Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202108Monday

സ്വതന്ത്രചിന്തകരോ നാസ്തികരോ ആഴക്കടൽ ഉടായിപ്പിന് പത്തുപൈസയുടെ വില നൽകിയിട്ടില്ല; നിലവാരമില്ലാത്ത ഒരു മതഫലിതം എന്നതിനപ്പുറമുള്ള സാധുത കൽപ്പിച്ചിട്ടുമില്ല; എയറിൽ നിൽക്കുന്ന സുന്നി! സി രവിചന്ദ്രൻ എഴുതുന്നു

സ്വതന്ത്രചിന്തകരോ നാസ്തികരോ ആഴക്കടൽ ഉടായിപ്പിന് പത്തുപൈസയുടെ വില നൽകിയിട്ടില്ല; നിലവാരമില്ലാത്ത ഒരു മതഫലിതം എന്നതിനപ്പുറമുള്ള സാധുത കൽപ്പിച്ചിട്ടുമില്ല; എയറിൽ നിൽക്കുന്ന സുന്നി! സി രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

എയറിൽ നിൽക്കുന്ന സുന്നി!

(1) നടുക്കടലിൽ വീണ ഒരാളെ സംബന്ധിച്ച് കുര്-ആനിലുള്ള ഉപമയുടെ മതം അംഗീകരിച്ച അർത്ഥം പറയുകയും അക്കാര്യത്തിൽ വക്രീകരണവും ഉടായിപ്പും ഒഴിവാക്കുകയും ചെയ്ത ഒരു സുന്നി പ്രഭാഷകനെ അധിക്ഷേപിക്കുന്ന നൂറ് കണക്കിന് കമന്റുകൾ വരികയുണ്ടായി. ടിയാനെ എയറിൽ നിറുത്തിയിരിക്കുകയാണത്ര! വെറുപ്പ് കമന്റുകൽ കുറെയൊക്കെ നീക്കംചെയ്തു. ശിഖണ്ഡി, പട്ടി ഉസ്താദ്, നായിന്റെ മോൻ, ശവം, ദജ്ജാൽ, സംഘടനയിൽ നിന്ന് ചവിട്ടി പുറത്താക്കിയവൻ, ആർക്കുംവേണ്ടത്തവൻ, മാസ്‌ക് വേണ്ടെന്ന് പ്രസംഗിച്ചവൻ, പേജിൽ പൊങ്കാല ഏറ്റുവാങ്ങുന്നവൻ... ഇങ്ങനെപോകുന്നു ഗ്രേഡ് കുറഞ്ഞ ഇനങ്ങൾ. മതജീവികളെ സംബന്ധിച്ച് ഇത്തരം വയൻലൻസ് സഹജമാണെന്ന് സമ്മതിക്കുന്നു. But that doens't settle or oslve anything.

(2) 2020 ജനുവരിയിൽ ഫ്രാൻസിൽ കുർ-ആൻ മുഴുവൻ വെറുപ്പാണെന്നും ഇസ്ലാം മാലിന്യമാണെന്നും അഭിപ്രായപെട്ട ഒരു 17 വയസ്സുകാരി പെൺകുട്ടിക്ക് ഫ്രഞ്ച് സർക്കാരിന്റെ പിന്തുണയുണ്ടായിട്ടും മതപ്പണിക്കാരെ പേടിച്ച് ഒളിജിവിതം നയിക്കേണ്ടി വന്നു. പഠിച്ചിരുന്ന സ്‌കൂൾ വിട്ട് സൈനിക സ്‌കൂളിലേക്ക് അവൾക്ക് പോകേണ്ടിവന്നു. ഒരു വർഷം കഴിഞ്ഞിട്ടും ഇന്നും മിനിറ്റിൽ ശരാശരി 30 വെറുപ്പ് സന്ദേശങ്ങളാണത്രെ അവൾക്ക് ലഭിക്കുന്നത്! (https://www.dailymail.co.uk/.../French-teen-branded-Islam...). മതം സംരക്ഷിക്കാനും മതമഹത്വം ലോകരെ ബോധ്യപെടുത്താനുമായി മിനിറ്റിൽ മുപ്പതുപേർ എന്ന നിരക്കിൽ കുത്തിയിരുന്നു പണിയുകയാണ്! മതപ്പണിക്കാരുടെ തനത് ഭാഷയിൽ പറഞ്ഞാൽ പെൺകുട്ടി ഇപ്പോഴും എയറിലാണ്!

(3) ഫേസ്‌ബുക്കിലും യു-ട്യൂബിലുമൊക്കെ മതപക്ഷവുമായി നേരിട്ട് ഇടപെടുന്ന ആർക്കും ഇതിലൊന്നും അത്ഭുതവും തോന്നാനിടയില്ല. മതപ്പണിക്കാരെ സംബന്ധിച്ചിടത്തോളം സൈബർ വയലൻസ് സ്ട്രീറ്റ് വയലൻസിന്റെ അതേ സുഖവും സംതൃപ്തിയും അനുഭൂതിയും സമ്മാനിക്കുന്നുണ്ടാവണം. മറ്റുള്ളവരോട് കാണിക്കുന്ന അതേ ദയയും മര്യാദയും സ്വന്തം കൂട്ടത്തിലുള്ളവർ പ്രതീക്ഷിച്ചാൽ മതിയാകും. വാള് കയ്യിലെടുക്കുന്നതിന്റെ പ്രശ്‌നമാണ്. വാള് പിറകോട് എടുത്താലേ മുമ്പിലുള്ളവനെ വെട്ടാനാവൂ. സ്വാഭാവികമായും പിറകിൽ നിൽക്കുന്നവനും വെട്ട് കൊള്ളും. വാള് കയ്യിലിരിക്കുന്നവൻ സ്വന്തം അടുക്കളയിൽ കയറിയും വെട്ടും. ഇസ്ലാമോഫോബിയ എന്നാൽ ഇസ്ലാമിക വിശ്വാസികൾക്കും പ്രീണനപ്രഭുക്കൾക്കും ഇസ്ലാമിനോടുള്ള ഭയവും അകാരണമായ ആദരവിനും നൽകുന്ന ഓമനപ്പേരാണ് എന്ന് തെളിയുന്നത് അങ്ങനെയാണ്. ഹിംസാബോധം മതബോധത്തിന്റെ കൂടെപ്പിറപ്പാണ്. ഒന്നില്ലാതെ മറ്റൊന്നില്ല.

(2) ഒരാൾ 'മതസംഘടന'യിൽനിന്ന് പുറത്താക്കപെട്ടെങ്കിൽ അയാൾ സംഘടനക്കാരെക്കാളും താരതമ്യേന കുറച്ച് നുണ പറയുന്ന ആളായിരിക്കും എന്നേ കരുതാനാവൂ. പുറത്താക്കപെട്ടത് റോയൽ സൊസൈറ്റിയിൽ നിന്നല്ലല്ലോ! ?? ആണെങ്കിൽ അതൊരു മൈനസ് പോയന്റാണ്. പക്ഷെ അധോലോകത്ത് നിന്നോ കൊള്ളസംഘങ്ങളിൽനിന്നോ പുറത്താക്കപെട്ടവരെ നാം അധിക്ഷേപിക്കാറുണ്ടോ? ഇല്ല. അത് പുറത്താക്കപെട്ടവരുടെ യോഗ്യതയായി കാണും. പുറത്താക്കപെട്ടോ മൂലയിൽ ഒതുക്കിയോ എന്നതല്ല എവിടെ നിന്നാണ് പുറത്താക്കപെട്ടത് എന്നതാണ് നിർണ്ണായകമായ ചോദ്യം. മതസംഘടനയിൽ നിന്ന് പുറത്താക്കപെടുന്നെങ്കിൽ അത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം മഹത്തരമായ കാര്യമാണ്. മതത്തിൽ അകലുന്തോറും മനുഷ്യനോട് അടുക്കും. അതുകൊണ്ടുതന്നെ മതജീവികളുടെ തെറിയും പൊങ്കാലയും ഏറ്റുവാങ്ങുന്ന സുന്നിപ്രഭാഷകന് അക്കാരണംകൊണ്ട് വിശേഷിച്ച് യാതൊരു അയോഗ്യതയുമില്ല. അയാളെ തെറിവിളിക്കുന്ന മുഖ്യധാരാ മുതനുണയന്മാരെക്കാൾ സത്യമൂല്യവും അയാൾക്കുണ്ട്.'

3. സുന്നി ഗ്രൂപ്പ്-ഷിയഗ്രൂപ്പ് -ഉടായിപ്പ് ഗ്രൂപ്പ്...എന്നിങ്ങനെയൊക്കെ തരംതിരിക്കുന്നതിൽ കഥയില്ല. പരസ്പരം നടത്തുന്ന പോർവിളികളും അധിക്ഷേപങ്ങളും പ്രസക്തമല്ല. ഒരു കാര്യം ആര് പറയുന്നു എന്നതല്ല, കാര്യമെന്താണ് എന്നതാണ് പ്രധാനം. ഇന്നയിന്ന ആളുകൾ പറയുന്നത് ശരിയാണെങ്കിലും അംഗീകരിക്കരുത്-കുറഞ്ഞപക്ഷം നിശബ്ദത പാലിക്കുകയെങ്കിലും ചെയ്യണം എന്നൊക്കെ പുലമ്പുന്നത് സ്വന്തം ചങ്ങലകളെ ആദരിക്കുന്നവരുടെ വിനോദമാണ്. അവർക്കവരുടേതായ ജാതി-മത-രാഷ്ട്രീയ-പ്രത്യയശാസ്ത്ര താല്പര്യങ്ങളുണ്ടാവും. ശരിയോ വസ്തുതയോ സ്വീകാര്യമാകുന്നത് അത്തരം താല്പര്യങ്ങൾക്ക് അനുരൂപമാകുമ്പോൾ മാത്രമായിരിക്കും. ഇതാകട്ടെ, സംശുദ്ധമായ മതവാദമാണ്, ഗോത്രീയചിന്തയാണ്. അത്തരം മയോപിക് വീക്ഷണഗതികൾ വെച്ചുപുലർത്തുന്നവരെ ചങ്ങലകിലുക്കികൾ എന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ. എതിരാളികൾ ശരി പറഞ്ഞാലും തള്ളണം എന്ന വാദം പ്രാകൃതമാണ്. സുന്നി ശരി പറഞ്ഞാലും ഷിയ പറഞ്ഞാലും ശരി ശരിയാണ്, തെറ്റ് തെറ്റും. ലോകംജനത മുഴുവൻ ഒരു അന്ധവിശ്വാസത്തെ പിന്തുടർന്നാലും അത് ശരിയാവില്ല. ഹിറ്റ്ലറോ സ്റ്റാലിനോ മാവോയോ പറഞ്ഞതുകൊണ്ട് മാത്രം ഒന്നും ശരിയോ തെറ്റോ ആകുന്നില്ല. അവരെല്ലാം ക്രൂരരായ ഫാസിസ്റ്റുകളായിരുന്നു അതിനാൽ അവർ പറയുന്നതെല്ലാം നിരാകരിക്കപെടണം എന്ന വാദം സൗമ്യമായി നിരാകരിക്കപെടും. വ്യക്തികളെ വെറുത്തതുകൊണ്ട് ആശയങ്ങൾ നശിക്കില്ലെന്നറിയണം.

4. ആഴക്കടൽ ആയത്തുവഴി ഉടായിപ്പ് വിങ് എന്തോ സ്ഥാപിച്ചുകളഞ്ഞു എന്നും അതൊരു സുന്നി കുലംകുത്തി ചെന്നു നശിപ്പിച്ചു എന്നും പരിതപിച്ച് നിലമറന്ന് മതഹിംസ ചൊരിയുന്നവർ സ്വയം വെളിവാക്കുകയാണ് എന്നു മനസ്സിലാക്കണം. കൂടുതൽ വിഹ്വലതകളിലേക്കും നുണകളിലേക്കും കൂപ്പുകുത്തുകയാണവർ. ആഴക്കടൽ ഉടായിപ്പുമായി വന്നവർ എന്തെങ്കിലും സ്ഥാപിച്ചതായി വെളിവുള്ള ആരും സങ്കൽപ്പിക്കില്ല. അന്ധോകളുടെ ഒരു കൃത്രിമ ബബിൾ ഉണ്ടാക്കി അതിൽ ആത്മരതി അനുഭവിക്കാം എന്നതിൽ കവിഞ്ഞ് വേറെ വിശേഷമൊന്നുമില്ല. കോർട്ടാഡ് സിൻഡ്രോമും കോഗ്നിറ്റീവ് ഡിസണൻസും കാരണം വീർപ്പുമുട്ടുന്നു കുറെ മതജീവികൾ മാത്രമാണ് അതൊക്കെ സ്വീകാര്യമാകുക. കഴുതപ്പുറത്ത് 'സ്വർഗ്ഗ'യാത്ര നടത്താമെന്നും ചന്ദ്രനെ മനുഷ്യർക്ക് പിളർത്താമെന്നും സ്‌കൈഡാഡി നക്ഷത്രങ്ങളെ വാരിയെറിയുമെന്നുമൊക്കെ ഉപാധികളില്ലാതെ വെട്ടിവിഴുങ്ങുന്ന ടീമുകൾക്ക് ഇതൊക്കെ കുട്ടിക്കളിയല്ലെന്ന് പറയാം. പക്ഷെ ദശവതാരത്തിൽ പരിണാമസിദ്ധാന്തം കണ്ടെത്തുന്നതും കുർ-ആനിൽ ഓഷ്യാനോഗ്രാഫി കണ്ടെത്തുന്നതും ഒരു മതവങ്കത്തരമാണ്. കയ്യടിക്കുന്നവരുടെ എണ്ണമല്ല കയ്യിലിരിപ്പിന്റെ മെരിറ്റ് നിശ്ചയിക്കുന്നത്.

5. സ്വതന്ത്രചിന്തകരോ നാസ്തികരോ ആഴക്കടൽ ഉടായിപ്പിന് പത്തുപൈസയുടെ വില നൽകിയിട്ടില്ല. നിലവാരമില്ലാത്ത ഒരു മതഫലിതം എന്നതിനപ്പുറമുള്ള സാധുത കൽപ്പിച്ചിട്ടുമില്ല. മാസ്‌കിനെതിരെ പ്രസംഗിച്ച ഏതോ സുന്നി ഇല്ലായിരുന്നെങ്കിൽ പൊളിച്ചേനെ എന്ന് ആശ്വസിക്കുന്നതിൽ യാതൊരു കഴമ്പുമില്ല. ഈപ്പറയുന്ന സുന്നി പിന്തുണച്ചാലും ഇല്ലെങ്കിലും അടിസ്ഥാന സമവാക്യങ്ങൾ അപ്പടി തുടരും. നാളെക്കാലത്ത് ടിയാൻ ഉടായിപ്പ് വാദത്തെ പിന്തുണച്ചാലും ഉടായിപ്പ് ഉടായിപ്പ് തന്നെ. ലോകമുസ്ലിങ്ങളെല്ലാം ഒറ്റക്കെട്ടായി പിന്തുണച്ചാലും അതിന്റെ സത്യമൂല്യം പൂജ്യമാണ്. പൂജ്യം എത്ര തവണ എഴുതികൂട്ടിയാലും മെച്ചപെട്ട ഫലം പ്രതീക്ഷിക്കരുത്.

6. മതവിശ്വാസികൾക്ക് പൊങ്കാല നടത്താനും കൂട്ടമായി ചെന്ന് ഡിസ് ലൈക്കടിക്കാനും തെറികമന്റുകളിടാനും കൈവെട്ടാനും തലവെട്ടാനും സ്വയംപൊട്ടിത്തെറിക്കാനുമൊക്കെ എളുപ്പമായിരിക്കും. ഹിംസ ചൊരിഞ്ഞ് സമൂഹത്തെ മര്യാദ പഠിപ്പിക്കാനും ഭീതി നിറയ്ക്കാനും ബുദ്ധിമുട്ടുണ്ടാവില്ല. പക്ഷെ അവർക്കൊരിക്കലും തെറ്റ് ശരിയാക്കാനാവില്ല, അസത്യത്തെ സത്യമാക്കാനാവില്ല, മതത്തെ ശാസ്ത്രീയമാക്കാനാവില്ല. എത്രയെണ്ണം നിരന്നു നിന്നു കൂക്കിവിളിച്ചാലും ആർത്തട്ടഹസിച്ചാലും അത് അസാധ്യമാണ്. പൊങ്കാലിയിടാനും എയറിൽ നിറുത്താനും കാണിക്കുന്ന മിടുക്ക് കൊണ്ട് സത്യം നിർമ്മിക്കാനാവില്ല. ഭയപ്പെടുത്തുന്നത് പോലെ ബഹുമാനവും അംഗീകാരവും നേടിയെടുക്കാനാവില്ല. 'മാസ്‌ക് വിരുദ്ധ സുന്നി' പറയുന്ന ശരികൾ മാത്രമേ എടുക്കുന്നുള്ളൂ. അവിശ്വാസികളും അന്യമതവിശ്വാസികളും പറയുന്നതും യാഥാർത്ഥ്യവുമായി ചേർന്നുപോകുന്നതു എന്നതു കൊണ്ട് മാത്രമാണ് അത് ശരിയാകുന്നത്. നാളെ സുന്നി പ്രഭാഷകൻ ഉടായിപ്പ് വാദത്തിലേക്ക് മാറിയാലും ഈ വിഷയത്തിൽ ഗുണപരമായ യാതൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.

7. സുന്നിപ്രഭാഷകനെ കൂട്ടുപിടിക്കാൻ നാണമില്ലേ എന്നൊക്കെ ചോദിക്കുന്നവരോട് പറയാനുള്ളത് ഉടായിപ്പ് വാദക്കാരെക്കാൾ സ്വീകാര്യമാണ് അതെന്ന് മാത്രമാണ്. ടിയാനാണ് കുറെക്കൂടി സത്യസന്ധമായി കാര്യങ്ങൾ കാണാൻ ശ്രമിച്ചത്. മതം അന്ധവിശ്വാസങ്ങളുടെ സൂപ്പർമാർക്കറ്റാണ്. എടുത്താൽ പൊങ്ങാത്ത അന്ധവിശ്വാസങ്ങളുമായി നടക്കുമ്പോഴും തങ്ങൾ ശാസ്ത്രീയവും യുക്തിസഹവും മാനവികമാണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന കപടജന്മങ്ങളെക്കാൾ എന്തുകൊണ്ടും സ്വീകാര്യരാണ് തങ്ങൾ അന്ധവിശ്വാസികളാണെന്ന് തുറന്നടിക്കുന്ന മതപ്പണിക്കാർ. സുന്നി പ്രഭാഷകൻ മോശക്കാരനാണെങ്കിൽ അതിലും മോശമാണ് സ്വയം മഹത്വവൽക്കരിക്കുന്ന ടീമുകളുടെ കാര്യം. മതപ്പണിയെടുത്ത് ജീവിക്കുന്നവർക്കിടയിൽ ഇന്നാര് നല്ലത്-ഇന്നാര് മോശം എന്ന വിവേചനം അസാധ്യമാണ്. എല്ലാവരും തങ്ങൾക്കാവും വിധം ഇരുട്ട് പരത്തുകയും ചൂഷണം ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. മതം നുണയും ചൂഷണമായതിനാൽ ഏറ്റവും പോപ്പുലർ ആയ മതവ്യക്തി ഏറ്റവും മികച്ച രീതിയിൽ നുണയും ചൂഷണവുമായി മുന്നോട്ടുപോകുന്നു എന്നേ പറയാനാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP