Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

നിർഭയയുടെ കൊലപ്പോലെ അതിക്രൂരവും പൈശാചികവും നിഷ്‌ക്കരുണവുമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾക്കാണ് കോടതി വധശിക്ഷ വിധിക്കുന്നത്; എന്നിട്ടും അതിനെതിരെ പ്രതിഷേധിക്കുന്നതോ ഏറ്റവും അധികം പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ചൈനയെ ചങ്കിലേയ്ക്കാവാഹിച്ച സഖാക്കന്മാരും! വിരോധാഭാസത്തിന്റെ ഉത്തുംഗദൃഷ്ടാന്തം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

നിർഭയയുടെ കൊലപ്പോലെ അതിക്രൂരവും പൈശാചികവും നിഷ്‌ക്കരുണവുമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾക്കാണ് കോടതി വധശിക്ഷ വിധിക്കുന്നത്; എന്നിട്ടും അതിനെതിരെ പ്രതിഷേധിക്കുന്നതോ ഏറ്റവും അധികം പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന ചൈനയെ ചങ്കിലേയ്ക്കാവാഹിച്ച സഖാക്കന്മാരും! വിരോധാഭാസത്തിന്റെ ഉത്തുംഗദൃഷ്ടാന്തം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 ജനുവരി 22 ലെ സുന്ദര പ്രഭാതത്തിനായി കാത്തിരുന്ന 90 ശതമാനത്തോളം വരുന്ന പൊതുസമൂഹത്തിന്റെ, ദ സോ കോൾഡ് മനുഷ്യസ്‌നേഹികളുടെ ബൗദ്ധികസിദ്ധാന്തമനുസരിച്ചുള്ള നിർവചനം വച്ചളക്കുമ്പോൾ സൈക്കോപാത്തുക്കളാകുന്ന ആ ഭൂരിപക്ഷക്കാരിൽ ഒരാളായിരുന്നു ഞാനുമെന്നു പറയാൻ അഭിമാനമേയുള്ളൂ. പക്ഷേ നാളെ ആ ദിനം വന്നെത്തുമ്പോൾ കഴിഞ്ഞ ഏഴെട്ടുവർഷങ്ങളായി കേൾക്കാൻ കൊതിച്ചിരുന്ന ആ വാർത്തയ്ക്ക് പിന്നെയും ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരുമല്ലോയെന്ന ഇച്ഛാഭംഗത്തിനിടയിലും നേരിയ ആശ്വാസം പകരുന്നത് വംശനാശഭീഷണി നേരിടുന്ന മനുഷ്യസ്‌നേഹികളായ ആ പത്തുശതമാനംപേരുടെ ആകുലതകളും ആശങ്കകളും കാണുമ്പോഴാണ്.

ബലാത്സംഗങ്ങളും മറ്റ് അക്രമവാസനകളും ഇല്ലാതാക്കാൻ തൂക്കിക്കൊല ഒരിക്കലും ഒരു പരിഹാരമല്ലെന്നും ബലാത്സംഗിയെ കൊന്നാൽ അക്രമിക്കപ്പെട്ട, മരിച്ചു പോയ പെൺകുട്ടിക്ക് എന്തു നീതിയാണ് അതുകൊണ്ടു ലഭിക്കുകയെന്നുമുള്ള ഇവറ്റകളുടെ കൂട്ടക്കരച്ചിലുകൾ കേൾക്കുമ്പോൾ നാടോടിക്കാറ്റിലെ വിജയനുതോന്നിയ അതേ ഇത് തോന്നുന്നത് എനിക്ക് മാത്രമായിരിക്കുമോ? ഈ നിർദോഷ-നിഷ്‌കളങ്ക മനുഷ്യസ്‌നേഹികളിൽ മുക്കാൽപങ്കും ചങ്കായി, കരളായി കൊണ്ടുനടക്കുന്ന പ്രസ്ഥാനം ഉന്മൂലസിദ്ധാന്തത്തെ സിരകളിലാവാഹിച്ച ഇടതുപക്ഷചിന്തകരും പുരോഗമനാശയക്കാരുമാണ്. അവരോട് നമ്മുടെ അയൽരാജ്യമായ അവരുടെ ചങ്കിലേയ്ക്ക്, അതായത് ചങ്കിലെ ചൈനയിലേയ്ക്ക് ഒന്ന് നോക്കാൻ അപേക്ഷ.

ചൈനയാണ് ലോകത്ത് ഏറ്റവും അധികം പേരെ വധശിക്ഷയ്ക്ക് വിധേയരാക്കുന്ന രാജ്യം. ചൈന തങ്ങൾ വധിക്കുന്ന കുറ്റവാളികളുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്നതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല. ആംനസ്റ്റി ഇന്റർനാഷനലിന്റെ തൊണ്ണൂറുകളിലെ പഠനം വ്യക്തമാക്കിയത് ചൈനയിൽ വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ടിരുന്നവരുടെ സംഖ്യ, റെസ്റ്റ് ഓഫ് ദി വേൾഡ്, അതായത് ബാക്കി ലോകത്തുള്ള രാജ്യങ്ങളുടേത് മൊത്തം എടുത്താൽ ഉള്ളതിനേക്കാൾ കൂടുതലായിരുന്നുവെന്നാണ്. 2010 നു ശേഷം എണ്ണം ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെങ്കിലും ഏകദേശം രണ്ടായിരത്തോളം പേരെ വർഷാവർഷം ചൈന വധശിക്ഷയ്ക്ക് വിധേയരാക്കുന്നുണ്ട്. ഇത് ഞാൻ നിരത്തുന്ന കണക്കല്ല. 2018 ലെ ആംനസ്റ്റി ഇന്റർനാഷണലിന്റെ കണക്കെടുപ്പനുസരിച്ച് കുറ്റവാളികൾക്ക് വധശിക്ഷ നടപ്പാക്കിയ രാജ്യങ്ങളിൽ ഏറ്റവും മുന്നിൽ ചങ്കിലെ ചൈന തന്നെ.

അവിടെ മധ്യതലജനകീയകോടതി വിചാരണയ്ക്ക് ശേഷം മരണശിക്ഷ വിധിച്ചുകഴിഞ്ഞാൽ ഇരട്ട അപ്പീൽ നടപടിയാണുണ്ടാവുക. ഒന്നാമത്തെ അപ്പീൽ ഉന്നതതല ജനകീയ കോടതിയിലേക്കും അതിനോടൊപ്പം തന്നെ (2007 മുതൽ) രണ്ടാമത്തെ അപ്പീൽ ചൈനയിലെ പരമോന്നത ജനകീയ കോടതിയിലേക്കും പോകും. ഈ കോടതികൾ അപ്പീൽ തള്ളിയാൽ ഉടനടി വധശിക്ഷ നടപ്പാക്കും.അവിടെ 1949 നു ശേഷം ഫയറിങ് സ്‌ക്വാഡുപയോഗിച്ച് വെടിവച്ചായിരുന്നു സാധാരണ വധശിക്ഷ നടപ്പാക്കാറുണ്ടായിരുന്നത്. അടുത്തകാലത്തായി ശിക്ഷാരീതി വിഷം കുത്തിവയ്ക്കലിലേക്ക് മാറിയിട്ടുണ്ട്. എന്തു രീതിയിലാണ് വധശിക്ഷ നടപ്പാക്കുന്നതെന്നതും എന്തൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നതും പുറത്തറിയാത്ത രഹസ്യങ്ങളാണ്. അതായത് ഫാസിസ്റ്റ് ഇന്ത്യയെപ്പോലെ അരമനരഹസ്യം അങ്ങാടിപ്പാട്ടാകില്ലെന്ന് സാരം.

ചങ്കിലെ ചൈനയിൽ 49 തരം കുറ്റകൃത്യങ്ങൾക്കാണ് വധശിക്ഷ അഥവാ ക്യാപിറ്റൽ പണിഷ്‌മെന്റ് വിധിക്കുന്നത്. മറ്റൊരു രാജ്യത്തും വധശിക്ഷ ലഭിക്കാത്ത കുറ്റങ്ങൾക്കും ചൈനയിൽ മരണ ശിക്ഷ നൽകാറുണ്ട്. ഇവിടുത്തെ സാധാരണയിൽ സാധാരണമായ നികുതി വെട്ടിപ്പിനുപ്പോലും അവിടെ വധശിക്ഷയുണ്ട്. മയക്കു മരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, അഴിമതി, മോഷണം എന്നിവയൊക്കെ മരണശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ദേശീയ സ്വത്തുക്കൾക്കെതിരേയുള്ള കുറ്റങ്ങൾക്കും ചൈനയിൽ വധശിക്ഷ കിട്ടാം. 1997-ന് മുൻപ് ഭീമൻ പാണ്ടകളെ കൊന്നാലും വധശിക്ഷ ലഭിക്കുമായിരുന്നു.കുറ്റകൃത്യം നടത്താനുള്ള ശ്രമത്തിനും ചൈനയിൽ വധശിക്ഷ നൽകാറുണ്ട്. എന്നാൽ സഖാക്കളുടെ ഫാസിസ്റ്റ് ഇന്ത്യയിലാകട്ടെ അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന് സുപ്രീംകോടതി പറഞ്ഞത് 1980ലാണ്. നിർഭയയുടെ കൊലപ്പോലെ അതിക്രൂരവും പൈശാചികവും നിഷ്‌ക്കരുണവുമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾക്കാണ് കോടതി വധശിക്ഷ വിധിക്കുന്നത്. എന്നിട്ടും അതിനെതിരെ പ്രതിഷേധിക്കുന്നതോ ചൈനയെ ചങ്കിലേയ്ക്കാവാഹിച്ച സഖാക്കന്മാരും! വിരോധാഭാസത്തിന്റെ ഉത്തുംഗദൃഷ്ടാന്തം.

ചൈനയിൽ നാല് അടിസ്ഥാന തത്വങ്ങളാണുള്ളത്.. അവയെല്ലാമോ പൗരാവകാശങ്ങളെ കാറ്റിൽപ്പറത്തുന്നതും. ഒന്നാമത്തെ തത്വം സോഷ്യലിസ്റ്റ് പാതയെ നിലനിറുത്തുന്നതാണ്.രണ്ടാമത്തേത് പീപ്പിൾസ് ഡെമോക്രാറ്റിക് ഡിക്ടേറ്റർഷിപ്പിനെ നിലനിർത്തുന്നത്. മൂന്നാമത്തേതാകട്ടെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ നിലനിർത്തുന്നതാണ്. നാലാമത്തേതാണ് മാവോ സെ തൂങ്ങിന്റെ ചിന്താപദ്ധതിയെയും മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് ചിന്താ സരണികളെയും നിലനിർത്തുന്നത്. ഇനി ഈ നാലു തത്വങ്ങളും പൗരസ്വാതന്ത്ര്യത്തെഹനിക്കുന്നതെങ്ങനെയെന്നറിയണ്ടേ?ഈ നാലു വകുപ്പിൽ പെടുന്ന ഒരു കാര്യങ്ങളെയും പൗരന്മാർക്ക് ചോദ്യം ചെയ്യാൻ അവകാശമില്ല. അങ്ങനെയെന്തെങ്കിലും പറഞ്ഞാൽ , ഈ തത്വങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നപ്പേരിൽ ജയിലടക്കാനും . വിചാരണ ചെയ്യ്യാനും വധശിക്ഷനല്കാനും സർക്കാരിനു കഴിയും..അങ്ങനെ ചെയ്ത ചരിത്രവുമുണ്ട്. 1982-ലെ ഭരണഘടന ചൈനക്കാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുകൊടുക്കുന്നുണ്ട്. എങ്കിലും, രാജ്യത്തിനെതിരെയുള്ള അട്ടിമറി ചെറുക്കാൻ, രാജ്യത്തിന്റെ രഹസ്യങ്ങൾ സംരക്ഷിക്കാൻ എന്നിങ്ങനെ രണ്ടു വകുപ്പ് പറഞ്ഞ് ആരെയും പിടിച്ച് ജയിലിലിടാൻ ചൈനീസ് ഗവൺമെന്റിന് ആവും. ഒരാൾക്കും അതിനെതിരെ ശബ്ദിക്കാനാവില്ല.എന്നാൽ ജനാധിപത്യ ഇന്ത്യയിലോ? എന്നിട്ടും അവരലറി വിളിക്കുന്നുണ്ട് ഇവിടെ പൗരാവകാശങ്ങളില്ലെന്ന്.

ഡിജിറ്റൽ ഇന്ത്യയുടെ ഇന്റർനെറ്റ് നിരോധനത്തെപ്പറ്റി നെടുനീളൻ പ്രസംഗങ്ങളും പ്രസ്താവനകളുമിറക്കിയ സഖാക്കൾ മറന്നുപോയോ 2013 ലെ ചൈനയെ അന്ന് ടിയാനൻ മെൻ സ്‌ക്വയർ കൂട്ടക്കൊലയുടെ ഇരുപത്തിനാലാം വാർഷികത്തിൽ ഇന്റർനെറ്റിൽ 'ടിയാനന്മെൻ സ്‌ക്വയർ' എന്ന് സെർച്ച് ചെയ്യുന്നത് പോലും ചൈന നിരോധിച്ചത് എന്തുകൊണ്ടായിരുന്നു? ഇന്ന് ചാനലുകളിലും ചർച്ചകളിലും വാചാലരാവുന്നവരും ഇടതുപക്ഷക്കുഴലൂത്തുക്കാരായ മാധ്യമപ്രവർത്തകരും ഫ്രീഡം ഹൗസ് എന്ന മനുഷ്യാവകാശ സംഘടന ചൈനയെ പത്രസ്വാതന്ത്ര്യത്തിന്റെ പട്ടികയിൽ 'നോട്ട് ഫ്രീ' എന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നതെന്ന് മറന്നുപ്പോകുന്നതെന്തേ? 2012-ൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമീഷണർ അടക്കമുള്ളവർ അഭ്യർത്ഥിച്ചിട്ടും ചൈന തങ്ങളുടെ പത്രനയത്തിൽ നിന്നും ഒരിഞ്ചു പിന്നോട്ട് പോവാൻ തയ്യാറായിട്ടില്ലെന്ന കാര്യം നിങ്ങൾ മറന്നുപ്പോയോ?

2004ലാണ് ബലാത്സംഗ കേസിൽ ഒരു പ്രതിക്ക് ഇന്ത്യയിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. കൊൽക്കത്തയിൽ 14കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ധനഞ്ജയ് ചാറ്റർജി എന്നയാൾക്കായിരുന്നു വധശിക്ഷ. അപൂർവങ്ങളിൽ അപൂർവം' എന്ന്, തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുന്ന കുറ്റങ്ങളിൽ പ്രതിക്ക് വധശിക്ഷ അഥവാ തൂക്കുകയർ നൽകാൻ ഇന്ത്യൻ നീതിന്യായ വ്യവസ്ഥ അനുശാസിക്കുന്നുണ്ട്. ലൈഫ് ഓഫ് പൈയെന്ന സിനിമ കണ്ട് സുഹൃത്തിനൊപ്പം മടങ്ങിയ ഒരു സാധുപെൺകുട്ടി മെട്രോ നഗരത്തിലെ സുരക്ഷയെ വിശ്വസിച്ച് ഒരു പ്രൈവറ്റ് ബസ് കൈകാണിച്ചു നിറുത്തിയത് 2012 ഡിസംബർ 16 നു രാത്രിയില്ലായിരുന്നു.മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി വൈറ്റ് ലൈൻ ബസ്സിൽ കയറിയ ആ പെൺകുട്ടി പിന്നീട് നേരിട്ടത് അതിക്രൂരവും പൈശാചികവുമായ പീഡനപരമ്പരയായിരുന്നു.

ഇത്രയധികം വട്ടം ഡിഎൻഎ ടെസ്റ്റ് നടത്തിയ ഒരു കേസ് ഇന്ത്യൻ ക്രിമിനൽ ഹിസ്റ്ററിയിൽ വേറെ കാണില്ല. ഓരോ ഘട്ടത്തിലും അവർ തെളിവുകളെ അരക്കിട്ടുറപ്പിച്ചിരുന്നത് ഡിഎൻഎ ടെസ്റ്റിലൂടെ സാമ്പിളുകൾ മാച്ചുചെയ്തുകൊണ്ടായിരുന്നു. പല്ലുകൾ മുതൽ, കുറ്റാരോപിതരുടെ വസ്ത്രങ്ങളിലെ കറകൾ വരെ. വിവസ്ത്രരാക്കി പുറത്തു തള്ളിയപ്പോൾ, അഴിച്ചെടുത്തിരുന്ന ഇരകളുടെ വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞിരുന്നു പ്രതികൾ. എന്നാൽ കത്തിച്ചേടത്ത് പൂർണമായും കത്താതെ ബാക്കിവന്ന തുണിക്കഷ്ണങ്ങളിൽ ഡിഎൻഎ ടെസ്റ്റ് നടത്തി അത് ഇരകളുടേതാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അന്വേഷണ സംഘത്തിനായി.അത്രമേൽ പഴുതടച്ചുള്ള അന്വേഷണത്തിനും തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റകൃത്യത്തെ സംശയാതീതമായി തെളിയിക്കാൻ സാധിച്ച പ്രോസിക്യൂഷനുമുള്ള കുറ്റകൃത്യത്തിനു തൂക്കുക്കയറല്ലാതെ എന്താണ് നല്‌കേണ്ടത്?

വധശിക്ഷയെന്നത് സത്യത്തിൽ, ചെയ്ത കുറ്റത്തിന് ഒരു കുറ്റവാളിയോട് സമൂഹം പ്രതികാരം ചെയ്യുന്ന മനോനിലയായി കാണാനാണ് എനിക്കിഷ്ടം. കുറ്റത്തിന് ആനുപാതികമായ ശിക്ഷ' എന്ന നിലയിലും വധശിക്ഷയ്ക്ക് സമൂഹത്തിന് ന്യായീകരണമുണ്ട്. ഈ സങ്കൽപം ഒട്ടുമിക്ക മാനവസംസ്‌കാരങ്ങളുടെയും മതസംഹിതകളുടേയും പേരിൽ എഴുതപ്പെട്ടതുമാണ്. ഒരാളുടെ ജീവിക്കാനുള്ള അവകാശത്തെ ഏറ്റവും ക്രൂരമായ രീതിയിൽ തല്ലിക്കെടുത്തുന്ന, അവസാനിപ്പിക്കുന്ന ഒരുവനെ എന്ത് മാനുഷികപരിഗണനയുടെ പേരിലാണ് വീണ്ടും ജീവിക്കാൻ അനുവദിക്കേണ്ടത്? എന്ത് ചെയ്താലും ഏറിവന്നാൽ കുറച്ചു കാലം ജയിലിൽ കിടന്നിട്ട്, ആളൂരിനെപ്പോലുള്ളവരുടെ സഹായത്തോടെ നിയമത്തിന്റെ പഴുതുകൾ മുതലെടുത്ത്, തിരികെ തങ്ങളുടെ സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിപ്പോകാനാകുമെന്ന ധാരണ ഇവിടെ പലർക്കുമുണ്ടാകുന്നത് മനുഷ്യാവകാശം പ്രസംഗിക്കുന്ന കുറേ പടുജന്മങ്ങളുടെ തണലിലാണ്.ആ ധാരണയും തണലുമാണ് അവരിൽ പലരെയും വളരെ ലാഘവത്തോടെ കൊടുംകുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതും.ആ നാലു ജീവനുകൾ തൂക്കുക്കയറിലാടുമ്പോൾ നീതി ലഭിക്കുന്നത് നിർഭയയ്ക്കുമാത്രമല്ല. മറിച്ച് കാണാദൂരത്ത് നീതികിട്ടാതലയുന്ന ഒരുപാട് ആത്മാക്കൾക്കും കൂടിയാണ്. ആഷാദേവിയെന്ന ഒരമ്മയുടെ ഒരിക്കലും കെടാത്ത പുത്രദുഃഖ ആഴിയിലേയ്ക്ക് ഒരല്പനേരത്തേയ്ക്കെങ്കിലും പതിക്കുന്ന ആത്മശാന്തിയുടെ ഉറവയ്ക്കും കൂടിയാണ്. ഒപ്പം നിരാലംബയായ ഒരു പെൺകുട്ടിയെ അസമയത്തോ ഒറ്റയ്‌ക്കോ കിട്ടിയാൽ കൊത്തിക്കീറണമെന്ന കാമക്കഴുകന്മാരുടെ മുൻവിധിക്കുമേലുള്ള ശക്തമായ താക്കീതാണ്.

ഇവിടെ വല്ലപ്പോഴുമൊരിക്കൽ കൊടുംകുറ്റവാളികൾക്കോ രാജ്യദ്രോഹികൾക്കോ മാത്രമായി റിസർവ്വ് ചെയ്തിരിക്കുന്ന വധശിക്ഷയ്‌ക്കെതിരെ ജിഹ്വക്കൊണ്ടും പേനക്കൊണ്ടും കീബോർഡ്‌ക്കൊണ്ടും പൊരുതുന്ന പുരോഗമനവാദികളേ, ബുദ്ധിജീവികളേ, നിങ്ങൾ ജോലി തുടർന്നുക്കൊണ്ടേയിരിക്കുക. ഈ ജനാധിപത്യ ഇന്ത്യയിലെ തെക്കേയറ്റത്തെ ഇട്ടാവട്ടത്തിനുള്ളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയുംആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെയും നെറ്റിസൺ റൈറ്റ്‌സിന്റെയും എല്ലാ ആനുകൂല്യങ്ങളുമുപയോഗിച്ച് ഫാസിസം പാടിക്കൊണ്ടേയിരിക്കുക. ചങ്കിനുള്ളിലെ ചൈനയെ പ്രണയിച്ചുക്കൊണ്ട് അവിടുത്തെ തോന്ന്യവാസങ്ങളെ കണ്ടില്ലെന്നു നടിച്ചുക്കൊണ്ട് ചോറിങ്ങും കൂറങ്ങുമായി യഥേഷ്ടം വിഹരിച്ചുക്കൊള്ളുക. നിങ്ങളിവിടെ നിലനിന്നുപോരുന്നതിലാണ് ഇരവാദമെന്ന പേര് കുറ്റിയറ്റുപ്പോകാത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP