Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

റംസിയെന്ന ഉരുപ്പടിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു കൊമോദിറ്റി കണ്ടപ്പോൾ അവനും അവന്റെ നെറികെട്ട വീട്ടുകാരും ആ പാവം പെൺകുട്ടിയെ തഴഞ്ഞു; ഓരോ പെൺകുട്ടിയും തിരിച്ചറിയുക പ്രണയമെന്നത് ശരീരം വച്ച് ലേലം വിളിക്കേണ്ട ഒന്നല്ലെന്ന്; റംസിയുടെ മരണവും വിവാഹകമ്പോളവും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

റംസിയെന്ന ഉരുപ്പടിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു കൊമോദിറ്റി കണ്ടപ്പോൾ അവനും അവന്റെ നെറികെട്ട വീട്ടുകാരും ആ പാവം പെൺകുട്ടിയെ തഴഞ്ഞു; ഓരോ പെൺകുട്ടിയും തിരിച്ചറിയുക പ്രണയമെന്നത് ശരീരം വച്ച് ലേലം വിളിക്കേണ്ട ഒന്നല്ലെന്ന്; റംസിയുടെ മരണവും വിവാഹകമ്പോളവും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 റംസിയെന്ന പെൺകുട്ടി നോവുന്ന വാർത്തയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനില്ക്കുന്നുണ്ട്. പ്രണയത്തിൽ പാലിക്കേണ്ട Do's and Don'ts കുറിപ്പടികളും ചാരിത്ര്യശുദ്ധിയുടെ നെടുങ്കൻ രഞ്ജി പണിക്കർ ഡയലോഗുകളും ഒരുവശത്ത് ഓൺലൈൻ ലക്ചറുകളായി പച്ചകുത്തി നില്ക്കുമ്പോൾ മറുവശത്ത് ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലയ്‌ക്കെന്ന പഴയ ക്ലാസ്സിക് പഴഞ്ചൊല്ല് തട്ടിൻപ്പുറത്തിൽ നിന്നും പൊടിതട്ടിയെടുത്ത് ചൂടോടെ വിളമ്പുന്നുമുണ്ട്. പക്ഷേ പുരുഷനില്ലാത്ത ചാരിത്ര്യമൊന്നും പെണ്ണിനുമില്ലാന്ന് പറഞ്ഞുകൊടുക്കാനുള്ള broad mindedness ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇവിടെ പടിക്ക് പുറത്ത് തന്നെയാണ്.

റംസിയെന്ന പെൺകുട്ടിയുടെ ഓഡിയോ കോളുകൾ പലവട്ടം കേട്ടു. കാമുകനോട് നിലവിലുള്ള കാമുകിയെ വിട്ട് തന്നെ കെട്ടൂയെന്ന് അപേക്ഷിക്കുന്ന ഒരുവളുടെ നിസഹായതയും കേട്ടു. സ്വന്തം സെൽഫ് റെസ്‌പെക്ട് പണയപ്പെടുത്തി തന്നെ ഉപേക്ഷിച്ച ഒരുവനെ തിരികെ വിളിക്കേണ്ടി വരുന്ന ആ ഗതികേടിനു ആ പെൺകുട്ടിയെ മാത്രം കുറ്റപ്പെടുത്താൻ നമുക്ക് കഴിയുമോ? അവളെ കൊണ്ട് അങ്ങനെ മടക്കിവിളിപ്പിക്കുന്നത് ഈ സമൂഹം കല്പിച്ചരുളിയ ചില റൂൾസ് ആൻഡ് റെഗുലേഷൻസ് കാരണമാണ്.

പത്തുകൊല്ലത്തോളം നാട്ടുകാരുടെ മുന്നിൽ കൊണ്ടുനടന്ന പ്രണയം. ഇരുവരുടെയും വീട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം അറിയാവുന്ന പ്രണയം. ആ പ്രണയത്തിൽ നിന്നും തിരികെ നടന്നുവരാൻ അവൾക്കു കഴിയാതിരുന്നതിനു കാരണം സമൂഹത്തിന്റെ ചില നടപ്പുരീതികൾ തന്നെയല്ലേ? ഒരുത്തൻ കൊണ്ടുനടന്നു പിഴപ്പിച്ച ചണ്ടിയെ ആർക്കുവേണമെന്ന ചോദ്യശരങ്ങളിൽ നിന്നും മുക്തമാണോ ഈ സമൂഹം?

ഒരു ബന്ധം നിറുത്തിപ്പോരുമ്പോൾ അവനു നഷ്ടമാവാത്തതൊന്നും അവൾക്കും നഷ്ടപ്പെട്ടിട്ടില്ലെന്നു പറഞ്ഞുപഠിപ്പിക്കാനും ചേർത്തണച്ച് കൂടെ നിറുത്താനും നമ്മളിൽ എത്രപ്പേരുണ്ടാകുമായിരുന്നു? പത്തു വർഷം പഴക്കമുള്ള, ഇരുവീട്ടുകാർ അംഗീകരിച്ചു നിശ്ചയിച്ച വളയിടീലും കഴിഞ്ഞ ഒരു പെണ്ണിന് ഒരുവനെ അവിശ്വസിക്കാനും മാത്രം വിശുദ്ധമാണോ ചാരിത്ര്യം ? അറിയില്ല. കാത്തിരിക്കണമായിരുന്നു താലികെട്ടും വരെ നീ പെണ്ണേയെന്നു പറയാനെളുപ്പമാണെങ്കിലും പത്തുവർഷം കൂടെ അടുത്തിടപഴകിയ ബന്ധത്തിൽ അതെത്രമേൽ പ്രായോഗികമെന്നറിയില്ല. പക്ഷേ വയറ്റിൽ തുടിച്ച ജീവനെ അടർത്തുമാറ്റാൻ അവനും വീട്ടുകാരും ഒരുങ്ങിയിറങ്ങിയപ്പോൾ അവരിലെ പൊള്ളത്തരം തിരിച്ചറിയാൻ കഴിയാത്തത് റംസിയെന്ന പാവം പെണ്ണിലെ തിരിച്ചറിവില്ലായ്മ.

ഇതിനുമുമ്പ് എ ഡിവോഴ്സ്ഡ് ഡോട്ടർ ഈസ് ബെറ്റർ ദാൻ എ ഡെഡ് ഡോട്ടർ അഥവാ മരണപ്പെടുന്ന മകളെക്കാൾ ബന്ധം വേർപ്പെടുത്തിയ മകളാണ് നല്ലത് എന്ന ആപ്ത വാക്യം തൂങ്ങിയ സ്റ്റാറ്റസുകൾ നമ്മൾ കണ്ടത് ഉത്രാവധവുമായി ബന്ധപ്പെട്ടായിരുന്നു. അന്ന് അതിലെ പുറംപൂച്ച് കണ്ട് അന്തംവിട്ടിരുന്നിട്ടുണ്ട് രണ്ടാം കെട്ടുകാരായ പലരും. കാരണം ഒരു വിവാഹമോചിതയായ പെണ്ണിനെ സെക്കന്റ് ഹാൻഡ് ഉൽപ്പന്നമായി ഒരിക്കലെങ്കിലും കണക്കാക്കാത്ത, കളിയാക്കാത്തവർ നമ്മളിൽ എത്ര പേരുണ്ട് എന്ന് വ്യക്തമായി തിരിച്ചറിഞ്ഞവരാണ് അനുഭവസ്ഥർ.

സെലിബ്രിട്ടി കല്യാണങ്ങളെയും കെട്ടുപൊട്ടിക്കലുകളെയും നിശിതമായി വിമർശിക്കാത്തവർ നമ്മളിൽ എത്ര പേരുണ്ട്? ആ നമ്മളിൽ എത്ര പേർ ആത്മഹത്യ ചെയ്യാതെയിരുന്ന, വഞ്ചിക്കപ്പെട്ടിട്ടും ജീവിച്ചുകാണിക്കുമായിരുന്ന റംസിയെ അംഗീകരിക്കുമായിരുന്നു ? വിവാഹമോചിതയായ ഒരു പെണ്ണ് ഉറക്കെ പ്രതികരിച്ചാൽ , അവളുടെ കയ്യിലിരുപ്പ് കൊണ്ട് അവൻ കളഞ്ഞുവെന്ന് ആത്മഗതം നടത്തുന്ന നമ്മളാണ് റംസിയെപ്പോലൊരു പെൺകുട്ടിയെ ക്രൂശിക്കാൻ നില്ക്കാതെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.

വിവാഹമെന്ന ഒന്നാംതരം കച്ചവടത്തിന്റെ ലാഭനഷ്ടക്കണക്കിൽ വകകൊള്ളിക്കേണ്ടി വരുന്ന ദാരുണ മരണങ്ങളിലുൾപ്പെട്ടതാണ് ഇതും. വിവാഹമെന്നത് ഇന്ന് പൊതുസമൂഹകമ്പോളത്തിലെ ഏറ്റവും മാർക്കറ്റുള്ള കച്ചവടചരക്കാണ്. അത് ഒരു ടൂ സൈഡഡ് ബിസിനസ്സ് തന്നെയാണ്. ഒന്നുകിൽ പെണ്ണ് നല്ല വിലയ്ക്ക് തൂക്കി വിൽക്കപ്പെടും. അല്ലെങ്കിൽ ആണിന്റെ മാറ്റും പകിട്ടും ഉരച്ചുനോക്കി വാങ്ങപ്പെടുന്നു. റംസിയെന്ന ഉരുപ്പടിയേക്കാൾ മെച്ചപ്പെട്ട മറ്റൊരു കൊമോദിറ്റി കണ്ടപ്പോൾ അവനും അവന്റെ നെറികെട്ട വീട്ടുകാരും ആ പാവം പെൺകുട്ടിയെ തഴഞ്ഞു.

പണം വാങ്ങിയും കൊടുത്തുമുള്ള കച്ചോടം നിർത്തി മനുഷ്യർ പങ്കാളിയെ തിരഞ്ഞെടുക്കാൻ തുടങ്ങിയാൽ ,വിവാഹവും പ്രണയവും ബ്രേക്ക് അപ്പും ഡിവോഴ്‌സും ഒന്നുമല്ല ജീവിതത്തിലെ മലമറിക്കുന്ന കാര്യമെന്ന് മനസിലാക്കിയാൽ ഏറെക്കുറെ ഇതൊക്കെ മാറും .അല്ലാത്തിടത്തോളം ഇനിയും ഉത്രയെ പോലെ ഏതൊരു പെണ്ണും കൊല്ലപ്പെടാം, റംസിയെപ്പോലെ ആത്മഹത്യ ചെയ്യപ്പെടാം. അതുപോലെ ഓരോ പെൺകുട്ടിയും തിരിച്ചറിയുക പ്രണയമെന്നത് ശരീരം വച്ച് ലേലം വിളിക്കേണ്ട ഒന്നല്ലെന്നും അഥവാ ലേലത്തിനു വച്ചു കച്ചവടം ഉറപ്പിച്ചശേഷം മാറിപ്പോയാൽ മാറ്റി എടുക്കാൻ പറ്റുന്ന വിലപിടിച്ച കൊമോദിറ്റി തന്നെയാണ് ഓരോ പെണ്ണും എന്നും. Chastity Is not an attribute of body but soul

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP