Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

പൗരത്വഭേദഗതി ബില്ലിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധം തീർക്കുന്ന കോൺഗ്രസ്സിനെ കണ്ടില്ലെന്നു വരുത്തി തീർത്ത് കയ്യിലുള്ള ഒരു തരി കനലിനെ ഊതിവീർപ്പിക്കാൻ പെടാപ്പാട് പെടുന്ന സൈബർ പോരാളികളോട് ഒന്നേ ചോദിക്കാനുള്ളൂ-'ഉളുപ്പില്ലേ ചങ്ങായിമാരേ'! കളക്ടീവിൽ നിന്നും സിംഗിൾ പോയിന്റിലേയ്ക്കുള്ള സൈബർ അജണ്ട ഇങ്ങനൊക്കെയാണ്.! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

പൗരത്വഭേദഗതി ബില്ലിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധം തീർക്കുന്ന കോൺഗ്രസ്സിനെ കണ്ടില്ലെന്നു വരുത്തി തീർത്ത് കയ്യിലുള്ള ഒരു തരി കനലിനെ ഊതിവീർപ്പിക്കാൻ പെടാപ്പാട് പെടുന്ന സൈബർ പോരാളികളോട് ഒന്നേ ചോദിക്കാനുള്ളൂ-'ഉളുപ്പില്ലേ ചങ്ങായിമാരേ'! കളക്ടീവിൽ നിന്നും സിംഗിൾ പോയിന്റിലേയ്ക്കുള്ള സൈബർ അജണ്ട ഇങ്ങനൊക്കെയാണ്.! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

വിടെ സൈബർ സഖാക്കൾ സോഷ്യൽ മീഡിയയെ ഒരു അജണ്ടയാക്കി അതിന്റെ മറവിൽ ഒരു പ്രത്യയശാസ്ത്രം സെറ്റു ചെയ്തു വച്ചിരിക്കുകയാണ്. അതിനു ചുക്കാൻ പിടിക്കുന്നതാകട്ടെ പോരാളിയെന്ന പേരിന്റെ മറവിൽ പൂണ്ടുവിളയാടുന്ന കുറേ സൈബർ ഗുണ്ടകളും. അവർ സെറ്റു ചെയ്തുവച്ച ആ പ്രത്യയശാസ്ത്രത്തെ ഒരു പൊതുബോധമാക്കി മാറ്റാൻ അഹോരാത്രം പണിയെടുക്കുന്നുണ്ട് അവർ.

പൗരത്വഭേദഗതി ബില്ലിനെതിരെ കൊച്ചിയിൽ നടന്ന ലോംഗ്മാർച്ചിനെ ഒരു കളക്ടീവ് പ്രതിഷേധപരിപാടിയിൽ നിന്നും മാറ്റി മേല്പറഞ്ഞ പൊതുബോധത്തിനുള്ളിലാക്കി ഇടതുപക്ഷത്തിന്റെ മൊത്തം ലേബലിൽ ആക്കിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ചിത്രീകരണപരമ്പരകൾ ഒന്നൊന്നായി സോഷ്യൽമീഡിയയിൽ പ്രൈംടൈമിൽ തന്നെ സംപ്രേഷണം ചെയ്തുപോരുന്നുമുണ്ട്. അതിൽ മുഖ്യവേഷം കിട്ടുക ഇടതുപക്ഷസഹയാത്രികരായ സിനിമാദമ്പതികൾക്കും സെലക്ടീവ് പ്രതികരണശേഷിയുള്ള സാംസ്‌കാരിക നായകർക്കുമാണ്. മതേതരത്തെ വാഴ്‌ത്തുപ്പാട്ടാക്കിയിരിക്കുന്ന ഇവർ അടുത്തതായി തട്ടമിട്ട ആക്ടിവിസ്റ്റ് മുഖങ്ങൾക്ക് പ്രത്യേക പരിഗണന നല്കും .എന്നാലല്ലേ ഇവിടെ അടുപ്പത്തിട്ടിരിക്കുന്ന വർഗ്ഗീയതയുടെ പരിപ്പിനെ നന്നായി ഇളക്കി വേവിക്കാൻ കഴിയൂ! ലോംഗ് മാർച്ചിൽ പങ്കാളികളായ കോൺഗ്രസ്സുകാരും നിഷ്പക്ഷരും ഭീംറാവു അംബേദ്കറിന്റെ ആളുകളും (കളക്ടീവ് പുൾ ഇവർക്കാണ് കൂടുതലെങ്കിലും) പതിവുപോലെ പടിക്കു പുറത്ത്.

ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകളിൽ സംയുക്ത വിദ്യാർത്ഥി സമരങ്ങൾ നടന്നാലും അതിൽ നിന്നും ഇങ്ക്വലാബ് സിന്ദാബാദ് പോസ്റ്ററുകൾ മാത്രം തെരഞ്ഞെടുത്ത് ആ സമരചിത്രങ്ങളെ പ്രൊഫൈലാക്കി ഇടതുപക്ഷസമരചിത്രങ്ങളാക്കുന്ന അതേ ഉളുപ്പില്ലായ്മയാണ് ഇവിടെ ഈ പൗരത്വഭേഭഗതി ബില്ലിനെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തവരിൽ നിന്നും പർദ്ദാധാരിണികൾക്കും തട്ടമിട്ട പെൺമുഖങ്ങൾക്കും സ്‌പെയിസുണ്ടാക്കി അവരുടെ പോരാട്ടത്തിനു വർഗ്ഗീയപരിവേഷമുണ്ടാക്കിയെടുത്തത്.

യാക്കൂബ് മേമനെന്ന തീവ്രവാദിക്കനുകൂലമായി പോസ്റ്റിട്ട പെൺമുഖം ജാമിയ മിലിയയിലെ സമരത്തിന്റെ ഭാഗമായി നടത്തിയ തിരനാടകത്തിനു രണ്ടാം സ്വാതന്ത്ര്യസമരമെന്ന രീതിയിൽ ഹൈപ്പുണ്ടാക്കി നൂറ്റാണ്ടിലെ പെൺപോരാട്ടമായി എഴുന്നുള്ളിച്ച് അവതരിപ്പിച്ചതും ഇക്കൂട്ടരാണ്.ഇതിനെല്ലാം വേണ്ടിയുള്ള ടെക്‌നിക്കൽ സപ്പോർട്ടും, മീഡിയ പ്രോഡക്ട്‌സ് സപ്പോർട്ടും വേണ്ടുവോളം ഭരണവർഗ്ഗം കനിഞ്ഞരുളി ഇവർക്ക് കൊടുക്കുന്നുണ്ട്. ശബരിമലവിഷയത്തിൽ ആവശ്യമില്ലാത്ത കടുംപിടുത്തം നടത്തി സ്ത്രീപ്രവേശനം നടത്തിയേ തീരൂവെന്ന് വാശിപ്പിടിച്ച മുഖ്യനു നവോത്ഥാനനായകപട്ടം കല്പിച്ചു നല്കിയ അണികൾക്ക് ഇപ്പോൾ കിട്ടിയ എല്ലിൻകഷണമാണ് പൗരത്വഭേദഗതി ബില്ല്.

ഇത് ഇടതുപക്ഷം പണ്ടേ തുടർന്നു വന്ന ഒരു കീഴ്‌വഴക്കമാണുതാനും.സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയും അപര്യാപ്തതയും കാരണം തുടക്കത്തിലൊന്നു പകച്ചുപ്പോയ കേരളത്തെ അതിജീവനത്തിന്റെ വഴികളിലൂടെ സുഗമമായി നടത്തിച്ചത് നമ്മൾ ഒറ്റക്കെട്ടായി നിന്നിട്ടായിരുന്നെങ്കിലും ആ മൊത്തത്തിലുള്ള പ്രയത്‌നത്തെ മുഖ്യൻ നടത്തിയ പത്രസമ്മേളനത്തിൽ തൂങ്ങി മുഖ്യന്റെ സിംഗിൾ എഫർട്ടായി വാഴ്‌ത്തിപ്പാടിയത് ഒരുദാഹരണം മാത്രം.

ഇത്രയും പറയേണ്ടി വന്നത് സിപിഎം സ്ഥാപിച്ചെടുക്കാൻ നോക്കുന്ന ദേശീയ പ്രാധാന്യത്തിന്റെ പൊള്ളത്തരം കണ്ടതുക്കൊണ്ടാണ്.കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അപ്രത്യക്ഷമായി എന്നെഴുതാൻ ഏറെ ആവേശം കാണിച്ചിരുന്നതിൽ മുന്നിൽ നിന്നവരാണ് സിപിഎമ്മുകാർ. ഷെഹ്ലയെന്ന പെൺകുട്ടിക്ക് നമ്പർ 1 കേരളത്തിലെ ഹൈടെക്ക് സ്‌കൂളിൽ വച്ച് പാമ്പുകടിയേറ്റപ്പോൾ അതിന്റെ കുറ്റം എംപിക്കു മേലെ ചാരി പഴിച്ചവരാണ് ഇവിടുത്തെ സഖാക്കൾ. ആ പെടു മരണത്തിന്റെ വിങ്ങൽ മാറും മുമ്പേ സഫയുടെ പരിഭാഷയ്ക്കുമേൽ പിണറായികാലമെന്നു വാഴ്‌ത്തിപ്പാടാൻ മടി കാണിക്കാത്തവരാണ് സഖാക്കൾ. ഇപ്പോഴിതാ പൗരത്വഭേദഗതി ബില്ലിനെതിരെ ഇന്ത്യയെമ്പാടും പ്രതിഷേധം തീർക്കുന്ന കോൺഗ്രസ്സിനെ കണ്ടില്ലെന്നു വരുത്തി തീർത്ത് കയ്യിലുള്ള ഒരു തരി കനലിനെ ഊതിവീർപ്പിക്കാൻ പെടാപ്പാട് പെടുന്ന സൈബർ പോരാളികളോട് ഒന്നേ ചോദിക്കാനുള്ളൂ-'ഉളുപ്പില്ലേ ചങ്ങായിമാരേ'!

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP