Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

കാഹളത്തിന്റെ ഫ്രീക്വൻസി മതിൽ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുവിന്റെ നാച്വറൽ ഫ്രീക്വൻസിയുമായി ഒത്താൽ കാഹളം ഊതുമ്പോൾ മതിൽ വീഴാം! യേശുവാ കാഹളം ഊതിയപ്പോൾ യറി ഹോയുടെ മതിലുകൾ ഇടിഞ്ഞതായി ബൈബിൾ പറയുന്നു എന്ന സിവിൽ സർവ്വീസ് ചോദ്യത്തിന് നൽകിയത് കിടിലൻ മറുപടി; ഈശ്വര ചൈതന്യത്തോടു കൂടിചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹിച്ചും കുസൃതി ചിരിയോടെ തന്റെ മരണപ്രസംഗം തയ്യാറാക്കിയ സർ; സ്മരണ ദിനത്തിൽ ബാബു പോളിനെ എബി ആന്റണി ഓർത്തെടുക്കുമ്പോൾ

കാഹളത്തിന്റെ ഫ്രീക്വൻസി മതിൽ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുവിന്റെ നാച്വറൽ ഫ്രീക്വൻസിയുമായി ഒത്താൽ കാഹളം ഊതുമ്പോൾ മതിൽ വീഴാം! യേശുവാ കാഹളം ഊതിയപ്പോൾ യറി ഹോയുടെ മതിലുകൾ ഇടിഞ്ഞതായി ബൈബിൾ പറയുന്നു എന്ന സിവിൽ സർവ്വീസ് ചോദ്യത്തിന് നൽകിയത് കിടിലൻ മറുപടി; ഈശ്വര ചൈതന്യത്തോടു കൂടിചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹിച്ചും കുസൃതി ചിരിയോടെ തന്റെ മരണപ്രസംഗം തയ്യാറാക്കിയ സർ; സ്മരണ ദിനത്തിൽ ബാബു പോളിനെ എബി ആന്റണി ഓർത്തെടുക്കുമ്പോൾ

എബി ആന്റണി

ബാബുപോൾ സാർ യാത്രയായിട്ട് ഇന്ന് ഒരു വർഷം. കേരളീയ പൊതു സമൂഹം ജാതി-മത-വർഗ്ഗ-വർണ്ണ - രാഷ്ട്രീയ വ്യത്യാസമില്ലാതെ സ്‌നേഹിച്ച അപൂർവ്വ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്ന ഡോ.ഡി ബാബു പോൾ എന്ന വലിയ മനുഷ്യൻ യാത്രയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. കോവിഡ് ജാഗ്രതയെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മറ്റ് ചടങ്ങുകൾ ഒന്നും വേണ്ട എന്ന് ബാബു പോൾ സാറിന്റെ മകൻ , എന്റെ പ്രീയപ്പെട്ട നിബു ചേട്ടൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.

മകന്റെ സ്ഥാനത്ത് എന്നെ ചേർത്ത് നിർത്തി അപ്പന്റെ സ്‌നേഹം കൈ നിറയെ വാരികോരിത്തന്ന ബാബു പോൾ സാറിന്റെ ഈശ്വരവിശ്വാസവും നർമവും തുളുമ്പുന്ന ജീവിതയാത്രയിലേക്ക് ഒരു എത്തിനോട്ടം.

1. ബാബു പോൾ നേരിട്ട സിവിൽ സർവീസ് ഇന്റർവ്യൂവിലെ ചെയർമാൻ വക അവസാന ചോദ്യം - യേശുവാ കാഹളം ഊതിയപ്പോൾ യറി ഹോയുടെ മതിലുകൾ ഇടിഞ്ഞതായി ബൈബിൾ പറയുന്നു. നിങ്ങൾ ഒരു വൈദീക സന്തതിയും സിവിൽ എഞ്ചിനിയറും ആണല്ലോ. ഇത് നടപ്പുള്ള സംഗതിയോ, കുഴൽ ഊതിയാൽ മതിൽ വീഴുമോ?

ബാബു പോൾ: രണ്ട് തരത്തിൽ മറുപടി പറയാൻ അനുവദിക്കണം. ഒന്ന്, ദൈവത്തിന്റെ നടപടികൾ മനുഷ്യന്റെ യുക്തി കൊണ്ട് വ്യാഖ്യാനിക്കുന്നവയാവണം എന്നില്ല. അത് വിശ്വാസത്തിന്റെ തലം. രണ്ടാമത് ഇതിൽ ഒരു ഊർജതന്ത്രതത്വം ഉണ്ട്. കാഹളത്തിന്റെ ഫ്രീക്വൻസി മതിൽ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുവിന്റെ നാച്വറൽ ഫ്രീക്വൻസിയുമായി ഒത്താൽ കാഹളം ഊതുമ്പോൾ മതിൽ വീഴാം. അതുകൊണ്ടാണ് പട്ടാളം പാലത്തിൽ കൂടെ നടക്കുമ്പോൾ ലെഫ്റ്റ് റൈറ്റ് അടിക്കാത്തത്.

ചെയർമാൻ: എക്‌സലന്റ്, ബെസ്റ്റ് ഓഫ് ലക്ക്. ജീവിതത്തിലുടനീളം യുക്തിയും വിശ്വാസവും ഒരു പോലെ കൊണ്ട് നടക്കാൻ ബാബു പോൾ സാറിന് കഴിഞ്ഞിരുന്നു.

2. ഇടുക്കി പദ്ധതിയും ഇടുക്കി ജില്ലയും: ഇടുക്കി ജലവൈദ്യുത പദ്ധതി ഇഴഞ്ഞ് നീങ്ങിയപ്പോൾ അതിനെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി അച്യുതമേനോൻ തിരഞ്ഞെടുത്തത് ബാബുപോളിനെയായിരുന്നു. ഇടുക്കിയുടെ ആദ്യ കളക്ടർ ആയി ഇടുക്കി പദ്ധതി നാടിന് സമർപ്പിച്ചും ഇടുക്കിയിലെ ജനങ്ങളുടെ കണ്ണിലുണ്ണിയായി ബാബു പോൾ മാറി. 2006-2011 ഇടതുപക്ഷ ഭരണകാലത്ത് സെക്രട്ടേറിയേറ്റ് ധനവകുപ്പിൽ ജോലിയിൽ പ്രവേശിച്ച സമയത്ത് എനിക്ക് അദ്യം പോസ്റ്റിങ് തന്നത് ഇടുക്കിയിലേക്കായിരുന്നു. എന്നെ ഇടുക്കിയിലേക്ക് മാറ്റരുത് എന്ന് പറഞ്ഞ് ബാബു പോൾ സർ അന്നത്തെ ധനകാര്യ മന്ത്രി തോമസ് ഐസക്ക് സാറിന് കത്തെഴുതി.

മന്ത്രി എനിക്ക് സെക്രട്ടേറിയേറ്റിൽ പോസ്റ്റിങ് കൊടുക്കാൻ പറഞ്ഞു. മന്ത്രിയെക്കാൾ ശക്തരായിരുന്നു അന്നത്തെ യൂണിയൻ കാർ. ഫലം തഥൈവ. അവിടുത്തെ ജില്ലാ ധനകാര്യ ഇൻസ്‌പെക്ഷൻ ഓഫിസിൽ ആയിരുന്നു പോസ്റ്റിങ്.ഇടതിന്റെ രാഷ്ട്രീയവും എന്റെ വലതു രാഷ്ട്രീയ ബോധവും തമ്മിലുള്ള അന്തരം വലുതായതായിരുന്നു ഇടുക്കിയിലേക്കുള്ള പോസ്റ്റിംഗിന്റെ കാരണം. ഇടുക്കിയിലെ ജനങ്ങൾക്ക് ബാബു പോൾ സാറിനോടുള്ള സ്‌നേഹം നേരിട്ട് മനസിലാക്കാൻ ആ കാലത്ത് കഴിഞ്ഞു. ഇടുക്കി കളക്ടറുടെ മുറിയിലെ ഭിത്തിയിൽ ഇടുക്കി ജില്ലയുടെ ഉദ്ഘാടനം ( പതാക ഉയർത്തുന്നത് ) ബാബു പോൾ സർ നടത്തുന്ന ചിത്രം ഇന്നും ഉണ്ട്.

3. ബാബു പോളും ദൈവത്തിന്റെ സ്വന്തം നാടും: ബാബു പോൾ ടൂറിസം സെക്രട്ടറി ആയിരുന്ന സമയത്താണ് ' ദൈവത്തിന്റെ സ്വന്തം നാട് '' എന്ന പരസ്യവാചകം ഉണ്ടാകുന്നത്. മുദ്ര എന്ന പരസ്യകമ്പനിയിലെ കോപ്പിറൈറ്ററായ മെൻഡസ് എന്നയാൾ ആണ് ഈ പേര് നിർദ്ദേശിച്ചത്.അത് തെരഞ്ഞെടുത്തത് ബാബുപോളും. പിന്നീട് ഈ പരസ്യവാചകം ശ്രദ്ധ പിടിച്ചുപറ്റിയപ്പോൾ പലരും ആ പരസ്യവാചകത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ തുനിഞ്ഞു. അപ്പോൾ ബാബു പോൾ പറഞ്ഞ വാചകം ശ്രദ്ധേയമാണ്. ' മെൻഡസിനുള്ളത് മെൻഡസിന് കൊടുക്കുക ' .

4. മദർ തെരേസ ബാബുപോളിന്റെ വീട്ടിൽ എത്തിയപ്പോൾ: കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായിരുന്ന കാലയളവിൽ മദർ തെരേസ ബാബു പോളിന്റെ വീട് സന്ദർശിച്ചു.അന്ന് മദർ ഇരുന്ന കസേര ബാബു പോൾ മാറ്റിയിട്ട് സ്വീകരണമുറിയിൽ പ്രതിഷ്ഠയാക്കി. കസേരയിൽ മദറിന്റെ ചിത്രം, പാത്രിയാർക്കിസ് ബാവ തന്ന ഒരു കുരിശ്, മുന്നിൽ നിലവിളക്ക് എന്നും രാവിലെ ബ്രാഹ്മ മുഹൂർത്തിൽ ഉണർന്ന് അതിന് മുന്നിൽ പ്രാർത്ഥന ഇങ്ങനെയായിരുന്നു ബാബുപോളിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. കുട്ടികൾക്ക് അക്ഷരം എഴുതിപ്പിക്കുന്നതും ഈ പ്രതിഷ്ഠക്ക് മുമ്പിൽ തന്നെയായിരുന്നു. അവസാനം ഹോസ്പിറ്റലിലേക്കുള്ള യാത്രയിലും മദർ തെരേസയുടെ പ്രതിഷ്ഠക്ക് മുമ്പിൽ പ്രാർത്ഥിച്ചിട്ട് ഇറങ്ങി.ഞാൻ ഇനി അധികനാൾ ഉണ്ടാവില്ല എന്ന് രണ്ട് മാസം മുമ്പ് എന്നോട് സാർ പറഞ്ഞിരുന്നു. ഇനി മടക്കയാത്ര ഉണ്ടാകില്ല എന്ന് വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സാറിന് അറിയാമായിരുന്നോ?

5.ബാബുപോൾ പി.എസ്.സി ചോദ്യകർത്താവായപ്പോൾ: പബ്ലിക്ക് സർവീസ് കമ്മീഷന്റെ ഡപ്യൂട്ടി കളക്ടർ പരീക്ഷയുടെ ചോദ്യ കർത്താവായിരുന്നു ഒരിക്കൽ ബാബു പോൾ. പരീക്ഷ കഴിഞ്ഞിറങ്ങിയ ഉദ്യോഗാർത്ഥികളിൽ ഒരാളെ യാദൃശ്ചികമായി ഏതാനും മാസം കഴിഞ്ഞ് ബാബു പോൾ കാണിനിടയായി. വിശേഷങ്ങൾ ചോദിച്ച കൂട്ടത്തിൽ പരീക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ ഉദ്യോഗാർത്ഥി പറഞ്ഞു: 'ആരാണ് ചോദ്യം തയ്യാറാക്കിയതെന്ന് അറിയില്ല '. കേരളത്തിലെ മുഖ്യമന്ത്രിമാരെ ക്രമത്തിലെഴുതുക, അവരുടെ സംഭാവനകൾ ഒന്നോ, രണ്ടോ വാക്യത്തിലെഴുതുക ഇതായിരുന്നു ഒരു ചോദ്യം. ഡപ്യൂട്ടി കളക്ടർ പരീക്ഷയ്ക്കാണോ ഇതു പോലെ യുള്ള ചോദ്യങ്ങൾ.ഇത് കേട്ട് കുസൃതി ചിരി ചിരിച്ച് ബാബു പോൾ എന്ന ചോദ്യ കർത്താവ് നടന്ന് നീങ്ങി. ഇന്ന് ആ ഉദ്യോഗാർത്ഥി സംസ്ഥാനത്തെ ഒരു വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥനാണ്.

6.പ്രഭാത നടത്തവുമായി ബന്ധപ്പെട്ട ബാബു പോൾ നർമകഥ: എല്ലാ ദിവസവും രാവിലെ മ്യൂസിയം കോമ്പൗണ്ടിൽ നടത്തം ശീലമുണ്ടായിരുന്നു ബാബു പോളിന് . ഒരു ദിവസം ഒരു കുസൃതി തോന്നി. അന്ന് മുന്നോട്ട് നടക്കുന്നതിനു പകരം നടന്നത് പുറകോട്ട്. ആളുകൾ ചുറ്റും കൂടി. എന്താ സർ ഇങ്ങനെ പുറകോട്ട് നടക്കുന്നത്? ബാബു പോൾ മറുപടി ഇപ്രകാരം ' ഇന്നലെ അമേരിക്കയിൽ ഒരു പ്രമുഖ ഡോക്ടർ വിളിച്ചിരുന്നു. എന്റെ അടുത്ത സുഹൃത്താണ് ഡോക്ടർ .പുറകോട്ട് നടന്നാൽ പഴയ പ്രസരിപ്പൊക്കെ തിരിച്ചു കിട്ടും, ചെറുപ്പം തിരിച്ചും കിട്ടും ചുരുക്കി പറഞ്ഞാൽ കഴുത കുതിര ആകും' .പിറ്റേ ദിവസം ബാബു പോൾ നടക്കാൻ വന്നപ്പോൾ കണ്ട കാഴ്ച രസകരം 'എല്ലാവരും പുറകോട്ട് നടക്കുന്നു.'' ബാബു പോളിനെ നോക്കി അവർ ചിരിച്ചപ്പോൾ അദ്ദേഹം കുസൃതി ചിരി പാസാക്കി അന്നത്തെ നടത്തം നിർത്തി സ്ഥലം വിട്ടു.

7 .ബാബു പോളും സാംസ്‌കാരിക വകുപ്പും: ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലത്തെ കുറിച്ച് അഭിമാനത്തോടെ ബാബു പോൾ സാർ എന്നും പറയുന്നത്. കേൾക്കാം. വാസ്തുവിദ്യാഗുരുകുലത്തിന്റെ വിജയത്തിനു പിന്നിൽ പി.എൻ. സുരേഷ് എന്ന സുമുഖൻ ഉണ്ടായിരുന്നു. ബാബു പോൾ സാറിന്റെ കണ്ടുപിടിത്തം ആയിരുന്നു അത്. അത് ശരിയാണ് എന്ന് കാലം തെളിയിച്ചു. പിന്നീട് പി.എൻ സുരേഷ് കലാമണ്ഡലത്തിന്റെ വൈസ് ചെയർമാനായി .ഇപ്പോൾ എൻ.എസ്.എസിന്റെ രജിസ്ട്രാർ ആണ്. എഴുത്തച്ഛൻ പുരസ്‌കാരം തുടങ്ങി പല പ്രമുഖ അവാർഡുകളും അക്കാലത്താണ് തുടങ്ങിയത്. എഴുത്തച്ഛൻ പുരസ്‌കാര ജേതാവിനെ അവാർഡ് വിവരം അറിയിക്കുന്നത് ബാബു പോൾ സാർ സ്വന്തം കൈപ്പടയിൽ എഴുതിയ കത്തിലൂടെയാണ്. അത് ഇപ്രകാരമായിരിക്കും ' മഹാത്മൻ, നമസ്‌കാരം, ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് അങ്ങയെ തെരഞ്ഞെടുത്ത വിവരം സവിനയം അറിയിക്കുന്നു. ഇത് സ്വീകരിക്കാൻ സന്മനസ്സുണ്ടാവണം''.

8.മരണാനന്തരം നിയമസഭയിലും ബാബു പോൾ: ബാബു പോളിന്റെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ പേര് കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്ക് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡോ.എം.കെ. മുനീർ ഒരു സബ്മിഷൻ നിയമസഭയിൽ അവതരിപ്പിച്ചു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആവശ്യത്തോട് പിന്തുണച്ചു. ഗവൺമെന്റ് പരിഗണിക്കാം എന്നും മറുപടി നൽകി. സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യുക്കേഷന്റെ ചുമതലയുമായി മോഹൻ എബ്രഹാം ഒരു നാൾ കവടിയാറിലെ ബാബു പോൾ സാറിന്റെ വീട്ടിലെത്തി. സംസാരമധ്യേ കേരളത്തിൽ ഒരു സിവിൽ സർവീസ് അക്കാദമി തുടങ്ങേണ്ടതിന്റെ പ്രാധാന്യം ബാബു പോൾ സാർ സൂചിപ്പിച്ചു .അതായിരുന്നു ഇന്ന് കാണുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തുടക്കം .

അക്കാദമി ആരംഭിച്ചതിനു ശേഷം സിവിൽ സർവീസിൽ ധാരാളം മലയാളികൾ കയറി പറ്റി. കേരളത്തിന്റെ അഭിമാനസ്തംഭം ആയി അക്കാദമി മാറിയപ്പോൾ അതിന്റെ തുടക്കം മുതൽ തന്റെ മരണം വരെ അക്കാദമിയുടെ മെ ന്റർ ആയി സർക്കാരിൽ നിന്ന് ഒരു തുക പോലും വാങ്ങിക്കാതെ പ്രവർത്തിക്കുകയായിരുന്നു ബാബു പോൾ സർ.

ജീവിതം എന്ന മനോഹര യാത്ര എല്ലാ അർത്ഥത്തിലും ആസ്വദിച്ച്, ഈശ്വര ചൈതന്യത്തോടു കൂടി നമ്മെയെല്ലാം ചിരിപ്പിച്ചും ചിന്തിപ്പിച്ചും സ്‌നേഹിച്ചും കുസൃതി ചിരിയോടെ തന്റെ മരണപ്രസംഗം തയ്യാറാക്കിയ ബാബു പോൾ സർ എന്ന വലിയ മനുഷ്യന്റെ സ്മരണക്ക് മുന്നിൽ ഞാൻ ദണ്ഡനമസ്‌കാരം ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP