Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിലച്ചുപോകാനൊരുങ്ങുന്ന ഹൃദയമിടിപ്പിനു പുതുജീവനം നല്കുന്നവരാണ് ഡോക്ടർമാർ! ഒരർത്ഥത്തിൽ ഈ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികൾ! അവർക്കും മുകളിലാണ് ഒരദ്ധ്യാപകന്റെ സ്ഥാനം; ഗുരുക്കന്മാരുടെ ഓരോ വാക്കും പ്രവൃത്തിയുമാണ് ശിഷ്യരുടെ ജീവിതത്തിലെ ഈടുവെപ്പുകളും; സമൂഹത്തിനു മുന്നിൽ കാണിച്ചു തന്ന രജിത് സാറുമാർ അന്യം നിന്നുപോകാത്തതുക്കൊണ്ടാണ് ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഗുരുശിഷ്യ ബന്ധങ്ങളുടെ പരിപാവനത നിലനിന്നുപ്പോരുന്നത്- അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

നിലച്ചുപോകാനൊരുങ്ങുന്ന ഹൃദയമിടിപ്പിനു പുതുജീവനം നല്കുന്നവരാണ് ഡോക്ടർമാർ! ഒരർത്ഥത്തിൽ ഈ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികൾ! അവർക്കും മുകളിലാണ് ഒരദ്ധ്യാപകന്റെ സ്ഥാനം; ഗുരുക്കന്മാരുടെ ഓരോ വാക്കും പ്രവൃത്തിയുമാണ് ശിഷ്യരുടെ ജീവിതത്തിലെ ഈടുവെപ്പുകളും; സമൂഹത്തിനു മുന്നിൽ കാണിച്ചു തന്ന രജിത് സാറുമാർ അന്യം നിന്നുപോകാത്തതുക്കൊണ്ടാണ് ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഗുരുശിഷ്യ ബന്ധങ്ങളുടെ പരിപാവനത നിലനിന്നുപ്പോരുന്നത്- അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവ്വതി പ്രഭീഷ്

ഇന്നലെയാണ് മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞ് ഒരു ബിഗ്‌ബോസ് സീസൺ 2 എപ്പിസോഡ് കണ്ടത്. ഗുരുത്വമെന്നാലെന്തെന്നും ഒരു നല്ല അദ്ധ്യാപകന് സമൂഹം കല്പിക്കുന്ന വിലയെന്തെന്നും ലോകത്തോട് വിളിച്ചുപറഞ്ഞ ആ എപ്പിസോഡ് എന്റെ മനസ്സുനിറച്ചത് ഞാനും ഒരദ്ധ്യാപിക ആയതിനാലാവും. ഓരോ അദ്ധ്യാപകർക്കും ഈലോകത്തിലേയ്ക്കും വച്ച് ഏറ്റവും വിലപ്പെട്ട സമ്പാദ്യം തന്റെ ശിഷ്യഗണങ്ങളാണ്. തങ്ങൾ പകർന്നുനല്കിയ അറിവും ജീവിതമൂല്യവും ജീവിതത്തിൽ പകർത്തി സമൂഹത്തിനു ഉതകുന്ന തരത്തിലുള്ളവരായി അവർ വാർക്കപ്പെട്ടുകഴിയുമ്പോൾ അതിനേക്കാൾ വലിയൊരു ദക്ഷിണ മറ്റെന്താണ്?

ലാലേട്ടൻ കഴിഞ്ഞ വാരാന്ത്യത്തിൽ മത്സരാർത്ഥികൾക്കായി സർപ്രൈസ് ഒരുക്കിയത് അവരുടെ പ്രിയപ്പെട്ടവരുടെ ശബ്ദത്തിലൂടെയായിരുന്നു.ഉറ്റവരുടെ സ്‌നേഹാന്വേഷണങ്ങൾ ഫോൺ സന്ദേശങ്ങളായി മഞ്ജുവിന്റെയും ഷാജിയുടേയും വീണയുടെയും ഫുക്രുവിന്റെയും പ്രദീപിന്റെയുമൊക്കെ കാതുകളിലെത്തിയപ്പോൾ വികാരത്തള്ളിച്ചയിൽ വിങ്ങിപ്പൊട്ടുന്ന മത്സരാർത്ഥികളെ നമ്മൾ കണ്ടതുമാണ്.എന്നാൽ അന്ന് എന്നെ ഏറ്റവും അലട്ടിയ ഒരു കാര്യം ഉറ്റബന്ധുക്കളായി രക്തബന്ധത്തിലുള്ളവരില്ലാത്ത രജിത് സാറിനെ വിളിക്കുന്നതാരായിരിക്കുമെന്നോർത്തിട്ടായിരുന്നു.

ഹൃദയബന്ധങ്ങൾക്ക് രക്തബന്ധത്തിനൊപ്പം സ്ഥാനമുണ്ടെന്ന് രജിത് എന്ന മത്സരാർത്ഥി പൊതുസമൂഹത്തിനു മുന്നിൽ കാണിച്ചിരുന്നത് അദ്ദേഹത്തിനു പ്രേക്ഷകസമൂഹത്തിൽ നിന്നും കിട്ടുന്ന മികച്ച പിന്തുണക്കൊണ്ടും ഉയർന്ന വോട്ടിങ് ശതമാനം കൊണ്ടുകൂടിയുമാണല്ലോ. അദ്ദേഹം പഠിപ്പിച്ച,പഠിപ്പിച്ചുക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു വിദ്യാർത്ഥികളിൽ ഏറിയപങ്കും വൈദ്യശാസ്ത്രരംഗത്തെ മിന്നുംതാരങ്ങളും ശാസ്ത്രവുമായി ബന്ധപ്പെട്ടവരുമാണ്. അതിനാൽ തന്നെ വൈദ്യശാസ്ത്ര രംഗത്തുള്ള ശിഷ്യരിലാരെങ്കിലും വിളിക്കണമെന്നു തന്നെയാണ് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചതും.
അതിനൊരു കാരണം കൂടിയുണ്ട്. പലപ്പോഴും അദ്ദേഹത്തെ ബിഗ്‌ബോസ് ഹൗസിൽ സ്യൂഡോസയൻസിന്റെ പ്രചാരകനായും ശാസ്ത്രത്തിൽ അവഗാഹമില്ലാത്തവനായും ചവിട്ടിത്തേയ്ക്കുന്നത് കണ്ട് സഹിക്കാഞ്ഞിട്ടുമാണ്.

ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികൾ സമൂഹത്തിന്റെ പല മേഖലകളിൽ നിന്നും വന്നവരാണ്. അവരെല്ലാവരും തന്നെ തങ്ങളുടെ തൊഴിൽമേഖലകളിൽ കഴിവുതെളിയിച്ചവരും. എന്നിരുന്നാലും ആ ഷോ കാണുന്ന നമ്മൾ പ്രേക്ഷകർക്ക് അവർ ആ ഗെയിമിൽ പങ്കെടുത്തതുമുതൽ അവസാനിക്കും വരെയും വെറും മത്സരാർത്ഥികൾ മാത്രമാണ് താനും. ഇവിടെ ഓരോ മത്സരാർത്ഥിയും വിലയിരുത്തപ്പെടുന്നത് ആ ഷോയിൽ അവർ പുറത്തെടുക്കുന്ന ബുദ്ധിവൈഭവവും സ്ട്രാറ്റജികളും കാരണമാണ്. എങ്കിൽ പോലും രജിത് സാറിനെ മാത്രം തൊഴിലിന്റെ പേര് പറഞ്ഞ് ഇതരമത്സരാർത്ഥികൾ എത്രയോ വട്ടം അപമാനിക്കുന്നത് കണ്ട് നിയന്ത്രണം വിട്ടവരാണ് പ്രേക്ഷകരിൽ ബഹുഭൂരിപക്ഷവും.

ഇന്നലത്തെ എപ്പിസോഡിൽ ലാലേട്ടൻ രജിത് സാറിനു നല്കിയ സർപ്രൈസ് സമൂഹത്തിനു നല്കിയ വലിയൊരു സന്ദേശം കൂടിയായിരുന്നു. ഗുരുഭക്തിയേക്കാൾ വലിയൊരു ഭക്തി വേറെയില്ലെന്നതും സത്യസന്ധതയും വാത്സല്യവും സ്‌നേഹവും ബഹുമാനവും പരസ്പരം വെച്ചുമാറാൻ ഗുരുക്കന്മാർക്കും ശിഷ്യർക്കും കഴിഞ്ഞാൽ അതിനേക്കാൾ വലിയൊരു ജന്മപുണ്യമില്ലെന്നുമുള്ള സന്ദേശം വിളിച്ചറിയിച്ച എപ്പിസോഡ് ഇതുവരെയുള്ളതിൽ ഏറ്റവും മികച്ചതായി തോന്നി.

ഒരുവനിൽ പ്രസരിക്കുന്ന പ്രകാശത്തിന്റെ അനുപാതത്തിലാണ് അയാളുടെ ഗുരുത്വം നിശ്ചയിക്കപ്പെടുന്നത്. പഠിപ്പിക്കുന്ന വിഷയത്തിന്റെ പ്രകാശപ്രസരണത്തിൽ അധികം അദ്ധ്യാപകർക്ക് ഇന്നും ശോഭ നഷ്ടപ്പെടാറില്ല, പ്രത്യേകിച്ച്, ശാസ്ത്രസാങ്കേതികവിഷയങ്ങളിൽ. അതിനു വേറൊരു കാരണമുണ്ട്. ഏറ്റവും സമർത്ഥരായവർക്കുമാത്രമേ ഈ വിഷയങ്ങൾ ഐച്ഛികമായി എടുത്തു പഠിക്കാൻ സാധിക്കുകയുള്ളൂ. അപ്പോൾ, ആ വിഷയങ്ങൾ പഠിപ്പിക്കുന്നവർക്ക് ആ വിഷയത്തിൽ മികച്ച അവഗാഹമുണ്ടായേ തീരൂ.

ഇന്നലെ അദ്ദേഹത്തെ വിളിച്ചു സംസാരിച്ച ആ അഞ്ചുപേർ അദ്ദേഹത്തിന്റെ ശിഷ്യരായിരുന്ന വൈദ്യശാസ്ത്രവിദ്യാർത്ഥികളാണ്. രജിത് ഫൗണ്ടേഷൻ എന്ന രജത് സാറിന്റെ സ്ഥാപനം സൗജന്യമായി മെഡിക്കൽ എൻട്രൻസ് പരിശീലനം നല്കി മെറിറ്റ് സീറ്റിലൂടെ കേരളത്തിലെ വിവിധമെഡിക്കൽ കോളേജുകളിൽ സീറ്റു നേടി പഠിക്കുന്ന നാളെയുടെ ഭിഷഗ്വരന്മാർ. അതുക്കൊണ്ടു തന്നെ ആ ഫോൺകോളുകൾ അദ്ദേഹത്തെ സ്യൂഡോസയൻസിന്റെ പ്രചാരകനെന്നു നാഴികയ്ക്ക് നാല്പതുവട്ടം പരിഹസിച്ചവർക്കേറ്റ കരണത്തടിയാണ്.

നിലച്ചുപോകാനൊരുങ്ങുന്ന ഹൃദയമിടിപ്പിനു പുതുജീവനം നല്കുന്നവരാണ് ഡോക്ടർമാർ! ഒരർത്ഥത്തിൽ ഈ ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികൾ! അവർക്കും മുകളിലാണ് ഒരദ്ധ്യാപകന്റെ സ്ഥാനം. കാരണം അവർക്ക് ആദ്യാക്ഷരം മുതൽ വൈദ്യശാസ്ത്രത്തിന്റെ പാഠങ്ങൾ വരെ പകർന്നുനല്കുന്നത് അദ്ധ്യാപകരാണ്! ആ അർത്ഥത്തിൽ ഈശ്വരനേക്കാൾ ഒരു പടി ഉയർന്നവരാണ് ഗുരുക്കന്മാർ! ഗുരു സാക്ഷാത് പരബ്രഹ്മം തന്നെയാണ് എന്ന് ആപ്തവാക്യം. ഗുരുക്കന്മാരുടെ ഓരോ വാക്കും പ്രവൃത്തിയും ശിഷ്യരുടെ ജീവിതത്തിലെ ഈടുവെപ്പുകളാകണമെന്ന് സമൂഹത്തിനു കാണിച്ചു തരുന്ന രജിത് സാറുമാർ അന്യം നിന്നുപോകാത്തതുക്കൊണ്ടാണ് ഇന്ന് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഗുരുശിഷ്യ ബന്ധങ്ങളുടെ പരിപാവനത നിലനിന്നുപ്പോരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP