Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

പാവക്കുളം ക്ഷേത്രത്തിൽ പൗരത്വഭേദഗതിയെ അനുകൂലിച്ച പരിപാടി അലമ്പാക്കാൻ ശ്രമിച്ച സ്ത്രീയും സിന്ദൂരം തൊടുന്നത് കുഞ്ഞുങ്ങളെ കാക്കമാരിൽ നിന്നും രക്ഷിക്കാനെന്നു പറയുന്ന സ്ത്രീയും വരച്ചുകാട്ടുന്നത് സമകാലികകേരളത്തിന്റെ രണ്ടുമുഖങ്ങളെയാണ്; രണ്ടു പ്രതീകങ്ങളും സമൂഹത്തിനു നല്കുന്നത് തെറ്റായ സന്ദേശം മാത്രം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

പാവക്കുളം ക്ഷേത്രത്തിൽ പൗരത്വഭേദഗതിയെ അനുകൂലിച്ച പരിപാടി അലമ്പാക്കാൻ ശ്രമിച്ച സ്ത്രീയും സിന്ദൂരം തൊടുന്നത് കുഞ്ഞുങ്ങളെ കാക്കമാരിൽ നിന്നും രക്ഷിക്കാനെന്നു പറയുന്ന സ്ത്രീയും വരച്ചുകാട്ടുന്നത് സമകാലികകേരളത്തിന്റെ രണ്ടുമുഖങ്ങളെയാണ്; രണ്ടു പ്രതീകങ്ങളും സമൂഹത്തിനു നല്കുന്നത് തെറ്റായ സന്ദേശം മാത്രം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ അന്നത്തെ കേരളത്തിൽ നിന്നും മുഴുത്ത ഭ്രാന്താലയമെന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളമെന്ന് കാട്ടിത്തരുന്ന സംഭവവികാസങ്ങളാണ് നമുക്ക് ചുറ്റും കാണുന്നത്.അന്നത്തെ സാഹചര്യത്തിൽ നിന്നും എന്ത് പ്രബുദ്ധതയും നവോത്ഥാനവുമാണ് നമ്മൾ ഇത്രയും കാലത്തിനിടയ്ക്ക് നേടിയത്? മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നു ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ സ്വന്തം കേരളത്തിലാണ് ഇന്ന് മതത്തിന്റെ പേരിൽ ഏറ്റവും വലിയ ചേരിതിരിവ് അടയാളപ്പെടുത്തുന്നത്.

ഞാനൊക്കെ വളർന്ന സാഹചര്യത്തിൽ നിന്നും എത്രമാത്രം നമ്മുടെ കേരളീയസമൂഹം മാറിയിരിക്കുന്നു.ഇന്നത്തെ കേരളത്തെ ചൂണ്ടിക്കാട്ടി എന്ത് നന്മയാണ് ഞാനെന്ന അമ്മ എന്റെ രണ്ടുവയസ്സുകാരി മകളിലേയ്ക്ക് പകരേണ്ടത്? ഇവിടെ നടക്കുന്ന സംഭവങ്ങളിൽ നിന്നും എന്ത് മൂല്യങ്ങളെയാണ് ഞാനെന്ന അദ്ധ്യാപിക വിദ്യാർത്ഥികളിലേയ്ക്ക് ചൂണ്ടികാണിക്കേണ്ടത്?

Stories you may Like

പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ കേരളത്തിൽ മതഭ്രാന്ത് ആളിപ്പടരുന്നത്. അതിൽ ആവോളം എണ്ണയൊഴിച്ചുകൊടുക്കുന്നുണ്ട് വർഗ്ഗീയലഹളയെ കാംക്ഷിക്കുന്ന കുറേ സാമൂഹ്യവിരുദ്ധർ. മാന്യതയുള്ള രാഷ്ട്രീയത്തിനു മൗനമെന്നു പേരു കൂടിയുണ്ടെന്നുള്ള ബോധ്യത്തോടെ തല്ക്കാലം പൗരത്വഭേദഗതിയെ അനുകൂലിക്കാനും പ്രതികൂലിക്കാനും മെനക്കെടാത്ത കുറേയേറെപ്പേരിവിടെയുണ്ട്. ഒരു ശരാശരി മനുഷ്യന്റെ വികാര വിചാരധാരയെ സ്വാധീനിക്കുന്ന പലതും ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റായും പോസ്റ്ററായും വരുന്നുണ്ട്. അതിൽ പലതിലും വാസ്തവികതയുടെ കണിക പോലുമില്ല താനും. ജനാധിപത്യത്തിനും നീതിക്കും പ്രാധാന്യം കൊടുക്കുന്നതിനാൽ ഈ വിഷയത്തിൽ മൗനം തന്നെയാണ് യഥാർത്ഥ രാഷ്ട്രീയം. പൗരത്വഭേദഗതിയിൽ ഇസ്ലാം മതത്തിനെതിരെ വിവേചനമുണ്ടെങ്കിൽ ജനാധിപത്യപരമായി മറുപടി കൊടുക്കാൻ നമ്മുടെ വിരൽതുമ്പിൽ തന്നെ സംവിധാനമുള്ളപ്പോൾ എന്തിന് ഒരു കലാപം? എന്തിന് ഒരു വിപ്ലവം?

വോട്ടുബാങ്ക് ലക്ഷ്യംവച്ചുള്ള രാഷ്ടീയപൊറാട്ടുനാടകത്തിന്റെ ഇരകളായി ഇവിടുത്തെ മതങ്ങളെ മാറ്റിയപ്പോൾ തച്ചുടയ്ക്കപ്പെട്ടത് മനുഷ്യർക്കിടയിലുള്ള കലർപ്പില്ലാത്ത സാഹോദര്യവും സൗഹൃദവുമായിരുന്നു.ഇരട്ടത്താപ്പും മത പ്രീണനവും നടത്തി രാജ്യത്തെ വിഘടനവാദത്തിലേക്ക് നയിക്കുന്ന രാഷ്ട്രീയ സംഘടനകൾ മുൻകൈയെടുത്താണ് ഇവിടെ അനാവശ്യവിവാദം അഴിച്ചുവിടുന്നത്.ആരും ആരേക്കാൾ മോശമല്ലെന്ന് ഓരോ സംഭവവികാസങ്ങളും കാട്ടിത്തരുന്നു.

ആറു വയസ്സുള്ള കുഞ്ഞിനെ കൊണ്ട് ഒരു ഉമ്മ നരേന്ദ്ര മോദിയെ കൊല്ലണം എന്ന് ടിക് ടോക് വീഡിയോ ചെയ്യിച്ചത് നമ്മൾ കണ്ടതാണ്. അതഭിമാനപൂർവ്വം ഷെയർ ചെയ്തവർ നമുക്കിടയിലില്ലേ? പ്രധാനമന്ത്രിയെ കൊല്ലണമെന്ന് ഒരു കൊച്ചുകുഞ്ഞിനെ കൊണ്ട് പറയിച്ച ആ ഉമ്മയുടെ മനോനില എത്രമാത്രം തരംതാണതാണ്. അതിനേക്കാൾ മനോവൈകൃതമുള്ളവരല്ലേ ആ വീഡിയോ ഷെയർ ചെയ്ത് കൈയടിച്ചവർ? ഇന്ത്യ മോദിയുടെ തന്തയുടെ വകയല്ലെന്ന ബാനറുകളും പോസ്റ്ററുകളുമായി കുഞ്ഞുങ്ങളെ തെരുവിലേയ്ക്ക് ഇറക്കി വിട്ട അദ്ധ്യാപകരാണ് ഈ പ്രബുദ്ധകേരളത്തിലുള്ളത്. അവരിൽ നിന്ന് ഇളംതലമുറയ്ക്ക് പകർന്നുകിട്ടുന്നത് വർഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും ബാലപാഠങ്ങളല്ലേ?

പൗരത്വഭേദഗതിയെ അനുകൂലിച്ച് പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ യോഗത്തിൽ ഒരു സ്ത്രീ ഇടയ്ക്ക് ഇടപെടുന്നതും മറ്റുള്ള സ്ത്രീകൾ അവരെ പിടിച്ച് പുറത്താക്കുന്നതുമായ ഒരു വീഡിയോ ഇന്നലെ കണ്ടിരുന്നു. ഏതൊരു പ്രസംഗത്തിന്റെയും ഇടയിൽക്കയറി ഷോ കാണിക്കുന്നത് അത്ര നല്ല പ്രവണതയൊന്നുമല്ല. പാവക്കുളം ക്ഷേത്രവും ഓഡിറ്റോറിയവും വിശ്വഹിന്ദുപരിഷത്തിന്റെ അധീനതയിൽ ഉള്ളതാണെന്നാണ് അറിയാൻ കഴിഞ്ഞത്. സ്വാഭാവികമായും അത്തരമൊരു സ്ഥലത്ത് വച്ച് നടത്തുന്ന യോഗങ്ങൾ ഹൈന്ദവതയുമായും CAAയെ അനുകൂലിക്കുന്ന തരത്തിലുള്ളതുമാകും. അത്തരമൊരു യോഗസ്ഥലത്ത് ചെന്ന് പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നത് ബാഹ്യപ്രേരണയിലാവാനേ തരമുള്ളൂ. ഇനി CAAയെ പ്രതികൂലിക്കുന്ന സ്ഥലത്ത് ചെന്ന് ഇതുപ്പോലെ ചോദ്യം ചെയ്താലും ഇതൊക്കെ തന്നെയല്ലേ,(ഒരു പക്ഷേ ഇതിനേക്കാൾ കൂടുതൽ ) സംഭവിക്കുക? കേരളവർമ്മയിൽ ഒരു പയ്യനെ സംഘംചേർന്ന് എസ്.എഫ്.ഐക്കാർ ആക്രമിച്ചത് അവൻ പൗരത്വഭേദഗതിയെ അനുകൂലിച്ച് പറയാൻ ശ്രമിച്ചതിനല്ലേ?

ഒരിക്കൽ പ്രശസ്തനായ എഴുത്തുകാരൻ സഖറിയ ഒരു യോഗത്തിൽ വച്ച് നടത്തിയ സിപിഎം പരാമർശത്തിന്റെ പേരിൽ കൈയേറ്റം നേരിട്ടത് നമ്മൾ കണ്ടതല്ലേ. ? ആയിഷ റെന്നെയെ മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ മാപ്പുപറയിപ്പിച്ചതും നമ്മൾ കണ്ടതല്ലേ. ? അന്നൊക്കെ അതിനെ ന്യായീകരിച്ചവരാണ് ഇന്നിപ്പോൾ ഈ വീഡിയോയോടൊപ്പം ഒരു നിരാലംബയായ സ്ത്രീയെ സംഘിണികൾ ആക്രമിക്കുന്നുവെന്ന തലക്കെട്ടോടെ പ്രചരിപ്പിക്കാൻ മുന്നിൽ നില്ക്കുന്നത്. ഇത്തരം പ്രചരണങ്ങൾ കൊണ്ട് എന്ത് നല്കപ്പെടുന്നത് തെറ്റായ സന്ദേശങ്ങൾ മാത്രമല്ലേ?

അതുപോലെ തന്നെ ആ വീഡിയോയിൽ ഏറ്റവും വൈകാരികമായി പ്രതികരിക്കുന്ന ഒരു സ്ത്രീയുണ്ട്.സിന്ദൂരം തൊട്ടത് കാട്ടി '''ഞാനൊക്കെ ഇത് തൊട്ടു നടക്കുന്നത് എന്തിനാണെന്ന് അറിയുമോ'യെന്ന ഡയലോഗ് കാച്ചിയ ഒരു സ്ത്രീ. അവരോടൊക്കെ തോന്നുന്നത് തീർത്തും സഹതാപം മാത്രം. ഈ പരിപാടി അലമ്പാക്കാൻ ശ്രമിച്ച സ്ത്രീയും സിന്ദൂരം തൊടുന്നത് കുഞ്ഞുങ്ങളെ കാക്കമാരിൽ നിന്നും രക്ഷിക്കാനെന്നു പറയുന്ന സ്ത്രീയും വരച്ചുകാട്ടുന്നത് സമകാലികകേരളത്തിന്റെ രണ്ടുമുഖങ്ങളെയാണ്.ഒരുവൾ ആരുടെയൊക്കെയോ ഓശാരം പറ്റി മനഃപൂർവ്വം പ്രശ്‌നം സൃഷ്ടിക്കാൻ ഇറങ്ങിയിരിക്കുന്ന സാമൂഹ്യവിരുദ്ധ.മറ്റൊരാൾ കടുത്ത ഇസ്ലാമോഫോബിയ ബാധിച്ച മനോരോഗി. രണ്ടു പ്രതീകങ്ങളും ഈ സമൂഹത്തിനു നല്കുന്നത് തെറ്റായ സന്ദേശം മാത്രമാണ്.അതിന്റെ മറപ്പിടിച്ച് നിസഹായയായ ഒരു ഹൈന്ദവസ്ത്രീയുടെ കേരളത്തിലെ ഇന്നത്തെ അവസ്ഥയെന്നും ഹിന്ദുവായ ഒരമ്മയുടെ ആകുലതയെന്നുമൊക്കെയുള്ള പലതരം ന്യായീകരണങ്ങളും കാണുന്നുണ്ട്.

സിന്ദുരം എന്നത് എങ്ങനെയാണ് ഒരു രക്ഷാകവചമാകുന്നത്? സിറിയയിലേയ്ക്ക് ആട് മെയ്‌ക്കാൻപ്പോയ നിമിഷയുടെ അമ്മ സിന്ദൂരപ്പൊട്ടണിഞ്ഞ ഒരു സ്ത്രീയായിരുന്നു.സിന്ദൂരം ഇടാൻ മറക്കാതിരുന്ന ആ അമ്മ പക്ഷേ മറന്നുപ്പോയത് സ്വന്തം മകളെ നേരേചൊവ്വേ വളർത്താനായിരുന്നു.സ്വന്തം ഇഷ്ടത്തിനു ഒരുത്തന്റെ കൂടെ ഇറങ്ങിപുറപ്പെട്ട ഹാദിയയും തുങ്ങിയാടിയ അഖിലയും ഒക്കെ അവനവനൊരുക്കിയ പടുക്കുഴിയിൽ സ്വയമെടുത്തുചാടുകയായിരുന്നു. ഓരോ പെണ്ണും സ്വയരക്ഷയ്ക്കുള്ള ലക്ഷ്മണരേഖ വരയ്‌ക്കേണ്ടത് ചുറ്റും കണ്ണോടിച്ചുക്കൊണ്ടാണ്. അതിനു അവരെ പ്രാപ്തരാക്കേണ്ടത് കുടുംബവും മാതാപിതാക്കളുമാണ്.ആട്ടിൻത്തോലിട്ട ചെന്നായകളെ തിരിച്ചറിയേണ്ടത് അവനവൻ ആർജ്ജിച്ചെടുത്ത പ്രതിരോധത്തിലൂടെയാണ്.മാലദ്വീപിലെ ഒറ്റപ്പെട്ട ഒരു ദ്വീപിൽ സിന്ദൂരത്തിന്റെയോ താലിയുടെയോ സംരക്ഷണകവചമില്ലാത്ത നാലഞ്ച് കൊല്ലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ച എനിക്ക് ഇതല്ലാതെ മറ്റെന്ത് കാര്യമാണ് മകൾക്ക് പകർന്നുനല്കാൻ കഴിയുക?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP