Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക പ്രതിഷേധങ്ങളോട് ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം അർപ്പിച്ചവർ ഇപ്പോൾ പറയുന്നു കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തുമൊക്കെ പ്രതിഷേധസമരം നടത്തുന്നവർ മരണവ്യാപാരികളാണത്രേ! ട്രിപ്പിൾ ലോക്ക്ഡൗൺ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചപ്പോൾ മൊത്തം യു ടേൺ! ഇപ്പോൾ പട്ടിണിയേക്കാൾ രോഗവ്യാപനം തടയൽ മുഖ്യം ബിഗിലേ! അന്ന് മോദിജിയിട്ടപ്പോൾ അത് വള്ളിനിക്കറും ഇന്ന് സഖാവ് ഇട്ടപ്പോൾ അത് ബർമുഡയും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക പ്രതിഷേധങ്ങളോട് ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം അർപ്പിച്ചവർ ഇപ്പോൾ പറയുന്നു കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തുമൊക്കെ പ്രതിഷേധസമരം നടത്തുന്നവർ മരണവ്യാപാരികളാണത്രേ! ട്രിപ്പിൾ ലോക്ക്ഡൗൺ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചപ്പോൾ മൊത്തം യു ടേൺ! ഇപ്പോൾ പട്ടിണിയേക്കാൾ രോഗവ്യാപനം തടയൽ മുഖ്യം ബിഗിലേ! അന്ന് മോദിജിയിട്ടപ്പോൾ അത് വള്ളിനിക്കറും ഇന്ന് സഖാവ് ഇട്ടപ്പോൾ അത് ബർമുഡയും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ന്ന് കൊറോണ മരണനൃത്തം ചവിട്ടിയ അമേരിക്കയിലെ ന്യൂയോർക്കിൽ നടന്ന ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതക പ്രതിഷേധങ്ങളോട് ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യമർപ്പിക്കുകയും കൊള്ളക്കാരനും നരാധമനുമായ ട്രംപിനെതിരെ, അതും പ്രത്യയശാസ്ത്രഭാഷൃത്തിൽ കോവിഡ് -19 കൊണ്ട് ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ പ്രതിരോധിക്കാൻ ശ്രമിച്ച മനുഷ്യവൈറസായ ട്രംപിനെതിരെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി പ്രതിഷേധാഗ്‌നി കൊളുത്തിയ കറുത്തവർഗ്ഗക്കാർക്ക് ഐക്യദാർഢ്യമെന്ന് സോഷ്യൽമീഡിയയുടെ മുക്കിനും മൂലയിലും പോസ്റ്റർ ഒട്ടിച്ചുനടന്നവർക്ക് ഇപ്പോൾ കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തുമൊക്കെ പ്രതിഷേധസമരം നടത്തുന്നവർ മരണവ്യാപാരികളാണത്രേ!

കേരളത്തിലെ പ്രളയസമയത്ത് രക്ഷകരായെത്തിയ സൈനികർ ജനമനസ്സുകൾ കീഴടക്കുന്നതു കണ്ട അസഹിഷ്ണുതയിൽ ഉരുത്തിരിഞ്ഞ കമ്മ്യൂണിസ്റ്റുബുദ്ധിയായിരുന്നു നമ്മുടെ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സ്വന്തം സൈന്യമെന്ന ഖ്യാതി തല്കിയ മുഖ്യന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ അത് പൊള്ളയായ,ഉള്ളിൽ തട്ടാത്ത വെറുമൊരു വാചകം മാത്രമായിരുന്നുവെന്ന് അടിവരയിടുന്നു പൂന്തുറയെന്ന മത്സ്യബന്ധനപ്രദേശത്തിനെതിരെ നടത്തിയ കടുത്ത പരാമർശങ്ങൾ! ഇന്ന് പൂന്തുറവാസികൾ ഇടതുപക്ഷത്തിനെതിരെ തിരിഞ്ഞപ്പോൾ പെട്ടെന്ന് വർഗ്ഗീയ -കലാപ ബോർഡുകൾ സ്ഥാപിച്ച മാർക്‌സിയൻ തിരിഞ്ഞുകൊത്തൽ ബുദ്ധി

ഇന്ത്യയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചവേളയിൽ നരേന്ദ്ര മോദിക്കെതിരെ പ്രയോഗിക്കാൻ പലവട്ടം പുറത്തെടുത്ത ആയുധമായിരുന്നു അപ്രായോഗികമായി എടുത്തുചാടിയെടുത്ത തീരുമാനമാണ് ലോക്ഡൗണെന്നും അതുകൊണ്ട് മാത്രം രോഗവ്യാപനം തടയാൻ കഴിയില്ലെന്നുമുള്ള തിയറികൾ. അന്ന് ഉത്തരേന്ത്യയിലെ തൊഴിലാളികളുടെ പട്ടിണിയെ കുറിച്ച് ഐസക്കെൻ തിയറിവരെ ഇവിടെ ആവിഷ്‌കരിക്കപ്പെട്ടു. ഇപ്പോൾ അടിയന്തിരമായി ട്രിപ്പിൾ ലോക്ക്ഡൗൺ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചപ്പോൾ മൊത്തം യു ടേൺ! ഇപ്പോൾ പട്ടിണിയേക്കാൾ രോഗവ്യാപനം തടയൽ മുഖ്യം ബിഗിലേ! അന്ന് മോദിജിയിട്ടപ്പോൾ അത് വള്ളിനിക്കറും ഇന്ന് സഖാവ് ഇട്ടപ്പോൾ അത് ബർമുഡയും

സോളാർ കേസ് പോലെ ഒരു സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന ഒന്നല്ല ഡിപ്ലോമാറ്റ് ബാഗേജ് വഴി നടന്ന സ്വർണ്ണക്കടത്ത്. അന്ന് സരിതയുമായി അടുത്തിടപ്പഴകിയിരുന്നത് മുഖ്യമന്ത്രിയുടെ പഴ്‌സനൽസ്റ്റാഫിലെ ടെനി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിം രാജ് എന്നിവരായിരുന്നു. എന്നാൽ ആ കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരില്ലായിരുന്നു.ഇവിടെ സ്വർണ്ണക്കടത്തിലെ മുഖ്യപ്രതികളായ മൂന്നുപേരുമായി ബന്ധപ്പെട്ടിരിക്കുന്നതോ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐ ടി. സെക്രട്ടറിയുമായ ശിവശങ്കർ.! അന്ന് ഉമ്മൻ ചാണ്ടിയുടെ സ്വകാര്യത വരെ ഇഴകീറി പരിശോധിക്കാം. ഇവിടെ കുറ്റവാളികളുമായി അടുത്തിടപഴകിയ മുഖ്യന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ മാനിക്കണമെന്ന മാർക്‌സിയൻ വരട്ടുവാദം

ഇന്ത്യ -യു. എ. ഇ നയതന്ത്രബന്ധങ്ങളെപ്പോലും സംശയത്തിന്റെ മറയിലാക്കുന്ന അന്താരാഷ്ട്രക്കടത്തിനെതിരെ ശബ്ദിക്കാൻ കേരളത്തിലെ ഇന്ത്യൻ പൗരന്മാർക്ക് അവകാശമില്ല. പ്രതിഷേധിക്കുന്നവർക്കെതിരെ പൊലീസ് ജലപീരങ്കിയും ലാത്തിചാർജുമൊക്കെ നടത്തുമ്പോൾ ചിതറിയോടുന്ന സമരക്കാരുടെ ചിത്രങ്ങളെടുത്ത് വ്യക്തിഹത്യയും ട്രോളുകളും നടത്തുന്നു.നിരന്തരസമരത്തിലൂടെ മാറ്റങ്ങൾക്കു വേണ്ടി ചോര ഒഴുക്കണമെന്നും വെടിയുണ്ടകളെ നെഞ്ചിലേറ്റണമെന്നും അത്യുഗ്രൻ തള്ളുകൾ നടത്തിയ , ബ്രണ്ണൻ വരാന്തയിലൂടെ നീട്ടിപ്പിടിച്ച വാൾത്തലകൾക്കിടയിലൂടെ നടന്നുപ്പോയ സഖാവിന്റെ അണികളാണ് ഇപ്പോൾ സമരമുഖങ്ങളെയും സമരമുഖത്ത് നിന്നും പൊലീസിന്റെ അടി, ജലപീരങ്കി എന്നിവയിൽനിന്നും രക്ഷപ്പെട്ടു ഓടുന്നവരെ അധിക്ഷേപിക്കുന്നത്. സഖാക്കൾ ഓടുമ്പോൾ അത് വീരത്വവും മറ്റുള്ളവരുടെ ഓട്ടം ഭീരുത്വവുമാകുന്ന മാർക്‌സിയൻ ഇരട്ടത്താപ്പിന്റെ ഭീകരവേർഷൻ

അന്ന് സരിതയുമായി ഏതെങ്കിലും രീതിയിൽ ബന്ധമുണ്ടായിരുന്നവരെയെല്ലാം സോളാർ സ്‌കാമുമായും ശാരീരികമായും ബന്ധപ്പെടുത്താൻ നെട്ടോട്ടമോടിയിരുന്ന സഖാക്കൾക്ക് ഇന്ന് സ്വപ്നയുമായി അടുത്തിടപ്പെടുന്നവരെല്ലാർക്കും അവരുമായിട്ടുണ്ടായിരുന്നത് ഔദ്യോഗികബന്ധം മാത്രമെന്ന സ്ഥാപിക്കൽ ! സ്പീക്കർ രാമകൃഷ്ണനുമായിട്ടും ഐസക്കുമായിട്ടും മുഖ്യനുമായിട്ടും ബെഹ്‌റയുമായിട്ടുമുള്ള ചിത്രങ്ങൾ ഇതരരാഷ്ട്രീയവിഭാഗത്തിലുള്ളവർ ഇടുന്നതുകാണുമ്പോൾ മാത്രം ഉയർന്നുവരുന്ന മാനവികമൂല്യങ്ങളുടെ വിലാപമാണ് മാർക്‌സിയൻ അപാരത! !

സരിതയ്ക്കില്ലാത്ത, ഉമ്മൻ ചാണ്ടിക്കും തിരുവഞ്ചൂരിനും ഇല്ലാത്ത മനുഷ്യാവകാശപരിഗണന സ്വപ്നയ്ക്കും പിണറായി വിജയനും രാമകൃഷ്ണനുമൊക്കെ വേണമത്രേ! ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയത്തിലില്ലാത്ത മകൾ അച്ചു ഉമ്മനെ വരെ സോളാർ കേസിൽ ഉൾപ്പെടുത്തി തേജോവധം ചെയ്യാം. പക്ഷേ സ്വപ്നയ്‌ക്കൊപ്പം കല്യാണഫോട്ടോയിൽ ചിരിച്ചുനില്ക്കുന്ന വീണാവിജയന്റെ സ്വകാര്യതയ്ക്ക് സ്‌പേസ് കൊടുക്കണമത്രേ!

ഇതൊക്കെ ഈ അവസരത്തിൽ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ് പറയേണ്ടത്. ഭരണപക്ഷത്തിലെ പിഴവുകൾ അപ്പപ്പോൾ പറയുക എന്നതും ഒരു പ്രതിപക്ഷധർമ്മമാകയാൽ കോവിഡ് - 19 തല്ക്കാലം ഈ സംസ്ഥാനദ്രോഹിയോട് ക്ഷമിക്കുക! മാർക്‌സിയൻ ഇരവാദത്തിന്റെ കാണാപ്പുറക്കാഴ്ചകൾ ഇനിയുമിനിയുമെത്രയോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP