Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇടതുപക്ഷം തന്നെ നടപ്പാക്കിയ വനാവകാശ നിയമത്തിന്റെ ലംഘനമാണ് അതിരപ്പിള്ളി പദ്ധതി; വിവരാവകാശ നിയമത്തിലെന്ന പോലെ വനാവകാശ നിയമത്തിലും വെള്ളം ചേർക്കുക എന്നത് ഭൂഷണമാണോ മുഖ്യാ? മണിയാശാന് ചാലക്കുടിപ്പുഴയുടെ കണ്ണുനീർ കാണാൻ എന്തേ കഴിയുന്നില്ല ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഇടതുപക്ഷം തന്നെ നടപ്പാക്കിയ വനാവകാശ നിയമത്തിന്റെ ലംഘനമാണ് അതിരപ്പിള്ളി പദ്ധതി; വിവരാവകാശ നിയമത്തിലെന്ന പോലെ വനാവകാശ നിയമത്തിലും വെള്ളം ചേർക്കുക എന്നത് ഭൂഷണമാണോ മുഖ്യാ? മണിയാശാന് ചാലക്കുടിപ്പുഴയുടെ കണ്ണുനീർ കാണാൻ എന്തേ കഴിയുന്നില്ല ? അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

തിവുപോലെ ജൂൺ 5 നു പരിസ്ഥിതിദിനം ഇടതുസർക്കാരിന്റെ നേതൃത്വത്തിൽ ഗംഭീരമായി തന്നെ ആഘോഷിക്കപ്പെട്ടു. സോഷ്യൽമീഡിയയിലെങ്ങും വൻ തോതിൽ തന്നെ മരങ്ങൾ നടപ്പെടുകയും ചെയ്തു.പരിസ്ഥിതി ദിനത്തിൽ കാടിനെയും മലകളെയും പുഴകളെയും അളവറ്റു സ്‌നേഹിച്ച ധാരാളിത്തം ലേശം കൂടിപ്പോയതിനാലാവും വീണ്ടും അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാൻ ജൂൺ 5 കഴിഞ്ഞ് ഒരാഴ്ച തികഞ്ഞപ്പോഴേയ്ക്കും നമ്മുടെ ജനകീയ സർക്കാർ തീരുമാനിച്ചത്.

ഇടുക്കിയുടെ ഹരിത ഭൂവിൽ ജനിച്ചു വളർന്ന എം എം മണിയെന്ന നമ്മുടെ വൈദ്യുത വകുപ്പ് മന്ത്രി അതിരപ്പള്ളി പദ്ധതി എന്ത് വിലകൊടുത്തും നടപ്പിലാക്കും എന്ന് എന്നേ പ്രസ്താവിച്ചതാണ്. മലയോരഭൂമിയിൽ ജനിച്ചു വളർന്നിട്ടും മണ്ണിന്റെ വിലയറിയാതെ പോയ ഒരു മാടമ്പിയുടെ മനസ്സുറപ്പ് കൂടെയാണ് ആ പ്രസ്താവന. ഇത്തരം പ്രസ്താവനകളും തീരുമാനങ്ങളും കേൾക്കുമ്പോഴും നടപ്പാക്കുമ്പോഴും കേരളത്തിലെ മുന്തിയ പരിസ്ഥിതിവാദികളായ ഹരീഷ് വാസുദേവനൊക്കെ ഉറക്കം നടിക്കും! പ്രതിപക്ഷത്തിരിക്കുമ്പോൾ മണ്ണിന്റെയും പുഴയുടെയും വിലാപം കേൾക്കുകയും ഭരണം കയ്യിൽ കിട്ടുമ്പോൾ ആ വിലാപത്തിന് നേരെ ചെവി കൊട്ടിയടയ്ക്കുകയും ചെയ്യുന്ന ഫ്യൂഡൽ തമ്പുരാക്കന്മാരുടെ പാർട്ടിയായി പോയ ഇടതുപക്ഷ സർക്കാരിനോട് കൂറ് കാണിക്കുന്ന അടിമകളാണ് ഇവറ്റകൾ.എല്ലാ ജീവസസ്യജാലങ്ങൾക്കും നിലനിൽക്കാൻ അത്യാവശ്യമായ ശുദ്ധജലം ഇല്ലാതാക്കുന്ന, അതിനു ഭീമമായ വിലയിട്ടു വിൽക്കുന്ന ചരക്കാക്കുന്ന ഒരു നയത്തിനെതിരെ ശബ്ദമുയർത്താൻ ഇവിടെ ആരുമില്ലാതായിരിക്കുന്നുവെന്നതാണ് പൊള്ളുന്ന യാഥാർത്ഥ്യം .

പക്ഷേ പ്രതികരണശേഷി അടിയറവ് വയ്ക്കാത്ത, രാഷ്ട്രീയ അടിമകളല്ലാത്ത ചെറിയൊരു ന്യൂനപക്ഷം കേരളത്തിലുള്ളിടത്തോളം കാലം ചിലത് ചോദിക്കാതെ തരമില്ല. കാട് മുതൽ കടൽ വരെ ശുദ്ധജലം എത്തിക്കാൻ കഴിവുള്ള ഒരേ ഒരു ആവാസവ്യവസ്ഥ ഒഴുകുന്ന പുഴ മാത്രമാണെന്ന കാര്യത്തിൽ സഖാക്കൾക്ക് തർക്കമുണ്ടോ? പുഴയെന്ന ആവാസവ്യവസ്ഥ വെറും മഴ വെള്ളം ഒഴുകുന്ന ചാല് മാത്രമല്ലല്ലോ . ഒരു പുഴയ്ക്കു ശുദ്ധ ജലം കടൽ വരെ എത്തിക്കണം എന്നുണ്ടെങ്കിൽ അതിനെ പോഷിപ്പിക്കുന്ന പല ഘടകങ്ങൾ വേണമെന്നു ഹരിത കേരളം സ്വപ്നം കാണുന്ന ജനകീയ സർക്കാരിന്റെ കാവൽഭടന്മാർക്ക് അറിയാവുന്ന കാര്യമല്ലേ ? അങ്ങനെ ഒരു പുഴയ്ക്കു സുഗമമായി ഒഴുകണമെങ്കിൽ വൃഷ്ടി പ്രദേശത്ത് നല്ല സമൃദ്ധമായ കാട് വേണ്ടേ ? അതും ഒഴുക്കിന്റെ താളവും, ഗതിയും നിയന്ത്രിച്ചു വെള്ളത്തിനെ ശുദ്ധീകരിക്കാൻ കഴിവുള്ള പുഴയോര കാടുകൾ തന്നെ വേണ്ടേ ?

പെരിയാറിന്റെ തളയിട്ട, ചിരിതൂകുന്ന പെണ്ണായ ഇടുക്കിയിൽ നിന്നുള്ള മണിയാശാന് ചാലക്കുടിപ്പുഴയുടെ കണ്ണുനീർ കാണാൻ എന്തേ കഴിയുന്നില്ല ? ഒഴുക്കിന്റെ താളത്തിനൊത്ത് മണലും എക്കലും ഒഴുകുന്ന വഴി മുഴുവൻ നിക്ഷേപ്പിച്ചുകൊണ്ട്, പുഴത്തടങ്ങളെയും, കണ്ടൽക്കാടുകളെയും സ്പർശിച്ചുകൊണ്ട് കടൽ വരെ ശുദ്ധ ജലം എത്തിക്കാൻ, ചാലക്കുടി പുഴയ്ക്കും നിയോഗമുണ്ട് . മുഴുവൻ മനുഷ്യർക്കും മറ്റു സസ്യജീവരൂപങ്ങൾക്കും അവരുടെയൊക്കെ വരാനിരിക്കുന്ന തലമുറകൾക്കും നിലനിൽപ്പിനു അനിവാര്യമായ പുഴയുടെ നാശത്തെ അവഗണിക്കുന്ന പ്രവർത്തനങ്ങളെ വികസനം എന്നു വിളിക്കുന്നതെങ്ങനെയാണ് ?

പതിനായിരക്കണക്കിനു വർഷം നിലനിൽക്കുന്ന പുഴയിലെ അണക്കെട്ടിന് ഒരു നൂറ്റാണ്ടിന്റെ പോലും ആയുസ്സില്ലെന്നു നാം മുല്ലപ്പെരിയാറിലൂടെ തിരിച്ചറിഞ്ഞതല്ലേ? കാലാവസ്ഥാമാറ്റം ഒരു ദുരന്തസത്യമാണെന്ന് രണ്ടു വൻ പ്രളയങ്ങളിലൂടെ നാം ഇന്നു തിരിച്ചറിയുമ്പോൾ അണക്കെട്ടുകളുടെ സാമ്പത്തിക ലക്ഷ്യം പോലും ചോദ്യം ചെയ്യപ്പെടുന്നു. ജലസേചനം വഴി കാർഷികോത്പ്പാദനം വർദ്ധിക്കുകയെന്നത് സ്വപ്നം മാത്രമായിരുന്നെന്ന് കേരളം തന്നെ സാക്ഷ്യപ്പെടുത്തി തന്നല്ലോ ? ഒരു പുഴയിൽ അണ കെട്ടുമ്പോൾ താഴെ പുഴയില്ലാതാകുന്നു. ആ പുഴ ഒഴുകാനുള്ളതാണെന്ന് നമ്മൾ മറക്കുന്നു . ആ പുഴയെ ആശ്രയിച്ചു നിന്നിരുന്ന മനുഷ്യർക്കും ജീവജാലങ്ങൾക്കും സസ്യങ്ങൾക്കും ജലം കിട്ടാത്തതിനെപ്പറ്റിയും നമുക്കൊരു വേവലാതിയുമില്ല.അതിനെതിരെ ജനകീയ സമരങ്ങളും ഇല്ല .

അതിരപ്പള്ളി പദ്ധതി, പശ്ചിമഘട്ടത്തിനു നാശം വരുത്തുമെന്ന് കണ്ട് ഗാഡ്ഗിൽ കമ്മിറ്റി അതിനെതിരായ നിലപാടെടുത്തിരുന്നുവല്ലോ. അതിനെ പ്രശംസിച്ചുകൊണ്ടു ശ്രീ കോടിയേരി ബാലകൃഷ്ണൻ നിയമസഭയിൽ ചലനം സൃഷ്ടിച്ചതും ആരും മറന്നു പോയിട്ടില്ല. പശ്ചിമഘട്ട സംരക്ഷണമെന്ന സങ്കൽപ്പം തന്നെ ഒരു പരിധിവരെ അംഗീകരിക്കാത്ത കസ്തൂരിരംഗൻ സമിതി ഇതിന് അനുമതി നൽകിയെന്ന രീതിയിൽ ചില വാർത്തകളും വന്നിരുന്നു . ചില വ്യവസ്ഥകളോടെ പദ്ധതിയുടെ സാധ്യത പുനഃപ്പരിശോധിക്കാമെന്നാണ് അന്ന് സമിതി പറഞ്ഞത്. നിലയത്തിലെത്തുന്ന ജലത്തിന്റെ അളവും അതിൽ നിന്നും ഉൽപ്പാദിപ്പിക്കാവുന്ന വൈദ്യുതിയും പാരിസ്ഥിതിക ജൈവ വൈവിധ്യ നാശവും ഒരുമിച്ചു പരിഗണിച്ചു വേണം ഇതു നിശ്ചയിക്കാൻ. നിർദ്ദിഷ്ട അണക്കെട്ടിനു മുകളിൽ ഇപ്പോൾ തന്നെ ആറ് അണക്കെട്ടുകളുണ്ട്. ഇതിൽ നാലെണ്ണം വഴി പുഴയിലെ 35% ജലം പറമ്പിക്കുളം പദ്ധതിക്കായി തമിഴ്‌നാട്ടിലേക്കു പോകുന്നു. ബോർഡിന്റെ രണ്ട് ജലവൈദ്യുത പദ്ധതികൾ താഴെയും. ഈ പദ്ധതിക്കായുള്ള ജലലഭ്യതക്കണക്കുകളിൽ വലിയ തട്ടിപ്പുകൾ കാട്ടിയാണ് അനുമതി നേടിയതെന്നു കണ്ടതിനാലാണ് അന്ന് കോടതി അനുമതി റദ്ദാക്കിയതെന്നു പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ചിലർക്കെങ്കിലും അറിയാം. പക്ഷേ തുറന്നു പറയാൻ നട്ടെല്ലിനു ഉറപ്പ് പോരാ.

പെരിങ്ങൽക്കുത്തിൽ നിന്നും പുറത്തുവരുന്ന വെള്ളത്തിന്റെ ഒരു ഭാഗം മാത്രമാണല്ലോ അതിരപ്പിള്ളി പദ്ധതിക്കു ഉപയോഗിക്കാൻ കിട്ടുക. പൊരിങ്ങൽകുത്തിനേക്കാൾ 23 മീറ്റർ ഹെഡ് (സ്ഥാനികോർജം) കുറവാണ് അതിരപ്പിള്ളിക്കെന്നതും നമ്മൾ ഓർക്കണം. അതായത് ഒരേ അളവിൽ ജലം കിട്ടിയാലും വൈദ്യുതി ഉൽപ്പാദനശേഷി കുറവാകും, നിലയത്തിന്റെ സ്ഥാപിതശേഷി പെരിങ്ങൽക്കുത്തിന്റേതിനേക്കാൾ മൂന്നു മടങ്ങാണെങ്കിലും. പൊരിങ്ങൽകുത്തു നിലയം ദിവസത്തിന്റെ 60% സമയം മാത്രം പ്രവർത്തിക്കുന്നു. ശേഷി മൂന്നു മടങ്ങുള്ള അതിരപ്പിള്ളി അതിൽ നിന്നും വരുന്ന മുഴുവൻ ജലവും ഉപയോഗിച്ചാലും ഇതിന്റെ മൂന്നിലൊന്നിൽ താഴെ മാത്രമെ വൈദ്യുതി ഉൽപ്പാദിപ്പിക്കാനാവൂ എന്നർത്ഥം. ഇതിന്റെ കൂടെ പാരിസ്ഥിതികനാശത്തിന്റെയും ആദിവാസി പുനരധിവാസത്തിന്റേയും കുടിവെള്ളം കിട്ടാത്തതിന്റേയും ജലസേചനം മുടങ്ങുന്നതിന്റേയും വെള്ളച്ചാട്ടം ചെറുതാകുക വഴി ടൂറിസം നഷ്ടത്തിന്റേയുമെല്ലാം കണക്കെടുത്താൽ സമൂഹത്തിനും ജനങ്ങൾക്കും വരും തലമുറക്കും ഉണ്ടാകുന്ന നഷ്ടം അതിഭീമമായിരിക്കുമല്ലോ .പിന്നെന്തിന് ഈ പദ്ധതി?

വളരെ ഉയർന്ന പരിരക്ഷണമൂല്യമുള്ള 259 ഹെക്റ്റർ വനമേഖലയാണ്ഈ പദ്ധതി കാരണം നശിക്കുന്നത്. അതായത് വാഴച്ചാൽ വനം ഡിവിഷന്റെ 62 ശതമാനവും നശിക്കുമെന്നർത്ഥം. സംസ്ഥനത്ത് 800 മീറ്ററിൽ താഴെ പ്രദേശത്തെ ഏക നദീതടക്കാടുകളാണിത്. ഇതിൽ 28.5 ഹെക്റ്റർ പൂർണമായും മുങ്ങിപ്പോകും. കേരളത്തിലെ നദികളിൽ ഏറ്റവുമധികം മൽസ്യജൈവവൈവിധ്യമുള്ളതാണ് ചാലക്കുടിപ്പുഴ. 104 ഇനം മൽസ്യങ്ങളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. അപൂർവ്വയിനം പക്ഷി മൃഗാദികളുടെയും സസ്യജാലങ്ങളുടേയും കലവറയായി മേഖലയുടെ ജൈവവൈവിധ്യത്തേയും പദ്ധതി സാരമായി ബാധിക്കും.

ഇനി ഗോത്രവർഗ്ഗ സംരക്ഷണം അജണ്ടയാക്കിയ പാർട്ടിയുടെ തലമുതിർന്ന നേതാക്കന്മാരോട് ഒരു ചോദ്യം ? ചാലക്കുടി പുഴയോരത്ത് വസിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രാക്തന ഗോത്രമെന്നു പറയാവുന്ന കാടർ വിഭാഗത്തിൽ പെട്ട ആദിവാസികളായ ജനസമൂഹത്തെ നിങ്ങൾ എങ്ങനെയാണ് സംരക്ഷിക്കാൻ പോകുന്നത് ? പ്രാഥമികമായി വേട്ടയാടിയും ഭക്ഷണം ശേഖരിച്ചും ചാലക്കുടിപുഴ വനമേഖലയിൽ കഴിയുന്ന ഇവരെ കുറിച്ച് മണി സാറും പിണറായി സാറും കേട്ടിട്ടുണ്ടോ ? വനത്തേയും ചെറിയ വന്യജീവികളെയും പുഴമൽസ്യങ്ങളെയും കിഴങ്ങുകളെയും തേനടക്കമുള്ള ചില്ലറ വനവിഭവങ്ങളേയും ആണിവർ ആശ്രയിക്കുന്നത്. നിരവധി പ്രാവശ്യം പല പദ്ധതികളുടെയും പേരിൽ ആട്ടിയോടിക്കപ്പെട്ട ഇവർ ഇപ്പോൾ ചാലക്കുടിപ്പുഴയോരത്താണ് താമസം. 413 ച.കി.മീറ്ററിൽ എട്ടു ഊരുകളുണ്ട്. ഇതിൽപ്പെട്ട വാഴച്ചാൽ, പൊകലപ്പാറ ഊരുകളാണ് അണക്കെട്ടുവന്നാൽ വെള്ളം കയറി നശിക്കുക. 2006ലെ വനാവകാശനിയമമനുസരിച്ച് ഇവരെ കുടിയൊഴിപ്പിക്കുന്നത് ചരിത്രപരമായ നീതിനിഷേധത്തിന്റെ തുടർച്ചയാണ്. വനാവകാശങ്ങൾ ലംഘിക്കുന്ന ഒരു പദ്ധതിയും അനുവദിക്കരുതെന്ന് നിയമം പറയുന്നു. മുങ്ങിപ്പോകുന്ന പ്രദേശത്തെ ആദിവാസികളെ സമഗ്രമായി പുനരധിവസിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം ആരും വിശ്വസിക്കില്ല തന്നെ . അതിനു കാരണം മാറി മാറി വന്ന പാർട്ടികളുടെ ഭരണാനുഭവങ്ങളാണ്. ഭരണഘടനയും 1975ലെ ആദിവാസി ഭൂസംരക്ഷണനിയമവുമനുസരിച്ച് ആദിവാസികളുടെ ഭൂമി ആർക്കും വാങ്ങുവാനാകില്ല. അവരുടെ ഭൂമി ആരെങ്കിലും കയ്യടക്കിയാൽ, അവർ വിറ്റതാണെങ്കിൽപ്പോലും അത് തിരിച്ച് ആദിവാസിക്കു കിട്ടണം. എന്നാൽ, കേരളത്തിലെ പതിനായിരക്കണക്കിനു ആദിവാസികളുടെ ഭൂമി അന്യാധീനപ്പെട്ടിട്ടും അതു തിരിച്ചുപിടിച്ചു കൊടുക്കാൻ ഒരു ഭരണകർത്താവിനും കഴിഞ്ഞിട്ടില്ല. കാരണം വ്യക്തം- കയ്യേറ്റക്കാരെല്ലാം വലിയ രാഷ്ട്രീയ സാമുദായിക സ്വാധീനമുള്ളവരാണ്. ഈ സാഹചര്യത്തിൽ പുനരധിവാസമെന്ന സർക്കാർ ഉറപ്പ് അവരെങ്ങനെ വിശ്വസിക്കും ?

ഇടതുപക്ഷം തന്നെ നടപ്പാക്കിയ വനാവകാശ നിയമത്തിന്റെ ലംഘനമാണ് അതിരപ്പിള്ളി പദ്ധതി. പ്രദേശത്തെ ആദിവാസികൾ ആയ കാടരുടെ സമ്മതം ഇല്ലാതെ വികസന പദ്ധതിയുമായി മുന്നോട്ട് പോകുന്നത് വനാവകാശ നിയമത്തിന്റെ ലംഘനമല്ലേ മുഖ്യമന്ത്രീ ?. വിവരാവകാശ നിയമത്തിലെന്ന പോലെ വനാവകാശ നിയമത്തിലും വെള്ളം ചേർക്കുക എന്നത് ഭൂഷണമാണോ മുഖ്യാ??പറമ്പിക്കുളം കാടുകളിൽ നിന്നും പൂയംകുട്ടിക്കാടുകളിലേക്കുള്ള ആനകളുടെ പാത (ആനത്താര) ചാലക്കുടിപ്പുഴ കടന്നാണ്. അത് വാഴച്ചാലിലൂടെയാണ്. വളരെ ഉയർന്ന ആനസാന്ദ്രതയുള്ള പ്രദേശമാണിത്. ആ വഴിയാകെ അണക്കെട്ടിൽ മുങ്ങിപ്പോകും. ഇതു വഴി ആനവംശത്തിനു ഭീഷണിയുണ്ടാകും. തുമ്പൂർമൊഴി ജലസേചന പദ്ധതി വഴി 35,000 ഏക്കർ കൃഷിക്കുള്ള വെള്ളം ഇല്ലാതാകും. ലക്ഷക്കണക്കിന് ടൂറിസ്റ്റുകളുടെ ആകർഷണമായ വെള്ളച്ചാട്ടം വേനലിൽ വെറുമൊരു ജലധാര മാത്രമാകും. 1169 എം.സി.എമ്മിനു പകരം 241 എം.സി.എം മാത്രമാകും. 80 ശതമാനം കുറവാകും എന്നിട്ടും നിങ്ങൾ പറയുന്നു വെള്ളച്ചാട്ടം സംരക്ഷിക്കും എന്ന്. ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ വഴിയാധാരമാകില്ലേ?. അവർക്കൊന്നും വികസനം വേണ്ടേ??

പ്രകൃതിയുടെ സംരക്ഷണത്തെ സംബന്ധിച്ച് 1875ൽ ഫ്രെഡറിക് എംഗൽസ് എഴുതിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ലേഖനമുണ്ട്. അതെന്താണെന്ന് ഇടതുപക്ഷ ജനകീയ സർക്കാർ അറിഞ്ഞിരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. 'പ്രകൃതിയുടെ വൈരുദ്ധ്യസ്വഭാവത്തിന് ഒരു മുഖവുര' എന്ന ആ ലേഖനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ് എംഗൽസ് ഊന്നിപ്പറഞ്ഞിട്ടുള്ളത്. മനുഷ്യനാണ് പ്രകൃതിയെ രൂപപ്പെടുത്തുന്നതിൽ സവിശേഷമായ പങ്ക് വഹിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് മനുഷ്യനും കൂടി ഉൾക്കൊള്ളുന്ന പ്രകൃതി സംരക്ഷണമാണ് പ്രായോഗികമായിട്ടുള്ളത് എന്ന് എംഗൽസ് ചൂണ്ടിക്കാണിക്കുന്നു. പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്ന അവസ്ഥയെ സംബന്ധിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് കമ്യൂണിസ്‌റ് ആചാര്യനായ ഫ്രെഡറിക്ക് എംഗൽസ് നടത്തിയിട്ടുള്ള വിശകലനം ഇന്ന് ഏറെ പ്രസക്തമാണ്. കാരണം ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന് നേതൃത്വം നൽകുന്നത് ആ ആചാര്യന്റെ പിന്തലമുറക്കാരാണ്. ഇനിയൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാവണമെങ്കിൽ ഈ പദ്ധതിക്കും ഇതുപോലെയുള്ള പദ്ധതികൾക്കും പച്ചക്കൊടി കാണിക്കാൻ ഒരു രാഷ്ട്രീയ സംഘടനയും ഭരണകർത്താക്കളും ശ്രമിക്കരുത് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP