Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്ര പേരെ വെട്ടിക്കൊന്നാലും പാർട്ടി സഹായത്തിനുണ്ടാകും എന്ന ഉറച്ച വിശ്വാസം അണികൾക്കുള്ളപ്പോൾ ഇത്തരം കൊലകൾ അവസാനിക്കാൻ പോകുന്നില്ല..പോകുന്നില്ല തന്നെ; സഖാവ് പിണറായീ ആ വെട്ടിയത് നിങ്ങളാണ്: കാസർകോഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബഷീർ വള്ളിക്കുന്ന് എഴുതുന്നു ..ത്രിപുരയിലേയും ബംഗാളിലെയും അതേ വഴിയിലേക്കാണ് കേരളത്തിലെ സിപിഎമ്മും

എത്ര പേരെ വെട്ടിക്കൊന്നാലും പാർട്ടി സഹായത്തിനുണ്ടാകും എന്ന ഉറച്ച വിശ്വാസം അണികൾക്കുള്ളപ്പോൾ ഇത്തരം കൊലകൾ അവസാനിക്കാൻ പോകുന്നില്ല..പോകുന്നില്ല തന്നെ; സഖാവ് പിണറായീ ആ വെട്ടിയത് നിങ്ങളാണ്: കാസർകോഡ് കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബഷീർ വള്ളിക്കുന്ന് എഴുതുന്നു ..ത്രിപുരയിലേയും ബംഗാളിലെയും അതേ വഴിയിലേക്കാണ് കേരളത്തിലെ സിപിഎമ്മും

ബഷീർ വള്ളിക്കുന്ന്‌

കാസർകോട്ടെ ഇരട്ടക്കൊലപാതകങ്ങളിൽ സിപിഎമ്മിന് പങ്കില്ല എന്ന കോറസ് ഏറെ കേട്ട് കഴിഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും വെട്ടിക്കൊന്നതിൽ സിപിഎം പ്രാദേശിക നേതൃത്വത്തിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ അതവരുടെ മാത്രം പിഴവാണ്, പാർട്ടിക്ക് അതിൽ പങ്കില്ല എന്ന് പാർട്ടി ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചു.. ആ കോറസ് പാർട്ടി പ്രവർത്തകർ മുഴുവൻ ഏറ്റുപാടുകയാണ്.. മുമ്പ് നടന്ന എണ്ണമറ്റ കൊലപാതകങ്ങളും സി പി എം നേതൃത്വം പറഞ്ഞത് ഇതേ കാര്യങ്ങളാണ്.. പാർട്ടിക്ക് പങ്കില്ല.. പാർട്ടി പ്രവർത്തകർ ആരെങ്കിലും പ്രതികളായിട്ടുണ്ടെങ്കിൽ അതവരുടെ കുറ്റകൃത്യം.. നിയമം നിയമത്തിന്റെ വഴി സ്വീകരിക്കട്ടെ, ജനാധിപത്യ നിയമ സംവിധാനങ്ങളിൽ പൂർണ വിശ്വാസമുള്ള പാർട്ടിയാണ് സി പി എം, സമാധാനമാണ് ഞങ്ങളുടെ ലക്ഷ്യം

ശരി, സമ്മതിച്ചു. സമാധാനമാണ് നിങ്ങളുടെ ലക്ഷ്യം. ഈ കൊലകളിൽ നിങ്ങൾക്ക് പങ്കില്ല.. പക്ഷേ നാളെ മുതൽ സംഭവിക്കാൻ പോകുന്നത് എന്താണ്? സഖാവ് പിണറായി മുതൽ താഴോട്ട് സർക്കാരിന്റെ മുഴുവൻ മെഷിനറിയും, പാർട്ടി സെക്രട്ടറി മുതൽ താഴോട്ട് പാർട്ടിയുടെ മുഴുവൻ മെഷിനറിയും അറസ്റ്റിലായ ആ പ്രാദേശിക നേതാവിന്റെ പിറകിലുണ്ടാകും..അയാൾക്ക് ജയിലിൽ സൗകര്യങ്ങളൊരുക്കാൻ, അയാളെ ജയിലിൽ സന്ദർശിക്കാൻ, കൃത്യമായ ഇടവേളകളിൽ അയാളെ പരോളിലിറക്കാൻ, അയാളുടെ കുടുംബത്തിന് ചെലവിനു കൊടുക്കാൻ, വിദ്യാഭ്യാസം നടത്താൻ, മകളുണ്ടെങ്കിൽ കല്യാണം കഴിച്ചു കൊടുക്കാൻ.. അയാൾ വീട്ടിലുണ്ടായിരുന്നതിനേക്കാൾ ഭംഗിയായി അയാളുടെ വീട്ടുകാര്യങ്ങൾ നടത്താൻ.. എല്ലാത്തിനും പാർട്ടിയുണ്ടാകും.. അച്ഛൻ ഗൾഫിൽ പോയ വീടിന്റെ അവസ്ഥയായിരിക്കും അയാളുടെ വീട്ടുകാർക്ക്.. കാശും പത്രാസും പറന്ന് വരും.. വരില്ലേ, നമ്മളത് കണ്ടിട്ടില്ലേ. എത്രയെത്ര കേസുകളിൽ, എത്രയെത്ര കൊലക്കേസ് പ്രതികളുടെ നാൾവഴികളിൽ

നൂറ്റൊന്ന് ശതമാനം ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒന്നുണ്ട്, എത്ര പേരെ വെട്ടിക്കൊന്നാലും പാർട്ടി സഹായത്തിനുണ്ടാകും എന്ന ഉറച്ച വിശ്വാസം അണികൾക്കുള്ളപ്പോൾ ഇത്തരം കൊലകൾ അവസാനിക്കാൻ പോകുന്നില്ല. പോകുന്നില്ല തന്നെ. ഒറ്റ വെട്ടിനാണ് കൃപേഷിന്റെ തലച്ചോർ പുറത്തെടുത്തത്.. അത്രമാത്രം വിദഗ്ധരായ കൊലയാളികളാണ് സി പി എമ്മിന് അവരുടെ പാർട്ടി കേന്ദ്രങ്ങളിലുള്ളത്.. അവർ ഇനിയും കൊല്ലും..ഒറ്റ വെട്ടിന് തലച്ചോർ പിളർത്തി പുറത്തെടുക്കും.. അതിനുള്ള പരിശീലനമൊക്കെ അവർക്ക് കിട്ടിയിട്ടുണ്ട്.. പാർട്ടി പിറകിലുണ്ടെന്ന വിശ്വാസത്തിന്റെ ബലത്തിലുള്ള വെട്ടാണത്. എന്തിനും എപ്പോഴും തയ്യാറുള്ള ഒരു ഗുണ്ടാസംഘം.. ഉത്തരവിട്ടാൽ അത് അക്ഷരംപ്രതി നടപ്പിലാക്കാൻ കെൽപുള്ള ചോരപ്പട..

പശുവിന്റെ പേരിലുള്ള ആൾക്കൂട്ട കൊലപാതകങ്ങൾക്കും വർഗ്ഗീയ വികാരം ആളിക്കത്തിച്ചതിന്റെ പേരിലുള്ള വംശീയ ലഹളകൾക്കും മോദിയും യോഗിയുമടക്കമുള്ള സംഘപരിവാരത്തിന്റെ തലപ്പത്തുള്ള നേതാക്കളാണ് കാരണക്കാരെന്നത് പോലെ തന്നെ കേരളത്തിലെ ഇത്തരം കൊലപാതകങ്ങൾക്ക് ധാർമ്മിക പിന്തുണ കൊടുക്കുന്ന പാർട്ടിയും പാർട്ടി തലപ്പത്തുള്ളവരുമാണ് ഒന്നാം പ്രതികളെന്ന് തിരിച്ചറിയാൻ വലിയ ലോജിക്കോന്നും വേണ്ടതില്ല. അതുകൊണ്ടാണ് പറയുന്നത് ഇതൊരു പ്രാദേശിക നേതാവിന്റെ മാത്രം ചെയ്ത്തല്ല, അയാളെ വളർത്തിയ, അയാൾക്കിതിന് ആത്മവിശ്വാസം കൊടുത്ത പാർട്ടിയുടെ ചെയ്ത്താണ്.. ആ പാർട്ടിയുടെ തലപ്പത്തുള്ളവരുടെ ചെയ്തതാണ്. പിണറായിയുടെ ചെയ്ത്താണ്.. കോടിയേരിയുടെ ചെയ്ത്താണ്.. ജയരാജന്റെ ചെയ്ത്താണ് .. നിങ്ങളോരോരുത്തരുമാണ് ആ വെട്ടുകൾ വെട്ടിയത്..

കൃപേഷിന്റെ അച്ഛൻ ഒരു സി പി എം അനുഭാവിയാണ്.. സി പി എമ്മിന് വേണ്ടി മുഷ്ടി ചുരുട്ടി ഏറെ മുദ്രാവാക്യങ്ങൾ വിളിച്ച ഒരു പ്രവർത്തകൻ.. 'ഒറ്റ മോനായിരുന്നു, ഏക ആശ്രയമായിരുന്നു' എന്നാണ് ആ അച്ഛൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്.. അയാൾ താമസിക്കുന്ന ആ വീട് കണ്ടാൽ, ഒരു ചെറിയ കാറ്റിന് പോലും പിടിച്ചു നിൽക്കാൻ കഴിയാത്ത ആ കൂര കണ്ടാൽ, അതിൽ കഴിയുന്ന കൃപേഷിന്റെ സഹോദരിമാരുടെ പൊട്ടിക്കരച്ചിലുകൾ കേട്ടാൽ ഹൃദയം നുറുങ്ങാത്ത ആരെങ്കിലുമുണ്ടെങ്കിൽ അതീ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ പാർട്ടി മെഷിനറി മാത്രമാണ്.

കൊല്ലപ്പെട്ട രണ്ട് പേരും കൊലക്കേസ് പ്രതികളാണെന്നും അവർ കൊല്ലപ്പെടേണ്ടവർ തന്നെയാണെന്നും മറ്റൊരു കോറസും സമാന്തരമായി പ്രചരിക്കുന്നുണ്ട്. ഒരു സാധാരണ അടിപ്പിടിക്കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ടവരാണ് കൃപേഷും ശരത് ലാലും.. ആ കേസ് അതിന്റെ വഴിക്ക് നടക്കുന്നുണ്ട്. അത് നോക്കാൻ ഇവിടെ കോടതിയും നിയമവാഴ്ചയുണ്ട്.. ആ കേസ് അന്വേഷിക്കുന്ന പൊലീസ് വകുപ്പിന്റെ തലപ്പത്തുള്ളത് നരേന്ദ്ര മോദിയല്ല, പിണറായി വിജയനാണ്. കേസുകൾ കെട്ടിച്ചമക്കാനും ആ കേസുകളിൽ വധശിക്ഷ വിധിക്കാനും പിന്നെ ആ വിധി നടപ്പിലാക്കാനും സി പി എമ്മിന്റെ ഗുണ്ടാസംഘത്തിന് ഇന്ത്യൻ നിയമവ്യവസ്ഥയിൽ അവകാശങ്ങളില്ല.

പൊലീസ് കസ്റ്റഡിയിൽ എടുത്ത പെരിയ ലോക്കൽ കമ്മറ്റിയംഗം പീതാംബരനെ പാർട്ടി പുറത്താക്കിയതായുള്ള വാർത്ത കണ്ടു. ജനവികാരം ഇളകിമറിയുമ്പോഴുള്ള ഒരു നടപടിയാണിത്.. അയാളെ 'അകത്താക്കിയതിന്റെ' വാർത്തകൾ പിന്നീട് വന്നോളും. വിവാദമൊന്ന് കെട്ടടങ്ങേണ്ട താമസമേയുള്ളൂ.

എസ് എഫ് ഐ പ്രവർത്തകനായ മഹാരാജാസിലെ അഭിമന്യുവിന്റെ കൊലക്കെതിരെ ഉച്ചത്തിൽ ശബ്ദിച്ചവരും, 'നാൻ പെറ്റ മകനേ' എന്ന ആ അമ്മയുടെ വിലാപത്തെ ഹൃദയം നുറുക്കുന്ന അലിവോടെ തിരിച്ചറിഞ്ഞവരും സി പി എമ്മിനോടൊപ്പം നിന്നവരുമാണ് കേരളീയർ. അതേ സി പി എം അതിനേക്കാൾ പരിതാപകരമായ ഒരു ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ തലച്ചോർ വെട്ടിയെടുത്ത് ഉന്മൂലനം ചെയ്യുമ്പോൾ അറിയാതെ ചോദിച്ചു പോകുകയാണ്, നാം ഏത് പക്ഷത്താണ് ഏത് ചേരിയിലാണ് നിൽക്കേണ്ടത് എന്ന്.

സംഘപരിവാരത്തിന്റെ കടന്നു വരവിനെ തടുക്കാൻ പിണറായി സഖാവ് അധികാരത്തിൽ വരണമെന്ന് കരുതുകയും അതിനായി പിന്തുണ കൊടുക്കുകയും ചെയ്ത പതിനായിരങ്ങളിൽ ഒരാളാണ് ഈ ലേഖകനും.. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രിം കോടതി വിധിക്ക് അനുകൂലമായി പിണറായി സഖാവും ഇടതുപക്ഷവും എടുത്തിട്ടുള്ള നിലപാടുകൾക്കും നവോത്ഥാന മതിലിനും ഒപ്പം നിന്നിട്ടുമുണ്ട്.. പക്ഷേ പച്ച മനുഷ്യരെ വെട്ടിവീഴ്‌ത്തുന്ന, ഈ പ്രാകൃത രാഷ്ട്രീയത്തെ ഒരിഞ്ച് പിന്തുണക്കുവാൻ, അതിനോടൊപ്പം ചേർന്ന് നില്ക്കുവാൻ, അതേത് സംഘപരിവാരത്തിന്റെ രാഷ്ട്രീയ പ്രതിരോധ തിയറി അവലംബമാക്കിയാലും സാധിക്കാത്ത കാര്യമാണ്..

സഖാവ് ടി.പി ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ടി പീസ് പീസ്സാക്കി കൊന്ന് തള്ളിയപ്പോൾ, അത് കേരളക്കരയിൽ അന്നോളമുണ്ടായിട്ടില്ലാത്ത വൻ പ്രതിഷേധത്തിനും ജനവികാരത്തിനും പാത്രമായപ്പോൾ നാം കരുതി, സി പി എം ഇനിയീ പണി നിർത്തുമെന്ന്.. കൊലപാതക പരമ്പരകളിലെ അവസാനത്തേതാകും ഇതെന്ന്.. അതുണ്ടായില്ല.. പിന്നെയും നിരവധി വെട്ടുകൾ നടന്നു, കൊലകൾ നടന്നു.. അവസാനം അരിയിൽ ഷുക്കൂർ വധക്കേസിൽ സി പി എം സംസ്ഥാന നേതാവ് പി ജയരാജന്റെ മേൽ കൊലക്കുറ്റം ചുമത്തി സി ബി ഐ കുറ്റപത്രം സമർപ്പിച്ചപ്പോൾ ആശ്വസിച്ചു, ഇനിയെങ്കിലും അവർ പിന്മാറുമെന്ന്.. കാരണം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സംസ്ഥാന നേതാവിലേക്ക് അന്വേഷണം എത്തുന്നത്.

ചാവേറുകളിലേക്കും വാടകഗുണ്ടകളിലേക്കും മാത്രം കേസന്വേഷണം എത്തുകയും യഥാർത്ഥ ആസൂത്രകർ തിരശ്ശീലക്ക് വെളിയിലേക്ക് ഒരിക്കൽ പോലും എത്താതിരിക്കുകയും ചെയ്യുന്ന പതിവിനു വിപരീതമായി ഒരു കേസന്വേഷണത്തിന്റെ വാർത്ത വന്നപ്പോൾ തീർച്ചയായും പ്രതീക്ഷയുണ്ടായിരുന്നു.. ഇനിയെങ്കിലും ഈ ചോരക്കളികൾ നിൽക്കുമെന്ന്.. എവിടെ?.. ആ വാർത്തയെത്തി വെറും രണ്ടേ രണ്ട് ദിവസം കഴിയുന്നതിന് മുമ്പാണ് ഈ ഇരട്ടക്കൊലയെത്തിയത്. പ്രതീക്ഷകൾ നശിച്ചിട്ടുണ്ട്.. ത്രിപുരയിലേയും ബംഗാളിലെയും അതേ വഴിയിലേക്കാണ് കേരളത്തിലെ സിപിഎമ്മും പോയിക്കൊണ്ടിരിക്കുന്നത്.. ഒരു കറുത്ത നാളെയെക്കുറിച്ച നെടുനിശ്വാസം മാത്രമേ ജനാധിപത്യ വിശ്വാസകളിൽ നിന്ന് ഇപ്പോൾ ഉയരുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP