Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾക്കറിയുമോ സർ നിങ്ങൾ ഇപ്പോൾ കണ്ട ലഹോറിലെ പായുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യമുണ്ടല്ലോ, അതിലെ ഒരു കുട്ടി ഞാനാണ്. ഒപ്പം ഓടുന്നവർ എന്റെ അച്ഛനമ്മമാരാണ്; ആ ദൃശ്യത്തിനടുത്താണ് നിറയെ മുറികളുള്ള ഞങ്ങളുടെ വീട്; കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ചരിത്രനഗരമാണ് ഡൽഹി: കവി അൻവർ അലിയുടെ കുറിപ്പ്

നിങ്ങൾക്കറിയുമോ സർ നിങ്ങൾ ഇപ്പോൾ കണ്ട ലഹോറിലെ പായുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യമുണ്ടല്ലോ, അതിലെ ഒരു കുട്ടി ഞാനാണ്. ഒപ്പം ഓടുന്നവർ എന്റെ അച്ഛനമ്മമാരാണ്; ആ ദൃശ്യത്തിനടുത്താണ് നിറയെ മുറികളുള്ള ഞങ്ങളുടെ വീട്; കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ചരിത്രനഗരമാണ് ഡൽഹി: കവി അൻവർ അലിയുടെ കുറിപ്പ്

അൻവർ അലി

2019 മെയ്‌ മാസത്തിൽ, ഒരു വാട്ട്‌സ്ആപ് ഗ്രൂപ്പിൽ ഡൽഹി എന്ന പ്രിയനഗരത്തെക്കുറിച്ച് യാദൃച്ഛികമായി എഴുതിയ ഒരു കുറിപ്പ് ഇപ്പോൾ ഇവിടെ ഇടാൻ തോന്നുന്നു.

എന്റെ ഡൽഹി
(മെയ്‌ 24, 2019)

കൂട്ടക്കൊലകളുടെ ചോരമണം മാറാത്ത ചരിത്രനഗരമാണ് ഡൽഹി. വിഭജനകാലത്തിന്റെ പൊറ്റപിടിച്ച ഓർമ്മകൾക്കടിയിൽ ചിലപൊറുക്കാവ്രണങ്ങൾ ഉണ്ടെന്ന് ശരിക്കും തിരിഞ്ഞത് 1998 - 99 കാലത്ത് ഡൽഹിയിലെ ഗലികളിൽ താമസിച്ചപ്പോൾ. അന്നത്തെ ഒറ്റയ്ക്കു നടപ്പുകൾക്കിടയിൽ അറിയാതെ പൊന്തിയ ഒരു വരി 'ചോരപ്പശിമയിലിടതൂർന്നു നിവർന്ന മരുന്നറകൾ...'. ഡൽഹിയിൽ വണ്ടിയിറങ്ങുമ്പോഴെല്ലാം ആ വരി നായ പോലെ ഉള്ളിൽ ഓളിയിടും.

ഒരിക്കൽ മാക്‌സ്മുള്ളർ ഭവനിൽ ഒരു ഡോക്യു വർക്ക്‌ഷോപ്പിൽ യാദൃശ്ചികമായി പങ്കെടുത്തു. നെഹ്‌റു- ഗാന്ധി Dynasty യെക്കുറിച്ച് ബി.ബി.സി. നിർമ്മിച്ചഡോക്യുമെന്ററിയുടെ പ്രദർശനശേഷമുള്ള ചർച്ച നടക്കുകയാണ്. വർക്ക്‌ഷോപ്പ് നയിച്ച ജർമ്മൻ ക്രിട്ടിക് വിഭജനകാലത്തെ പക്ഷപാതരഹിതമായി വിശദീകരിക്കുകയായിരുന്നു. പെട്ടെന്ന്, ഉടലാസകലം ക്ഷോഭസങ്കടങ്ങളോടെ എഴുന്നേറ്റു നിന്ന് ഒരു വയോവൃദ്ധൻ അലറി: ' നിങ്ങൾക്കറിയുമോ സർ നിങ്ങൾ ഇപ്പോൾ കണ്ട ലഹോറിലെ പായുന്ന ആൾക്കൂട്ടത്തിന്റെ ദൃശ്യമുണ്ടല്ലോ, അതിലെ ഒരു കുട്ടി ഞാനാണ്. ഒപ്പം ഓടുന്നവർ എന്റെ അച്ഛനമ്മമാരാണ്. ആ ദൃശ്യത്തിനടുത്താണ് നിറയെ മുറികളുള്ള ഞങ്ങളുടെ വീട്. ' അയാൾ ഒരു കുഞ്ഞിനെപ്പോലെ കരയാൻ തുടങ്ങി. അടുത്തിരുന്ന ഒരു വയോവൃദ്ധ, ഭാര്യയായിരിക്കണം, അയാളെ വലിച്ച് കസേരയിലിരുത്തി. അവരിരുവരും കരച്ചിലിനെക്കാൾ ദയനീയമായ രണ്ടു പുഞ്ചിരികളാൽ തമ്മിൽ നോക്കി നോക്കി മൗനത്തിലേക്ക് സമരസപ്പെടുന്നതു കണ്ട് തൊട്ടുപിന്നിലാണ് ഞാനിരുന്നത്. ചായയ്ക്ക് പിരിഞ്ഞപ്പൊ പോയി മുട്ടി. പ്രതീക്ഷിച്ച പോലെ പഞ്ചാബി ഹിന്ദുവിന്റെ ഉണങ്ങാമുറിവുകളായിരുന്നു രണ്ടുപേരും. അദ്ദേഹം അത്യാവശ്യം വായനയൊക്കെയുള്ളയാൾ. മുസ്ലിം പേരുള്ള എന്നോട് പതിവ് 'പഞ്ചാബിഹിന്ദു' അകലമില്ലാതെ ഇരുവരും സംസാരിച്ചു. ഞാൻ അദ്ദേഹത്തോട് ഹബീബ് തൻവീറിന്റെ ചരൺ ദാസ് ചോർ എന്ന നാടകത്തെക്കുറിച്ചു സൂചിപ്പിച്ചു. വിഭജനകാലത്ത്, പഞ്ചാബിന്റെ പാക്കിസ്ഥാൻ കഷണത്തിലൊരിടത്ത് ഒരു വീട്ടിൽ ഒറ്റപ്പെട്ടു പോയ ഹിന്ദുവായ വൃദ്ധനെ പുതിയ മുസ്ലിം താമസക്കാർ സംരക്ഷിച്ചതിന്റെ കഥയാണ് ചരൺ ദാസ് ചോർ. അദ്ദേഹം അത് വായിക്കാമെന്നും പക്ഷേ, നാട്ടിൽ നിന്ന് ഓടിച്ചവരോട് മരിക്കും വരെ പൊറുക്കാനാവില്ലെന്നും....

ഇരുവരും മരിച്ചിട്ടുണ്ടാവും. വിഭജനത്തിന്റെ ഇരകളെങ്കിലും മുസ്ലീങ്ങൾ അവർക്ക് ശത്രുവായിരുന്നില്ല. പക്ഷേ അവരുടെ മക്കളും ചെറുമക്കളും ഹിന്ദുത്വ രാഷ്ട്രവാദത്തിന്റെ വോട്ട് ബാങ്കിലെ ചില്ലറത്തുട്ടുകളായി വളർന്ന് വലിയ കറൻസികളായി മാറിയിട്ടുണ്ടാവാം. അതിനാണ് സാധ്യത കൂടുതൽ.

പുരാണക് കിലയിലെ - പലകാലഡൽഹികളിലെയും - കരിങ്കൽക്കെട്ടുകൾക്കിടയിലും കാണും ഖബറടങ്ങിയ നിലവിളികളുടെ നിരവധി ആത്മാക്കൾ. പ്രകാശിതീതവേഗത്തിൽ പിന്നിലേക്ക് സഞ്ചരിപ്പിക്കുന്ന ഉടായിപ്പ് നിലവിൽ വന്നിരുന്നെങ്കിൽ, നമക്ക് അതുങ്ങടെ നിലവിളിമീറ്ററിലും പാട്ടും കവിതയുമൊക്കെ എഴുതാമായിരുന്നു, അല്ലേ?

എന്തുവന്നാലും, വിസയെടുത്തു പോവേണ്ടി വന്നാലും ശരി, ഡൽഹി എന്റെ പ്രിയനഗരം. എന്ത് റിസ്‌കെടുത്തും ഞാൻ പോവും. സഫ്ദർജംഗ് പാർക്കിലെ തണലുകളിൽ ഉമ്മ വച്ചിരിക്കുന്ന ഗ്രീഷ്മയൗവ്വനങ്ങൾക്കിടയിൽ, സൂഫിശീലുകൾ കടലപ്പൊതിയാക്കി വിറ്റു നടക്കും... ങാ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP