Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202121Tuesday

മനസ്സു കൊണ്ട് ഒരു ലിംഗത്തിൽ ജീവിക്കുമ്പോൾ എതിർലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച് നമ്മളിൽ എത്രപേർ മനസ്സിലാക്കാറുണ്ട്? കൊടിയ ശാരീരികപ്രയാസങ്ങൾ തുറന്നു പറഞ്ഞിട്ടും നമ്മളെന്തു ചെയ്തു? അനന്യയുടെ ആത്മഹത്യയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

മനസ്സു കൊണ്ട് ഒരു ലിംഗത്തിൽ ജീവിക്കുമ്പോൾ എതിർലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച് നമ്മളിൽ എത്രപേർ മനസ്സിലാക്കാറുണ്ട്? കൊടിയ ശാരീരികപ്രയാസങ്ങൾ തുറന്നു പറഞ്ഞിട്ടും നമ്മളെന്തു ചെയ്തു? അനന്യയുടെ ആത്മഹത്യയെ കുറിച്ച് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

അനന്യയുടെ ആത്മഹത്യ ഏറ്റവും വേദനയോടെയാണ് വായിച്ചറിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്താണ് അനന്യയെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. പിന്നീട് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ ആ വീഡിയോയിലൂടെയും . താൻ കടന്നു പോകുന്ന ഭീകരമായ ശാരീരികാവസ്ഥയെ കുറിച്ച് വേദനയോടെ, എന്നാൽ ചങ്കൂറ്റത്തോടെ സംസാരിക്കുന്ന അനന്യ എന്തിനിത് ചെയ്തുവെന്ന് ചോദിക്കുന്നില്ല. കാരണം അത്തരമൊരു ചോദ്യം ചോദിക്കാൻ എനിക്കെന്തവകാശമാണുള്ളത് ? 

ഒരു വർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയുടെ പിഴവാണ് താൻ ഇന്നനുഭവിക്കുന്ന കൊടിയ ശാരീരികപ്രയാസങ്ങളെന്ന് ആശുപത്രിയുടെ പേരും ഡോക്ടറുടെ പേരും സഹിതം ഉറക്കെ തുറന്നുപറഞ്ഞു കൊണ്ട് രംഗത്ത് വന്നൊരു ട്രാൻസ് വുമൺ. എന്നിട്ട് നമ്മളെന്തു ചെയ്തു? ഒരു കൗതുകത്തിനപ്പുറം ആ വീഡിയോയ്ക്ക് , അത് അഡ്രസ്സ് ചെയ്യുന്ന പ്രശ്‌നത്തിലേയ്ക്ക് എന്തെങ്കിലും ചർച്ചയോ സംവാദമോ ഉണ്ടായോ ? ഒന്നുമില്ല ! കാരണം അത് വെറും ഒരു ട്രാൻസിനെ ബാധിക്കുന്ന പ്രശ്‌നം മാത്രമായിരുന്നു ഈ പൊതു സമൂഹത്തിന് . ആൺ- പെൺ എന്ന ദ്വന്ദത്തിനു ചുറ്റും കറങ്ങുന്ന സമൂഹം മൂന്നാമതൊരു വിഭാഗത്തെ, അവരുടെ നിലനിൽപ്പിനെ തന്നെ പാടെ അവഗണിക്കുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അനന്യ .

ക്ലബ് ഹൗസ് സംവാദങ്ങളിൽ പോലും അനന്യ അഡ്രസ്സ് ചെയ്ത വളരെ വലിയ പ്രശ്‌നത്തിനു ചെറിയ പ്രതികരണമാണുണ്ടായത്. ട്രാൻസ്‌ജെൻഡറുകൾക്കായി നയങ്ങളും നിയമങ്ങളും അക്കമിട്ട് നിരത്തുമ്പോഴും അവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ സാരമായ വ്യതിചലനങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ലായെന്ന് ഇടതിടങ്ങളിലെ വിപ്ലവസിംഹങ്ങൾ വരെ ഇവരെ ശിഖണ്ഡിയെന്നു വിളിച്ചാക്ഷേപിക്കുന്നതിൽ നിന്നും മനസ്സിലാക്കാം. ട്രാൻസ് കമ്മ്യൂണിറ്റിയെ ശരിക്കുമൊരു ടൂൾ കിറ്റായിട്ടുപയോഗിക്കുകയാണ് രാഷ്ട്രീയ നേതൃത്വം . അതവരൊട്ട് മനസ്സിലാക്കുന്നുമില്ല.

അനന്യയുടെ ആത്മഹത്യ കവർ ചെയ്ത മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളുമൊന്നും അനന്യ ആരോപണം ഉന്നയിച്ച ആശുപത്രിയുടെ പേരും ഡോക്ടറുടെ പേരും പറയുന്നില്ല.സ്വകാര്യ ആശുപത്രിയെന്ന ലേബലു കൊണ്ട് യഥാർത്ഥ കുറ്റക്കാരെ പൊതുസമൂഹത്തിനു മുന്നിൽ ഒളിപ്പിക്കുകയാണ് അവർ. 2020 ലാണ് ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ എന്ന പേരിൽ തന്റെ ലിംഗഭാഗത്തെ വെട്ടിക്കീറുകയാണ് ഡോക്ടർ ചെയ്തതെന്നും അനന്യ തുറന്നു പറഞ്ഞിരുന്നു. റെനൈ മെഡിസിറ്റി എന്ന ആശുപത്രി പേര് പോലും തുറന്നുപറയാൻ മടിക്കുന്ന മാധ്യമങ്ങളും പൊതുസമൂഹവും എന്ത് നീതിയാണ് ആ കുട്ടിക്ക് മരണാനന്തരം നല്കുക ?
പുരുഷന് സ്ത്രീയാകാൻ വലിയ കടമ്പകളുണ്ട്. നിരവധി ഘട്ടങ്ങൾ കടന്നാണ് ശസ്ത്രക്രിയ എന്ന തലത്തിലേയ്ക്ക് എത്തേണ്ടത്.

മാനസികമായ കൗൺസിലിങ്ങുകളും ഹോർമോൺ ചികിത്സയും ഒക്കെ ആദ്യം ഇതിനു വേണ്ടി നൽകാറുണ്ട്. എല്ലാം അതിജീവിച്ചു അവസാനമാണ് ലിംഗ പരിവർത്തനം നടത്തുക. ലിംഗമാറ്റം അതീവ സങ്കീർണ്ണമാണ്. ഗുരുതരമായ മാനസിക-ശാരീരിക പ്രതിസന്ധികളിലൂടെയാണ് ലിംഗമാറ്റത്തിനു വിധേയമായവരുടെ മുന്നോട്ടുള്ള ജീവിതം. വജൈനോപ്ലാസ്റ്റി എന്നത് ഒരൊറ്റ ശസ്ത്രക്രിയയിലൂടെ നേടാൻ കഴിയുന്ന ഒന്നല്ല . പൂർണ്ണമായും സ്ത്രീയായി മാറുന്നത് വരെ ഫോളോ അപ്പുകളും ശസ്ത്രക്രിയകളും മുടങ്ങാതെ ചെയ്യേണ്ടതുണ്ട്. അണുബാധ വരാതെ നോക്കേണ്ടതുണ്ട്. ലിംഗമാറ്റത്തിനുമുമ്പ് പ്രോട്ടോകോൾ പ്രകാരം ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കൗൺസിലിംഗിൽ ഈ വിഷയം ഡോക്ടർമാർ ബോധ്യപ്പെടുത്തണം എന്നതാണ് ചട്ടം.

ആൺ ശരീരത്തിനുള്ളിൽ തുടിക്കുന്ന പെൺമനസ്സുമായി ഇനി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ലെന്നു വന്നപ്പോൾ, ഒരു ദിവസമെങ്കിൽ ഒരു ദിവസം തനിക്ക് താനായി ജീവിക്കണമെന്ന് തോന്നുകയും ആ ലക്ഷ്യത്തിനു വേണ്ടി വിശപ്പും ദാഹവും മറന്ന്, ചെയ്യാവുന്ന ജോലികൾ എല്ലാം ചെയ്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വേണ്ടുന്ന പണം സമ്പാദിക്കുകയും ചെയ്ത ഒരാളാണ് അനന്യ. അത്രമേൽ ജീവിതത്തെ അവൾ സ്‌നേഹിച്ചിരുന്നു. ഒരു പാട് പ്രതീക്ഷകൾ പേറിയാണ് അവൾ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. പക്ഷേ ആ പ്രതീക്ഷകൾക്ക് പകരം കൊടും വേദന പകരമായെത്തിയിട്ടും പോരാടാനുറച്ച ഒരുവൾ ഇന്നലെ രാത്രി അത്രമേൽ ജീവിതം മടുത്തിട്ടായിരിക്കുമോ മടങ്ങിപ്പോയത് ?

ആണായിട്ട് ജനിച്ചാൽ ആണായി ജീവിച്ചാൽ പോരെ എന്ന് പരിഹസിക്കുന്ന, പതിനെട്ടാം നൂറ്റാണ്ടിൽ നിന്ന് വണ്ടികിട്ടാത്ത കുറേപ്പേരുണ്ട് നമ്മുടെ സമൂഹത്തിൽ ഇപ്പോഴും . അവർക്ക് ഒരുപക്ഷേ ഇവരുടെ പ്രശ്‌നങ്ങൾ മനസ്സിലാകണമെന്നില്ല. പക്ഷേ പ്രബുദ്ധതയുടെയും പുരോഗമനത്തിന്റെയും മേലങ്കിയണിഞ്ഞ ബുദ്ധിജീവി വർഗ്ഗം എത്രത്തോളം ഇവരുടെ പ്രശ്‌നങ്ങളെ മനസ്സിലാക്കുന്നുണ്ട് ? എത്രയോ ട്രാൻസ് ജെൻഡറുകളുടെ കൊലപാതകങ്ങൾ ഒരു തുമ്പുമില്ലാതെ തെളിയാതെ കിടപ്പുണ്ട്. ഈ ലോക്ക് ഡൗൺ സമയത്ത് ഒരു വീട്ടിൽ മരിച്ച് മൂന്ന് ദിവസം കഴിഞ്ഞ് പുഴുവരിച്ച് കിടന്ന ശ്രീ ധന്യയെന്ന ട്രാൻസിനു വേണ്ടി ഒരു വരി കുറിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല ഇവിടെ .

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ്. അപരശരീരവുമായി ജീവിക്കുകയെന്നത് അത് അനുഭവിക്കുന്നവർക്കു മാത്രം മനസ്സിലാവുന്ന കാര്യമാണ്. മനസ്സു കൊണ്ട് ഒരു ലിംഗത്തിൽ ജീവിക്കുമ്പോൾ എതിർലിംഗത്തിന്റെ ശരീരം പേറുന്നവരെക്കുറിച്ച്, അവരുടെ വ്യഥകളെ കുറിച്ച് നമ്മളിൽ എത്രപേർ പൂർണ്ണമായി മനസ്സിലാക്കാറുണ്ടെന്നത് ഒരു ചോദ്യമാണ്. സ്വത്വത്തോടും സമൂഹത്തോടുമുള്ള പോരാട്ടത്തിൽ യാതനകൾ മാത്രം അഭിമുഖീകരിക്കുന്ന ട്രാൻസ്‌ജെൻഡർ വിഭാഗം അടിച്ചമർത്തപ്പെടുന്നവർക്ക് മുന്നിൽ എന്നും ഒരു തുറന്ന പാഠപുസ്തകമാണ്. പക്ഷേ ആ പാഠപുസ്തകത്തെ വെറുതെ അടച്ചുവച്ച് വെറുമൊരു രാഷ്ട്രീയ ടൂൾ കിറ്റാക്കുന്നു അഭിനവ കേരളം. പുസ്തകം തുറന്നു വായിച്ചാലല്ലേ ഏടുകൾക്കുള്ളിലെ പൊള്ളുന്ന അനുഭവങ്ങൾ ഗുണപാഠമാക്കാൻ കഴിയൂ ! പക്ഷേ അതിന് ആർക്ക് നേരം ? എന്ത് ചേതം?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP