Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്; വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്; വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക; ഇ ശ്രീധരന്റെ രാഷ്ട്രീയ പ്രവേശന വിവാദത്തെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ഇന്ത്യയിൽ ഒരു പൗരന് ഏത് രാഷ്ട്രീയപ്പാർട്ടിയിലും ചേരാനും പ്രവർത്തിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ ഇ. ശ്രീധരൻ എന്ന ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെക്നോക്രാറ്റ് ഒരു രാഷ്ട്രീയപ്പാർട്ടിയോട് തനിക്ക് ആഭിമുഖ്യം ഉണ്ടെന്നു തുറന്നുപ്പറയുന്നു. അതോടെ അതുവരെ അദ്ദേഹത്തെ വന്ദിച്ചിരുന്ന സകലമാന ലിബറൽ - സെക്ക്യൂലർ മൈൻസുകളും അദ്ദേഹത്തെ നിന്ദിക്കാനും തുടങ്ങുന്നു. ഇതൊക്കെ സംഭവിക്കുന്നത് അങ്ങ് വടക്കേയിന്ത്യയില്ലൊന്നുമല്ല. അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി 24 x 7 നിലക്കൊള്ളുന്നുവെന്നു സമർത്ഥിക്കുന്ന സമത്വസുന്ദര പ്രബുദ്ധമതേതര കേരളത്തിലാണ്. ഒരാളുടെ മതവും രാഷ്ട്രീയവും അയാളുടെ മാത്രം സ്വകാര്യതയും, തീരുമാനവുമാണെന്നിരിക്കെ ഇ. ശ്രീധരനെതിരെ പടവാളെടുക്കുന്നവർ തികഞ്ഞ അസഹിഷ്ണുതാവാദികളും ഫാസിസ്റ്റുകളുമാണെന്നു പറയേണ്ടി വരും. ആ നിലയിൽ നിലവിൽ ഏറ്റവും കൂടുതൽ അസഹിഷ്ണുക്കളും ഫാസിസ്റ്റുകളുമുള്ളത് കേരളത്തിലാണെന്ന് അംഗീകരിക്കേണ്ടിയും വരും.

ബോധമുറച്ച നാൾ മുതൽ രാഷ്ട്രീയക്കളരിയിൽ മണലെഴുത്ത് നടത്തി ഹരിശ്രീ കുറിച്ചവർ മാത്രമാണ് ഈ കേരളത്തിൽ രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ഇ. ശ്രീധരൻ എന്ന ഇതിഹാസത്തെ വിമർശിക്കാൻ ഇടതു-വലതുപക്ഷക്കാർക്ക് അവകാശമുണ്ടെന്നു വയ്ക്കാം. അങ്ങനെ അധികാരത്തിലേറി അഴിമതിയുടെ കറ പുരളാതെ സംശുദ്ധ രാഷ്ട്രീയ ജന സേവനം നടത്തുന്നവർ മാത്രമാണ് ഇവിടെ ഭരിച്ചതും ഭരിക്കുന്നതുമെങ്കിൽ നിങ്ങൾക്ക് പറയാം ഇ. ശ്രീധരനെ പോലൊരു മികച്ച ടെക്നോക്രാറ്റിനു ചേർന്ന ഒന്നല്ല രാഷ്ട്രീയപ്രവേശമെന്ന് . എന്നാൽ അങ്ങനെയാണോ ഇവിടെ സംഭവിക്കുന്നത്. ? ഒരു സമരത്തിനിടെ വഴിയേ നടന്നുപ്പോകുമ്പോൾ ലാത്തിയടി വാങ്ങുന്നവൻ വരെ പിറ്റേ ദിവസം മുതൽ നേതാവിന്റെ കുപ്പായം തുന്നിയിടുന്ന നാടാണിത്. അച്ഛൻ നേതാവയതിന്റെ പേരിലോ , അപ്പൂപ്പൻ മന്ത്രിയായതിന്റെ പേരിലോ നേതാവിന്റെ പെട്ടി താങ്ങി നടന്ന വകയിലോ ഒക്കെ സീറ്റു നോക്കി നടക്കുന്ന അധികാരമോഹികളുടെ നാടാണിത്. അപ്പുറത്തെ കണ്ടവും ഇപ്പുറത്തെ കണ്ടവും സമർത്ഥമായി ചാടി ചാടി കാലു വാരൽ കലാപരിപാടിയായി കൊണ്ടുനടക്കുന്ന നേതാക്കന്മാരെ വരെ അരിയിട്ടുവാഴിക്കുന്ന നാടാണിത്. ആ നാട്ടിലാണ് രാഷ്ട്രനിർമ്മാണത്തിൽ മറ്റാർക്കും കഴിയാത്ത വിധം തനതായ,മഹത്തായ സംഭാവന നല്കിയ ഒരു കർമ്മയോഗി പ്രൊഫഷണലിസവും സാമൂഹ്യചരിത്രബോധവും ആവോളമുള്ള ഒരു ഇതിഹാസപുരുഷൻ തന്റെ രാഷ്ട്രീയം തുറന്നുപ്പറഞ്ഞതിന്റെ പേരിൽ പരിഹാസ്യനാകുന്നത്. ഇരട്ടത്താപ്പിന്റെ ലീബറൽ - സെക്ക്യൂലർ വേർഷനാണിത്.

ഇന്ത്യൻ റെയിൽവേയുടെ ഇതിഹാസപുരുഷൻ എന്ന നിലയിൽ സഫലമായ ഇ. ശ്രീധരന്റെ ജീവിതം ഒരു സർവ്വകലാശാലയാണ്. ഗൂഗിൾ സെർച്ചിൽ ഇ. ശ്രീധരൻ എന്നു കുറിച്ച് നല്കുന്ന ഒറ്റ തിരച്ചിലിൽ അഞ്ചര ലക്ഷത്തിലേറെ ഫലസൂചനകളാണ് സ്ക്രീനിലേക്കു വന്നുവീഴുന്നത്. അതിൽ വിക്കിപീഡിയയിലെ ശ്രീധരന്റെ ജീവചരിത്ര കുറിപ്പ് മുതൽ ദേശീയ ചാനലുകളിൽ വന്ന എണ്ണമറ്റ അഭിമുഖങ്ങൾ വരെയുണ്ട്. പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ മാത്രം ലക്ഷം കോടിയിലേറെ രൂപയുടെ നിർമ്മാണപ്രവർത്തനങ്ങളാണ് ഇ. ശ്രീധരൻ ഏറ്റെടുത്ത് പൂർത്തിയാക്കിയത്. അതിൽ ഒന്നിന്റെ പേരിൽപോലും അദ്ദേഹത്തിനെതിരെ ഒരാക്ഷേപവും ഉയർന്നിട്ടില്ലെന്ന് അറിയുക മനുഷ്യരേ.

കോമൺവെൽത്ത് ഗെയിംസിന്റെ പേരിൽ ഡൽഹിയിൽ നടന്ന തൂപ്പുജോലി കരാറിൽപ്പോലും ദശലക്ഷങ്ങളുടെ അഴിമതി നടന്നത് നാം കണ്ടതാണ്.അതേ മാമാങ്കത്തിന് മുന്നോടിയായാണ് 24,000 കോടി ചെലവഴിച്ച് ഡൽഹി മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണം നടന്നത്. ഇ. ശ്രീധരനായിരുന്നു അതിന്റെ ചുമതല. കോമൺവെൽത്ത് അഴിമതിക്ക് കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ ജയിലിലായപ്പോഴും ആരോപണലേശമേല്ക്കാതെ പൂർത്തിയായ ഏക പദ്ധതിയും ഡൽഹി മെട്രോ നിർമ്മാണമായിരുന്നു.

പടിഞ്ഞാറൻ തീരത്ത് തിരതുള്ളുന്ന അറബിക്കടലിനും അതിന് അഭിമുഖമായ പശ്ചിമഘട്ടത്തിനും നടുവിലൂടെ തെക്ക് മംഗലാപുരം മുതൽ വടക്ക് മഹാരാഷ്ട്രയിലെ റോഹ വരെ 760 കിലോമീറ്റർ റെയിൽപ്പാതയുടെ നിർമ്മാണത്തിൽ നേരിട്ട വെല്ലുവിളികൾക്ക് സമാനതകളില്ല. ബ്രിട്ടീഷ് ഭരണകാലം മുതൽ അസാധ്യമെന്ന തലക്കെട്ടിനു കീഴിൽ കടലാസിൽ ഒതുങ്ങിപ്പോയ പദ്ധതി എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞൊതുക്കി പൂർത്തിയാക്കാൻ ശ്രീധരനു വേണ്ടിവന്നത് വെറും ഏഴു വർഷവും മൂന്നു മാസവും മാത്രം. അവിടെ പണമായിരുന്നില്ല പ്രശ്നം. ദുർഘടമായ നിർവഹണം തന്നെയായിരുന്നു. മൂന്നു സംസ്ഥാനങ്ങളിലൂടെ എന്നതിനേക്കാൾ പരസ്പരവൈരുധ്യം പുലർത്തിയ നാലു രാഷ്ട്രീയവ്യവസ്ഥിതിയിലൂടെയായിരുന്നു കൊങ്കൺപാതയുടെ ദീർഘമായ അലൈന്മെന്റ്. സ്വതഃസിദ്ധമായ നയചാതുരിയാൽ എതിർപ്പുകളുടെ മുനയൊടിച്ച് എല്ലാവരെയും യോജിപ്പിന്റെ ഒറ്റ നൂലിൽ ഇണക്കി ശ്രീധരൻ ആ എഞ്ചിനീയറിങ് അദ്ഭുതം രാജ്യത്തിന്റെ പടിഞ്ഞാറെ അതിരിൽ സ്ഥാപിച്ചു.

ശ്രീധരൻ കെട്ടിയുയർത്തിയ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ-കൊങ്കൺ റെയിൽവേ കോർപ്പറേഷനും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും-പൊതുമേഖലാ സംരംഭങ്ങളെക്കുറിച്ചുള്ള പരമ്പരാഗത ധാരണകൾക്ക് അപവാദമായി മാറി. സ്വകാര്യ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കുപോലും മാതൃകയായ ഡി.എം.ആർ.സിയുടെ സ്ഥാപനമൂല്യങ്ങൾ മനപ്പാഠമാക്കാൻ അമേരിക്കയിലെ സ്റ്റാൻസ്ഫോർഡ് ഗ്രാജ്വേറ്റ്സ് സ്കൂളും ലണ്ടൻ യൂണിവേഴ്സിറ്റിയും ഉൾപ്പെടെ ലോകത്തെ ഇരുപതോളം സർവകലാശാലകളിൽനിന്ന് മാനേജ്മെന്റ് വിദ്യാർത്ഥികൾ വരിനിന്നു.

ഔദ്യോഗികജീവിതത്തിൽ ഇ. ശ്രീധരനെതിരെ കച്ചകെട്ടിയിറങ്ങിയവർക്ക് അവരുടെതായ ന്യായങ്ങളുണ്ടായിരുന്നു. ശ്രീധരന്റെ അസാന്നിധ്യത്തിൽ രൂപപ്പെടുന്ന അവിശുദ്ധബാന്ധവത്തിലൂടെ മറിയുന്ന കോടികളുടെ കമ്മീഷൻ പണമെന്ന മനപ്പായസമുണ്ട് സർക്കാറും ഭരണനേതൃത്വവും അവർക്ക് അങ്കത്തുണയായത് പലവട്ടം നമ്മൾ പലയിടത്തായി കണ്ടതാണ്. കൊച്ചി മെട്രോയിൽനിന്ന് പുകച്ചുചാടിക്കാൻ ഒളിവിലും തെളിവിലും പൊടിപാറിയ പോര് നമ്മൾ കണ്ടതാണല്ലോ.ലോകബാങ്കും ജപ്പാൻ ധനകാര്യ ഏജൻസിയും മുതൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ വരെയുള്ളവയുടെ തിട്ടൂരങ്ങളും പൊക്കിയെടുത്ത് ഉന്നത ബ്യൂറോക്രസിയുടെ ചാവേറായിരുന്നു മുന്നണിയിൽ. എന്നിട്ടെന്ത് സംഭവിച്ചുവെന്നത് ചരിത്രം .

യാതൊരു ഉളുപ്പുമില്ലാതെ ഉടുപ്പ് മാറും പോലെ പാർട്ടി മാറുന്ന രാഷ്ട്രീയക്കാരെക്കാൾ എനിക്ക് ഏറെ ബഹുമാനം മെട്രോമാനെപ്പോലെ തനിക്കു ഇഷ്ടമുള്ള പാർട്ടിയിൽ ചേരുന്നുവെന്ന് ചങ്കുറപ്പോടെ പറയുന്ന രാഷ്ട്രശില്പികളെയാണ്. ഭഗവത്ഗീതയിൽ ശ്രീകൃഷ്ണൻ അർജുനനോടു പറയുന്നുണ്ട്: ‘‘അർജുനാ, മൂന്നു ലോകങ്ങളിൽ നിന്നും എനിക്കു കിട്ടാത്തതായോ കിട്ടേണ്ടതായോ യാെതാന്നും തന്നെയില്ല. എന്നിട്ടും ഞാൻ കർമം ചെയ്തുകൊണ്ടിരിക്കുന്നു. എന്തെന്നാൽ കർമം ചെയ്യാതിരുന്നാൽ നശിച്ചുപോകും.’’ ഇ. ശ്രീധരനും ഇത്തരമൊരു നില കൈവന്നിരിക്കുന്നുവെന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ലോകത്തുനിന്നും അദ്ദേഹത്തിനു കിട്ടാത്തതായോ കിട്ടേണ്ടതായോ യാതൊന്നും തന്നെയില്ല. എങ്കിൽപ്പോലും ഈ എൺപത്തിയെട്ടാം വയസ്സിലും ഇ. ശ്രീധരൻ കർമം ചെയ്യാനൊരുങ്ങിക്കൊണ്ടേയിരിക്കുന്നു. അദ്ദേഹത്തെപ്പോലെയുള്ള മഹദ്വ്യക്തികളാണ് രാഷ്ട്രീയത്തിനാവശ്യം. നമ്മിലുള്ള വില കുറഞ്ഞ രാഷ്ട്രീയവിധേയത്വം വച്ച് , അധമബോധം വച്ച് അദ്ദേഹത്തെപ്പോലൊരാളെ വിമർശിക്കാൻ മുതിരാതിരിക്കുക. ആ കർമ്മയോഗിയെ വന്ദിച്ചില്ലെങ്കിൽ കൂടി നിന്ദിക്കാതിരിക്കുക. കാരണം രാഷ്ട്രനിർമ്മാണപ്രക്രിയയിൽ ഒരു മണൽത്തരിയെടുത്ത് വയ്ക്കുന്നതുപ്പോലും പുണ്യപ്രവൃത്തിയായിരിക്കെ പാമ്പൻ പാലം പുനർനിർമ്മാണം മുതൽ കൊച്ചി മെട്രോ വരെയുള്ള പദ്ധതികളിലൂടെ രാജ്യത്തെ മുന്നോട്ടുനടത്തിച്ചയാളെ രാഷ്ട്രശില്പിയെന്നല്ലാതെ മറ്റെന്തുകൊണ്ടാണ് അടയാളപ്പെടുത്തേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP