Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തബ്രീസ് അൻസാരിയുടെ നിലവിളി ഓർമ്മിപ്പിക്കുന്നുണ്ട് പ്രബുദ്ധ കേരളത്തിൽ തച്ചുടയ്ക്കപ്പെട്ട മധുവിനേയും കൈലാസിനേയും മണിയേയും! ഇതൊരു താരതമ്യപ്പെടുത്തലല്ല, ഓർമ്മപ്പെടുത്തൽ മാത്രം! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

തബ്രീസ് അൻസാരിയുടെ നിലവിളി ഓർമ്മിപ്പിക്കുന്നുണ്ട് പ്രബുദ്ധ കേരളത്തിൽ തച്ചുടയ്ക്കപ്പെട്ട മധുവിനേയും കൈലാസിനേയും മണിയേയും! ഇതൊരു താരതമ്യപ്പെടുത്തലല്ല, ഓർമ്മപ്പെടുത്തൽ മാത്രം! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ബ്രീസ് അൻസാരിയെന്ന 24 കാരന്റെ ദയനീയ ചിത്രം ഉളവാക്കുന്ന നോവും വേദനയും ഭയവും തന്നെയായിരുന്നു മധുവെന്ന നിഷ്‌കളങ്കമുഖത്തിലെ ദൈനൃതയാർന്ന നോട്ടവും എനിക്ക് സമ്മാനിച്ചത്.ഇതൊരു താരതമ്യപ്പെടുത്തലല്ല.മറിച്ചൊരു ഓർമ്മപ്പെടുത്തലാണ്.കൊല്ലം ജില്ലയിലെ അഞ്ചലിൽ മണിയെന്ന ബംഗാളിയെ കൊലപ്പെടുത്തിയ ആൾക്കൂട്ടത്തിലൊരുവന്റെ സഹോദരി ഇന്നലെ കത്തുന്ന രോഷത്തോടെ തബ്രീസിനു വേണ്ടി വിലപിക്കുന്നത് കണ്ടതുക്കൊണ്ട് മാത്രം ഇത്തരത്തിലൊന്ന് എഴുതേണ്ടി വന്നു.തബ്രീസ് തച്ചുടയ്ക്കപ്പെട്ടത് ത്സാർഖണ്ഡിലായിരുന്നുവെങ്കിൽ കൈലാസെന്ന ആസാമിയുവാവും മണിയെന്ന ബംഗാളിയുവാവും ക്രൂരമായികൊലച്ചെയ്യപ്പെട്ടത് സാക്ഷരകേരളത്തിലായിരുന്നുവെന്ന് മാത്രം. ജയ് ശ്രീരാം വിളികളുടെ ആരവമില്ലായിരുന്നുവെങ്കിലും ആൾക്കൂട്ടം തല്ലിക്കൊന്ന മൂവർക്കും നിഷേധിക്കപ്പെട്ടത് അവരുടെ ജീവിക്കാനുള്ള അവകാശമായിരുന്നു.

തബ്രീസിന്റെ കാര്യത്തിൽ ലാൽജിയെന്ന സുഹൃത്തിന്റെ വാക്കുകൾ കടമെടുത്തുക്കൊണ്ട് തന്നെ പറയട്ടെ 'ആ കരച്ചിലിനിടയിൽ നിങ്ങൾ വിളിച്ച് പറയുന്ന ദൈവ നാമങ്ങൾ വെറും അശ്ലീലമാണ്. കേൾക്കാൻ കൊള്ളാത്ത തെറിയാണ്.'ആ വാക്കുകളോട് നൂറുശതമാനം യോജിച്ചുക്കൊണ്ട് തന്നെയാണ് ഇതെഴുതുന്നതും. ഇന്നിപ്പോൾ ഒരു കൂട്ടം മനോവൈകൃതമുള്ളവർ ജയ് ശ്രീരാം വിളികളോടെ ഝാർഖണ്ഡിൽ തച്ചുടച്ചുകൊന്ന തബ്രീസ് അൻസാരിയെന്ന 24 കാരനുവേണ്ടി മുതലക്കണ്ണീരൊഴുക്കുന്ന നിരവധിപ്പേരെ കാണുമ്പോൾ,കൊന്നവരുമായി ചേർത്തുവച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്താൻ ഒരുങ്ങുമ്പോൾ ചിലതെങ്കിലും പറയാതെ വയ്യ! അല്ല,ഓർമ്മപ്പെടുത്താതെ വയ്യ!

വിശപ്പിന്, അടിസ്ഥാന ജൈവികാവശ്യത്തിന് കക്കുവാൻ നിർബന്ധിതനായ,മനസ്സിനു താളം തെറ്റിയ ഒരു മനുഷ്യനെ കാരുണ്യമില്ലാതെ തച്ചുക്കൊന്ന ഒരു ആൾക്കൂട്ടം കേരളത്തിലേതായിരുന്നു.മർദ്ദിതർക്കും ചൂഷിതർക്കും വേണ്ടി പടുത്തുയർത്തപ്പെട്ട 'പാവ 'പ്പെട്ടവന്റെ പാർട്ടി ഭരിക്കുന്ന നാട്ടിൽ, ഇരട്ട ചങ്കുള്ള സഖാവ് ആഭ്യന്തരം കയ്യാളി ഭരിക്കുന്ന സാക്ഷര കേരളത്തിൽ, ഉത്തരേന്ത്യയിലെ ദളിത് പീഡനങ്ങൾക്കെതിരെ തൂലിക പടവാളാക്കുന്ന സാംസ്‌കാരിക നായകന്മാരുടെ നാട്ടിൽ, ഫാസിസത്തിനെതിരെ ഉണ്ണാതുറങ്ങാതെ പട നയിക്കുന്ന യോദ്ധാക്കളുടെ നാട്ടിൽ, ഉയർന്ന ചിന്താഗതിയും ജീവിത നിലവാരവും പ്രബുദ്ധതയും അക്ഷരത്താളുകളിൽ അലങ്കാരമാക്കിയ നാട്ടിലായിരുന്നു
ഒരു കാടിന്റെ മകനെ ഒരു നേരത്തെ വിശപ്പടക്കാൻ അതും അരകിലോയിൽ താഴെ മാത്രം അരി മോഷ്ടിച്ചുവെന്ന കുറ്റത്തിനു ജനകീയ വിചാരണ ചെയ്ത് തല്ലിക്കൊന്നത്. മാന്യതയുടെ പുറംതോടിനുള്ളിൽ വൈകൃതങ്ങളൊളിപ്പിച്ച ഒരു ജനതയായി നമ്മൾ എന്നേ മാറി കഴിഞ്ഞുവെന്നതിന്റെ തെളിവായിരുന്നു അന്നത്തെ ആ കൊലസെൽഫി.

കൈലാസ് ജ്യോതി ബോറയെന്ന ആസാമി ചെറുപ്പക്കാരന്റെ ദാരുണ മരണവും ഒരു ആൾക്കൂട്ടകൊലപാതകമായിരുന്നു.അത് അരങ്ങേറിയതും വാക്കിലും നോക്കിലും കെട്ടിലും മട്ടിലും പ്രബുദ്ധത അവകാശപ്പെടുന്ന നമ്മൾ മലയാളികൾക്കിടയിലായിരുന്നു.വെറുമൊരു സംശയത്തിന്റെ ആനുകൂല്യത്തിൽ,ഭാഷയും ദേശവും വേറെയായതുകൊണ്ട് മാത്രം,നമ്മളയാളെ കൈകാലുകൾ കെട്ടിയിട്ടു പൊരിവെയിലത്ത് കിടത്തി.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ട 53 ക്ഷതങ്ങൾ കൊണ്ട് സ്വീകരിച്ചു..ഒന്നരദിവസമായി ഭക്ഷണം കഴിക്കാതിരുന്ന ഒരു സാധുമനുഷ്യന്റെ കത്തുന്ന വയറിനു ഭക്ഷണമായി നൽകിയതോ കനൽക്കട്ടകൾ തിളങ്ങുന്ന പൊരിവെയിലും.എത്രമാത്രം സ്വപ്നങ്ങളും ചുമന്നുക്കൊണ്ടായിരിക്കാം ആസാമിൽ നിന്നുള്ള വിവേകാ എക്സ്പ്രസ്സിൽ ആ ചെറുപ്പക്കാരൻ ഇവിടെയ്ക്ക് വന്നിട്ടുണ്ടാകുക??.ദൈവത്തിന്റെ സ്വന്തം നാടിന്റെ നന്മകളിൽ വിശ്വാസം തോന്നിയതുകൊണ്ടാവാം അവൻ ഇവിടെയ്ക്ക് വണ്ടികയറിയത്..എന്നാൽ മരണത്തിലേക്കുള്ള യാത്രയാണ് അതെന്നു അവനൊരിക്കലും ഓർത്തിട്ടുണ്ടാവില്ല..അക്ഷരനഗരിയിൽ കാലുകുത്തുമ്പോൾ,അവനൊരിക്കലും മനസ്സിൽ പോലും ഓർത്തുകാണില്ല അക്ഷരങ്ങൾ ജ്വലിപ്പിച്ച മനസ്സുകളിൽ പക്ഷേ കരുണയുടെ കണികകൾ കുറവായിരുന്നുവെന്ന്.ആ പൊരിവെയിലത്ത് ഒരു പാവം മനുഷ്യനെ കൈയും കാലും കെട്ടിയിട്ടു തല്ലിയ ആ ആൾക്കൂട്ടത്തോളം കൊടിയപാപികൾ വേറെ ആരും ഉണ്ടാവില്ല തന്നെ.

ബംഗാൾ സ്വദേശിയായ മണിയെന്ന യുവാവിനു കൊല്ലം ജില്ലയിലെ അഞ്ചലിൽ വച്ച് ആൾക്കൂട്ടവിചാരണ നേരിടേണ്ടി വന്നത് വിലയ്ക്കു വാങ്ങിയ ഒരു കോഴിയെ കൈവശംവച്ചതിനാണ്.ജോലി കഴിഞ്ഞ് വരുന്ന സമയത്ത് സമീപത്തെ വീട്ടിൽ നിന്നും കോഴികളെ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന മണിയെ ചിലർ വഴിയിൽ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് മണി കോഴിയെ മോഷ്ടിച്ച് വരികയാണെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ മണിയുടെ നിലവിളികേട്ട് നാട്ടുകാരും മണിക്ക് കോഴിയെ നല്കിയ വീട്ടുകാരും ഓടിയെത്തിയപ്പോഴേക്കും മണി ദേഹമാസകലം ചോരയിൽ കുളിച്ച് റോഡിൽ വീണ് കിടക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മണി മരണത്തിനു കീഴടങ്ങുകയായിരുന്നു.ആ മണിയെ തച്ചുടച്ചുക്കൊല്ലാൻ കൂട്ടുനിന്ന ഒരാളുടെ സഹോദരി ഇന്ന് തബ്രീസിനുവേണ്ടി കരയുന്നത് കാണുമ്പോൾ ആ മനസ്സിന്റെ നന്മയോർത്ത് സന്തോഷിക്കേണ്ടതാണ്.പക്ഷേ പോസ്റ്റിനുള്ളിലെ രാഷ്ട്രീയപാപ്പരത്തം കാണുമ്പോൾ സഹതപിക്കാനേ കഴിയുന്നുള്ളൂ.

ലോകത്തിൽ സഹജീവിയെ തച്ചുകൊല്ലുന്ന ആൾക്കൂട്ടം രണ്ടുതരമുണ്ട്. ഒന്നാമത്തേത് 'സാമൂഹ്യപരമായി വികലമായി വളർത്തപ്പെട്ട ആൾക്കൂട്ടമാണ്.അവരാണ് മോഷ്ടിക്കുന്നവരെയും യാചകരെയും തങ്ങളുടെ സംശയദൃഷ്ടിക്കുള്ളിൽ എത്തുന്നവരെയും വിചാരണചെയ്ത് തച്ചുടയ്ക്കുന്ന ആൾക്കൂട്ടം.അതിനവരെ പ്രാപ്തരാക്കുന്നത് അവർ വളർന്നുവന്ന സാമൂഹികപരിസരങ്ങളും.മോഷ്ടാക്കളെയും ദുർബ്ബലവിഭാഗത്തിൽപ്പെട്ടവരെയും യാചകരെയുമൊക്കെ സംശയദൃഷ്ടിയോടെ നോക്കിക്കാണുന്ന വിശപ്പിനായോ അതിജീവനത്തിനായോ നടത്തുന്ന ചെറിയ മോഷണങ്ങളെ തിരിച്ചറിയാൻ കഴിയാത്തതും തിരിച്ചറിഞ്ഞാൽ തന്നെ ക്ഷമിക്കാൻ കഴിയാത്ത സാമൂഹ്യപരമായി വളർന്നിട്ടില്ലാത്ത പ്രാകൃതമനസ്സുള്ള ആൾക്കൂട്ടം.ഇത്തരക്കാർക്ക് തങ്ങളേക്കാൾ ഉയർന്ന വിഭാഗത്തിലുള്ളവർ നടത്തുന്ന വൻ അഴിമതികളെ കണ്ടില്ലെന്നു നടിക്കാനും പ്രതികരിക്കാതിരിക്കാനുമുള്ള കെല്പുണ്ട് താനും.ഇക്കൂട്ടരിൽപ്പെട്ടവരാണ് സദാചാരത്തിന്റെ പേരിലും കൊലപാതകം നടത്തുന്നത്.മധുവിനെയും കൈലാസിനെയും മണിയെയും കൊന്ന ആൾക്കൂട്ടത്തിൽ വിവിധരാഷ്ട്രീയത്തിൽപ്പെട്ടവരുണ്ടായിരുന്നു.വ്യത്യസ്ത മതത്തിൽപ്പെട്ടവരുണ്ടായിരുന്നു.വിദ്യാസമ്പന്നരും പ്രബുദ്ധരുമുണ്ടായിരുന്നു.എന്നിട്ടും നമ്മളവരെ തച്ചുടച്ചുക്കൊന്നുകളഞ്ഞു.

രണ്ടാമത്തെ തരം ആൾക്കൂട്ടം രാഷ്ട്രീയവും മതവും തലയ്ക്കുപ്പിടിച്ച മനോവൈകൃതമുള്ള ആൾക്കൂട്ടമാണ്.അവരാണ് അഷ്‌കലിനെയും തബ്രീസ് അൻസാരിയെയും കൊന്ന ആൾക്കൂട്ടം.ഇത്തരക്കാരാണ് ഗോസംരക്ഷകരെന്ന പേരിൽ ഇതരമതസ്ഥരെ ജയ് ശ്രീരാം വിളികളോടെ കൊല്ലുന്ന മനസാക്ഷി പണയം വച്ച ആൾക്കൂട്ടം.വിവേകവും എമ്പതിയുമില്ലാത്ത അന്ധമായ സോഷ്യൽ കണ്ടീഷനിംഗാണ് ഇവിടെ വില്ലനാവുന്നത്.മതത്തിലെ അന്ധമായ വിശ്വാസം ഓരോ വ്യക്തിയിലേയ്ക്കും വർഷങ്ങളിലൂടെ പകരുന്ന ആശയങ്ങളാണ് അവരെ പിന്നീട് ഒരാൾക്കൂട്ടമായി വളർത്തുന്നത്. ഇതിനു പിന്നിൽ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ മാത്രം പ്രതിക്കൂട്ടിലാക്കാൻ കഴിയില്ല.കാരണം മതമെന്ന മദയാന കാലങ്ങളായി ഇവരിൽ വളർത്തിയെടുത്ത നെഗറ്റീവ് അപ്രോച്ചാണത്.അതിൽ മതപരവും ജാതീയവും സാമൂഹ്യപരവുമായ ഘടകങ്ങളുണ്ട്.ദൈവമെന്ന സങ്കല്പത്തെ പ്പോലും വികലമാക്കുന്നതാണ് ഇത്തരക്കാരുടെ ആക്രോശവും ക്രൂരതയും.മനസാക്ഷിപ്പണയം വച്ച ഇത്തരക്കാരെ ന്യായീകരിക്കുന്നവരും അതേ മനോവ്യാപാരത്തിലൂടെ സഞ്ചരിക്കുന്നവരാണ്.

തബ്രീസെന്ന ഝാർഖണ്ഡുകാരനുവേണ്ടി കരയുന്ന നമ്മൾ തച്ചുടച്ചുകൊന്ന കൈലാസും മണിയുമൊക്കെ ദൈവത്തിന്റെ നാട്ടിൽ വന്നത് ജീവിക്കാനുള്ള സ്വപ്നവും പേറിയാണ്.ആടുജീവിതത്തിലെ നജീമിനെയോർത്തു കരഞ്ഞവരായിരുന്നു നമ്മൾ..ഗദ്ദാമയിലെ അശ്വതിയെ ഓർത്തും പത്തേമാരിയിലെ നാരായണനെ കണ്ടും മനസ്സ് വിലപിച്ചവരായിരുന്നു നമ്മൾ..പക്ഷേ കടലാസ്സിൽ കോറിയിട്ട അക്ഷരങ്ങളിലെ നജീമിനെയും വെള്ളിത്തിരയിൽ മിന്നിയ അശ്വതിയെയും നാരായണനെയും മാത്രമായിരുന്നു നമ്മൾ കണ്ടത്..വെറും നിഴലിനെ നോക്കി മാത്രമായിരുന്നു കണ്ണുനീർ വാർത്തത്.അല്ലായിരുന്നുവെങ്കിൽ പ്രാരാബ്ദത്തിന്റെ മാറാപ്പും ചുമന്നുകൊണ്ടു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഇവിടെ വന്നവരെ നമ്മൾ കൊല്ലില്ലായിരുന്നു.

അഷ്‌കലും തബ്രീസും മധുവും കൈലാസും മണിയുമൊക്കെ ഒന്നാണ്.അവരെ തച്ചുടച്ചത്,ജീവിക്കാനുള്ള അവരുടെ അവകാശത്തെ നിഷേധിച്ചവരെല്ലാം കൊലപാതകികളാണ്.ജയ്ശ്രീരാം വിളികളോടെ ഒരാളെ അടിച്ചുകൊല്ലുന്നതും മോഷണം ആരോപിച്ചുകൊല്ലുന്നതും വിശപ്പിനു നാഴി അരി മോഷ്ടിച്ചവനെ തല്ലികൊല്ലുന്നതും ഒരേ തരത്തിലുള്ള കൊലപാതകമാണ്.ഇവിടെ കൊല്ലുന്നവർ മറന്നുപോകുന്ന ഒരു സത്യമുണ്ട്.കൊല്ലപ്പെടുന്നവരും തങ്ങളെപ്പോലെ മാംസവും മജ്ജയും ഉള്ളവരാണെന്നും അവരുടെ പേരും മനുഷ്യരാണെന്നും അവർക്കുംകൂടിയുള്ളതാണ് ഈ ഭൂമിയെന്നുമുള്ള സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP