Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തിന്റെ നിറുകയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോവുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം; മലിനീകരണം നടത്തി നാടിന്റെ ഭാവിയെ നശിപ്പിക്കാം; സാമ്പത്തിക തട്ടിപ്പ് നടത്താം; നികുതി വെട്ടിക്കാം; സുരക്ഷയില്ലാതെ വ്യവസായശാലകൾ നടത്താം; എന്തിനേറെ പൊതുജനങ്ങളെ വെടിവച്ച് കൊല്ലുകയും ചെയ്യാം; എന്നാൽ ഇവർ ആഫ്രിക്കയിൽ പോലും അതിന് ധൈര്യം കാട്ടുകയില്ല: വേദാന്തയുടെ പൊട്ടുന്ന തോക്കിനെ കുറിച്ച് തന്നെ

ലോകത്തിന്റെ നിറുകയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോവുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം; മലിനീകരണം നടത്തി നാടിന്റെ ഭാവിയെ നശിപ്പിക്കാം; സാമ്പത്തിക തട്ടിപ്പ് നടത്താം; നികുതി വെട്ടിക്കാം; സുരക്ഷയില്ലാതെ വ്യവസായശാലകൾ നടത്താം; എന്തിനേറെ പൊതുജനങ്ങളെ വെടിവച്ച് കൊല്ലുകയും ചെയ്യാം; എന്നാൽ ഇവർ ആഫ്രിക്കയിൽ പോലും അതിന് ധൈര്യം കാട്ടുകയില്ല: വേദാന്തയുടെ പൊട്ടുന്ന തോക്കിനെ കുറിച്ച് തന്നെ

ജയ്കുമാർ എൻ കെ

ഫ്രിക്കൻ ജീവിതത്തിലെ എട്ട് വർഷവും ജോലി ചെയ്തത് സാംബിയയിലെ കൊങ്കോള കോപ്പർ മൈൻസിന്റെ ഖനികളിലായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ, ചെമ്പയിരിന്റെ തുറന്ന ഖനി (ഓപ്പൺ പിറ്റ്) ചിംഗോള എന്ന സാംബിയൻ പട്ടണത്തോട് ചേർന്നാണുള്ളത്. അല്ലെങ്കിൽ ആ ഖനിയോട് ചേർന്നാണ് ചിംഗോള പട്ടണം ഉയർന്നു വന്നത്. ചിംഗോളയിൽ നിന്ന് 25 കിലോമീറ്ററുകൾക്ക് ദൂരെ ചില്ലിലാബോംബ്വെ എന്ന സ്ഥലത്തുള്ള ഖനി സ്ഥിതി ചെയ്യുന്നത് ഭൂനിരപ്പിൽ നിന്ന് ഒന്നര കിലോമീറ്റർ താഴ്ചയിലാണ്. ഇവിടെ നിന്നാകെ ഒരു വർഷം പൊട്ടിച്ചെടുക്കുന്നത് രണ്ട് ദശലക്ഷത്തിലധികം ടൺ ചെമ്പയിരാണ്.

ഈ അയിരിൽ നിന്ന് ചെമ്പ് വേർതിരിച്ചെടുക്കുന്ന രീതി അത്രയധികം കോംപ്ലിക്കേറ്റഡ് ആയതല്ല. നമ്മൾ സ്‌കൂളുകളിൽ പഠിച്ച ഇലക്ട്രോലൈസ് രീതി തന്നെ. കാഥോഡും ആനോഡും ആരും മറന്നിട്ടില്ല എന്ന് കരുതുന്നു. പൊട്ടിച്ചെടുത്ത ചെമ്പടങ്ങിയ പാറക്കഷണങ്ങൾ ക്രഷറിലൂടെ ചെറിയ കഷണങ്ങളായി പൊട്ടിക്കുന്നു. അത് വലിയ മില്ലുകളിലിട്ടരച്ച് ചെളി പ്പരുവമാക്കുന്നു (Slurry). സ്ലറി നിരനിരയായി വച്ചിരിക്കുന്ന ഫ്‌ളോട്ടേഷൻ ടാങ്കുകളിൽ തൈര് കടയുന്നത് പോലെ കടയുന്നു. തൈരിൽ നിന്ന് വെണ്ണ പുറത്ത് വരുന്നത് പോലെ കോപ്പർ എക്‌സ്ട്രാക്റ്റ് പുറത്ത് വരുന്നു. അതിൽ കോപ്പർ മാത്രമല്ല, കൊബാൾട്ട്, നിക്കൽ, കുറച്ച് സ്വർണം തുടങ്ങിയവയും അടങ്ങിയിരിക്കും. ഈ എക്‌സ്ട്രാക്റ്റ് പിന്നീട് തിക്‌നിങ് എന്ന പ്രൊസസ്സിലൂടെ കടത്തി അതിലടങ്ങിയ ജലാംശം കുറെക്കൂടി നീക്കം ചെയ്യും. വിസ്താരമേറിയ ആഴം കുറഞ്ഞ പല പല കള്ളികളായി തിരിച്ച ടാങ്കിലെ സൾഫ്യൂരിക് ആസിഡിൽ പോസിറ്റീവ് ചാർജു വരുന്ന കോപ്പർ ഓറും ( ആനോഡ് ) നെഗറ്റീവ് ചാർജ് ബന്ധിപ്പിച്ച ചെമ്പ് പ്ലേറ്റും (കാഥോഡ് )വയ്ക്കുന്നു. വൈദ്യുതി പ്രവഹിക്കുമ്പോൾ കോപ്പർ തന്മാത്രകൾ കാഥോഡിലേക്ക് ആകർഷിക്കപ്പെടുകയും കനം കൂടിയ ചെമ്പ് തകിട് രൂപപ്പെടുകയും ചെയ്യുന്നു. ഈ രീതി പരമ്പരാഗതമായി ചെയ്ത് വരുന്നു.

ആധുനിക രീതിയിൽ ഇലക്ട്രൈലസ് ഒഴിവാക്കിയും ചെമ്പ് വേർതിരിച്ചെടുക്കുന്നുണ്ടണ്ട്. തിക്‌നിങ് പ്രോസസ്സ് കഴിഞ്ഞ കോപ്പർ എക്‌സ്ട്രാക്റ്റ് ഫർണസിലെ 2500 ഓളം ഡിഗ്രി ചൂടിലൂടെ കടത്തി മോൾട്ടൻ ലിക്വിഡ് അവസ്ഥയിലെത്തിക്കുന്നു. വീണ്ടും വെവ്വേറെ ഫർണസുകളിലൂടെ കടത്തി അതിലടങ്ങിയ ഇരുമ്പ്, സൾഫർ, കൊബാൾട്ട് മറ്റ് ലോഹങ്ങൾ മുതലായവ നീക്കി 99% ചെമ്പടങ്ങിയ ഒരു ടണ്ണോളം ഭാരമുള്ള ബ്ലോക്കുകളാക്കി മാറ്റുന്നു. ഈ പ്രോസസ്സിനെ സ്‌മെൽട്‌നിങ് എന്നും ഇത് നടത്തുന്ന ഏരിയായ മൊത്തമായി സ്‌മെൽട്ടർ എന്നും വിളിക്കുന്നു. കോപ്പർ ബൽറ്റ് എന്ന് പേരുള്ള സാംബിയയിലെ പ്രൊവിൻസിൽ KCM ന് രണ്ട് സ്‌മെൽട്ടർ ഉണ്ട്. ചിംഗോളയിലെ ന്ഞ്ചങ്ക സ്‌മെൽട്ടറും കിറ്റ് വേ എന്ന നഗരത്തിലെ ന്കാന സ്‌മെൽട്ടറും. ശ്രദ്ധിക്കുക, ഇരുപത് ലക്ഷം ടൺ ചെമ്പയിരാണ് ഈ രണ്ട് സ്‌മെൽട്ടറിലൂടെ ശുദ്ധീകരിച്ചെടുക്കപ്പെടുന്നത്. ഒരു ചോദ്യം, നിങ്ങളുടെ ഊഹത്തിൽ എത്ര കണ്ട് പരിസര മലിനീകരണം ഈ പ്ലാന്റുകൾ ഉണ്ടാക്കുന്നുണ്ടാവാം? നാം കൊച്ചി വ്യവസായ മേഖലയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും പരിസര മലിനീകരണത്തോത് കണക്കിലെടുത്ത് ഈ പ്ലാന്റുകളും വൻതോതിൽ പരിസര മലിനീകരണം നടത്തുന്നുണ്ട് എന്ന് കരുതിയാൽ അത് തെറ്റാവും. താരതമ്യേന വളരെക്കുറവ് മലിനീകരണമേ ഈ പ്ലാന്റുകൾ ചെയ്യുന്നുള്ളൂ ഇതിന്റെ തൊട്ടടുത്ത് തന്നെയാണ് ടൗൺഷിപ്പ്. നാലഞ്ച് ലക്ഷത്തോളം ജനങ്ങൾ ഈ പ്ലാന്റുകൾക്ക്, ഖനികൾക്ക് ചുറ്റും താമസിക്കുന്നു. കാര്യമായ പൊല്യുഷ്യനാലുള്ള രോഗങ്ങളില്ല.. എന്റെ ഓർമ്മയിൽ പ്ലാന്റിൽ നിന്ന് ഒരു മണം പുറത്തേക്കനുഭവപ്പെട്ടിട്ടില്ല. പ്ലാന്റിൽ നിന്നും നൂറ് മീറ്ററുടുത്ത് വരെ ജനവാസമുണ്ട്.

ഈ കൊങ്കോള കോപ്പർ മൈൻസിന്റെ (KCM) മാതൃ സ്ഥാപനം ഏതാണെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. വേദാന്ത റിസോഴ്‌സസ് അതേ, ഇപ്പോൾ ബ്രീട്ടീഷ് പൗരനായിരിക്കുന്ന അനിൽ അഗർവാളിന്റെ സ്വന്തം വേദാന്ത. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റും, രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ സിങ്കും, അരുൺ ഷൂരി വിറ്റ് തുലച്ച ബാൽകോയും, സെസ്സ ഗോവയും സ്വന്തമാക്കിയ അതേ വേദാന്ത. പരിസര മലിനീകരണത്തിന്റെ പേരിൽ ഇന്ത്യയിൽ കുപ്രസിദ്ധിയാർജിച്ച വേദാന്ത! മലിനീകരണം നിർത്തണമെന്നാവശ്യപ്പെട്ട ജനങ്ങളെ വെടി വെച്ച് കൊന്ന വേദാന്ത.

വേദാന്തയുടെ സാംബിയയിലെ സ്‌മെൽട്ടറുകളിൽ നിന്ന് വളരെയധികം രാസവസ്തുക്കൾ ഉപോത്പന്നങ്ങളായി ഉണ്ടാകുന്നുണ്ട്, അതിലധികം മാലിന്യങ്ങളും. പക്ഷേ മാലിന്യ നിർമ്മാർജ്ജനത്തിനായി, മലിനീകരണം തടയാനായി വളരെ സജ്ജീകരണങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്. മൈനുകളിൽ നിന്നും സ്‌മെൽട്ടറിൽ നിന്നും പുറത്ത് വരുന്ന വെള്ളത്തിൽ നിന്ന് 99.5% സൾഫറും ശുദ്ധീകരിച്ചെടുക്കാൻ മാലിന്യ നിർമ്മാർജ്ജന പ്ലാന്റുകൾക്കാവുന്നുണ്ട്. ഫർണസിൽ നിന്നുയരുന്ന പുക ന്യൂട്രലൈസ് ചെയ്യാനും വേദാന്തയക്കാവുന്നുണ്ട്. തൂത്തുക്കുടിയിൽ നിന്ന് ഡപ്യൂട്ടേഷനിൽ പോയ ഉദ്യോഗസ്ഥരാണ് ഈ KC M ന്റെ ടോപ് മാനേജ്‌മെന്റ്. അവിടെ നിന്ന് തിരിച്ച് തൂത്തുക്കുടിക്കും. എങ്ങനെയാണ് മലിനീകരണം തടയേണ്ടത് എന്ന് വേദാന്തക്കറിയാഞ്ഞിട്ടല്ല. അതിന്റെ ആവശ്യം ഇന്ത്യയിലില്ല എന്ന് തീരുമാനിച്ചിട്ടാണ്.

ഇന്ത്യയിൽ വേദാന്ത മലിനീകരണ നിയന്ത്രണങ്ങളിൽ ശ്രദ്ധ പുലർത്താത്തതിനും സാംബിയയിൽ ശ്രദ്ധ പുലർത്തുന്നതിനും കാരണമുണ്ട്. സാംബിയയിൽ മലിനീകരണ നിയന്ത്രണം സ്റ്റാറ്റിയൂട്ടറിയാണ്. ഇന്ത്യയിലെപ്പോലെ അത് സാം ഏട്ടിലെപ്പശുവല്ല സാംബിയ ഭരിക്കുന്നവർക്ക് അതിൽ ശ്രദ്ധയുണ്ട്. നയമുണ്ട്. ശക്തമായ നിയമങ്ങളുണ്ട്. നിയമം ലംഘിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കാൻ ഇങ്ങേയറ്റം മുനിസിപ്പൽ ഭരണാധികാരികൾ തുടങ്ങി പ്രൊവിൻസ് അധികാരികളും, രാഷ്ട്രത്തലവൻ വരെയുള്ള ശക്തമായ മെക്കാനിസമുണ്ട്. അവർ മലിനീകരണം ശക്തമായി മോണിട്ടറിങ് ചെയ്യുന്നുണ്ട്. നടപടികൾ എടുക്കാറുണ്ട്. മൈനിങ് അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയാണെങ്കിലും ഗവൺമെന്റ് നിക്ഷേപകരെ കയറൂരി വിട്ടിട്ടില്ല. നിക്ഷേപകർക്ക് ഗവൺമെന്റിനെ ഭയമുണ്ട്.

ഇന്ത്യയിലെക്കാൾ കൂടുതൽ അഴിമതിയുള്ള സാംബിയ . പക്ഷേ അവിടെ പൊതു ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ അവർ അത് കാണിക്കില്ല. ഒരു അനിൽ അഗർവാളിന്റെ വാടകക്കൊലയാളികളുടെ തോക്കും ജനങ്ങളുടെ നേരേ പൊട്ടില്ല. പിന്നാക്ക രാജ്യമാണെങ്കിലും, നിരക്ഷരരും , അന്ധവിശ്വാസികളും, ഏയിഡ്‌സ് രോഗികളും, അഴിമതിക്കാരായ ഉദ്യോഗസ്ഥ രാഷ്ടീയക്കാരും നിറഞ്ഞ രാജ്യമാണെങ്കിലും സാംബിയയിൽ ജനങ്ങൾക്ക് വേണ്ടി ചോദിക്കാൻ സർക്കാരുണ്ട്. വേണ്ടി വന്നാൽ തങ്ങളുടെ പ്ലാന്റ് ഗവൺമെന്റ് ഏറ്റെടുത്തു കളയും എന്ന ഭയം ഇന്ത്യനും, ചൈനീസുമായ എല്ലാ നിക്ഷേപകർക്കുണ്ട്. അതുകൊണ്ട് വലിയ ഫ്രോഡ് പരിപാടിക്ക് ഒരു ഇൻവെസ്റ്ററും മുതിരില്ല.

പക്ഷേ ലോകത്തിന്റെ നിറുകയിലേക്ക് കാലെടുത്ത് വയ്ക്കാൻ പോവുന്നു എന്നവകാശപ്പെടുന്ന ഇന്ത്യയിൽ ഒരു ആഗോള നിക്ഷേപകന് എന്ത് ചെറ്റത്തരവും ചെയ്യാം. മലിനീകരണം നടത്തി നാടിന്റെ ഭാവിയെ നശിപ്പിക്കാം, സാമ്പത്തിക തട്ടിപ്പ് നടത്താം, നികുതി വെട്ടിക്കാം, വേണ്ടത്ര സുരക്ഷയില്ലാതെ വ്യവസായശാലകൾ നടത്താം. എന്തിനേറെ പൊതുജനങ്ങളെ വെടിവച്ച് കൊല്ലുകയും ചെയ്യാം. ആര് ചോദിക്കാൻ? സംസ്ഥാന സർക്കാരുകൾ, കേന്ദ്ര സർക്കാരുകൾ എല്ലാം അവരുടെ താളത്തിന് തുള്ളുന്ന സർക്കസ് കുരങ്ങുകൾ മാത്രം.

അതുകൊണ്ട് ഇനിയും തോക്കുകൾ ഉയരും , ജനങ്ങളുടെ ഹൃദയം ഭേദിച്ച് വെടിയുണ്ടകൾ പായുകയും ചെയ്യും. ഒരു ശക്തമായ ഭരണക്രമം , ഭരണാധികാരി ഉണ്ടാവുന്നത് വരെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP