Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വാക്സിൻ സ്വീകരിച്ച ഒരു നഴ്സ് കുഴഞ്ഞുവീണു! ഹോ'; സമൂഹത്തിൽ വാക്സിൻ വിരുദ്ധതയും ഭീതിയും പടർത്തുന്ന നാലാംകിട മാധ്യമപ്രവർത്തനം മുഖ്യധാരാ മാധ്യമങ്ങൾപോലും ഉപേക്ഷിക്കുന്നില്ല; ഭീതിവ്യാപാരികൾ സമൂഹത്തോട് ചെയ്യുന്നത്; സി രവിചന്ദ്രൻ എഴുതുന്നു

'വാക്സിൻ സ്വീകരിച്ച ഒരു നഴ്സ് കുഴഞ്ഞുവീണു! ഹോ'; സമൂഹത്തിൽ വാക്സിൻ വിരുദ്ധതയും ഭീതിയും പടർത്തുന്ന നാലാംകിട മാധ്യമപ്രവർത്തനം മുഖ്യധാരാ മാധ്യമങ്ങൾപോലും ഉപേക്ഷിക്കുന്നില്ല;  ഭീതിവ്യാപാരികൾ സമൂഹത്തോട് ചെയ്യുന്നത്; സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

ഭീതിവ്യാപാരികൾ സമൂഹത്തോട് ചെയ്യുന്നത്‌

(1) വാക്‌സിൻ സ്വീകരിച്ച ഒരു നഴ്‌സ് കുഴഞ്ഞുവീണു! ഹോ!!
എന്താണ് വാക്‌സിൻ? രോഗകാരിയായ സൂക്ഷാമാണുവിന്റെ ശരീരഭാഗമോ പ്രോട്ടീനോ മറ്റെന്തെങ്കിലും ഭാഗമോ വളരെ നേരിയ അളവിൽ രോഗമില്ലാത്ത ഒരാളുടെ ശരീരത്തിലേക്ക് കുത്തിവെക്കുകയാണ്. അതിൽ പ്രിസർവേറ്റീവുകളും അഡ്ജുവന്റുകളും അടക്കമുള്ള മറ്റ് രാസഘടകങ്ങളുമുണ്ട്. ഇവയൊന്നും ശരീരത്തിന് ആവശ്യമുള്ള കാര്യങ്ങളല്ല. മറിച്ച് രോഗത്തിനെ നേരിടുന്നതിന്റെ ഭാഗമായുള്ള കരുതൽ ചികിത്സയാണ്. സ്വാഭാവികമായും കുത്തിവെപ്പിന് ശേഷം കുറച്ചുപേരിലെങ്കിലും ചില്ലറ ശാരീരിക പ്രയാസങ്ങൾ ഉണ്ടാവാം. അലർജിയും മറ്റ് വിഷമതകളും ഉള്ളവരുടെ കാര്യത്തിൽ വിശേഷിച്ചും. കുത്തിവെപ്പിന് ശേഷം കുറച്ചു സമയം നിരീക്ഷണവും വിശ്രമവും ആവശ്യമാണ് എന്നു പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

(2) കേരളത്തിൽ Pentavalent vaccine‍ കുത്തിവെച്ച കാലത്തും മാധ്യമങ്ങൾ ഇത്തരം വാർത്താവിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. അന്നും ഇതുസംബന്ധിച്ച ബോധവത്കരണം നടന്നിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് വാക്‌സിൻ കുത്തിവെപ്പ് നടത്തുമ്പോഴും ശാരീരിക പ്രശ്‌നങ്ങൾ തോന്നുന്നവരുടെ വിഷയം വലിയ ഞെട്ടിപ്പിക്കുന്ന വാർത്തയായി റിപ്പോർട്ട് ചെയ്ത് അർമാദിക്കുന്ന മാധ്യമങ്ങളെ കാണാനാവുന്നു. സമൂഹത്തിൽ വാക്‌സിൻ വിരുദ്ധതയും ഭീതിയും പടർത്തുന്ന നാലാംകിട മാധ്യമപ്രവർത്തനം മുഖ്യധാരാ മാധ്യമങ്ങൾപോലും ഉപേക്ഷിക്കുന്നില്ല. ആയിരം പേർക്ക് കുത്തിവെപ്പ് നടത്തുമ്പോൾ പത്തോ ഇരുപതോ പേർക്ക് അസ്വസ്ഥതകൾ ഉണ്ടാകുന്നുവെങ്കിൽ അവരെയെല്ലാം കൂട്ടിയിണക്കി ഭീതിവാർത്ത പരത്തുന്നത് വളരെ മോശം പരിപാടിയാണ്.

(3) ഇത്തരം മാധ്യമങ്ങൾക്ക് വേണ്ടത് വിറ്റഴിയുന്ന ഒരു 'ഞെട്ടിപ്പിക്കുന്ന വാർത്ത'യാണ്. അതു സമൂഹ പൊതുബോധത്തിൽ ഉണ്ടാക്കുന്ന സംശയവും ആഘാതവും അവരുടെ വിഷയമേ അല്ല. പ്രധാനമായും റിപ്പോർട്ടർമാരുടെ അറിവില്ലായ്മയും ശാസ്ത്രവിരുദ്ധതയുമാണ് ഇവിടെ പ്രകടമാകുന്നതെങ്കിലും പോളിസി എന്ന നിലയിൽ കേരളത്തിലെ മിക്ക മാധ്യമങ്ങളും മുന്നോട്ടുവെക്കുന്ന നിലപാട് ഇതു തന്നെയാണ്. ഇവർക്കിടയിലാണ് ഏറ്റവുമധികം ബോധവത്കരണം ആവശ്യമുള്ളത്. സത്യത്തിൽ നിഷ്പക്ഷത പോലും തെറ്റിദ്ധരിക്കപെടുന്ന മേഖലയാണിത്. സിനിമ-രാഷ്ട്രീയ വാർത്തകൾ അടിച്ചിറക്കുന്ന ലാഘവത്തോടെ ശാസ്ത്ര സംബന്ധിയായ വാർത്തകൾ തർജമ ചെയ്തുവെക്കരുത്. വാക്‌സിൻ കുത്തിവെപ്പ് ഉണ്ടാക്കുന്ന അപൂർവമായ ശാരീരിക പ്രശ്‌നങ്ങൾ എന്താണെന്നും അതിന്റെ വിശദാംശങ്ങളും കേരളത്തിലെ മാധ്യമപ്രവർത്തകരെ ബോധ്യപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സർക്കാർതലത്തിൽ നിർബന്ധിത പരിശീലനം അവർക്ക് നൽകണം.

(4) അല്ലെങ്കിൽ നടി ഇരട്ട പെറ്റു എന്ന സ്ഥിരം ശൈലിയിൽ വാക്‌സിൻ വാർത്തകളും അവർ പുറത്തുവിടും. ഇതു സംബന്ധിച്ച് ഏതൊരു വാർത്തയിലും വാക്‌സിൻ കുത്തിവെപ്പിന് ശേഷമുണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ചും അതിന്റെ നിരക്കും വിശദാംശങ്ങളും വ്യക്തമാക്കി വായനക്കാരുടെ സംശയം ദൂരീകരിക്കുന്ന മാധ്യമശൈലി ഉണ്ടാവണം. ഒന്നോർക്കുക, ഇതുമൂലം ഉണ്ടാകുന്ന ഭയവും സംശയവും തിരിച്ചെടുക്കാൻ അവർക്കാവില്ല. ആധുനിക സമൂഹത്തിൽ വാക്‌സിൻ വിരുദ്ധത ലക്ഷണമൊത്ത സാമൂഹ്യവിരുദ്ധ പ്രവർത്തനമാണ്. അറിഞ്ഞോ അറിയാതെയോ കേരളത്തിലെ മാധ്യമങ്ങൾ വീണ്ടുംവീണ്ടും അതിന്റെ ഭാഗമാകുന്നു എന്നത് അങ്ങേയറ്റം നിരാശാജനകമായ കാര്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP