Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കേരളത്തിൽ ജാതീയതയുണ്ട്, ദളിത് ആക്ടിവിസ്റ്റുകൾ സ്വയം ദലിതരെന്ന ലേബലിൽ ചാപ്പകുത്തി പറയുന്ന സവർണ്ണജാതിയതയല്ല; മറിച്ച് ഒരു വിഭാഗം മനുഷ്യരെ ജാതിക്കുടത്തിൽ അടച്ച് അതിന്മേൽ നിധികാക്കുന്ന ഭൂതങ്ങളെ പോലെ ഇരിക്കുന്ന ജാതി-രാഷ്ട്രീയ സംഘടനകൾക്ക് ഉള്ളിലാണ്; അവർ ജാതിവാൽ മുറിക്കാതെ സമുദായത്തിന്റെ ആഢ്യത്വം പേറിയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിൽ സവർണ്ണത കാണില്ല; വിമോചനസമരം നയിച്ച പട്ടം താണുപിള്ളയിൽ കൃത്യമായി കാണും; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

കേരളത്തിൽ ജാതീയതയുണ്ട്, ദളിത് ആക്ടിവിസ്റ്റുകൾ സ്വയം ദലിതരെന്ന ലേബലിൽ ചാപ്പകുത്തി പറയുന്ന സവർണ്ണജാതിയതയല്ല; മറിച്ച് ഒരു വിഭാഗം മനുഷ്യരെ ജാതിക്കുടത്തിൽ അടച്ച് അതിന്മേൽ നിധികാക്കുന്ന ഭൂതങ്ങളെ പോലെ ഇരിക്കുന്ന ജാതി-രാഷ്ട്രീയ സംഘടനകൾക്ക് ഉള്ളിലാണ്; അവർ ജാതിവാൽ മുറിക്കാതെ സമുദായത്തിന്റെ ആഢ്യത്വം പേറിയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിൽ സവർണ്ണത കാണില്ല; വിമോചനസമരം നയിച്ച പട്ടം താണുപിള്ളയിൽ കൃത്യമായി കാണും; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, പ്രബുദ്ധതയെന്ന വാക്ക് വെറും അലങ്കാരമാക്കിയ കേരളത്തിൽ ജാതീയത ആയുധമാക്കുന്നത് പേരിനൊപ്പം ജാതിവാൽ കെട്ടിയ വർമ്മ,വാര്യർ,മേനോൻ,പിള്ളമാരല്ലാ! ഉയർന്ന ജാതിയിൽ ജനിച്ചുപ്പോയതിനാൽ മാത്രം ബ്രാഹ്മണിക്കൽ ഹെജിമണിയുടെ വക്താക്കളെന്ന ചുവരെഴുത്ത് പേറേണ്ടി വരുന്ന നമ്പൂതിരിമാരല്ല. മറിച്ച് കഴിഞ്ഞ നൂറ്റാണ്ടുകളിൽ തങ്ങളുടെ പൂർവ്വികർ നേരിട്ട കൊടിയ ജാതീയപീഡനങ്ങളെ മറക്കാതെ നെഞ്ചിൽ പേറി ഇന്നും അതിനെയെടുത്ത് പൊടിതട്ടി സ്വകാര്യലാഭങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു കൂട്ടം ആളുകളാണ്. കേവലമൊരു വിനോദോപാധിയായ സിനിമയ്ക്കുള്ളിൽ പോലും അത് സമർത്ഥമായി പ്രയോഗിക്കപ്പെടുന്നുണ്ട്. ഇന്ന് ഒരു ആക്ടിവിസ്റ്റ് പ്രമുഖയുടെ പോസ്റ്റിൽ കണ്ടതാണ് ദളിതനായ വിനായകന്റെ സിനിമയെന്ന പ്രയോഗം. എത്രമാത്രം മനുഷ്യവിരുദ്ധമായ പ്രയോഗമാണത്. സംവിധായകന്റെ, നായകന്റെ,നായികയുടെയൊക്കെ ജാതി നോക്കി , തറവാട് നോക്കി കൊട്ടകയിൽ കയറാൻ മാത്രം അധ:പ്പതിച്ച ഒരു പൊതുസമൂഹമാണോ ഈ നമ്പർ 1 കേരളത്തിലെ പ്രബുദ്ധമലയാളികൾ?

പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവനാണ് യഥാർത്ഥ പുരോഗമനവാദി. അവനാണ് യഥാർത്ഥ വിപ്ലവകാരി! ദ റിയൽ റിഫോർമർ!പക്ഷേ അത് ആരാണ്? ഇവിടെ സോഷ്യൽ ആക്ടിവിസ്റ്റുകൾ എന്ന വേഷം കെട്ടിയാടുന്നവരാകട്ടെ നിത്യേന ജാതീയത നാലുനേരം കൂട്ടി മൃഷ്ടാനഭോജനം നടത്തുന്നവരാണ്. അവർക്ക് സാമ്പത്തികസംവരണമെന്ന ആശയത്തോട് എന്നും വാലായ്മയാണ്. ഏകീകൃതസിവിൽകോഡിനോട് വാലായ്മയാണ്. സ്വന്തം ഭൗതികലാഭങ്ങൾക്കെല്ലാം ജാതിസംവരണം വേണം താനും; എന്നാലോ ഉള്ളിലുള്ള അധമബോധത്തെ എടുത്ത് കളഞ്ഞ് ആത്മാഭിമാനമുള്ള മനുഷ്യരാവാൻ കഴിയുന്നുമില്ല. അതിന് ആരാണ് കുറ്റക്കാർ? പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ സ്വന്തം കഴിവും പ്രയത്‌നവും മാത്രം അസെറ്റുകളാക്കി ഉന്നതിയിലെത്തിയാൽ ഉള്ളിൽ താനേ ഉണ്ടാവും ആത്മാഭിമാനം. അങ്ങനെ വരണമെങ്കിൽ ആദ്യം ജാതീയത കൊണ്ട് വെറുതെ നിങ്ങൾ ചുറ്റും കെട്ടിപ്പൊക്കിയ മിഥ്യാബോധത്തെയെടുത്ത് കളയണം.

പേരിനൊപ്പം ജാതിവാൽ പേറിയതുകൊണ്ടു മാത്രം ആരും മഹാന്മാരാകുന്നില്ല. അതുപോലെ ജാതിവാൽ ഉപയോഗിക്കാതിരുന്നതിന്റെ പേരിലും. ഒരാളുടെ കർമ്മമാണ് അയാളിലെ മഹത്വത്തെ അടയാളപ്പെടുത്തുന്നത്. ദളിത് പഠനങ്ങളിൽ ജാതിയെന്നതിനെ നിർവചിച്ചിരിക്കുന്നത് ഇങ്ങനെയാണ്-ജാതി ഒരു മൂലധനമാണ്; സാംസ്‌കാരിക മൂലധനം .ജാതിശ്രേണിയിൽ മുകളിലേയ്ക്ക് പോകുന്തോറും ഈ മൂലധനം ഗുണാത്മകമായാണ് പ്രവർത്തിക്കുന്നതെങ്കിൽ ജാതി ശ്രേണിയുടെ താഴേക്ക് സഞ്ചരിക്കുമ്പോൾ ഇത് നിഷേധാതമകമായിട്ടാകും പ്രവർത്തിക്കുക'. എത്ര അപക്വമായ നിർവചനമാണത്. ഏതാണ് ഈ ഉയർന്ന ശ്രേണി? എന്താണ് ആ താഴ്ന്ന ശ്രേണി? ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും സ്വന്തം തലച്ചോർ രാഷ്ട്രിയങ്ങൾക്ക് പണയം വെച്ച് ഇല്ലാത്ത ശ്രേണികൾ ഉണ്ടെന്ന് പതംപറഞ്ഞ് ദളിതൻ എന്ന ലേബലിൽ അറിയപ്പെടാനാണ് മാത്രം താല്പര്യമെങ്കിൽ അതിന്റെ പേര് ആക്റ്റിവിസം എന്നല്ല മനുഷ്യരേ.

പേരിൽ ജാതിയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടും വയലാർ രാമവർമ്മയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നവോത്ഥാനത്തിന്റെ കാവലാളുകളായി അറിയപ്പെടുന്ന അതേ കേരളത്തിലാണ് ജാതിവാൽ മുറിച്ചു കളഞ്ഞ മന്നത്ത് പത്മനാഭന്റെ സംഘടനയെ സവർണ്ണതയുടെ പ്രതീകമാക്കി ആക്ഷേപിക്കുന്നത്. ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതിൽ ആക്ഷേപമില്ല. ജാതിയുടെ നേർക്കാഴ്ചകളായ സംവരണമണ്ഡലങ്ങളിൽ ജനാധിപത്യത്തെ കൂട്ടിചേർക്കുന്നതിൽ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം പൈതൃകത്തിന്റെ അടയാളങ്ങൾ കൂട്ടിക്കെട്ടിയാൽ ഉടൻ മാടമ്പിയായി; സവർണ്ണനായി. സ്ഥാനപ്പേരുകളോ ജാതിയോ പേരിനൊപ്പം ചേർക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ്. മേനോൻ എന്നോ വാര്യർ എന്നോ ചേർക്കുന്നതുപോലെ പുലയനെന്നോ പറയനെന്നോ ചേർത്താൽ അതുകൊണ്ട് എന്ത് നേട്ടം? എന്ത് കോട്ടം? ഒന്നുമില്ല.

ഞങ്ങളുടെ കുടുംബത്തിലെ മുതിർന്ന കാരണവന്മാർ തലമുറകളായി ഉപയോഗിച്ചിരുന്ന , ഇന്നും ഉപയോഗിക്കുന്ന സ്ഥാനപ്പേരാണ് പണിക്കർ. എന്റെ അപ്പൂപ്പന്റെ പേര് സഹദേവപണിക്കർ എന്നാണ്. അച്ചച്ചന്റെ പേര് സുകുമാരപണിക്കർ. ഇന്നും തെക്കൻ തിരുവിതാംകൂറിൽ പലരും പേരിനൊപ്പം ഈ സ്ഥാനപ്പേര് ചേർക്കാറുണ്ട്. അതിനൊരു കാരണമുണ്ട്. മാർത്താണ്ഡവർമ്മയുടെ പടയോട്ട സമയത്ത് കോടാലി പടയിൽ നായരും ഈഴവരും ഉണ്ടായിരുന്നു. മഹാരാജാവിന്റെ കൂടെ അനുഗമിച്ച പടയാളികൾക്കും അവർക്ക് ഭക്ഷണം തയ്യാറാക്കി കൊടുത്തിരുന്ന മാവേലിക്കരയിലെ ക്രിസ്ത്യൻ കുടുംബത്തിലുള്ളവർക്കും കൊട്ടരവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന പലർക്കും (അലക്കുജോലിചെയ്തവരും മുടിവെട്ടിയവരും ജ്യോതിഷം നോക്കിയിരുന്നവരും ഒക്കെ) നൽകിയിരുന്ന സ്ഥാനപ്പേരായിരുന്നു പണിക്കർ. കോടാലിപടയിൽ അംഗമായിരുന്ന എന്റെ കുടുംബത്തിലെ ഇട്ടിരാമൻ പണിക്കരിൽ നിന്നും തുടങ്ങുന്നു ആ സ്ഥാനപ്പേരിന്റെ തുടക്കം. നാളെയൊരുനാൾ ഞാനും ആ പണിക്കർ സ്ഥാനം എന്റെ പേരിനൊപ്പം ചേർക്കാം, ചേർക്കാതിരിക്കാം. ചേർത്തതുകൊണ്ട് ദോഷമോ ഗുണമോ ഇല്ലെങ്കിലും ആ പേരിനു പിന്നിലെ ആ സ്ഥാനം നല്കുന്ന പ്രിവിലേജ് ീെരശമഹ േെമൗേ െഅല്ല മറിച്ച് എന്റെ കുടുംബവേരുകളോട് ഉള്ള പൊക്കിൾക്കൊടി ബന്ധം മാത്രമാണ്.

ഇവിടെ ജാതീയതയുണ്ട്. അത് പക്ഷേ ദളിത് ആക്ടിവിസ്റ്റുകൾ സ്വയം ദലിതരെന്ന ലേബലിൽ ചാപ്പകുത്തി പറയുന്ന സവർണ്ണജാതിയതയല്ല. മറിച്ച് ഒരു വിഭാഗം മനുഷ്യരെ ജാതികുടത്തിലടച്ച് അതിന്മേൽ നിധികാക്കുന്ന ഭൂതങ്ങളെപോലെ ഇരിക്കുന്ന ജാതി-രാഷ്ട്രീയ സംഘടനകൾക്കുള്ളിലാണ്. അവർ ജാതിവാൽ മുറിക്കാതെ പേരിലെന്നും ഒരു സമുദായത്തിന്റെ ആഢ്യത്വം പേറിയിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിൽ സവർണ്ണത കാണില്ല; എന്നാൽ വിമോചനസമരം നയിച്ച പട്ടം. താണുപിള്ളയിൽ കൃത്യമായി കാണും. മാരാർ വാൽ മുറിച്ച കരുണാകരനിൽ സവർണ്ണത കാണും; പക്ഷേ അച്യുതമേനോനിൽ കാണില്ല.കോരന്റെ മകൻ വിജയനെ നേതൃസ്ഥാനത്തെത്തിച്ച സിപിഎമ്മിനൊപ്പം നില്ക്കും. പക്ഷേ 1960കളിൽ തന്നെ ഈഴവനായ ആർ.ശങ്കറെ മുഖ്യമന്ത്രി കസേരയിലിരുത്തിയ കോൺഗ്രസ്സിനെ കാണില്ല. കെ.ആർ. നാരായണനെന്ന ഉഴവൂറിന്റെ ധീരപുത്രനെ പ്രഥമപൗരനാക്കിയ പാർട്ടിയെ കാണില്ല.

സവർണ്ണതയുടെ വിളനിലമെന്നു ദളിത് ആക്ടിവിസ്റ്റുകൾ ചാപ്പകുത്തിയ സംഘപരിവാറിന്റെ സംസ്ഥാനപ്രസിഡന്റിന്റെ ജാതി കാണില്ല, അവരുടെ തന്നെ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയെ കാണില്ല. എന്തിന് സവർണ്ണപാർട്ടിയായ ബിജെപിയുടെ പ്രധാനമന്ത്രിയെയും രാം നാഥ് കോവിന്ദിനെയും കാണില്ല. ജാതീയത എന്നത് ഇന്ന് അസ്സലൊരു trump card ആണ്. അത് സമർത്ഥമായി ഉപയോഗിക്കുന്നവരറിയുന്നില്ല ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും രാഷ്ട്രീയത്തിനും മതത്തിനും അതീതമായി ചിന്തിക്കുന്ന രാഷ്ട്രീയബോധമുള്ള , രാഷ്ട്രബോധമുള്ള മനുഷ്യർക്ക് നിങ്ങളിലെ ആട്ടിൻത്തോലണിഞ്ഞ ചെന്നായയെ വൃക്തമായി മനസ്സിലായിട്ടുണ്ടെന്ന യാഥാർത്ഥ്യം. ചുറ്റിലുമുള്ളവർ അന്യനെന്ന തോന്നലുള്ളവർക്കു മാത്രം തോന്നുന്ന മിഥ്യാബോധമാണ് ഇന്ന് ജാതിയത. അവർ ( നിങ്ങൾ വിമർശിക്കുന്നവർ) ആളുകളിലേക്ക് പടരുമ്പോൾ നിങ്ങൾ വെറും ജാതീയതയിലേയ്ക്ക് ചുരുങ്ങുന്നു. രമണമഹർജിയുടെ ഈ തത്വബോധത്തിലുണ്ട് എല്ലാം.How should we treat others? There are no others..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP