Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 ഗ്‌ളാസിനും ചുണ്ടിനുമിടയിൽ എത്തിയൊരു ഹൈക്കോടതി സ്റ്റേ. മദ്യപാനമെന്നത് ഒരു തെറ്റോ കുറ്റമോ അല്ലെങ്കിലും അതിനടിമപ്പെട്ടുപോകുക അഥവാ അഡിക്ടായിത്തീരുകയെന്നത് സാമൂഹ്യവിപത്ത് തന്നെയാണ്. ഡീഅഡിക്ഷൻ സെന്ററുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഇപ്പോഴും പലയാളുകൾക്കും ശരിയായ ധാരണയില്ലായെങ്കിൽ അതിൽ തെറ്റു ചൂണ്ടികാണിക്കപ്പെടേണ്ടത് പൊതുസമൂഹത്തിനു നേർക്കാണ്,അല്ലാതെ മദ്യപന്മാർക്കു നേരെയല്ല. കൃത്യമായ ബോധവൽക്കരണത്തോടെ അഡിക്ഷൻ ബാധിച്ചവരെ എല്ലാം കണ്ടത്തി ശരിയായ ചികിത്സ കൊടുക്കേണ്ട സമയമാണ് ഇപ്പോളിവിടെ ഉള്ളത്. അല്ലാതെ ആസക്തി ഉള്ളവർക്ക് വീണ്ടും മദ്യം തന്നെ മരുന്നായി നല്കുകയെന്ന വിചിത്രവാദമല്ല.

മരുന്നുകളുടെ സഹായത്തോടെ സ്ഥിരമായി മദ്യപിക്കുന്ന വ്യക്തികളിൽ ഉണ്ടായേക്കാവുന്ന എല്ലാ പ്രശ്‌നങ്ങളെയും നിയന്ത്രിച്ചു നിർത്താൻ കഴിയും. കേരളത്തെ ലഹരി മുക്തമാക്കാനുള്ള ജനകീയ സംരംഭമായ വിമുക്തി എന്ന കർമ്മപദ്ധതി ഉൾപ്പെടെ കുറെയധികം പദ്ധതികളും ക്യാമ്പെയിനുകളും കേരളത്തിൽ അടുത്ത കുറച്ചു കാലങ്ങളായി നടന്നിട്ടുണ്ടെങ്കിലും ഇതിനൊന്നും പ്രചാരമോ വലുതായ ഗുണഫലമോ ലഭിച്ചതായി കാണാൻ സാധിച്ചില്ല. അതിന്റെ പ്രധാന കാരണം ഒരുവശത്തു ഇത്തരം ഉപദേശ-ബോധവൽക്കരണങ്ങൾ നടക്കുമ്പോഴും മറുവശത്തു സുലഭമായി ലഭ്യമായിരുന്ന മദ്യം തന്നെയായിരുന്നു.

'മദ്യപരെ ബോധവൽക്കരിക്കാൻ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക. എൽഡിഎഫ് വന്നാൽ മദ്യവർജ്ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറയ്ക്കാൻ കർശനമായ നടപടികളെടുക്കും. മദ്യനയം സുതാര്യമായിരിക്കും. അഴിമതി ഇല്ലാത്തതായിരിക്കും.. മദ്യവിൽപ്പന നിയന്ത്രിക്കാൻ ഐക്യജനാധിപത്യമുന്നണി ഗവൺമെന്റ് കൊണ്ടുവന്ന നടപടികളെ പരിഹസിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇടതുപക്ഷ മുന്നണി ചലച്ചിത്ര നടി കെ പി എ സി ലളിതയെയും നടനും എംപിയുമായ ഇന്നസെന്റിനെയും കൊണ്ട് ഇടതടവില്ലാതെ നടത്തിയ പ്രചാരണത്തിന്റെ ചില സാമ്പിളുകളാണ് മേൽ ഉദ്ധരിച്ചത്. കേരളത്തെ മദ്യവിമുക്തമാക്കുവാൻ പ്രതിജ്ഞാബദ്ധരാണ് എൽ ഡി എഫ് മുന്നണിയെന്നു ഉറക്കെ പ്രഖ്യാപിച്ചുക്കൊണ്ട് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങി വിജയിച്ച സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്.

യു ഡി എഫിന്റെ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ ഇനി തുറക്കുമോ എന്ന ചോദ്യത്തിന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു- 'ഒരിക്കലും തുറക്കില്ല'. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിങ്ങനെയാണ്- 'മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാൾ കുറച്ചുകൊണ്ടുവരുന്ന, മദ്യവർജ്ജനത്തിൽ അധിഷ്ഠിതമായ ഒരു നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കാൻ പോകുന്നത്. ഇന്ന് ലഭിക്കുന്ന മദ്യത്തിൽ ഒരു തുള്ളി പോലും അധികം ലഭ്യമാകാത്ത വിധത്തിൽ, അതിനേക്കാൾ കുറയ്ക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക. എന്നാൽ സംഭവിച്ചതും ഇപ്പോൾ സംഭവിക്കുന്നതും നേരെ മറിച്ചാണ്. ലോക് ഡൗൺ കാലത്ത് പോലും മദ്യം ഒരു മരുന്നായി നല്കാൻ മടിക്കാത്ത തരത്തിലേയ്ക്ക് ഒരു ജനാധിപത്യ സർക്കാർ തരം താഴ്ന്നിരിക്കുന്നു.

ഇടതു സർക്കാർ അധികാരത്തിൽ വന്നശേഷം ആദ്യം ചെയ്തത് യു ഡി എഫ് പ്രഖ്യാപിച്ച, സുപ്രീംകോടതി അംഗീകരിച്ച മദ്യനയം അട്ടിമറിക്കലായിരുന്നു. അതിന്റെ ഭാഗമായി വർഷംതോറും 10 ശതമാനം ബീവറേജ് ഔട്ട്ലെറ്റുകൾ പൂട്ടിക്കൊണ്ടിരുന്ന തീരുമാനം റദ്ദ് ചെയ്തു. തുടർന്ന് തങ്ങളുടെ പ്രദേശത്ത് മദ്യശാലകൾ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ അധികാരം നൽകുന്ന പഞ്ചായത്ത് രാജ്-നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകൾ റദ്ദാക്കി. സുപ്രീംകോടതി വിധിയെ തുടർന്ന് ദേശീയപാതയോരങ്ങളിലെ മദ്യശാലകൾ ജനവാസകേന്ദ്രങ്ങളിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കത്തെ പൊതുജനം ചെറുത്തു തോൽപ്പിച്ചപ്പോഴാണ് ഈ ജനാധികാരം എടുത്തുകളഞ്ഞത്. അധികാരവികേന്ദ്രീകരണത്തെക്കുറിച്ച് പറയുന്നവർ തന്നെ ജനഹിതം അട്ടിമറിച്ച് അധികാര കേന്ദ്രീകരണം നടത്തിയത് ഈ സർക്കാരല്ലേ?.

ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് ദേശീയ, സംസ്ഥാന പാതകളിൽ മദ്യശാലകൾ തുറക്കാൻ അനുമതി കൊടുത്തത് ആരാണ്? ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്കെല്ലാം ബാർ കൊടുത്തത് ആരാണ്? എന്തിനു വേണ്ടി?വിദേശമദ്യ ചട്ടമനുസരിച്ച് ബിയർ, വൈൻ യോഗ്യതയുള്ളവർക്ക് തുടർന്നു നൽകാൻ തീരുമാനിച്ചത് ഏത് സർക്കാരാണ്? വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ലോഞ്ചുകൾക്ക് ഒപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കിയത് എന്ത് ഉദ്ദേശത്തിലായിരുന്നു? മാത്രമോ പൊലീസ് കാന്റീനുകൾക്കും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയത് ആരാണ്?

ബാറുടമകൾക്കു വേണ്ടി ദേശീയ-സംസ്ഥാന പാതകൾ ഡി നോട്ടിഫൈ ചെയ്യാൻ തീരുമാനമെടുത്തത് ഏത് മന്ത്രിസഭയായിരുന്നു? ദൂരപരിധി നിയമം 200 എന്നത് 50 മീറ്ററാക്കി കുറച്ചതും വിദ്യാലയങ്ങൾക്കും ആരാധനാലയങ്ങൾക്കും സമീപം ബാർ തുറക്കാമെന്നു തീരുമാനിച്ചതും ഈ സർക്കാരല്ലേ?

മുൻ സർക്കാർ പൂട്ടിച്ച ബാറുകൾ ഒന്നൊന്നായി തുറക്കുന്നതിന് നിയമയുദ്ധം ഏറ്റെടുത്തു നടത്തിയ സർക്കാർ, നിയന്ത്രണങ്ങളുടെ കുരുക്കുകൾ ഓരോന്നായി അഴിച്ച് മദ്യം സർവ്വത്ര വിളമ്പാൻ വഴിയൊരുക്കുകയല്ലേ ചെയ്തത്? ഒരേ സമയം മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുകയും മദ്യവർജ്ജനം നയമാണെന്ന് പറയുകയും ചെയ്യുന്നതിന്റെ പേരല്ലേ ഇരട്ടത്താപ്പ്? മദ്യലഭ്യത വർധിപ്പിച്ചശേഷം ഉപദേശിച്ചുമാറ്റാമെന്ന ഉട്ടോപ്യൻ വിചിത്ര ന്യായമാണ് സർക്കാർ സ്വീകരിക്കുന്നത്.

ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ. മദ്യത്തെ പ്രോൽസാഹിപ്പിക്കുന്നവരെ തിന്മയുടെ അവതാരങ്ങളായി മാത്രമേ കാണാൻ കഴിയൂ. അല്ലാതെ അതിൽ മദ്യപന്മാരോടുള്ള കരുതൽ കാണാൻ കഴിയില്ല.

ഒരു തൊഴിലാളി മദ്യം കൊണ്ട് ഉപജീവനം നടത്തുമ്പോൾ ആയിരങ്ങൾ മദ്യം കുടിച്ച് നശിക്കുന്നുണ്ട്. മദ്യാസക്തിയുള്ള ഒരാളുടെ വീട്ടിൽ അസ്വസ്ഥമായ മനസോടെ കഴിയുന്ന ഒരു കുടുംബമുണ്ട്. അവരുടെ ദുരിതം കണ്ടറിഞ്ഞ് പരിഹാരമുണ്ടാക്കുന്നതിലാണ് കരുതൽ വേണ്ടത്. ജനങ്ങൾ മദ്യം വർജ്ജിച്ചാൽ മതി, ഫലപ്രദമായ മദ്യനിയന്ത്രണവും മദ്യനിരോധനവും അപ്രായോഗികമാണെന്ന് വാദിക്കുന്നത് വഞ്ചനാപരമായ നിലപാടാണ്. ജനങ്ങൾ ആഗ്രഹിക്കുന്നിടത്തോളം മദ്യം ലഭ്യമാക്കുകയെന്നത് മദ്യ രാജാക്കന്മാരുടെ താൽപര്യമാണ്. ഒരിക്കലും ഉത്തരവാദിത്വമുള്ള സർക്കാർ അത് മാനദണ്ഡമാക്കരുത്.

ഈ കൊറോണക്കാലം ഇതെല്ലാം നടപ്പാക്കാൻ ഉള്ള അവസരം കൂടെയാണ് എന്നത് നമ്മൾ പോസിറ്റിവ് ആയി കാണേണ്ട സമയമാണ്. കേരളസമൂഹത്തെ മദ്യക്കെടുതികളിൽ നിന്ന് മോചിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ മദ്യത്തിൽ മുക്കിക്കൊല്ലുകയല്ല വേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP