Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡുദാന നടപടിയിൽ! സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡുദാന നടപടിയിൽ! സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

2018ൽ ദേശീയ ചലച്ചിത്ര അവാർഡുകളിൽ 10 എണ്ണം രാഷ്ട്രപതി റാംനാഥ് കോവിന്ദും ശേഷിച്ചതു കേന്ദ്ര മന്ത്രിയും വിതരണം ചെയ്തതിന്റെ പേരിൽ ചടങ്ങു ബഹിഷ്‌കരിച്ച പുരോഗമനവാദികളായ സിനിമാക്കാരേ, നിങ്ങൾക്ക് ലജ്ജ തോന്നുന്നില്ലേ കേരള സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാർഡുദാന നടപടിയിൽ ! അതുണ്ടാവില്ലെന്നറിയാം. കാരണം ഇവിടെ ഏറാന്മൂളികളായി കുനിഞ്ഞു കുമ്പിട്ടു താണുവണങ്ങി അടിമപ്പണി ചെയ്യുമ്പോൾ ഷെൽഫിൽ വന്നു നിറയുന്നത് അവാർഡുകളും പ്രശസ്തിപത്രങ്ങളും കനിഞ്ഞരുളി തമ്പ്രാൻ നല്കുന്ന പദവികളുമാണല്ലോ !

അന്ന് നാഷണൽ അവാർഡ് രാഷ്ട്രപതിയുടെ കൈയിൽ നിന്നും നേരിട്ടു വാങ്ങണമെന്നു ശഠിച്ച് അവാർഡു ചടങ്ങ് ബഹിഷ്‌കരിച്ച കലാകാരന്മാരേ, കലാകാരികളേ ഇവിടെ ഒരു മേശമേൽ നിരത്തി വച്ച അവാർഡുഫലകങ്ങൾ പേരു വിളിക്കുമ്പോൾ ചെന്ന് മുഖ്യമന്ത്രിയിൽ നിന്നോ സാംസ്‌കാരിക വകുപ്പ് മന്ത്രിയോ മറ്റേതെങ്കിലും മന്ത്രിയോ തരാതെ ഓഫീസ് സ്റ്റാഫുകളിൽ നിന്നും ഏറ്റുവാങ്ങിയപ്പോൾ നിങ്ങൾക്ക് ആത്മനിന്ദ തോന്നിയില്ലേ? സിനിമയിൽ തുല്യതയ്ക്കും സമത്വത്തിനും വേണ്ടി വാദിച്ചിരുന്ന പെൺസിംഹങ്ങളൊക്കെ എവിടെപ്പോയി?

അന്നു ഫാൽക്കെ അവാർഡ് ഉൾപ്പെടെ പ്രധാന അവാർഡുകൾ രാഷ്ട്രപതി വിതരണം ചെയ്തു. എന്നാൽ ഇവിടെ അതിനു തുല്യമായ ജെ.സി.ഡാനിയേൽ അവാർഡ് പോലും സ്വന്തം കൈ കൊണ്ട് എടുത്തു കൊടുക്കാൻ മുഖ്യമന്ത്രി തയാറായില്ല. ജെ.സി.ഡാനിയേൽ അവാർഡ് ഏറ്റുവാങ്ങാൻ സംവിധായകൻ ഹരിഹരനെ പോലെ മുതിർന്നൊരു ഒന്നാന്തരം കലാകാരൻ എത്താതിരുന്നതു നന്നായി. അല്ലെങ്കിൽ ജീവിതകാലം സിനിമയ്ക്കായി നീക്കിവച്ച ആ മഹാപ്രതിഭയൊക്കെ ഈ രീതിയിൽ അപമാനിക്കപ്പെട്ടതിന്റെ ആത്മനിന്ദയിൽ വെന്തുരുകിയേനേ. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു ഗ്ലൗസ് ഇട്ടു മുഖ്യമന്ത്രിക്ക് അവാർഡുകൾ വിതരണം ചെയ്യാമായിരുന്നു.അല്ലെങ്കിൽ അദ്ദേഹം മാറി നിന്നു മറ്റു മന്ത്രിമാരെ കൊണ്ടു വിതരണം ചെയ്യിക്കാമായിരുന്നു. ചെയ്തില്ല ! അതാണ് നമ്പർ 1 പ്രബുദ്ധകേരളത്തിലെ നിലവിലെ സാംസ്‌കാരികത .

ഈ രീതിയിൽ ചടങ്ങു നടത്തി പേരെടുക്കുന്നതിനേക്കാൾ ഭേദം അവാർഡുകൾ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരുന്നു. സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ പ്രതീക്ഷയോടെ അഭിമാനത്തോടെ എത്തിയവരായിരുന്നു തങ്ങളെന്നും ആ തങ്ങളെ ഇങ്ങനെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുന്നുവെന്നും അന്ന് ഉച്ചത്തിൽ വിളിച്ചുകൂവിയ നിലപാടിന്റെ റാണി പാർവ്വതി തിരുവോത്തിന്റെയും ഫഹദിന്റെയുമൊക്കെ അഭിപ്രായം ഈ വിഷയത്തിൽ എന്തായിരിക്കുമെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അന്ന് സപ്പോട്ട കൊടുത്തവരൊക്കെ ഇന്ന് പേരില്ലാപേരയ്ക്ക അണ്ണാക്കിൽ തിരുകി ഇരിക്കുകയാണ്.

ഇതു പോലൊരു ചടങ്ങിൽ വിളിച്ചുവരുത്തി , മേശമേലിരിക്കുന്ന അവാർഡു ഫലകം ഓണാഘോഷത്തിനു കമുക് കയറ്റത്തിനും ബണ്ണ് കടിക്കും ഫസ്റ്റ് കിട്ടുമ്പോൾ വരിവരിയായി നിന്ന് വാങ്ങുന്നതു പോലെ വാങ്ങിയിട്ടും അതു മോശമാണെന്ന് തുറന്നു പറയാനുള്ള തന്റേടവും ആർജ്ജവവും കാണിക്കാത്ത നിങ്ങളാണോ ഇവിടുത്തെ സാംസ്‌കാരിക നായികാനായകന്മാർ ?

സോഷ്യൽ മീഡിയ വഴി വിപ്ലവം വാരി വിതറി സമൂഹത്തെ ഉദ്ധരിക്കാനിറങ്ങുന്ന നിങ്ങൾക്കെല്ലാം ജീവിതത്തിൽ കെട്ടിയാടേണ്ടി വരുന്നത് മുളമൂട്ടിൽ അടിമകളുടെ റോളാണല്ലോ !അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് ശില്പങ്ങൾ ജേതാക്കളുടെ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ തിരിച്ചറിയുക ആ ശില്പങ്ങൾ നിങ്ങളുടെ ഇരട്ടത്താപ്പിന്റെ അടയാളപ്പെടുത്തലുകൾ കൂടിയാണെന്ന യാഥാർത്ഥ്യം. മഹത്തായ ഇന്ത്യൻ അടുക്കളയിലെ പ്രധാന നടന്നൊക്കെയാണല്ലോ കമാന്നൊരക്ഷരം ഉരിയാടാതെ മേശമേൽ നിരത്തി വച്ച അവാർഡു ശില്പം ഓഫീസ് സ്റ്റാഫുകളിൽ നിന്നുംഏറ്റുവാങ്ങിയതെന്നോർക്കുമ്പോഴാണ് ഈ നവോത്ഥാനത്തിന്റെ മാനമൊക്കെ ഇടിഞ്ഞു വീഴുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP