Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്‌സഭാംഗങ്ങൾ E = mc2 എന്ന് വിളിച്ചുകൂവുമെന്ന് കരുതിയോ; പഠിച്ചതല്ലേ പാടാനാവൂ; ജാതി പറയുന്നത് പുരോഗമനപരവും മതം പറയുന്നത് വർഗ്ഗീയതയുമായതിനാൽ ഇനി കൂടുതലും വരാനുള്ളത് ജാതി-ഉപജാതി മുദ്രാവാക്യങ്ങളാണെന്നുറപ്പിക്കാം; ജയ് ശ്രീറാം, അള്ളാഹു അക്‌ബർ......തൊട്ട് ഈങ്ക്വിലാബ് സിന്ദാബാദ് വരെയായി ലോകസഭയിൽ മുഴങ്ങിയ മത-വർഗ്ഗ മുദ്രാവാക്യങ്ങൾ ഭാവിയിൽ ആചാരമാവും; സി രവിചന്ദ്രൻ എഴുതുന്നു: ജാതി പാർലമെന്റ്

ലോക്‌സഭാംഗങ്ങൾ  E = mc2 എന്ന് വിളിച്ചുകൂവുമെന്ന് കരുതിയോ; പഠിച്ചതല്ലേ പാടാനാവൂ; ജാതി പറയുന്നത് പുരോഗമനപരവും മതം പറയുന്നത് വർഗ്ഗീയതയുമായതിനാൽ ഇനി കൂടുതലും വരാനുള്ളത് ജാതി-ഉപജാതി മുദ്രാവാക്യങ്ങളാണെന്നുറപ്പിക്കാം; ജയ് ശ്രീറാം, അള്ളാഹു അക്‌ബർ......തൊട്ട് ഈങ്ക്വിലാബ് സിന്ദാബാദ് വരെയായി ലോകസഭയിൽ മുഴങ്ങിയ മത-വർഗ്ഗ മുദ്രാവാക്യങ്ങൾ ഭാവിയിൽ ആചാരമാവും; സി രവിചന്ദ്രൻ  എഴുതുന്നു: ജാതി പാർലമെന്റ്

സി രവിചന്ദ്രൻ

ജാതി പാർലമെന്റ്

(1) മഹാരാഷ്ട്രയിൽ 2018 നവമ്പറിൽ പുതിയതായി ഏർപ്പെടുത്തിയ മറാത്തകൾക്കുള്ള ജാതിസംവരണം(16%) അവിടുത്തെ മൊത്തം സംവരണം 68 ശതമാനമാക്കിയിരുന്നു. ഇത്തരത്തിൽ അധികസംവരണം നൽകാൻ സംസ്ഥാനത്തിന് അധികാരം ഉണ്ടെന്നാണ് മുംബൈ ഹൈക്കോടതി വിധിച്ചിരിക്കുന്നു. കണക്ക് പരിശോധിച്ച് മറാത്തകൾക്ക് 16% സംവരണം നൽകുന്നത് ന്യായീകരിക്കാനാവില്ലെന്നും പന്ത്രണ്ടോ(വിദ്യാഭ്യാസ സ്ഥാപനങ്ങൾ) പതിമൂന്നോ ശതമാനം(സർക്കാർ സർവീസ്) മതിയാകും എന്നും മുംബൈ ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. സാധാരണ കോടതികൾ ഇത്തരം നീക്കങ്ങൾക്ക് തടയിടുമെന്നാണ് കരുതപ്പെട്ടിരുന്നത്. മുമ്പ് അങ്ങനെ സംഭവിച്ചിട്ടുമുണ്ട്. എന്നാൽ സംസ്ഥാന നിയമസഭ പ്രകടമാക്കിയ ഈ അധികാരം തത്വത്തിൽ മുംബൈ ഹൈക്കോടതി അംഗീകരിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ 33 ശതമാനം വരുന്ന മധ്യ-ഉപരിവർഗ്ഗമാണ് മറാത്തകൾ. ശരിക്കും പറഞ്ഞാൽ അവിടുത്തെ ഭരണവർഗ്ഗം. ഈ വിധിക്കെതിരെ ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാൽ തങ്ങളുടെ വാദംകേൾക്കണമെന്ന് കാണിച്ച് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ കവിയറ്റും സമർപ്പിച്ചിട്ടുണ്ട്. എന്താ ശുഷ്‌കാന്തി!

(2) രാജ്യത്തെ സമ്പൂർണ്ണ ജാതി സംവരണത്തിലേക്ക് വലിച്ചിഴയ്ക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് പ്രചോദനമായി തീരാവുന്ന വിധിന്യായമാണിത്. ജനങ്ങളെ സേവിക്കാനും അവശർക്ക് വേണ്ടി ആർത്തലയ്ക്കുന്നവരാണെന്ന് സ്ഥാപിച്ചെടുക്കാനും ഇതിലും നല്ല മാർഗ്ഗമില്ലെന്ന് രാഷ്ട്രീയ കക്ഷികളോടും ഭരണാധികാരികളോടും ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ബാക്കി വരുന്നത് ഇങ്ങനെ പിച്ചിക്കീറി കൊടുത്തുകൊണ്ടിരുന്നാൽ മതി. പേരെടുക്കാം, ആളുകളിക്കാം; വിശേഷിച്ച് സാമ്പത്തിക ചിലവുമില്ല. നൂറ് ശതമാനവും കൊടുത്തു കഴിഞ്ഞാൽ എന്തു ചെയ്യും എന്ന ചോദ്യം മാത്രം ബാക്കി. സുപ്രീംകോടതിയെ ആണ് സംവരണവിരുദ്ധർ ഇപ്പോഴും ഉറ്റുനോക്കുന്നത്. ആരാണ് ഈ സംവരണവിരുദ്ധർ? തങ്ങളുടെ ജാതിക്ക് കിട്ടണം എന്നാൽ വേറെ ചില ജാതികൾക്ക് കിട്ടരുത് എന്ന് ശക്തിയുക്തം വാദിക്കുന്ന ജാതിവാദികളാണ് രാജ്യത്തെ സംവരണവിരുദ്ധരിലെ പ്രബലവിഭാഗം. അന്യന്റെ വിശ്വാസം അന്ധവിശ്വാസം എന്നതുപോലെ സ്വന്തം സംവരണം ചക്കര എന്ന രീതിയിലുള്ള സങ്കുചിത ജാതിവാദം മാത്രമാണിത്. ഇക്കൂട്ടർ ജാതിസംവരണത്തെ എതിർക്കുന്നില്ല. മറിച്ച് എല്ലാവർക്കും കൊടുക്കുന്നതിനോടാണ് എതിർപ്പ്. സംവരണം കിട്ടായാൽ ആർക്കും പുളിക്കില്ലെന്ന കാര്യം ഇവർ സൗകര്യപൂർവം മറക്കും.

(3) ജാതിസംവരണം പോലുള്ള പ്രതിലോമകരവും സാമൂഹിക വിഭജനത്തിൽ അധിഷ്ഠിതവുമായ പരിരക്ഷകൾ സമൂഹത്തിന്റെ പൊതുതാല്പര്യത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും ഉതകുന്നതല്ല എന്ന് വാദിക്കുന്ന സംവരണത്തെ തന്നെ എതിർക്കുന്ന ചെറിയൊരു ന്യൂനപക്ഷവും ഇക്കൂട്ടത്തിലുണ്ട്. സുപ്രീംകോടതിക്ക് എന്തുചെയ്യാനാവും? കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി സർക്കാർ മുന്നാക്ക മുസ്ലീങ്ങൾ അടക്കമുള്ള മുന്നാക്കജാതികൾക്ക് 10 ശതമാനം ജാതിസംവരണം കൊണ്ടുവന്നപ്പോൾ ബി.എസ്‌പിയും റാംവിലാസ് പസ്വാന്റെ പാർട്ടിയുമടക്കമുള്ള രാജ്യത്തെ മുഴുവൻ രാഷ്ട്രീയ കക്ഷികളും അതിനെ അനുകൂലിക്കുകയാണുണ്ടായത്. സാമ്പത്തിക സംവരണത്തിന് വേണ്ടി വാദിക്കുന്ന സിപിഎം പോലുള്ള കക്ഷികൾ തങ്ങളുടെ നിലപാടിനുള്ള സാധൂകരണമായി ഈ നീക്കത്തെ കണ്ടു. ഭരണഘടനാ ഭേദഗതി സഹിതമാണ് ബിജെപി സർക്കാർ പത്ത് ശതമാനം അധികസംവരണം കൊണ്ടുവന്നത്.

(3) സാമ്പത്തികസംവരണം എന്നാണ് പേരിട്ടതെങ്കിലും സംഗതി ജാതിസംവരണം തന്നെയായിരുന്നു. അതനുസരിച്ച് രാജ്യത്തെ നിലവിലുള്ള ജാതിസംവരണം 60 ശതമാനമാണ്. മൊത്തം സംവരണം 50 ശതമാനത്തിൽ കൂടാൻ പാടില്ല എന്നാണ് നിലവിലുള്ള മാനദണ്ഡം. ഈ ബുദ്ധി തങ്ങൾക്ക് തോന്നിയില്ലല്ലോ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ കുണ്ഠിതം. അധികാരത്തിലെത്തിയാൽ ഒ.ബി.സികൾക്ക് ഇപ്പോഴുള്ള സംവരണം(27 ശതമാനം) ഇരട്ടിയാക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തുമെന്നും വാർത്തകളുണ്ടായിരുന്നു. മുംബൈ ഹൈക്കോടതിയുടെ പുതിയ വിധി ഇപ്പോൾ തന്നെ 50 ശതമാനത്തിലധികം സംവരണം നിലവിലുള്ള സംസ്ഥാനങ്ങളിലെ റിക്രൂട്ട്‌മെന്റിന് കൂടുതൽ നിയമസാധൂകരണം കൊണ്ടുവരുന്നു എന്ന് മാത്രമല്ല ആ വഴിക്ക് സഞ്ചരിക്കാൻ ബാക്കി സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളെയും രാഷ്ട്രീയകക്ഷികളെയും വലിയതോതിൽ പ്രേരിപ്പിക്കുന്നതുമാണ്.

(5) സമൂഹത്തെ അടിമുടി ജാതീയമായി വിഭജിക്കുകയും ജാതി സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്ന സംവരണാസക്തി ഒരു ആധുനിക നാഗരികത ആയിത്തീരാനുള്ള നമ്മുടെ സാധ്യതകളെ ദുർബലപ്പെടുത്തും എന്ന് ആർക്കാണറിയാത്തത്? കയ്യടി രാഷ്ട്രീയവും സ്വത്വവാദപ്രഘോഷണങ്ങളും തിമിർക്കുകയാണ്. ജാതിസംവരണത്തെ അനുകൂലിക്കുന്നതോടെ എളുപ്പത്തിൽ നന്മമരങ്ങളായി അടയാളപ്പെടുത്താം എന്നാണ് പലരുടെയും കണക്കുകൂട്ടൽ. കേരളത്തിൽ ഇന്ന് ജാതിസംവരണം ഇല്ലാത്ത ജാതി ഏതാണ്? സർക്കാർ സർവീസിലെ എല്ലാ തൊഴിൽ-വിദ്യാഭ്യാസ സാധ്യതകളും ജാതി-മത അടിസ്ഥാനത്തിൽ മാത്രം വീതിക്കുന്ന അവസ്ഥയാണിത്. മനുഷ്യന് സമ്പൂർണ്ണത കൈവരിക്കാനാവില്ല എന്നാണ് പൊതുവെ പറയപ്പെടുന്നത്. ജാതി സംവരണത്തിന്റെ കാര്യത്തിലെങ്കിലും ഈ പ്രാപഞ്ചിക തത്വം തിരുത്താൻ നമുക്ക് സാധിച്ചേക്കും.

(6) ഇന്ത്യൻ പാർലമെന്റിനെ ജാതിപാർലമെന്റാക്കാണം എന്ന ജാതിവാദികളുടെ ചിരകാലാഭിലാഷം ഏറെക്കുറെ സഫലമായ അവസ്ഥയാണുള്ളത്. പുതിയ ലോക്‌സഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ വേളയിൽ അംഗങ്ങൾ വായിൽതോന്നുന്ന മുദ്രാവാക്യങ്ങളൊക്കെ മുഴക്കിയത് വിവാദമായിരുന്നു. ജയ് ശ്രീറാം, അള്ളാഹു അക്‌ബർ......തൊട്ട് ഈങ്ക്വിലാബ് സിന്ദാബാദ് വരെയുള്ള മത-വർഗ്ഗ മുദ്രാവാക്യങ്ങൾ അനുസ്യൂതം മുഴങ്ങി. കൂടെ മേമ്പൊടിയായി ജാതി മുദ്രാവാക്യങ്ങളുമുണ്ടായിരുന്നു. രാജ്യത്തിന് എന്തോ വലിയ അത്യാഹിതം സംഭവിച്ചതുപോലെയായിരുന്നു പല ബൗദ്ധികപ്രമുഖന്മാരുടെയും പ്രതികരണം. അംഗങ്ങൾ എൽ.കെ.ജി കുട്ടികളെ പോലെ പെരുമാറിയത്രെ. ലോക്‌സഭാംഗങ്ങൾ പിന്തെന്തുവേണം? E = mc2 എന്നവർ വിളിച്ചുകൂവുമെന്ന് കരുതിയോ? പഠിച്ചതല്ലേ പാടാനാവൂ? ജാതി പറയുന്നത് പുരോഗമനപരവും മതം പറയുന്നത് വർഗ്ഗീയതയുമായതിനാൽ ഇനി കൂടുതലും വരാനുള്ളത് ജാതി-ഉപജാതി മുദ്രാവാക്യങ്ങളാണെന്നുറപ്പിക്കാം.

ഇന്ത്യൻ രാഷ്ട്രീയത്തിന്റെ സഞ്ചാരപാത പരിശോധിച്ചാൽ ഇത്തരം രംഗങ്ങൾ ഭാവിയിൽ വാർത്ത അല്ലാതാകും എന്നുറപ്പാണ്. പകരം അതൊരു ആചാരമായി തീരും. ആചാരം സംരക്ഷിക്കാൻ വിപ്ലവപാർട്ടിക്കാർ ബിൽ അവതരിപ്പിക്കും. ആചാരലംഘനം നവോത്ഥാനമായി മാറും.

(സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP