Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രി..താങ്കൾ വാർത്താസമ്മേളനത്തിൽ തള്ളിമറിച്ച 20000 കോടിയുടെ ഒരു പാക്കേജ് യാഥാർത്ഥ്യമാണെങ്കിൽ അതിൽ നിന്നും 12 കോടി ആ പാവം മനുഷ്യനു നല്കണം; ശങ്കർജിയുടെ ഹാബിറ്റാറ്റ് ഇവിടെയുള്ളപ്പോഴാണ് റെഡ്ക്രസന്റ് വഴി സ്വപ്നാസുരേഷുമാർ കോടികൾ ലോക്കറിലാക്കിയതെന്ന് തിരിച്ചറിയണം; ഹാബിറ്റാറ്റ്ശങ്കറും കോടികൾ മറിക്കുന്ന തട്ടിപ്പുകാരും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

മുഖ്യമന്ത്രി..താങ്കൾ വാർത്താസമ്മേളനത്തിൽ തള്ളിമറിച്ച 20000 കോടിയുടെ ഒരു പാക്കേജ് യാഥാർത്ഥ്യമാണെങ്കിൽ അതിൽ നിന്നും 12 കോടി ആ പാവം മനുഷ്യനു നല്കണം; ശങ്കർജിയുടെ ഹാബിറ്റാറ്റ് ഇവിടെയുള്ളപ്പോഴാണ് റെഡ്ക്രസന്റ് വഴി സ്വപ്നാസുരേഷുമാർ കോടികൾ ലോക്കറിലാക്കിയതെന്ന് തിരിച്ചറിയണം; ഹാബിറ്റാറ്റ്ശങ്കറും കോടികൾ മറിക്കുന്ന തട്ടിപ്പുകാരും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

ൺവീടുകളുടെ തമ്പുരാൻ ! അങ്ങനെ സംബോധനചെയ്യാൻ പാകത്തിനു ഒരൊറ്റ ആർക്കിടെക്റ്റു മാത്രമേ നിലവിൽ ഇന്ത്യയിലുള്ളൂ- അതാണ് ആർക്കിടെക്ട് ശങ്കർ. പത്മശ്രീ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ ആർക്കിടെക്ട്! ലോകത്തിന്റെ പലയിടങ്ങളിലും ലക്ഷക്കണക്കിനു വീടുകൾ നിർമ്മിച്ച ശിൽപി!

വിശേഷണങ്ങൾക്കതീതമായൊരു വ്യക്തിയാണ് ഇന്നലെ പ്രാരാബ്ദപ്പട്ടിക നിരത്തി കണ്ഠമിടറി സർക്കാരിൽ നിന്നും കിട്ടേണ്ടതായ പൈസ കിട്ടാതായതിന്റെ വേവലാതിയും ആവലാതിയും നിരത്തി സംസാരിച്ചത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശം അടക്കം ഉന്നയിച്ച് താൻ നേരിടുന്ന അതിഭയങ്കരമായ സാമ്പത്തികപരാധീനതയെ കുറിച്ച് വാചാലനായത്.

ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുന്നത് പൂജപ്പുരയിലെ ഹാബിറ്റാറ്റ് ഓഫീസിൽ വച്ചാണ്. ഞാൻ പഠിപ്പിച്ചിരുന്ന സന്ദീപനി സ്‌കൂളിലെ ഒരു ചടങ്ങിൽ വിശിഷ്ടഅതിഥിയായി വരാമോയെന്ന അഭ്യർത്ഥനയുമായി സഹാദ്ധ്യാപികയായ ദീപയ്‌ക്കൊപ്പം ചെന്നതായിരുന്നു അവിടെ. ഐക്യരാഷ്ട്രസഭയിലെ ഉപദേശകസമിതി അംഗത്വം പോലുള്ള ഉന്നതപദവികളോ പത്മശ്രീയോ ജോലിത്തിരക്കുകളോ നല്കുന്ന അഹംബോധമില്ലാതെ ചിരിച്ചുകൊണ്ട് സംസാരിച്ച പച്ചയായ മനുഷ്യൻ. ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പപ്രതിരോധ കെട്ടിടം കൊല്ലത്ത് ആലുങ്കടവത്ത് ഉദ്ഘാടനം ചെയ്തപ്പോൾ അതു വഴി ഹാബിറ്റാറ്റിനു ലഭിച്ച അന്താരാഷ്ട്രപ്രശസ്തിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു.

ആരാണ് ആർക്കിടെക്ടർ ശങ്കർ? എന്താണ് ഹാബിറ്റാറ്റ്? ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത രണ്ട് പരസ്പരപൂരകങ്ങളായ പേരുകളാണ് ഹാബിറ്റാറ്റും ശങ്കറും! അശരണർക്ക് ചുരുങ്ങിയ ചെലവിൽ പരിസ്ഥിതിസൗഹൃദ പാർപ്പിടമൊരുക്കാനുള്ള ദൗത്യം ഏറ്റെടുത്ത് മുപ്പതുവർഷം മുമ്പ് തിരുവനന്തപുരത്ത് പൂജപ്പുരയിൽ തുടങ്ങിയ സ്ഥാപനം- ഹാബിറ്റാറ്റ്! ഒരു മുറിയിൽ ഒരാളിൽനിന്ന് തുടങ്ങിയ സ്ഥാപനം പിന്നീട് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഭവനനിർമ്മാണപ്രസ്ഥാനമായി മാറിയത് ചരിത്രം. ഒന്നരലക്ഷത്തോളം കെട്ടിടങ്ങൾ, അഞ്ചുലക്ഷത്തോളം ചെറുവീടുകളുടെ യൂണിറ്റുകൾ. നാൽപ്പതിനായിരത്തിലേറെ തൊഴിലാളികൾ. നാനൂറോളം വാസ്തുശിൽപ്പികളും എൻജിനിയർമാരും. ഐക്യരാഷ്ട്രസഭയുടേത് അടക്കം അന്തർദേശീയ അംഗീകാരം.

ഹാബിറ്റാറ്റിന്റെ വളർച്ച സാമ്പ്രദായിക കെട്ടിടനിർമ്മാതാക്കളെയും കോൺട്രാക്ടർമാരെയും ഏറെ വിറളി പിടിപ്പിച്ചിട്ടുണ്ട്. സിമന്റും കമ്പിയും കൊണ്ടല്ല മനുഷ്യസ്‌നേഹം കൊണ്ടാണ് ജനകീയ വാസ്തുശിൽപ്പി ജി ശങ്കർ വീടൊരുക്കിയത്. സന്നദ്ധസേവനരംഗത്ത് കെട്ടിടനിർമ്മാണകേന്ദ്രം എന്ന നിലയിൽ 80കളുടെ അവസാനംമുതലാണ് ഹാബിറ്റാറ്റ് സജീവമാകുന്നത്. പരിസ്ഥിതിയോടു സൗഹൃദമുള്ള, ചെലവുകുറഞ്ഞ, ഊർജം സംഭരിക്കുന്ന വീടുകൾ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമുണ്ടാകരുത് എന്ന് 2018 ൽ മാത്രം പണികഴിപ്പിച്ച സ്വന്തം വീടായ സിദ്ധാർസ്ഥയിലൂടെ അടിവരയിട്ട ശങ്കർ.

ഭോപാലിലെ വാതകദുരന്തവും സുനാമിയും ഹാബിറ്റാറ്റിന് പുതിയ സേവനമേഖല തുറന്നിട്ടു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന പാർപ്പിടസമുച്ചയങ്ങളുടെ നിർമ്മാണം എന്ന വലിയ ദൗത്യം. ഭോപ്പാൽ കഴിഞ്ഞ് ഒഡിഷയിൽ, ഗുജറാത്തിലെ ലത്തൂരിൽ, ഉത്തരകാശിയിൽ, ഉത്തരാഖണ്ഡിൽ, ഇന്തോനേഷ്യയിൽ, തായ്‌ലൻഡിൽ, മാലിദ്വീപിൽ- അങ്ങനെ എത്ര പ്രകൃതിദുരന്ത ഇരകളുടെ പുനരധിവാസപ്രവർത്തനങ്ങളിൽ ഹാബിറ്റാറ്റ് പങ്കാളിയായി. 1990കളുടെ അവസാനം ഒഡിഷയിൽ സൂപ്പർസൈക്‌ളോൺ കടന്നുപോയി. ചുഴലിക്കാറ്റിന്റെ താണ്ഡവത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നെങ്കിലും പാരദ്വീപിന് സമീപം ഹാബിറ്റാറ്റ് നിർമ്മിച്ച മെഡിക്കൽ കോളേജിന് ഒന്നും സംഭവിച്ചില്ല. പിന്നീട് ഒഡിഷതീരത്ത് ഭ്രാന്തൻകാറ്റ് വരുംവഴിയിൽ സ്‌കൂളുകളും കോളേജുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി ആയിരക്കണക്കിന് കെട്ടിടങ്ങൾ ഹാബിറ്റാറ്റ് ഒരുക്കി.

ലോകത്തിലെ ഏറ്റവും വലിയ പുനരധിവാസപദ്ധതി ഹാബിറ്റാറ്റ് ഏറ്റെടുത്തിട്ടുണ്ട്. അതാണ് ശ്രീലങ്കയിൽ 95,000 പേർക്കായുള്ള പാർപ്പിട പദ്ധതി. യുഎന്നിന്റെ ഫലസ്തീൻ, നേപ്പാൾ പുനരധിവാസപ്രവർത്തനങ്ങളിലും പങ്കാളിയായി. ബംഗ്‌ളാദേശിലെ ധാക്കയിൽ പണിത മൺകെട്ടിടം വർത്തമാനലോകത്തിലെ ഏറ്റവുംവലിയ മൺനിർമ്മിതിയാണ്. ആ ശില്പിയാണ് സർക്കാരിൽ നിന്നും 12 കോടിയലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്നു അതീവവിഷമത്തോടെ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിൽ അവർ ആത്മഹത്യ മുനമ്പിൽ നില്ക്കുന്നുവെന്ന് വിലപിക്കുന്നത്.

പ്രിയപ്പെട്ട മുഖ്യമന്ത്രി, താങ്കൾ തിരുവനന്തപുരത്ത് ജഗതി ഡിപി െഎ ജംക്ഷനിൽ വരെയൊന്ന് പോകണം. അവിടെ പൊലീസ് ഗസ്റ്റ് ഹൗസ് കോംപൗണ്ടിൽ ഒരു സെന്റിൽ 23 ദിവസംകൊണ്ട് ശങ്കറിന്റെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഗ്രൂപ്പ് പൂർത്തിയാക്കിയ ഒരു വീടുണ്ട്.
500 ചതുരശ്രയടിയുള്ള ഈ വീടിന് ചെലവ് 5.5 ലക്ഷം മാത്രം. സംസ്ഥാന പൊലീസിനു വേണ്ടി നിർമ്മിച്ച ഈ കെട്ടിടം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസത്തിനുള്ള മാതൃക എന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഇവിടെയുള്ളപ്പോഴാണ് റെഡ്ക്രസന്റ് വഴി സ്വപ്നാസുരേഷുമാർ കോടികൾ ലോക്കറിലാക്കിയതെന്ന് തിരിച്ചറിയണം. ഇതൊക്കെ വെറും ബധിരവിലാപങ്ങളാണെന്നറിയാം. പക്ഷേ ഒന്നു പറയട്ടെ-താങ്കൾ വാർത്താസമ്മേളനത്തിൽ തള്ളിമറിച്ച 20000 കോടിയുടെ ഒരു പാക്കേജ് യാഥാർത്ഥ്യമാണെങ്കിൽ അതിൽ നിന്നും 12 കോടി ആ പാവം മനുഷ്യനു നല്കണം.

ശങ്കർജീ, ഇതാണ് കേരളം. ഇവിടെ സേവനസന്നദ്ധതയ്ക്കും മാനവികതയ്ക്കും ഒരു സ്ഥാനവുമില്ലെന്ന് താങ്കളെന്ന മഹാശില്പി മനസ്സിലാക്കേണ്ടിയിരുന്നു. തട്ടിപ്പുകാർ കോടികൾ മറിക്കുമ്പോഴാണ് നേരായ മാർഗ്ഗത്തിൽ സർക്കാരിനുവേണ്ടി നർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത് വലിയ മഹാപരാധമാണെന്ന് താങ്കൾ തിരിച്ചറിയണമായിരുന്നു. മണ്ണും കുമ്മായവും മുളയുംകൊണ്ട് വീടൊരുക്കുമ്പോൾ സിമന്റും സ്റ്റീലും കമ്പിയും വിൽക്കുന്നവരുടെ കച്ചവടതാൽപ്പര്യങ്ങൾക്ക് മുറിവേൽക്കുന്നുണ്ടെന്ന് താങ്കൾ അറിയേണ്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP