Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മറ്റ് രാജ്യങ്ങളെപ്പോലെ അതിർത്തികൾ അടയ്ക്കാനോ വിമാനസർവീസ് നിർത്താനോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ ഇവർ തയ്യാറായിട്ടില്ല; സ്‌കൂളുകളോ സിനിമാ തിയേറ്ററുകളോ ജോലിസ്ഥലങ്ങളോ അടച്ചിട്ടില്ല; പക്ഷേ ജനം സ്വയം ബോധ്യപെട്ട് സാമൂഹിക അകലം പാലിക്കുന്നുമുണ്ട്; ലോക്ഡൗൺ കൊവിഡിനെ നിയന്ത്രിക്കുമെന്നതിന് തെളിവില്ലെന്ന് അവർ പറയുന്നു; സ്വീഡന്റെ തീക്കളി? സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

സ്വീഡന്റെ തീക്കളി?

(1) കോവിഡ് ബാധയിൽ യൂറോപ്പാകെ വിറങ്ങലിച്ചു നിൽക്കുമ്പോഴും ലോക്ക് ഡൗണിന് തയ്യാറാകാത്ത സ്വീഡിഷ് സർക്കാർ പുറത്തുനിന്നും അകത്തുനിന്നും വലിയ തോതിൽ വിമർശനം നേരിട്ടുവരികയാണ്. തീക്കളി എന്നും റഷ്യ റൂലെറ്റെന്നും വിശേഷിപ്പിക്കപെട്ട നയത്തിൽനിന്നും പിന്നോട്ടുപോകാൻ സ്വീഡൻ ഇപ്പോഴും തയ്യാറായിട്ടില്ല. ആൾത്തിരക്ക് കുറവെങ്കിലും സ്റ്റോക്‌ഹോം ഉൾപ്പടെയുള്ള സ്വീഡിഷ് നഗരങ്ങളിലെ ജനജീവിതം ഇപ്പോഴും ശാന്തമായി ഒഴുകുന്നു. വേണ്ടിവന്നാൽ പാർലമെന്റിന്റെ മുൻകൂർ അംഗീകാരമില്ലാതതന്നെ ലോക്ക്ഡൗൺ ചെയ്യാനുള്ള ഒരു നിയമം പാസ്സാക്കി സ്വീഡിഷ് സർക്കാർ ചില മുൻകരുതൽ എടുത്തിട്ടുണ്ടെങ്കിലും ഇപ്പോഴും സ്വീഡിഷ് നയത്തിൽ മാറ്റമില്ല.

(2) മറ്റ് രാജ്യങ്ങളെപ്പോലെ അതിർത്തികൾ അടയ്ക്കാനോ വിമാനസർവീസ് നിറുത്താനോ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനോ തയ്യാറായിട്ടില്ല. സ്‌കൂളുകളോ സിനിമാ തിയേറ്ററുകളോ ജോലിസ്ഥലങ്ങളോ അടച്ചിട്ടില്ല.ഹൈസ്‌കൂൾ-യൂണിവേഴ്‌സിറ്റി തല വിദ്യാഭ്യാസം ഓൺലൈനാക്കിയിട്ടുണ്ട്. ജനം സ്വയം ബോധ്യപെട്ട് സാമൂഹിക അകലം പാലിക്കുന്നുമുണ്ട്. അമ്പത് പേരിലധികമുള്ള കൂട്ടായ്മകൾ പാടില്ലെന്ന നിർദ്ദേശം ജനം നടപ്പിലാക്കുന്നു. കോവിഡ് പ്രതിരോധം സംബന്ധിച്ച് നിർദ്ദേശങ്ങൾ കൈമാറി ''സ്വന്തം പൗരന്മാരെ വിശ്വസിക്കുക'' എന്നതാണ് സ്വീഡിഷ് സർക്കാരിന്റെ നയം. സ്വീഡൻ 'ശരിക്കും അനുഭവിക്കാൻ പോകുകയാണ്'' എന്ന് അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനെപ്പോലുള്ളവർ വാദിക്കുമ്പോൾ ഡന്മാർക്കിന്റെ മുൻപ്രധാനമന്ത്രിയെ പോലുള്ളവർ സ്വീഡൻ ചെയ്തതുപോലെ ഡന്മാർക്കും ചെയ്യണമായിരുന്നു എന്ന അഭിപ്രായക്കാരാണ്. അതേ ട്രമ്പ് ഇപ്പോൾ അമേരിക്കയെ എങ്ങനെ അൺലോക്ക് ചെയ്യാമെന്ന് ചിന്തിച്ചു തലപുകയ്ക്കുകയാണ്.

(3) സ്വീഡിഷ് പൗരനായ പ്രൊഫസർ യൊഹാൻ ഗിസെക്കി (Professor Johan Giesecke/ 72) ലോകത്തെ ഏറ്റവും സീനിയറായ എപിഡമിയോളജിസ്റ്റുകളിൽ ഒരാളാണ്. സ്വീഡിഷ് സർക്കാരിനെയും ഡബ്യയു എച്ച് ഒ ഡയറക്ടർ ജനറലിന്റെയും ഉപദേശകനായിരുന്നു. 1980 കളിൽ എയിഡ്സ് പ്രതിരോധത്തിൽ സജീവമായി പങ്കെടുത്തത്തിട്ടുണ്ട്. ലോക്ക്ഡൗണിന് തയ്യാറാകാതെ കോവിഡ് പ്രതിരോധകാര്യത്തിൽ സ്വീഡൻ കാണിക്കുന്ന സാഹസിക സമീപനത്തിന്റെ പിന്നിലെ മസ്തിഷ്‌കങ്ങളിലൊന്നാണ് ഇദ്ദേഹം. ഗിസെക്കി പറയുന്നതനുസരിച്ച് 2020 ജനുവരിയിൽ തന്നെ സ്വീഡിഷ് സർക്കാർ ഒരു തീരുമാനം എടുത്തിരുന്നു-തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ കോവിഡ് പ്രതിരോധ കാര്യത്തിൽ തീരുമാനമെടുക്കൂ. പല രാജ്യങ്ങളും അത് പരിഗണിക്കുന്നില്ല. അടിയന്തരഘട്ടങ്ങളിൽ വസ്തുതകളെക്കാൾ ഭയമാണ് മനുഷ്യരെ വഴി നടത്തുക. പകർച്ചവ്യാധി തടയാൻ കൈകൾ കഴുകുന്നതും ശുചിത്വംപാലിക്കുന്നതും അനിവാര്യമാണെന്ന കാര്യം കഴിഞ്ഞ 150 വർഷമായി നമുക്കറിയാം. പക്ഷെ മാസ്‌ക് ധരിക്കുക തുടങ്ങിയ നടപടികൾക്കൊന്നും സയൻസിന്റെ കൃത്യമായ പിന്തുണയില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

(4) ലോക്ക്ഡൗൺ ഇല്ലെങ്കിൽ കോവിഡ്മൂലം ദശലക്ഷങ്ങൾ മരിച്ചുവീഴുമെന്ന് പ്രവചിച്ച ലണ്ടനിലെ ഇംപീരിയൽ കോളേജ് മോഡൽ വളരെ അയഥാർത്ഥപരമാണ്. പിയർറിവ്യുവിന് വിധേയമാക്കപെടാത്ത ഒരു പേപ്പർ ഇത്രമാത്രം സർക്കാർ നയങ്ങളെ സ്വാധീനിക്കുന്നത് ആദ്യമായിട്ടാണെന്ന് ഗിസൈക്കി പറയുന്നു. ലോക്ക്ഡൗൺ എങ്ങനെയാണ് രോഗത്തെ തുരത്തുന്നത്? പകർച്ചനിരക്ക് നിയന്ത്രിക്കുന്നതിലൂടെ ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പുവരുത്താം എന്നതിൽ കവിഞ്ഞ് എന്തു അത്ഭുതമാണ് ലോക്ക്ഡൗൺ ഉണ്ടാക്കുക? ആരംഭത്തിൽ രോഗപ്രതിരോധത്തിന് വേണ്ട തയ്യാറെടുപ്പ് നടത്താൻ സമയം ലഭിക്കും, രോഗിപ്പെരുമഴ(patient flooding) ഒഴിവാക്കി ആരോഗ്യസംവിധാനം തകരാതെ നോക്കാം. അതിനപ്പുറം? താൽക്കാലിക ആശ്വാസം പരിഹാരമാകില്ല. സ്‌കൂളുകളും സ്ഥാപനങ്ങളും തുറക്കുക. ജനജീവിതം മുന്നോട്ടുപോകട്ടെ. കുട്ടികളെ കോവിഡ് വളരെ കുറവായേ ബാധിക്കുന്നുള്ളൂ. ഒന്നാംഘട്ടത്തിൽ രോഗംബാധിച്ച് മുക്തി നേടിയവർ ആരോഗ്യപ്രവർത്തന രംഗത്തുണ്ടാകുന്നത് പിന്നീടങ്ങോട്ട് സഹായകരമാണ്.

(5) വാക്‌സിൻ വരുന്നതുവരെ വൃദ്ധരെയും ദുർബലരെയും രോഗികളെയും സംരക്ഷിക്കുക. ബാക്കിയുള്ളവർ സാമൂഹിക അകലവും വ്യക്തിശുചിത്വവും പാലിച്ച് മുന്നോട്ടുപോകട്ടെ. നല്ലൊരു പങ്കിനും ക്രമേണ രോഗബാധയുണ്ടായി സമൂഹം കൂട്ടപ്രതിരോധം നേടട്ടെ. ലോക്ക്ഡൗൺ വഴി രോഗബാധ പിടിച്ചു നിറുത്തിയാലും അയവുകൾ(relaxations) നൽകി തുടങ്ങുന്നത് അനുസരിച്ച് പകർച്ച തിരിച്ചുവരാനുള്ള സാധ്യത ചെറുതല്ല. ആത്യന്തികമായി ലോക്ക്ഡൗൺ ചെയ്ത സമൂഹവും ചെയ്യാത്ത സമൂഹവും ഒരേ ഫലമായിരിക്കും സമ്മാനിക്കുക. അങ്ങനെ വരുമ്പോൾ ലോക്ക്ഡൗൺ ചെയ്യാത്ത സമൂഹങ്ങൾ സാമ്പത്തികമായും സാമൂഹികവുമായി കുറേക്കൂടി മെച്ചപെട്ട അവസ്ഥയിലായിരിക്കും.

(6) എന്തൊക്കെ ചെയ്താലും കോവിഡ് സുനാമി പോലെ പടരുമെന്ന് ഗിസൈക്കി കരുതുന്നു. ആദ്യ ഘട്ടത്തിലല്ലെങ്കിൽ പിന്നീട്. പടരട്ടെ. പഠിച്ചും പയറ്റിയും മാത്രമേ മുന്നോട്ടുപോകാനാവൂ. 79 ദിവസം സമ്പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്ത ചൈന യഥാർത്ഥത്തിൽ കോവിഡ് മോചിതമായി എന്നുറപ്പുണ്ടോ? ബ്രിട്ടണിൽ ആദ്യ ഘട്ടത്തിൽ ബോറിസ് ജോൺസൺ സ്വീകരിച്ച നിലപാട് തന്നെയാണ് ശരി. പിന്നീട് സമ്മർദ്ദം കനത്തപ്പോൾ സ്വന്തം നിലപാടിൽ നിന്ന് നേർ വിപരീതമായി അദ്ദേഹം രാജ്യം അടച്ചിട്ടു. ഇന്ന് ലോക്ക്ഡൗൺ തുടങ്ങി മാസം ഒന്നു കഴിയുമ്പോഴും ബ്രിട്ടണിലെ മരണനിരക്ക് ക്രമാനുഗതമായി കൂടുകയാണ്. ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിൽ ഇതിലും വളരെ കൂടുമായിരുന്നു എന്നത് ഒരൂഹാപോഹം മാത്രമാണ്. അത് തെളിവിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കയല്ല. ലോക്ക്ഡൗൺ ഇല്ലായിരുന്നുവെങ്കിലും യു.കെ ഏറെക്കുറെ ഇതേ സ്ഥിതിയിൽ തന്നെയാവും ഇപ്പോഴും. കാരണം അതാണ് സ്വീഡനിൽ കാണുന്നത്.

(7) സ്‌പെയിനിലും ഇറ്റലിയിലും ലോക്ക്ഡൗൺ കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ഏറ്റവും വലിയ മരണനിരക്ക്. യൂറോപ്പിലെ ഒരു രാജ്യവും രോഗബാധയുടെ കാര്യത്തിൽ പിന്നോട്ടുപോകുന്നില്ല. ജർമ്മനിയും തുർക്കിയുമൊക്കെ മരണനിരക്ക് കുറച്ചാണ് രോഗത്തെ മെരുക്കിയത്. സ്വീഡനിൽ മരണനിരക്ക് ഉയരുന്നത് ലോക്ക്ഡൗണിന് അനുകൂലമായ വാദമായി ഉന്നയിക്കുന്നവരോട് ജിസക്കിക്ക് പറയാനുള്ളത് സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോം 2020 മെയ്‌ മധ്യത്തോടെ കൂട്ടപ്രതിരോധം(herd immunity) നേടിയിട്ടുണ്ടാവും എന്നാണ്. സത്യത്തിൽ കോവിഡ് സാധാരണയുള്ള ഫ്‌ളൂ പോലൊരു രോഗം മാത്രമാണ്. പലരും രോഗം വന്നുപോകുന്നത് പോലും അറിയുന്നില്ല. ആന്റിബോഡി ടെസ്റ്റുകൾ വ്യാപകമായി നടത്തുകയാണെങ്കിൽ സ്വീഡനിലും യു.കെയിലും അമ്പത് ശതമാനത്തിലധികംപേർ ഇതിനകം രോഗം ബാധിച്ച് മുക്തി നേടിയെന്ന് മനസ്സിലാക്കാനാവും. ബ്രിട്ടണിൽ 18000 പേർ മരിച്ചുവെങ്കിൽ അതിനർത്ഥം അവിടെ ദശലക്ഷക്കണക്കിന് ആൾക്കാർക്ക് രോഗബാധ ഉണ്ടായി എന്നാണ്;സ്വീഡനിലും അങ്ങനെതന്നെ.

(8) കോവിഡ് രോഗത്തിന്റെ പുതുമയാണ് മനുഷ്യരെ കൂടുതലും ഭയപെടുത്തുന്നത്. കഴിഞ്ഞ നൂറ് വർഷങ്ങളിൽ ഇങ്ങനെയൊരു അനുഭവം ലോകജനതയ്ക്ക് അന്യമാണ്. മിക്ക കോവിഡ് മരണങ്ങളും കോവിഡ് മൂലമല്ല. കോവിഡിന്റെ മരണനിരക്ക് പ്രചരിപ്പിക്കപെടുന്നതിലും വളരെ കുറവാണ്. നിലവിലുള്ള ലോകശരാശരിയായ 6 ശതമാനമോ ഇറ്റലിയും ഫ്രാൻസും ബൽജിയവും യു.കെയുമൊക്കെ കാണിക്കുന്ന 12-13 ശതമാനമോ അല്ല. മറിച്ച് കേവലം 0.1% മാത്രമാണ്!-അദ്ദേഹം വാദിക്കുന്നു. ലോക്ക്ഡൗൺ ശരിക്കും സ്വേച്ഛാധിപത്യ നടപടിയാണ്, സ്വാതന്ത്ര്യനിഷേധമാണ്. ജീവിക്കാനുള്ള ജനങ്ങളുടെ അവകാശമാണ് തടസ്സപെടുന്നത്. ഹംഗറിയിലൊക്കെ സ്വേച്ഛാധിപത്യത്തിന്റെ തിരിച്ചുവരവാണ് കാണുന്നത്. ലോക്ക്ഡൗൺ സമൂഹങ്ങളിൽ മരണനിരക്ക് കുറയാൻ കാരണം ലോക്ക്ഡൗൺ മാത്രമല്ല. ദുർബലരും രോഗികളും ആദ്യമാദ്യം മരിക്കുമ്പോൾ മരണനിരക്ക് കൂടുകയും ബാക്കിയുള്ള രോഗികൾ ശക്തമായ രോഗപ്രതിരോധം കാഴ്ചവെക്കുകയും ചെയ്യുമ്പോൾ നിരക്ക് കുറയുകയും ചെയ്യും. ലോക്ക്ഡൗൺ ചെയ്യാത്ത സമൂഹങ്ങളിലും അതേ പ്രവണത കാണാനാവും. ഓരോ തവണ വൈറസ് ആക്രമണം ഉണ്ടാകുമ്പോഴും പ്രസ്തുത പാറ്റേൺ തുടരും.

(9) ചൈനയ്ക്ക് സാധിക്കുമെങ്കിലും ലോക്ക്ഡൗൺ സ്വതന്ത്ര്യ-ജനാധിപത്യ സമൂഹങ്ങൾക്ക് ചേർന്നതല്ല. ലോക്കഡൗണിൽ നിന്ന് പുറത്തുവരുന്നത് അതിലേക്ക് പ്രവേശിക്കുന്നതിലും ദുഷ്‌കരമായിരിക്കും. ജർമ്മനിയും ഫ്രാൻസും ലോക്ക് ഡൗണിൽ അയവു വരുത്തിക്കഴിഞ്ഞു. മെയ്‌ രണ്ടാംവാരത്തോടെ സ്‌പെയിനും ഇറ്റലിയും ആ വഴിക്ക് നീങ്ങും. ലക്ഷക്കണക്കിന് രോഗികളും പതിനായിരക്കണക്കിന് മരണങ്ങൾക്കും ശേഷമാണ് ഈ രാജ്യങ്ങൾ ആശങ്കയോടെ അൺലോക്ക് ചെയ്യുന്നത്. അൺലോക്ക് ചെയ്താലും രോഗബാധയുടെ നിരക്കിൽ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നത് അനുസരിച്ച് വീണ്ടും അടച്ചിടേണ്ടിവരും. ലോക്ക്ഡൗൺ പോളിസിയായി അംഗീകരിച്ചാൽ രോഗബാധ വർദ്ധിച്ചാൽ അടച്ചിട്ടേ മതിയാകൂ. അല്ലാതെ ഇത്രയും നാൾ ചെയ്തു, ഇനി വയ്യാ എന്നു പറയുന്നത് സമ്പൂർണ്ണ പരാജയമാകും.രോഗബാധ വർദ്ധിച്ച് സ്ഥിരപെട്ട് ക്രമേണ കുറഞ്ഞു തുടങ്ങുന്ന പ്രക്രിയ (flattening the curve) സ്വീഡനിലും സംഭവിക്കും.

(10) ബ്രിട്ടന്റെയും(1.38 ലക്ഷം രോഗികൾ, 18738 മരണം, മരണനിരക്ക്-13.57%) സ്വീഡന്റെയും(16775, മരണം-2021, മരണനിരക്ക് 12%) ഉദാഹരണം നോക്കിയാൽ ലോക്ക്ഡൗൺ കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നില്ലെന്ന് വ്യക്തമാകും. ഇംപീരിയൽ കോളേജ് പേപ്പർ വരുന്നതുവരെ ബ്രിട്ടൻ ശരിയായ പാതയിലായിരുന്നു. പിന്നീട് രാജ്യം അടച്ചിട്ടു. പക്ഷെ രോഗനിരക്ക് വർദ്ധിക്കുകയായിരുന്നു. ലോക്ക്ഡൗൺ ചെയ്ത സ്‌പെയിൻ, ഇറ്റലി, നെതർലൻഡ്‌സ്, ബൽജിയം, യു.കെ തുടങ്ങിയ സമൂഹങ്ങളിലെല്ലാം സ്വീഡനെക്കാൾ കൂടിയ മരണനിരക്കാണുള്ളത്. മറ്റ് സ്‌കാൻഡിനേവിയൻ രാജ്യങ്ങളായ ഡന്മാർക്ക് (8073 രോഗികൾ, 394 മരണം, മരണനിരക്ക്-4.8%), നോർവെ(7361 രോഗികൾ, 191 മരണം, മരണനിരക്ക്-2.6%) ഫിൻലൻഡ്(4284 രോഗികൾ, 172 മരണം, മരണനിരക്ക്-4%) എന്നിവയുമായി തട്ടിച്ചുനോക്കുമ്പോൾ സ്വീഡനിൽ രോഗബാധയും മരണനിരക്കും കൂടുതലാണെന്ന് ജിസെക്കി സമ്മതിക്കുന്നു. പക്ഷെ ഈ രാജ്യങ്ങളിലെല്ലാം ലോക്ക്ഡൗൺ പിൻവലിച്ചു കഴിയുമ്പോൾ മരണനിരക്ക് വർദ്ധിക്കാനാണ് എല്ലാ സാധ്യതയും. കുറഞ്ഞത് ഒരു വർഷം കഴിഞ്ഞ് മാത്രം മരണസംഖ്യ സംബന്ധിച്ച് കണക്കെടുക്കുന്നതിലേ എന്തെങ്കിലും അർത്ഥമുള്ളൂ. യൂറോപ്പിൽ മറ്റെല്ലായിടത്തുമെന്നപോലെ സ്വീഡനിലും ഏതാനും ആയിരങ്ങൾ മരിക്കും എന്നുറപ്പാണ്. പക്ഷെ എല്ലായിടത്തും സംഭവിക്കുന്നതേ അവിടെയും സംഭവിക്കൂ.

(11) ലോക്ക്ഡൗൺകൊണ്ട് കോവിഡ് ഭീഷണി മറികടക്കാനാകില്ലേ? മറുപടിയായി ഇന്ന് itv യിലെ Good Morning Britain എന്ന ടി.വി പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ഗിസെക്കി പറഞ്ഞ കാര്യം ശ്രദ്ധേയമാണ്: ''നിങ്ങൾക്ക് തുടർച്ചയായി 18 മാസം ലോക്ക്ഡൗൺ ചെയ്തിരിക്കാനാകുമോ?! ഒരു ജനാധിപത്യസമൂഹത്തിന് അങ്ങനെയൊന്ന് ചിന്തിക്കാനാവില്ല...''. സ്വീഡനിൽ ലോക്ക്ഡൗണില്ലെങ്കിലും പൗരന്മാരിൽ നല്ലൊരു വിഭാഗം വീട്ടിലിരുപ്പാണല്ലോ എന്ന ചോദ്യത്തിന് പൗരബോധംകൊണ്ടാണ് അവരങ്ങനെ ചെയ്യുന്നതെന്നും അതിനായി തെരുവിൽ പൊലീസിനെ വിന്യസിക്കുകയോ രാജ്യം അടച്ചിടുകയോ ചെയ്യേണ്ടതില്ലെന്നും അദ്ദേഹം മറുപടി പറഞ്ഞു. നിങ്ങൾക്ക് തെറ്റ് പറ്റിക്കൂടേ, സ്വീഡനിൽ അസാധാരണമായ തോതിൽ രോഗം പടരില്ലേ, അങ്ങനെയൊരു സാധ്യതയില്ലേ? എന്ന ചോദ്യത്തിന് 'Everything is a possibility, but it is highly unlikely'' എന്നായിരുന്നു മറുപടി. സ്വീഡനിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരാശരി പ്രായം 81 ആണ്. അതാകട്ടെ, സ്വീഡനിലെ ശരാശരി ആയൂർദൈർഘ്യത്തിൽ(82.72 വയസ്സ്) നിന്ന് ഏറെ വ്യത്യാസപെടുന്നില്ല. ലോക്ക്ഡൗണിലേക്ക് പോയി രോഗം നിയന്ത്രിച്ച രാജ്യങ്ങളെല്ലാം ഭയക്കുന്നത് അൺലോക്കിന് ശേഷമുള്ള ഒരു രണ്ടാംപകർച്ച(second wave of spreading) ആണ്. സ്വീഡന് അത്തരമൊരു ആശങ്കയില്ല.


Ref-(1) https://en.wikipedia.org/wiki/Johan_Giesecke
(2)https://www.who.int/.../st.../members/biographies/en/index2.html
(3)https://www.youtube.com/watch?v=xBcqnZUjX9g).
(4) https://unherd.com/.../coming-up-epidemiologist-prof-johan-.../...
(5)https://www.youtube.com/watch?v=lClSoUNsQUA
(6)https://www.youtube.com/watch?v=IoGp9vgeGRc

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP