Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

മൊത്തം ഒബിസി സംവരണത്തിന്റെ 50 ശതമാനവും സ്വന്തമാക്കുന്നത് വെറും ഒരു ശതമാനം വരുന്ന ജാതികളാണ്; ഒബിസിയിൽ മാത്രം 5000-6000 ജാതികളുണ്ട്; 2014-18 കാലയളവിൽ ഒരൊറ്റ തൊഴിൽ പോലും കിട്ടാത്ത 983 ജാതികൾ ഒബിസി പട്ടികയിലുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു: പരേറ്റോ സംവരണം

മൊത്തം ഒബിസി സംവരണത്തിന്റെ 50 ശതമാനവും സ്വന്തമാക്കുന്നത് വെറും ഒരു ശതമാനം വരുന്ന ജാതികളാണ്; ഒബിസിയിൽ മാത്രം 5000-6000 ജാതികളുണ്ട്; 2014-18 കാലയളവിൽ ഒരൊറ്റ തൊഴിൽ പോലും കിട്ടാത്ത 983 ജാതികൾ ഒബിസി പട്ടികയിലുണ്ട്; സി രവിചന്ദ്രൻ എഴുതുന്നു: പരേറ്റോ സംവരണം

സി രവിചന്ദ്രൻ

 പരേറ്റോ സംവരണം

(1) ജാതിക്കൂമ്പാരങ്ങളിലെ ഭിന്ന ജാതികൾക്കിടയിൽ സംവരണവിഹിതം നീതിപൂർവം വിതരണം ചെയ്യപെടുന്നുണ്ടോ എന്ന ചോദ്യം പഴയതാണ്. പക്ഷെ ഉത്തരം അന്നുമിന്നും 'ഇല്ല' എന്നുതന്നെ. ജാതിക്കൂമ്പാരം യഥാർത്ഥത്തിൽ ജാതിവാദികളെ അസ്വസ്ഥരാക്കേണ്ടതാണ്. ജാതി സംഘടനകളോ പ്രവർത്തകരോ ഒരിക്കലും സ്വജാതി പിന്നാക്കംപോകണമെന്ന് ആഗ്രഹിക്കില്ലല്ലോ. ഓരോരുത്തരും സ്വജാതിക്ക് വേണ്ടി പോരാടുമ്പോൾ നൂറുകണക്കിന് ജാതികളെ കൂട്ടി ഒരു ജാതിമുന്നണി(cluster) ഉണ്ടാക്കി ആ മുന്നണിക്ക് സംവരണം നൽകുന്നതിനെ അവർ അനുകൂലിക്കുന്നുവെങ്കിൽ അവിടെ രണ്ട് കാര്യങ്ങൾ പ്രസക്തമാകുന്നു: (1) അത്തരം ജാതികൂമ്പാരങ്ങളിലെ വിഹിതംവെപ്പിൽ സ്വജാതിക്ക് സ്ഥിരമായി മുൻതൂക്കം ലഭിക്കുന്നു (2) ജാതിമുന്നണിയിൽ നേതൃത്വവും പ്രാമുഖ്യവും സ്വജാതിക്കാർക്കാണ്. ജാതിമുന്നണി നഷ്ടകച്ചവടമാണെന്ന് മനസ്സിലാക്കുന്നവർ സ്വന്തംനിലയിൽ വിഹിതം ആവശ്യപെടാതിരിക്കില്ലെന്ന് ഉറപ്പാണ്. മറിച്ചായാൽ അവർക്കെങ്ങനെ സ്വന്തംജാതിയെ പോഷിപ്പിക്കുന്നു എന്ന് അവകാശപെടാനാകും!? എല്ലാവരും ഒരുപോലെ മത്സരസജ്ജരല്ല, പിന്നാക്കാവസ്ഥകൾ തമ്മിൽ ശ്രേണീബദ്ധമായ വ്യത്യാസമുണ്ട് എന്ന സംവരണസാഹിത്യയുക്തി അവിടെ വിസ്മരിക്കപ്പെടാൻ കാരണം ഈ വസ്തുതകളാണ്.

(2) ജാതിക്കൂമ്പാരങ്ങളിലെ പ്രഭുജാതികളും ജാതികളിലെ ജാതിപ്രഭുക്കളും മുന്നണിസംവരണത്തിന്റെ സിംഹഭാഗവും നേടിയെടുക്കും എന്ന് തിരിച്ചറിയാൻ ഇലക്ടോൺ മൈക്രോസ്‌കോപ്പിന്റെ ആവശ്യമില്ല. മനുഷ്യർ ഇടപെടുന്ന മേഖലകളിലെല്ലാം അതാണ് സംഭവിക്കുക. എസ്ഇ എസ്ടി/ ഒബിസി വിഭാഗങ്ങളിൽ ആയിരക്കണക്കിന് ജാതികളുണ്ട്. ഒബിസിയിൽ മാത്രം 5000-6000 ജാതികൾ. കേന്ദ്ര സർവീസിൽ ഒബിസി സംവരണം 27% ആണ്. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേന്ദ്രസർവീസിലും കേവലം 40 ഒബിസി ജാതികൾ (ഒരു ശതമാനത്തിലും താഴെ) മൊത്തം ഒബിസി സംവരണത്തിന്റെ 50 ശതമാനവും സ്വന്തമാക്കുന്നു എന്ന് ഇത് സംബന്ധിച്ച് പഠനം നടത്താൻ നിയോഗിച്ച ജസ്റ്റീസ് രോഹിണി പാനൽ എന്ന സർക്കാർതല സമിതി കണ്ടെത്തിയതായി ദി പ്രിന്റ് എന്ന ദേശീയ പ്രസിദ്ധീകരണം പറയുന്നു(https://theprint.in/.../less-than-1-of-obc-castes-cor.../458860/).

(2) അതായത് ഒരു ശതമാനം ജാതികൾക്ക് ആകെ സംവരണത്തിന്റെ 50%! 2017 ഒക്ടോബറിൽ നിയമിതമായ സമിതിയുടെ കാലാവധി 2020 ജൂണിൽ ഒമ്പതാമത്തെ തവണ നീട്ടികൊടുത്തിരുന്നു. ഇത്തരമൊരു വിതരണക്രമം ന്യായമായും എവിടെയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതിൽ തെറ്റില്ല. പക്ഷെ പ്രകടമായ ഈ അസമത്വം പരിഹരിക്കാൻ കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. 2014-18 കാലയളവിൽ ഒരൊറ്റ തൊഴിൽപോലും കിട്ടാത്ത 983 ജാതികൾ ഒബിസി പട്ടികയിലുണ്ടായിരുന്നുവെന്നാണ് സമിതിയുടെ കണ്ടത്തൽ. മറ്റൊരു 994 ജാതികൾക്കെല്ലാംകൂടി കിട്ടയത് 2.68% മാത്രം. ഫലത്തിൽ രണ്ടായിരത്തോളം ഒബിസി ജാതികൾക്ക് ഇക്കാലയളവിൽ ഒബിസി സംവരണത്തിന്റെ 3 ശതമാനത്തിൽ താഴെ മാത്രമേ ലഭിച്ചിട്ടുള്ളൂ!

(3) എസ്ഇ എസ്ടിയുടെ കാര്യവും സമാനമാണ്. അരനൂറ്റാണ്ടു കഴിഞ്ഞിട്ടും കൂട്ടത്തിനുള്ളിൽ നീതി വിതരണം അസാധ്യമായി തുടരുന്നു. ജാതികൂമ്പാരങ്ങളിലെ വ്യത്യസ്ത ജാതികൾക്കിടയിൽ വലിയതോതിൽ അസമത്വം നിലനിൽക്കുന്നുവെന്നും ഒബിസികൾക്കിടയിൽ ഉപവർഗ്ഗീകരണങ്ങൾ അനിവാര്യമാണെന്നും ജസ്റ്റീസ് രോഹിണി സമിതിയിലെ അംഗമായ ജെകെ ബജാജ് ചൂണ്ടിക്കാണിക്കുന്നതായി റിപ്പോർട്ട് പറയുന്നു. ഛആഇ ജാതികൾക്കിടയിലുള്ള ജാതിവിവേചനമാണോ(caste discrimination) ഈ അസമത്വത്തിന് കാരണം? ജാതിവിവേചനം ഉണ്ടായിരുന്നില്ലെങ്കിൽ എല്ലാ ജാതികൾക്കും ആനുപാതികമായി കിട്ടുമായിരുന്ന വിഹിതം വിതരണം ചെയ്യുന്ന മഹാനീതിയാണ് ജാതിസംവരണത്തിലുള്ളത് എന്ന നിറംകെട്ട തമാശ തട്ടിവിടുന്നവർപോലും അങ്ങനെ പറയാനിടയില്ല.

(4) മനുഷ്യർ ഇടപെടുന്ന മേഖലകളിലും പ്രവർത്തനങ്ങളിലും അസമത്വം സ്വാഭാവികമായി ഉണ്ടാകുന്നു എന്നത് അനിഷേധ്യമായ കാര്യമാണ്. അതങ്ങനെയാണെന്ന് തിരിച്ചറിഞ്ഞ് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് മനുഷ്യസമൂഹം ഏർപെടേണ്ടത്. ജാതിവിവേചനം ഇല്ലെങ്കിലും ഉണ്ടെങ്കിലും ജാതികൾ തന്നെ അപ്രത്യക്ഷമായാലും ഒരു സമൂഹത്തിലും എല്ലാ ഗ്രൂപ്പുകൾക്കും എല്ലായിടത്തും ആനുപാതികമോ തുല്യമോ ആയ വിഹിതമോ പങ്കാളിത്തമോ ലഭിക്കാനിടയില്ല. സംവരണത്തിലെന്നല്ല, യാതൊരു കാര്യത്തിലും. പരേറ്റോ വിതരണക്രമം മനുഷ്യരെ വിട്ടൊഴിയില്ല എന്നതാണ് വസ്തുത. അസമത്വം സ്വാഭാവികമല്ലെന്ന് വെറുതെശഠിച്ചതുകൊണ്ട് ഇല്ലാതാകില്ല, അവിടെ ഇടപെടലുകൾ അനിവാര്യമാണ്. യാഥാർത്ഥ്യങ്ങളെ വാദിച്ച് തോൽപ്പിക്കാനോ ആഗ്രഹിച്ച് ഇല്ലാതാക്കാനോ സാധിക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP