Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഞങ്ങൾ യാത്രക്കാർ അദാനിക്കൊപ്പമേ നില്ക്കൂ; അത്യാധുനിക സംവിധാനത്തോടെയുള്ള എയർപോർട്ട് ഏതൊരു യാത്രക്കാരന്റെയും ചോയ്സാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഞങ്ങൾ യാത്രക്കാർ അദാനിക്കൊപ്പമേ നില്ക്കൂ; അത്യാധുനിക സംവിധാനത്തോടെയുള്ള എയർപോർട്ട് ഏതൊരു യാത്രക്കാരന്റെയും ചോയ്സാണ്; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തിന് എതിരായി സംസ്ഥാന സർക്കാരും, എയർപോർട്ട് എംപ്ലോയീസ് യൂണിയനും നൽകിയ ഹർജി ബഹു : കേരള ഹൈക്കോടതിയും തള്ളി. രാവിലെ അറിഞ്ഞ ഈ വാർത്ത തരുന്നത് നല്ലൊരു പോസിറ്റീവ് ഫീലാണ്.ഇതാന്ന് ജനഹിതം. ഒരു ജില്ലയിലെ ജനത ഒട്ടാകെ ആഹ്ലാദിക്കുന്ന ദിവസമാണിന്ന്. ഒരു കാലത്ത് അറബിപ്പൊന്ന് സ്വപ്നം കണ്ട് മരുഭൂമിയിലേയ്ക്ക് പ്രയാണം നടത്തിയിരുന്ന പ്രവാസി മലയാളികളെ സ്വപ്നസാക്ഷാത്ക്കാരത്തിലെത്തിച്ചിരുന്ന വിമാനത്താവളമായിരുന്നു തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളം.

തെക്കനെന്നോ വടക്കനെന്നോ ഉള്ള കിന്നരിയില്ലാതെ ഗൾഫുക്കാരൻ മലയാളിയെന്ന ഒറ്റ ലേബലിൽ പൊന്നുവാരാൻ കൊതിക്കുന്ന കാസർകോഡുകാരനെ മുതൽ പാറശ്ശാലക്കാരനെ വരെ സ്വപ്നഭൂമികയിലെത്തിച്ച ഇടം അവഗണനയുടെ തീരാക്കടലിൽ മുങ്ങിത്താഴുന്നതിന് കഴിഞ്ഞ കുറേ നാളുകളായി സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇവിടുത്തെ ഓരോരുത്തരും. അതുകൊണ്ട് തന്നെ ഒരു ശാപമോക്ഷം ലഭിക്കുന്നതിന്റെ ഫീലാണ് ഇന്നത്തെ ഹൈക്കോടതി ഇടപെടൽ ഈ വിമാനതാവളത്തിനു നല്കുന്നത്.

തിരുവനന്തപുരം എയർപോർട്ടിൽ എമിഗ്രേഷന്റെ നൂലാമാലകൾ പറഞ്ഞ് പല യാത്രക്കാരുടെയും യാത്ര തടയുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ പലപ്പോഴും അതിനു സാക്ഷിയായിട്ടുമുണ്ട്. എമിഗ്രേഷൻ നിയമങ്ങളിലെ യാത്രികർക്കുള്ള അറിവില്ലായ്മയെ അപമാനിക്കുന്ന തരത്തിലാണ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം. എമിഗ്രേഷനിലുള്ളവരുടെ ഇത്തരം സമീപനങ്ങൾ യാത്രക്കാരെ മറ്റ് എയർപോർട്ടുകൾ വഴി യാത്രചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇവിടെ നിന്നും ഓഫ്‌ളോഡ് ആകുന്ന (എമിഗ്രേഷൻ ക്ലിയറൻസ്) യാത്രക്കാരൻ കൊച്ചിയിൽ നിന്നോ, കോഴിക്കോട് നിന്നോ സുഖമായി യാത്ര ചെയ്യുന്നു. ഇന്ത്യയിൽ എല്ലായിടത്തും എമിഗ്രേഷൻ നിയമങ്ങൾ ഒന്നെന്നിരിക്കേ തിരുവനന്തപുരത്ത് നിന്ന് മാത്രം യാത്രക്കാർക്ക് പോകാൻ കഴിയാത്തതിനു പിന്നിൽ ഒത്തുക്കളിയുണ്ട്. ഈ എയർപോർട്ടിനെ മനഃപൂർവ്വം പ്രശ്നങ്ങളിലേയ്ക്ക് തള്ളിവിടുന്നതിനുപിന്നിൽ വൻകളികളുണ്ടെന്ന് സാരം.

തിരുവനന്തപുരം എയർപോർട്ടിൽ ഡ്യൂട്ടിഫ്രീഷോപ്പ് നിർത്തലാക്കിയിട്ട് രണ്ടിലേറേ വർഷങ്ങളായി. അതുപോലെ തന്നെ കുഞ്ഞുങ്ങളുമായി ഒറ്റയ്ക്ക് ഇവിടെ വന്നിറങ്ങുന്ന സ്ത്രീകൾക്കും ഇവിടെ നിന്നും യാത്രചെയ്യേണ്ട സ്ത്രീകൾക്കും പോർട്ടർ സർവ്വീസ് ലഭിക്കുന്നില്ല. ലഗേജും കൈക്കുഞ്ഞുങ്ങളുമായി വന്നിറങ്ങുന്നവർ ശരിക്കും പെടാപ്പാട് പെടുന്നു. വിമാനത്താവള വികസനം ലോകോത്തര നിലവാരത്തിൽ നടന്നില്ല, കാർഗോ പൂട്ടി. റൺവേയുടെ ലൈസൻസ് പോലും താൽക്കാലികമാണ്.

നിലവിൽ കേരളത്തിലെ ഏറ്റവും ചെറിയ എയർപോർട്ടെന്ന നിലയിലേയ്ക്ക് തിരുവനന്തപുരം വിമാനത്താവളം മാറ്റപ്പെട്ടണമെന്നത് പലരുടേയും വാശിയാണെന്ന് എത്രയോ വട്ടം തോന്നിയിട്ടുണ്ട്. ഒരു സംസ്ഥാന തലസ്ഥാനം എന്ന പരിഗണന കൂടി ഇല്ലാതെ എയർപോർട്ടിന് വേണ്ടി തമ്മിൽ തല്ലുന്ന ഇവിടുത്തെ ഭരണപക്ഷത്തെ കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. സ്വകാര്യവല്ക്കരണത്തിനു വിടില്ലായെന്നു പറഞ്ഞു കോടതിയിൽ പോയി. ഇത്രയും വർഷമായി വികസനം ഇല്ലാതെ കിടന്ന ഈ എയർപോർട്ട് കേരള സർക്കാരിന്റെ കയ്യിൽ കിട്ടി എന്ത് വികസനമാണ് കാണിക്കാൻ പോകുന്നതെന്ന് പൊതുജനത്തിനു പ്രത്യേകിച്ച് ഓരോ തിരുവനന്തപുരത്തുക്കാരനും അറിയാം.

എയർപോർട്ട് വികസനത്തിന്റെ പേരിൽ 2008ൽ തുടങ്ങിയ സ്ഥലമെടുപ്പ് 2020 ലും നീക്കുപോക്കാവാതെ നില്ക്കുന്നത് നമ്മൾ കാണുന്നതല്ലേ. പഴയ പഠനം നിലനിർത്തി 18 ഏക്കർ കഥയും പറഞ്ഞു സർക്കാർ ഇരിക്കുന്നതല്ലാതെ സ്ഥലം ഏറ്റെടുക്കലോ എന്തിന് വിജ്ഞാപനം പുറപ്പെടുവിക്കലെങ്കിലും നടത്താൻ കഴിഞ്ഞോ? കേരളത്തിലെ ആദ്യത്തെ വിമാനത്താവളമിന്ന് വാർത്തകളിൽ നിറയുന്നത് കള്ളക്കടത്തിന്റെയും സ്വർണ്ണക്കടത്തിന്റെയും പ്രധാനതാവളമായി മാത്രമല്ലേ? സ്വകാര്യവല്ക്കരണത്തിനെതിരെ സമരം ചെയ്യാൻ മുന്നിട്ടിറങ്ങിയ യൂണിയൻ തൊഴിലാളികൾ 1500 ലധികം സർവീസ് വെറും മൂന്ന് വർഷങ്ങൾ കൊണ്ട് ഇവിടം നിന്നും നിറുത്തിയകാര്യം അറിഞ്ഞതായി ഭാവിച്ചതുമില്ല, പ്രതികരിച്ചുമില്ല.

വിമാനത്താവളത്തിലെ ഉപഭോക്താക്കൾ യാത്രക്കാരാണ്. അവരുടെ സൗകര്യത്തിനും ആവശ്യങൾക്കുമാവണം സർക്കാർ പ്രഥമപരിഗണന നല്കേണ്ടതും നോക്കേണ്ടതും. സംസ്ഥാനം 600 കോടിയുടെ വികസനം വിമാനത്താവളത്തിന് പ്രഖ്യാപിച്ചപ്പോൾ ഇതേ എയർപോർട്ടിന്റെ വികസനം ഏറ്റെടുക്കാൻ നടക്കുന്ന അദാനി ഗ്രൂപ്പ്‌ 1500 കോടിയുടെ വികസനം പ്രഖ്യാപിക്കുന്നു. സ്വാഭാവികമായി എയർപോർട്ട് ഉപയോഗിക്കുന്നവരായ ഞങ്ങൾ യാത്രക്കാർ അദാനിക്കൊപ്പമേ നില്ക്കൂ. കാരണം അത്യാധുനികസംവിധാനത്തോടെയുള്ള എയർപോർട്ട് ഏതൊരു യാത്രക്കാരന്റെയും ചോയ്സാണ്. ഇവിടെ ഞങ്ങൾ യാത്രികർ രാഷ്ട്രീയം അല്ല വികസനം മാത്രം ആണ് നോക്കുന്നത്. സ്വന്തം നാട്ടിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉണ്ടായിട്ടും മറ്റുള്ള വിമാനത്താവളത്തെ ആശ്രയിച്ചു പ്രവാസ ജീവിതത്തിലേക്ക് പോകുന്നവരുടെയും തിരിച്ചുമുള്ള അവസ്ഥ മനസിലാക്കേണ്ടത് സംസ്ഥാനസർക്കാരാണ് . കേന്ദ്രമല്ല.

എന്തിനാണ് അദാനിക്ക് തന്നെ എയർപോർട്ട് വികസനം കൊടുക്കുന്നത് എന്ന് ചോദിക്കുന്നവർ മറന്നുപ്പോകുന്ന അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്ന ചിലത് കൂടി പറയട്ടെ. നമ്മുടെ രാജ്യത്ത് ഒരു ലേലം വിളി നടക്കുമ്പോൾ നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന വ്യക്തിക്ക്/കമ്പനിക്ക് ആണ് കരാർ കൈമാറുന്നത്, അല്ലാതെ രണ്ടാം സ്ഥാനത്ത് വന്നവർക്ക് അല്ല. വിമാനത്താവളത്തിന്റെ ലേലത്തിൽ അദാനിയുടെ കമ്പനി ഒന്നാം സ്ഥാനത്ത് വന്നു. അത്‌ കൊണ്ട് കരാർ ആ കമ്പനിക്ക് നൽകാൻ തീരുമാനിച്ചു. അതിലെന്തിന് സർക്കാർ കോടതിയിൽ പോകണം? അപ്പോൾ ഈ സർക്കാർക്ക് പ്രധാനം ജനസേവനമല്ല; നോക്കുന്നത് ജനഹിതവുമല്ല. വെറും പച്ചയായ രാഷ്ട്രീയവൈരം മാത്രം.

അദാനിയുടെ 5 വിമാനത്താവളങ്ങൾ കൂട്ടിയിണക്കിയുള്ള സർവീസുകളുണ്ടായാൽ തിരുവനന്തപുരത്തിന് കുതിപ്പുണ്ടാകും. മാത്രമോ സ്വകാര്യ പങ്കാളിയുണ്ടായാൽ അടിസ്ഥാന സൗകര്യ വികസനകുതിപ്പും ലോകോത്തര സൗകര്യങ്ങളുമുണ്ടാവും. കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസുകൾ തുടങ്ങാം, കണക്ഷൻ സർവീസുകളും കൂടും. സ്വകാര്യവത്കരണത്തിന്റെ ഭാഗമായി കൂടുതൽ അന്താരാഷ്ട്ര വിമാനങ്ങൾ വിമാനത്താവളത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കുന്നു. സഞ്ചാരികളുടെ വരവിന്റെ ഒഴുക്കിനനുസരിച്ച് ടിക്കറ്റ് ഇളവുകൾ പ്രഖ്യാപിക്കാൻ വിമാനക്കമ്പനികൾ നിർബന്ധിതരാകും ഇതു കാരണം കേരള ടൂറിസത്തിന് സംഭവിക്കാൻ പോകുന്ന നേട്ടം സ്വപ്‌നം കാണുന്നതിനുപ്പുറമാവും .തിരുവനന്തപുരം ജനതയും പ്രവാസികളും ഒന്നടങ്കം വിമാനത്താവളം അദാനി ഗ്രൂപ്പിൽ സ്വകാര്യവൽക്കരണം നടത്താൻ കൂടുതൽ ആഗ്രഹിക്കുന്നു അതിന് ഒരുമിച്ചു നിൽക്കുന്നു. കേരള സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് ഒരു കമ്പനി രൂപീകരിച്ചു എയർപോർട്ട് ഏറ്റെടുത്താൽ കൂടുതൽ നന്നാവുകയും ചെയ്യും.

ഇന്ത്യയിലെ ആദ്യത്തെ പിപിപി മോഡൽ സ്റ്റേഡിയം വന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ട് നഷ്ടമാണോ ലാഭമാണോ നമുക്കുണ്ടായത്?  പിപിപി മോഡൽ നഗര റോഡ് ഇന്ത്യയിൽ ആദ്യമായി വന്നത് തിരുവനന്തപുരം നഗരത്തിൽ ആണ്. അത് വിജയമായതുകൊണ്ടല്ലേ കോഴിക്കോട് നടപ്പിലാക്കുന്നത്. ? വിഴിഞ്ഞം തുറമുഖം കഴിഞ്ഞ 25 വർഷമായി മുടങ്ങി കിടന്ന പദ്ധതിയാണ്. കേരളത്തിലെ പ്രശ്നങ്ങൾ അതിജീവിച്ചു ആ പദ്ധതി യാഥാർഥ്യം ആകുകയാണ്.വിഴിഞ്ഞത്ത് പണികൾ അതിവേഗം പുരോഗമിക്കുന്നത് നമ്മൾ കാണുന്നതല്ലേ? അതുപോലെ തന്നെയാവും ഇതുമെന്നു നൂറ്റൊന്നുശതമാനം ഉറപ്പുള്ളതുക്കൊണ്ടാണ് ഓരോ തിരുവനന്തപുരത്തുക്കാരനും അദാനിഗ്രൂപ്പിന്റെ ഏറ്റെടുക്കൽ ആഗ്രഹിക്കുന്നത്; അംഗീകരിക്കുന്നത്. ഇത് തിരുവനന്തപുരത്തിന്റെ വിജയം. തിരുവനന്തപുരത്തെ ജനങ്ങളുടെ താല്‌പര്യത്തിന് മുൻഗണന നല്കിയ ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് അഭിവാദ്യങ്ങൾ ഉയരങ്ങളിലേക്ക് കുതിച്ചു ഉയരട്ടെ നമ്മുടെ തിരുവനന്തപുരം വിമാനത്താവളവും !

NB: സുപ്രീം കോടതി ആയിരുന്നെങ്കിൽ അത് അദാനിയുടെ കോടതി എന്നെങ്കിലും പറയാമായിരുന്നു. ഇതിപ്പോ ഹൈക്കോടതി ആയിപ്പോയല്ലോ എന്നൊരു നിലവിളി അവിടവിടെ തട്ടിച്ചിതറുന്നുണ്ട്. അത് സാരമാക്കണ്ടാ!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP