Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധികാരം താഴെത്തട്ടിൽ നിന്നും തുടങ്ങി പമ്പരത്തിന്റെ മുനപോലെ മുകളിലേക്കുയർന്നു പോകുന്നതാകണം; ഉപരിസഭകൾ ഗ്രാമസ്വരാജുകളു ടെ ഉപദേശക സഭകൾ മാത്രമാവണം; ആ പിരമിഡിന്റെ മുകളറ്റത്തായി വരുന്ന പാർലമെന്റും, നിയമസഭകളും ഗ്രാമങ്ങളുടെ ആശയങ്ങൾക്ക് ഭരണഘടനാ അനുമതി ഒരുക്കി കൊടുക്കാനുമുള്ള സ്ഥാപനങ്ങളായി വർത്തിക്കണം; ഉപദേശിക്കാം... ഭരിക്കരുത്...: ഗാന്ധിജി വിഭാവനം ചെയ്ത ഭരണഘടനാ സങ്കൽപത്തെ പറ്റി ഗാന്ധിസ്മൃതി ദിനത്തിൽ അശോക് കർത്ത എഴുതുന്നു

അധികാരം താഴെത്തട്ടിൽ നിന്നും തുടങ്ങി പമ്പരത്തിന്റെ മുനപോലെ മുകളിലേക്കുയർന്നു പോകുന്നതാകണം; ഉപരിസഭകൾ ഗ്രാമസ്വരാജുകളു ടെ ഉപദേശക സഭകൾ മാത്രമാവണം; ആ പിരമിഡിന്റെ മുകളറ്റത്തായി വരുന്ന പാർലമെന്റും, നിയമസഭകളും ഗ്രാമങ്ങളുടെ ആശയങ്ങൾക്ക് ഭരണഘടനാ അനുമതി ഒരുക്കി കൊടുക്കാനുമുള്ള സ്ഥാപനങ്ങളായി വർത്തിക്കണം; ഉപദേശിക്കാം... ഭരിക്കരുത്...: ഗാന്ധിജി വിഭാവനം ചെയ്ത ഭരണഘടനാ സങ്കൽപത്തെ പറ്റി ഗാന്ധിസ്മൃതി ദിനത്തിൽ അശോക് കർത്ത എഴുതുന്നു

അശോക് കർത്ത

റുമാസം പോലും തികച്ച് സ്വതന്ത്ര ഇന്ത്യയിൽ ജീവിക്കാൻ അനുവദിക്കാതെ ഗോഡ്‌സേ ഗാന്ധിജിയെ വെടിവച്ചു കൊന്നത് രാഷ്ടീയക്കാർക്ക് അനുഗ്രഹമായിക്കാണും. അല്ലെങ്കിൽ ഖദറിടുകയും, ആദർശം പറച്ചിലിൽ മാത്രമായി ഒതുക്കുകയും ചെയ്യുന്ന കോൺഗ്രസുകാരോ, ദേശീയത ഉയർത്തിപ്പിടിക്കുകയും രഹസ്യമായി പരദേശികൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന BJP യോ ഭരണത്തിൽ വരുമായിരുന്നില്ല. രാജ്ഘട്ടിൽ അർപ്പിക്കപ്പെടുന്ന ഓരോ പൂവിതളും ഇന്ത്യൻ രാഷ്ട്രീയക്കാരന്റെ ഗൂഢ മന്ദസ്മിതമാണ്. നേരത്തെ കടന്നുപോയി, ആർഭാടജീവിതം ആസ്വദിക്കാൻ തങ്ങൾക്ക് അവസരമൊരുക്കിത്തന്ന ഗാന്ധിയോടുള്ള പുഞ്ചിരി!

അധികാരം ഗ്രാമജനതയ്ക്കായിരിക്കണം. ഇന്ത്യ സ്വതന്ത്രമാകുമ്പോൾ അത് അവരിലേക്ക് കൈമാറണമെന്നു ഗാന്ധിജി ആഗ്രഹിച്ചു. ഗ്രാമങ്ങളിലേക്കു മടങ്ങുന്നത് ഭൂതകാലങ്ങളിലേക്കുള്ള തിരിച്ചു പോക്കല്ല. മറന്നുപോയ പാരമ്പര്യങ്ങളുടെ വീണ്ടെടുക്കലാണ്. തൊഴിലിന്റെയും, ജീവിതരീതിയുടേയും, സംസ്‌കാരത്തിന്റെയും പുനരുജ്ജീവനമാണു.

ഗാന്ധിയുടെ ഗ്രാമസ്വരാജ്യ സങ്കല്പത്തെ ഡോ.സർവ്വേപ്പള്ളി രാധാകൃഷ്ണൻ നിർവ്വചിച്ചത് അങ്ങനെയാണ്. ഗ്രാമങ്ങളിലേക്കുള്ള തിരിച്ചു പോക്കിനു പ്രതിബന്ധമായി ഗാന്ധിജി കണ്ടത് കോൺഗ്രസ് പ്രസ്ഥാനത്തെയായിരുന്നു. ഭരണത്തിൽ ബ്രിട്ടീഷ് മാതൃക പിന്തുടരാൻ ആഗ്രഹിച്ചവരായിരുന്നു അതിന്റെ പ്രമുഖ നേതാക്കൾ. സ്വാതന്ത്ര്യം കിട്ടിയപ്പോൾ കോൺഗ്രസ് പിരിച്ചുവിടാൻ ഗാന്ധിജി നിർദ്ദേശിച്ചത് അതു കൊണ്ടാണ്. ആ നിമിഷം മുതൽ ഗാന്ധിജിയുടെ മനസിൽ കോൺഗ്രസില്ലായിരുന്നു.

അതുൾക്കൊണ്ട വിനോബഭാവയും, ജയപ്രകാശ നാരായണനും, അതു പോലുള്ള യഥാർത്ഥ ഗാന്ധിയന്മാരും കോൺഗ്രസ് രാഷ്ട്രീയം വിട്ടു സ്വന്തമായ വഴികളിലൂടെ നടന്നു. അവർക്കു ഗാന്ധിജിയെപ്പോലെ രാഷ്ട്രത്തെ നയിക്കാൻ കഴിഞ്ഞില്ലെന്നതു വസ്തുതയാണു. പിന്നീട് രാഷ്ട്രീയ പരിസരങ്ങളും മാറി. എങ്കിലും, ഒരിക്കൽ, ഫാഷിസം പിടിമുറുക്കുന്നു എന്നു കണ്ടപ്പോൾ ഇന്ത്യൻ ജനത അഭയം തേടിയത് ഗാന്ധിയനായിരുന്ന സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ നാരായണനിലായിരുന്നു. അതാണ് ഗാന്ധിസത്തിന്റെ സർവ്വകാല പ്രസക്തിക്കുള്ള തെളിവ്. ജെ.പി. ആഹ്വാനം ചെയ്ത സമ്പൂർണ്ണ വിപ്ലവം ഗാന്ധിസത്തിന്റെ മറ്റൊരു പതിപ്പായിരുന്നു. അന്നു ഇന്ദിര ഭയന്നു വിറച്ചു.

സ്വതന്ത്ര ഭാരതം എങ്ങനെയാണു വളരേണ്ടതെന്നതിനേപ്പറ്റി ഗാന്ധിജിക്കൊരു സങ്കല്പമുണ്ടായിരുന്നു. കർമ്മങ്ങളുടെ ആധാരവും അധികാരത്തിന്റെ കേന്ദ്രവും ഗ്രാമങ്ങളായിരിക്കണം. നഗര കേന്ദ്രീകൃത സമൂഹങ്ങൾ വളരുന്നതിനെ ഗാന്ധിജി നിരാകരിച്ചിരുന്നു. യുദ്ധങ്ങൾക്കും ചൂഷണങ്ങൾക്കുമേ അതു ഉപകരിക്കു എന്നു ഉറച്ചു വിശ്വസിച്ചിരുന്നയാളായിരുന്നു ഗാന്ധി. പ്രാദേശിക സ്വതന്ത്ര റിപ്പബ്ലിക്കുകളായ ഗ്രാമസ്വരാജ്യത്തിലായിരുന്നു ഗാന്ധിജിയുടെ പ്രതീക്ഷ. ഇന്ത്യൻ ഗ്രാമങ്ങളുടെ നെഞ്ചിടിപ്പു തൊട്ടറിഞ്ഞ ഗാന്ധിജിയുടെ നിഗമനം ശരിയാണെന്നു പിന്നീട് തെളിഞ്ഞു. പഞ്ചായത്തി രാജ് ബില്ല്, ഗ്രാമീണ ന്യായാലയം, സുസ്ഥിരവികസനമെന്ന പുരോഗമന മാരീചൻ - ചില ഉദാഹരണങ്ങൾ.

അധികാരം താഴെത്തട്ടിൽ നിന്നും തുടങ്ങി പമ്പരത്തിന്റെ മുനപോലെ മുകളിലേക്കുയർന്നു പോകുന്നതാകണം. അതായിരുന്നു ഗാന്ധിജിയുടെ ഭരണസങ്കല്പം. തമ്മിലറിയാവുന്നവർക്കും നിത്യവും പരസ്പരം ബന്ധപ്പെടേണ്ടിവരുന്നവർക്കുമിടയിൽ നിയമത്തിന്റെയും ഗവർണൻസിന്റെയും നൂലാമാലകൾ കുറയും. ചെലവും. അതോടെ പാരസ്പര്യത്തിധിഷ്ഠിതമായ സമഗ്രവികസനവും കൈവരും. ഉപരി സഭകൾ ഗ്രാമ സ്വരാജു ക ളു ടെ ഉപദേശക സഭകൾ മാത്രമായിരിക്കണം. ആ പിരമിഡിന്റെ മുകളറ്റത്തായി വരുന്ന പാർലമെന്റും, നിയമസഭകളും ഗ്രാമങ്ങളിൽ നിന്നുരുത്തിരിഞ്ഞു വരുന്ന ആശയങ്ങൾക്കു ഭരണഘടനാനുമതിയും റിസോഴ്‌സസ് ഒരുക്കിക്കൊടുക്കാനുമുള്ള സ്ഥാപനങ്ങളായി വർത്തിക്കണം. ഉപദേശിക്കാം. ഭരിക്കരുത്. അതായിരുന്നു ഗാന്ധിജി ഉദ്ദേശിച്ചത്. മുകൾത്തട്ടിലുള്ള ഭരണാധികാരികൾക്ക് ബ്രിട്ടീഷ് സാഹിബുമാരെപ്പോലെ പെരുമാറാനോ, ചൂഷണം ചെയ്യാനോ ഉള്ള ഇടം ആ ആ സംവിധാനത്തിലുണ്ടാകില്ല. ഉദ്യോഗസ്ഥർ ഗ്രാമീണ ജനതയുടെ ജനതയുടെ സേവകരായി മാറണം. എന്തുകൊണ്ട് ആ സങ്കല്പം തിരസ്‌കരിക്കപ്പെട്ടു എന്നു ഇനി പ്രത്യേകം വിശദീകരിക്കണോ?

ഗാന്ധിജിയുടെ ആശയങ്ങൾ മുൻനിർത്തി 1942ൽ തന്നെ ശ്രീമൻ നാരായണൻ അഗർവാൾ ഒരു ഭരണഘടന തയ്യാറാക്കി.

സ്വതന്ത്ര ഭാരതത്തിനു ഒരു ഗാന്ധിയൻ ഭരണഘടന - Gandhian Constitution for Free India.

കോൺസ്റ്റിറ്റിയൂഷനൽ അസംബ്ലി രൂപീകരിക്കുന്നതിനു മുൻപുതന്നെ അത് പ്രചാരത്തിൽ വന്നിരുന്നു.1945 ൽ ആദ്യ പതിപ്പ് ഔദ്യോഗികമായി പുറത്തിറങ്ങി.

സ്വതന്ത്ര ഭാരതത്തിനുള്ള ഭരണഘടനയേക്കുറിച്ച് ആദ്യമായി ഒരാശയം മുന്നോട്ട് വക്കുന്നത് റാഡിക്കൽ കമ്മ്യൂണിസ്റ്റായിരുന്ന എം.എൻ.റോയിയാണ്. 1936ൽ. പിന്നീട് കോൺഗ്രസ് അതേറ്റെടുത്തു. അതിന്റെ ചർച്ചകൾക്കിടയിലാണു 'സ്വതന്ത്ര ഭാരതത്തിനുള്ള ഗാന്ധിയൻ ഭരണഘടന' പുറത്തുവരുന്നത്. അതിലെ ആശയങ്ങളും, ഗ്രൌണ്ട് ടു എർത്ത് മെക്കാനിസവും കണ്ട് അപകടം മണത്തിട്ടാവണം വൈസ്രോയി കോൺസ്റ്റിറ്റിയുവന്റ് അസബ്ലി കൂടാനുള്ള അനുമതി പെട്ടെന്നു നല്കി. 1946 ജൂലൈ 6 നു ഭരണഘടനാ സമിതി നിലവിൽ വന്നു. ഇന്ത്യൻ ഭരണഘടന എഴുതിയുണ്ടാക്കി. അതോടെ ഗാന്ധിയൻ ഭരണഘടന അപ്രസക്തവുമായി.

ഗാന്ധിജിയുടെ ഗ്രാമസങ്കല്പം ഉൾക്കൊണ്ടവരായിരുന്നില്ല സ്വാതന്ത്ര്യാനന്തരം ഭാരത്തിന്റെ ഭരണാധികാരികളായത്. സ്വന്തം നിലനിൽപ്പിന്റെ ഭാഗമായി അവർക്ക് ഗാന്ധിയെ തള്ളിക്കളയാനും പറ്റില്ലായിരുന്നു. അതുകൊണ്ട് അവർ ഗാന്ധിയുടെ ആശയങ്ങൾ നടപ്പാക്കാതെ ഗാന്ധിയെ മുദ്രാവാക്യങ്ങളിലൊതുക്കാൻ ശ്രമിച്ചു. മുതലാളിത്തമായിരുന്നു അവരുടെ സഹയാത്രികർ. അതിന്റെ ഭാഗമായ അഴിമതിയിൽ മുങ്ങിക്കുളിച്ചു. ഗ്രാമീണജനതയെ അവഗണിച്ചു. 70 കൊല്ലത്തിനു ശേഷവും ഗ്രാമങ്ങളുടെ സ്ഥിതി കാലാനുസൃതമായി മെച്ചപ്പെട്ടിട്ടില്ല. ഭൂമിയോ തൊഴിലോ വീടോ ഇല്ലാത്ത ഗ്രാമീണർ അനവധിയുണ്ട്. കുടിവെള്ളവും ഭക്ഷണവും കിട്ടാത്തവരും കുറവല്ല. ഗ്രാമങ്ങളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഒരു സർക്കാരിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമാധിഷ്ഠിതമായ രാജ്യത്തിന്റെ സമ്പത്ത് ജനസംഖ്യയുടെ കേവലം 10% വരുന്ന സമ്പന്നരുടെ കയ്യിലേക്കു പോയി. അവർ ഭരണാധികാരികളെ അടിമകളാക്കിവച്ചിരിക്കുകയാണു. എല്ലാറ്റിലുമുപരി ഗ്രാമീണർ പാർശ്വവൽക്കരിക്കപ്പെട്ടു. പൊതുധാരക്കു പുറത്താണവർ. അധികാരം അവരുടെ ഏഴയലത്തില്ല. ആരും അവരെ കേൾക്കുന്നുമില്ല. ഗാന്ധിജിയുടെ ആശങ്ക അസ്ഥാനത്തല്ലായിരുന്നു എന്നു ബോദ്ധ്യപ്പെടുന്നതാണു വർത്തമാനകാല അനുഭവങ്ങൾ.

ഗാന്ധിജിയെ വിസ്മൃതിയിലേക്കു തള്ളുവാനാണു സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ എല്ലാ ഭരണാധികാരികളും ശ്രമിച്ചത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹൃവിന്റെ പേരിൽ 36 പ്രമുഖ സ്ഥാപനങ്ങളുണ്ട്. ഇന്ദിരാഗാന്ധിയുടേയും, രാജീവ് ഗാന്ധിയുടേയും പേരിലുണ്ട്. RSS കാരുടെ പേരിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗാന്ധിഗ്രാം ഒഴിവാക്കിയാൽ ഒരു വിദ്യാഭ്യാസ സ്ഥാപനമെങ്കിലും ഗാന്ധിയുടെ സ്മരണയ്ക്കുണ്ടോ? കേരളത്തിൽ ഒരു സർവ്വകലാശാലയുണ്ട്. പക്ഷെ അതിന്റെ പേരു MG യൂണിവേഴ്‌സിറ്റിയെന്നാണു. ഗാന്ധിജി യൂണിവേഴ്‌സിറ്റിയെന്നല്ല. പിന്നെ ആകെയുള്ളത് ഇന്ത്യയാകമാനം വ്യാപിച്ചുകിടക്കുന്ന തെരുവുപാതകളാണു. MG Road കൾ.

ഒരുകണക്കിനു അതൊരു സൂചനയാണു. റോഡുകൾ.

ഗാന്ധിജിയാണു ഇന്ത്യയുടെ യഥാർത്ഥ വഴി.

നവീകരിച്ച ഗാന്ധിയൻ ഗ്രാമസങ്കല്പം അവതരിപ്പിക്കാനുള്ള കാലമായി. അതിന്റെ ഉത്തരവാദിത്തം പുതുതലമുറയിലാണു. അഴിമതികൊണ്ട് ചെതുക്കിച്ചതും, ആദർശരാഹിത്യം കൊണ്ടുതകർന്നതുമായ രാഷ്ട്രീയ വിഗ്രഹങ്ങൾ കണ്ടുമടുത്ത പുതിയ തലമുറ ആലസ്യത്തിലേക്കു വീഴാതെ അതേറ്റെടുക്കണം. അവർക്കു പ്രചോദനമായും, വെളിച്ചമായും Gandhian Constitution for Free India ഉണ്ട്. ഇന്ത്യൻ ജനതയെ ഗ്രാമീണസ്വാതന്ത്ര്യത്തിലേക്കു നയിക്കുവാനുള്ള ചുമതല ഈ തലമുറയിലെ യുവതിയുവാക്കൾക്കാണു. ഈ ഗാന്ധിസ്മരണാ ദിനത്തിൽ നിങ്ങളെ അതോർമ്മപ്പെടുത്തുന്നു.

ജയ് ഹിന്ദ്.

(അശോക് കർത്ത ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP