും ആ തെറ്റിന് നിയമപരമായി ഒന്നും ചെയ്യുവാൻ വയ്യാത്ത അവസ്ഥ.

സർക്കാർ നിസ്സഹായ അവസ്ഥയിൽ

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇടതു വലതു കക്ഷികൾക്ക് ഏകദേശം തുല്യ ബലമാണ്. ആര് ഭരിക്കണം എന്ന് തീരുമാനിക്കപ്പെടുന്നത് വളരെ കുറച്ചു വോട്ടുകളുടെ വ്യത്യാസത്തിലാണ്. ഏകദേശം 15 ലക്ഷത്തോളം വരുന്ന ഓര്ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങളെ പിണക്കി ഒന്നും നേടുവാൻ സാധ്യമല്ല. അവരുടെ വോട്ടു നിർണായകമാണ് പ്രത്യേകിച്ചും 2017 ജൂലായ് 3 ലെ വിധിക്കു ശേഷം സഭാ വൈരാഗ്യം ഏറ്റവും കൂടി നിൽക്കുന്നതും ഈ വിഷയത്തിൽ ആത്മാർത്ഥമായി ഇടപെടുവാൻ പാർട്ടികളെ മടുപ്പിക്കുന്നു. 'കയ്ച്ചിട്ടു ഇറക്കാനും മേല, മധുരിച്ചിട്ട് തുപ്പാനും മേല എന്ന അവസ്ഥ'.

ഓർത്തഡോക്‌സ് സഭയുടെ അത്യാർത്തി

2017 ലെ വിധി എത്രയും വേഗം നടത്തിയെടുത്തു എങ്ങനെയും പള്ളികളും സ്വത്തും കൈക്കലാക്കി, മറുവിഭാഗത്തെ ഇനി ഒരിക്കലൂം അവർ പ്രശ്‌നമുണ്ടാക്കാതിരിക്കതക്ക രീതിയിൽ ഇല്ലായ്മ ചെയ്യുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടിയുള്ള കൃത്യതതയും വ്യക്തവുമായ പദ്ധതിയോടെ ഓർത്തഡോക്‌സ് സഭയിലെ പരിശുദ്ധ കാതോലിക്കാ ബാവയും സംഘവും നടത്തിയ മുന്നേറ്റങ്ങൾ അവർക്ക് തുടക്കത്തിൽ നേട്ടം ഉണ്ടാക്കിക്കൊടുത്തു. സുപ്രീം കോടതിയിലെ ജഡ്ജി ബഹുമാനപ്പെട്ട അരുൺ മിശ്രയുടെ കാർക്കശ്യം മനസ്സിലാക്കി അതിനു പറ്റിയ രീതിയിൽ അവർ കേസുകളിൽ തെളിവുകൾ ഹാജരാക്കിയപ്പോൾ തീർച്ചയായും യാക്കോബായ സഭ നിയമത്തെ ബഹുമാനിക്കാത്തവർ ആണ് എന്ന രീതിയിൽ അദ്ദേഹവും പെരുമാറി. യാക്കോബായ വിഭാഗം ഓരോ കേസിലും ഒരു വക്കീലിനെ ഏർപ്പെടുത്താൻ പോലും ബുദ്ധിമുട്ടുമ്പോൾ ഇന്ത്യയിലെ ടയർ വ്യവസായത്തിലെ കുത്തക യും മാധ്യമ രംഗത്ത് എന്തിനും അവരാണ് ഒന്നാമത് എന്ന് വരുത്തി തീർക്കുന്ന പത്രവും. സ്വർണ്ണ പണയത്തിലൂടെ കേരളം പോലും വിലക്കെടുക്കാൻ സാമ്പത്തികശേഷിയുള്ള ധനകാര്യ സ്ഥാപനവും കൂടെയുള്ളപ്പോൾ ഓർത്തഡോക്‌സ് പക്ഷത്തിന് വക്കീൽ ഫീസൊന്നും ഒരു പ്രശനവും ആയിരുന്നില്ല. പോരാത്തതിന് യാക്കോബായ സഭയിൽ ആഭ്യന്തര കലഹം ഉണ്ടാക്കി മെത്രാന്മാർ തമ്മിലും മെത്രാന്മാരും വിശ്വാസികളും തമ്മിലും പ്രശ്‌നങ്ങൾ ഉണ്ടാക്കിക്കാനും ഉള്ള ചാണക്യ തന്ത്രങ്ങളിൽ ഓർത്തഡോക്‌സ് സഭയുടെ പങ്കില്ല എന്ന് വിശ്വസിക്കാൻ അരിയാഹാരം കഴിക്കുന്ന ഒരു മലയാളിയും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

ആഭ്യന്തര കലഹത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ ഞാനുൾപ്പെടെ പലരും വിചാരിച്ചു 2017 വിധി ശരിക്കും ഒരു നന്മയ്ക്കായി തീരുമായിരിക്കും എന്ന്. എന്നാൽ കാലം മുന്നോട്ടു പോയപ്പോൾ അങ്ങിനെയല്ല സംഭവിച്ചത്. വളരെ എളുപ്പത്തിൽ പരിഹരിക്കാം എന്ന് എല്ലാവരും കരുതിയ ലയനം ഓർത്തഡോക്‌സ് സഭയുടെ ദുർവാശിയിലും പിടിവാശിയിലും നഷ്ടപ്പെടുത്തി കളഞ്ഞു. 'എന്റെ മക്കളേ' എന്ന് ഒരുവേള ഓർത്തഡോക്‌സിലെ പരിശുദ്ധ കാതോലിക്കാ എങ്ങാനും വിളിച്ചിരുന്നെങ്കിൽ ഇന്ന് ഈ ലേഖനത്തിന് ഒരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. അത്രയ്ക്ക് നിസ്സാരമായ ഒരു ലയനമാണ് ഇന്ന് രണ്ടു സഭയിലെയും ആളുകളുടെ ഉറക്കം കെടുത്തുന്നത്.

എന്താണ് പരിഹാരം സാധിക്കാത്തത്

ഇത് ഒരു സിവിൽ കേസായാണ് കോടതിയുടെ മുന്നിൽ ഉള്ളത്. സമ്പത്താണല്ലോ എല്ലാത്തിനും മൂല കാരണം. എന്നാൽ ഇത് പള്ളിയിലും വിശ്വാസികളുടെയും ഇടയിൽ വിശ്വാസത്തിന്റെയും പാരമ്പരയത്തിന്റെയും ഭാഗമായാണ് രണ്ടു കൂട്ടരും വാദിക്കുന്നത്. വിശ്വാസത്തിന്റെ കാര്യം പറഞ്ഞാൽ കോടതി കൈകഴുകും എന്നത് രണ്ടു കൂട്ടർക്കും അറിയാം. അതിനാൽ കേസിന്റെ തുടക്കം മുതൽ ഏകദേശം അവസാനം വരെ അങ്ങിനെ തന്നെയാണ് ഇവർ വാദിച്ചതും. അതായത് കോടതിക്കും അറിയാം ഇത് വിശ്വാസ പ്രശ്‌നമാണെന്ന് എന്നാൽ കുശാഗ്ര ബുദ്ധിക്കാരായ വക്കീലന്മാർ അതിനു തയ്യാറായാൽ നഷ്ട്ടപ്പെടുന്നത് ഒരു പൊന്മുട്ടയിടുന്ന താറാവിനെയാണ്. അതിനാൽ കേസുകൾ അനന്തമായി പോകുന്നതു.

വിശ്വാസവും ഭരണഘടനയും

ഇപ്പോൾ കേരളത്തിൽ ഉള്ളവർക്ക് തന്നെ ഒരു അത്ഭുതമാണ് മാധ്യമങ്ങളും മറ്റും 1934 ഭരണഘടനെയെപ്പറ്റി പറയുന്നത്. ഇന്ത്യ സത്രന്ത്രമായത് 1947 ൽ അപ്പോൾ എങ്ങനെയാണ് ഒരിക്കലും രജിസ്റ്റർ ചെയ്യുകപോലും ചെയ്തിട്ടില്ലാത്ത ഒരു ഏകപക്ഷീയമായി നിർമ്മിച്ച രേഖയ്ക്ക് ഇത്രയും പ്രാധാന്യം വരുന്നത്. അതിൽ ആരാണ് ഒപ്പു വച്ചത്, ആരാണ് സാക്ഷ്യപ്പെടുത്തിയത് എന്നതുപോലും ഇന്നും അവ്യക്തമാണ്. ഇത് പലപ്പോഴും മാറ്റിയപ്പോഴും സംശുദ്ധതയ്ക്ക് ഉറപ്പു വരുത്തുവാൻ ഒരു കാര്യവും ചെയ്തിട്ടില്ല. ഇതിനെ ഒരു ഭരണഘടന എന്ന് പറയുന്നതിലും നല്ലതു, ഒരു വ്യക്തിയെ ജീവിതാവസാനം വരെ സഭയുടെ അടിമയാക്കാൻ ഉള്ള ഒരു മാന്ത്രിക വടിയായി മാത്രമേ കാണാൻ കഴിയൂ. ഈ ഭരണഘടന വായിച്ചു പഠിച്ചു ജീവിതത്തിൽ ഏതെങ്കിലും നന്മ ഉണ്ടാക്കിയ ആരും (വക്കീലന്മാർ, അച്ചന്മാർ, മെത്രാച്ചന്മാർ, കാതോലിക്കാ ഇവരൊഴിച്ചു ) ഉണ്ടെന്നു തോന്നുന്നില്ല. രോഗസൗഖ്യമോ സമാധാനമോ സംതൃപ്തിയോ ഒന്നും ഈ ഭരണഘടനാ നൽകുന്നില്ല എന്നാൽ ഈ ഭരണഘടനയുടെ തിക്താനുഭവം മൂലം ഹൃദയതകരാറു വന്നവരും ബ്‌ളോക് വന്നവരും, മാനസിക വ്യഥ അനുഭവിക്കുന്നവരും നമുക്ക് എത്ര വേണമെങ്കിലും കാണാം.

ആരാണ് ഒരു ക്രിസ്ത്യാനി

ക്രിസ്ത്യാനികൾക്ക് അവരുടെ വിശ്വാസം എന്നത് എന്ന് ചോദ്യം ചെയ്യപ്പെട്ട AD 324 കാലഘട്ടത്തിൽ അന്ന് ക്രിസ്തു മതത്തിലേക്ക് പരിവർത്തനം ചെയ്തുവന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നിദ്ദേശപ്രകാരം കൂടിയ നിഖ്യാ സുന്നഹദോസിലാണ് ഇന്ന് നാം കാണുന്ന വിശ്വാസ പ്രമാണത്തിന്റെ കരട് രൂപീകരിച്ചത്. അതിനും ശേഷമാണ് ബൈബിൾ പോലും നാം ഇന്ന് കാണുന്ന രീതിയിലേക്ക് ക്രോഡീകരിക്കപ്പെട്ടത്. ത്രീയേക ദൈവം എന്നത് ഇന്ന് ക്രിസ്ത്യാനികളിൽ ഭൂരിഭാഗവും പഠിച്ചതും ഏറ്റുപറയുന്നതും ആ സുന്നഹദോസിന്റെ തീരുമാനപ്രകാരമാണ്. ഇപ്പോൾ നമ്മുടെ കേരളക്കരയിൽ ഓർത്തഡോക്‌സ് വിഭാഗം സെമിത്തേരികളിൽ യാക്കോബായ വിഭാഗങ്ങളെ ശവമടക്കാൻ പോലും സമ്മതിക്കാതെ അവരെ നിയമത്തിന്റെ ചട്ടക്കൂട്ടിൽ മെരുക്കാൻ ശ്രമം തുടങ്ങിയപ്പോൾ എല്ലാവരും അവരെ ഉപദേശിച്ചു അത്തരം കടുത്ത നടപടികളിലേക്ക് പോകരുതെന്ന്. എന്നാൽ യാക്കോബായക്കാരെന്റെ മൃതദേഹങ്ങൾ പട്ടിയെ കുഴിച്ചിടുന്നത് പോലെ കുഴിച്ചിടട്ടെ എന്ന് ഇടയാനാൽ കോർഎപ്പിസ്‌കോപ്പ അച്ചൻ മൊഴിഞ്ഞപ്പോൾ ഇടയനാലിനെ വെട്ടി അതിനും മുകളിൽ ഐസക് അച്ചൻ എന്ന ആൾ പറഞ്ഞു ' യാക്കോബായക്കാരന് അടക്കാൻ സ്ഥലം ഇല്ലെങ്കിൽ ശവം കൊത്തിനുറുക്കി കാപ്പ ഇട്ടു പുഴുങ്ങി വല്ല അനാഥാലയത്തിലും കൊടുക്കാൻ പറയടോ അതിനു പുണ്യമെങ്കിലും കിട്ടും' ഇത് സോഷ്യൽ മീഡിയാ വളരെ ആഘോഷിച്ചു. ഇവരൊക്കെയാണോ ക്രിസ്ത്യാനികൾ എന്നുപോലും തോന്നിപ്പോയി. ഒരുമാതിരി ശവത്തിനോട് കാമം തോന്നുന്ന വേതാളങ്ങൾ പോലെ ഇവർ സമൂഹത്തിനു തോന്നപ്പെട്ടു. ഒരമ്മച്ചിയുടെ മൃതദേഹം 38 ദിവസം അടക്കാതെ ഭൂമിക്കു മുകളിൽ ഉണ്ടാക്കിയ ഒരു പേടകത്തിൽ സൂക്ഷിക്കേണ്ടി വന്നു. അവസാനം അത് ഒരു സാമൂഹിക പ്രഷ്‌നമായി അന്താരാഷ്ട ശ്രദ്ധ പിടിച്ചു പറ്റിയപ്പോൾ ബഹുമാനപ്പെട്ട കേരള സർക്കാരും കേരള ഗവർണറും ഒരു കാര്യത്തിൽ ഉറച്ചു, ഈ സംസ്ഥാനത്തു ഇനി ഈ നാടകങ്ങൾ അനുവദിക്കില്ലയെന്നു. കേരള ചരിത്രത്തിൽ ഭൂപരിഷ്‌കരണ നിയമത്തിനു ശേഷം ജനം ഇരുകയ്യും നീട്ടി സ്വീകരിച്ച ഒരു കാര്യമുണ്ടെകിൽ അത് കേരളം പുറത്തിറക്കിയ ശസംസ്‌കാരവുമായി ബന്ധപ്പെട്ടുള്ള ഓർഡിനൻസ് ആണ്. ഓർത്തഡോക്‌സ് സഭ ഇതിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തെങ്കിലും ജഡ്ജി അതിൽ ഇടപെടാതെ മാറുകയാണ് ഉണ്ടായത്. ഇത് നിയമമാക്കി അവതരിപ്പിച്ചാൽ അത് ഒരു പരിധി വരെ ക്രിസ്തീയ സമൂഹങ്ങളിലെ വിവേചനങ്ങൾക്കു അറുതി വരുത്തും. പള്ളികളിൽ നിന്ന് പുറത്താക്കപ്പെട്ടവരും അവരുടെ പുതിയ തലമുറയ്ക്കും പള്ളിയുടെ സെമിത്തേരിയിൽ അടക്കം ചെയ്യുവാൻ അനുവദിക്കുന്ന രീതിയിലാണ് അതിൽ കാര്യങ്ങൾ വിവക്ഷിച്ചിരിക്കുന്നത്. പിണറായി വിജയന് കോൺസ്‌റാന്റിൽ ചക്രവർത്തിയുടെ രീതിയിൽ ഒരു നിലപാടെടുക്കാൻ കഴിഞ്ഞു എന്ന് ചരിത്രം ഒരിക്കൽ പറഞ്ഞാൽ അത് നിഷേധിക്കുവാൻ സാധിക്കും എന്ന് തോന്നുന്നില്ല. ബൈബിളിൽ വിശ്വസിക്കുകയും ക്രിസ്തുവിനെ രക്ഷിതാവും കർത്താവുമായി സ്വീകരിച്ചവരും മാമ്മോദീസാ ഏറ്റവരെയുമാണ് ഈ നിയമത്തിൽ ക്രിസ്ത്യാനി എന്ന് വിവക്ഷിച്ചിരിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റ് വേണ്ടിവന്നു ഒരു ക്രിസ്ത്യാനി ആരാണ് എന്ന് നിവ്വചിക്കുവാൻ എന്നതും ചരിത്രം വിലയിരുത്തും.

പള്ളിപ്പിടുത്തം

ഇപ്പോൾ കേരളത്തിൽ ഏറ്റവും കേൾക്കുന്ന ഒരു കാര്യമാണ്, പള്ളിപിടിക്കാൻ വരുന്നു എന്നത്. ഏകദേശം 40 ൽ അധികം യാക്കോബായ പള്ളികൾ (സമ്പത്തുള്ളത് ) ഇതിനകം നിയമത്തിന്റെ പരിരക്ഷയിൽ ഓർത്തഡോക്‌സുകാർ കൈവശപ്പെടുത്തി. വെറും എട്ടിൽ താഴെ വീട്ടുകാർ ഉള്ള പള്ളിപോലും നാലായിരത്തിൽ പരം വീട്ടുകാരെ മാറ്റി ഓർത്തഡോക്‌സ് സഭയ്ക്ക് പിടിച്ചു കൊടുക്കുന്ന രീതിയിലാണ് 2017 സുപ്രീം കോടതി വിധി ഇതുവരെ വിശകലനം ചെയ്ത എല്ലാവരും പറയുന്നത്. വേണ്ട എന്ന് ഓർത്തഡോക്‌സ് പക്ഷം പറയാത്തിടത്തോളം കാലം, സർക്കാർ ഒരു നിയമ നിർമ്മാണത്തിലൂടെ ഇത് പരിഹരിച്ചില്ലെങ്കിൽ ഈ വിധി എ ന്നും യാക്കോബായക്കാരന്റെ തലയ്ക്കു മീതെ നിൽക്കുന്ന വാളായിരിക്കും . എന്നാൽ സർക്കാരിന് ഒരു കോടതി വിധിയെ നേരിട്ട് ഖണ്ഡിക്കാൻ കോടതിയുടെ അനുമതിയില്ലാതെ ഒരു നിയമ നിർമ്മാണം സാദ്ധ്യമല്ല. കാരണം അത് ജുഡീഷ്യറിയുടെ അധികാര സീമയിലുള്ള കടന്നു കയറ്റമായി വിവക്ഷിക്കപ്പെടുകയും തീർച്ചയായും ആ പിഴവ് പല സംസ്ഥാന സർക്കാരുകളും കേന്ദ്രവും ദുർവിനിയോഗം ചെയ്യുകയും ചെയ്യും എന്നത് തന്നെയാണ് പ്രശ്‌നം. സർക്കാർ ഇതിൽ ഒരു കക്ഷിയല്ലാത്തതിനാൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാത്ത ഒരു സാഹചര്യത്തിലും സർക്കാരിന് ഇടപെടാനും പറ്റുകയില്ല. ഒരു തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധ സംസ്ഥാനത്തു വെറും നിസ്സഹായ അവസ്ഥയിൽ ആണ് ഇക്കാര്യത്തിൽ എന്നാൽ സർക്കാരിന് മുന്നിൽ ഉള്ളത് അനന്ത സാദ്ധ്യതകളുമാണ് .

സർക്കാർ കേസിൽ കക്ഷി ചേരുക / പുതിയ ഭരണഘടന ഉണ്ടാക്കുക

സർക്കാർ കോടതിയോട് ഈ കേസിൽ ഏറ്റവും വലിയ ഭാരിച്ച ഉത്തരവാദിത്വം ഉള്ള ഒരു വിഭാഗം എന്ന നിലയിൽ ഈ കേസിൽ ഒരു നിസ്പക്ഷ കക്ഷിയാക്കണമെന്ന് വാദികണം. കാരണം സർക്കാർ മാത്രമാണ് നിയമ നിർമ്മാണത്തിലെ പ്രഗത്ഭരും അതിനുവേണ്ടിയ സംവിധാനം ഉള്ളവരും. അതായത് ഈ തർക്കത്തിൽ 34 ഭരണഘടനയ്ക്കു പകരം സർക്കാരും രണ്ടു സഭയുടെയും പ്രതിധിധികളും ചേർന്ന ഒരു കമ്മറ്റി ഭരണത്തിന് വേണ്ടി മാത്രം ഇന്ത്യൻ ഭരണ ഘടനയുടെ അന്തസ്സിനു ചേരുന്ന രീതിയിൽ പുതിയ ഒരു ഭരണഘടന ഉണ്ടാക്കുക. അതിൽ ഒരു മെമ്പറുടെ അവകാശങ്ങൾ, സമ്മതിദാന അവകാശം ഇവയൊക്കെ നിർവചിക്കുക. വിശ്വാസവും ഭരണവും കൂട്ടിക്കലർത്തിരിക്കുക (ഇപ്പോൾ ഓർത്തഡോക്‌സ് പുരോഹിതന്റെ മുൻപാകെ കുമ്പസാരിച്ചു, സഭയ്ക്ക് ഒരു കുടിശ്ശികയും ഇല്ലാത്തവർക്ക് മാത്രമാണ് ഒരു മെമ്പറുരുടെ അവകാശങ്ങൾ ഉള്ളൂ. അതും ഒരു പുരോഹിതനോ , മെത്രാപ്പൊലീത്തയ്‌ക്കോ അല്ലെങ്കിൽ കാതോലിക്കയ്‌ക്കോ അസ്ഥിരപ്പെടുത്താം ).

പുതിയ ഭരണഘടനയിൽ സഭയിലെ ഒരാളുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ അത് കേൾക്കുവാനും പരിഹരിക്കപ്പെടുവാനും ഉള്ള സാഹചര്യം ഉണ്ടാകണം. വിശുദ്ധ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന രീതിയിൽ പ്രശ്‌നം പരിഹരിക്കപ്പെടുവാൻ സാധിച്ചില്ലെങ്കിൽ പിന്നീട് അവരുടെ പരാതി കേൾക്കുവാനും തീർപ്പാക്കുവാനും സാഹചര്യം ഉണ്ടാകണം. പള്ളികളിൽ ഒരു തരത്തിലുമുള്ള വിവേചനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തണം. എല്ലാ കാര്യങ്ങളും ജനാധിപത്യ രീതിയിൽ ഭരിക്കപ്പെടണം. അതായത് കിട്ടിയ വോട്ടിൽ ഭൂരിപക്ഷം ഉള്ളവരുടെ വിശ്വാസം അനുസരിച്ചുള്ള പുരോഹിതനെ ആ സഭക്കാർ അയക്കുക. അപ്പോൾ അവിടെ പ്രശ്നം ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്. ഇങ്ങിനെ വരുമ്പോൾ തീർച്ചയായും രണ്ടു കൂട്ടരും അനുരഞ്ജനത്തിന് വരികയും സമാധാനം ഉണ്ടാകുകയും ചെയ്യും.

രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുപ്പ്
നാം ജീവിക്കുന്നത് എല്ലാത്തരം ആളുകളും ഉള്ള ഒരു സമൂഹത്തിലാണ്. പള്ളികളിൽ ഉള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പിക്കാൻ ഇടയാകണം. വോട്ടവകാശം എല്ലാവര്ക്കും ലഭ്യമാക്കണം. പോസ്റ്റൽ വോട്ടും ചെയ്യുവാൻ ഉള്ള സാഹചര്യം ഉണ്ടാകണം. ഇപ്പോൾ പള്ളികളിൽ പൊതുയോഗത്തിന് വരുന്നവർക്ക് മാത്രമാണ് സമ്മതിദാന അവകാശം ഉള്ളത്. അതിനു പകരം ജനാധിപത്യ രീതിയിൽ രഹസ്യ ബാലറ്റിലൂടെ പള്ളിയുടെ ഭരണസമിതിയെ തിരഞ്ഞെടുക്കുക. രഹസ്യ ബാലറ്റ് കൊണ്ടുവന്നാൽ തീർച്ചയായും വിശ്വാസികൾക്ക് നീതി ലഭിക്കും എന്നതിൽ ആർക്കും സംശയം ഉണ്ടെന്നു തോന്നുന്നില്ല.

ചർച് ആക്ട്

സഭകളിലെ വിവേചനം സർക്കാരിന്റെ ശ്രദ്ധയിൽ പല പരാതികൾ വന്നതുകൊണ്ടാണ് ഒരു കരട് ചർച് ആക്ട് സർക്കാർ തയ്യാറാക്കി വച്ചിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യം സമാധാനം ഉണ്ടാക്കുവാൻ സഭകൾ തയ്യാറായില്ലെങ്കിൽ സർക്കാരിന്റെ മുന്നിലുള്ള ഏക പോംവഴി പുതിയ നിയമം ഉണ്ടാക്കുക എന്നതാണ്. എന്നാൽ ഇത് പല നിയമ പോരാട്ടങ്ങൾക്കും വഴിവയ്ക്കും എന്നതിനാൽ അത് അവസാന ശ്രമമായായിരിക്കും സർക്കാർ ശ്രമിക്കുക. എന്നാൽ ഒരു കോടതി നിർദ്ദേശപ്രകാരം ആണ് ഈ നിയമനിർമ്മാണം നടത്തുന്നതെങ്കിൽ അതിനെ കോടതിയിൽ ചോദ്യം ചെയ്തു തോൽപ്പിക്കുക അത്ര എളുപ്പമല്ല

ചുരുക്കത്തിൽ പറഞ്ഞാൽ സർക്കാരിനെ അനാവശ്യമായി പ്രകോപിപ്പിക്കുന്നതുകൊണ്ടു ഓർത്തഡോക്‌സ് സഭയ്ക്ക് ഒരു ലാഭവും കിട്ടില്ലെന്ന് മാത്രമല്ല, കൂടുതൽ പ്രശ്‌നങ്ങളിലേക്ക് പോവുകയേയുള്ളൂ. ഒരു മേശക്കു ചുറ്റുമിരുന്ന് അന്യോന്യം കാര്യങ്ങൾ പറഞ്ഞു തീര്ത്തു, എല്ലാവര്ക്കും സ്വീകാര്യമായ ഒരു സെറ്റിൽമെന്റ് ഉണ്ടാക്കുവാൻ സഭകൾക്ക് സാധ്യമല്ലെങ്കിൽ ഇവർ എങ്ങനെയാണ് വിശ്വാസികളുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് സൊല്യൂഷൻ കണ്ടെത്തുന്നത് ? സമൂഹത്തിനു മാർഗ്ഗ ദീപമായി രണ്ടു സഭകളും മുന്നോട്ടുപോയാൽ, ആരാണ് വലിയവൻ എന്ന ഭാവം ഉപേക്ഷിച്ചാൽ, നേടാൻ പലതുമുണ്ട്. വിവേകപേമായ തീരുമാനങ്ങൾ ഇനിയെങ്കിലും എടുക്കാനും പിടിവാശിയും ഒക്കെ ഉപേക്ഷിച്ചു കർത്താവ് സ്ഥാപിച്ച സഭയിൽ അവന്റെ നാമം മഹത്വപ്പെടുത്തുന്ന വിധം സഭകൾ ഭരിക്കുവാൻ തയ്യാറായാൽ അത് ലോകത്തിന് മുതൽക്കൂട്ടാകും അല്ലാതെ ഉള്ള ഒരു നടപടിയും ശാശ്വതമായി നില നിൽക്കില്ല. ആയതിലേക്കു ദൈവം നമ്മെ നടത്തട്ടെ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP