Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

ബെന്യാമിന്റെ ആടുജീവിതം നോവലിലെ പല ഭാഗങ്ങളും 'മുഹമ്മദ് അസദി'ന്റെ 'റോഡ് ടു മക്ക' ആത്മകഥയുടെ കോപ്പിയടി എന്ന് ആരോപണം; ഇടതുപക്ഷത്തിനൊപ്പം നിന്നാൽ ഏത് ചോരണവും ആഭരണമാകും..ഏത് ബണ്ടിചോറും സെലിബ്രിട്ടിയാകും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

ബെന്യാമിന്റെ ആടുജീവിതം നോവലിലെ പല ഭാഗങ്ങളും 'മുഹമ്മദ് അസദി'ന്റെ 'റോഡ് ടു മക്ക' ആത്മകഥയുടെ കോപ്പിയടി എന്ന് ആരോപണം; ഇടതുപക്ഷത്തിനൊപ്പം നിന്നാൽ ഏത് ചോരണവും ആഭരണമാകും..ഏത് ബണ്ടിചോറും സെലിബ്രിട്ടിയാകും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

അഞ്ജു പാർവതി പ്രഭീഷ്

 കോപ്പിയടിയെന്നതിനു നമ്മുടെ പൊതു സമൂഹം നിലവിൽ കല്പിച്ചു നല്കിയിരിക്കുന്നത് ഒരു ഹീറോയിക് പരിവേഷമാണ്. മലയാളത്തിൽ സാഹിത്യചോരണമെന്നതിനു 'ആഹാ അന്തസ്സ്' എന്നൊരു ടാഗ് ലൈൻ കൂടിയുണ്ടെന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാൽ ആ ടാഗ് ലൈൻ എല്ലാ സാഹിത്യചോരണങ്ങൾക്കുമില്ല താനും. കാരൂർ സോമൻ സോമനടിച്ചാൽ അയാൾ ഫ്രോഡാകുകയും ഇടതുപക്ഷബുദ്ധിജീവികൾ ദീപയടിച്ചാൽ അവർ സാംസ്‌കാരിക നായകരാകുകയും ചെയ്യുന്ന ഒരു പ്രത്യേകതരം നിലപാടുപാടമാണ് ഇവിടുള്ളത്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും മാൻ ഏഷ്യൻ ലൈബ്രറി പ്രൈസും അടക്കം നിരവധി പുരസ്‌കാരങ്ങൾക്കർഹമായ ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലിലെ പലഭാഗങ്ങളും ആസ്ട്രോ-ഹംഗേറിയൻ മാധ്യമപ്രവർത്തകനും പണ്ഡിതനുമായ മുഹമ്മദ് അസദിന്റെ 'റോഡ് ടു മക്ക' എന്ന ആത്മകഥയുടെ അനുകരണമോ തനിപ്പകർപ്പോ ആണെന്ന ആരോപണം ശക്തമാണ്. ആരോപണമുന്നയിച്ച വൃക്തി തെളിവു സഹിതം അത് സമർത്ഥിച്ചിട്ടുമുണ്ട്.

മരുഭൂമിയിലെ അതിജീവനത്തിന്റെ കഥ പറയുന്ന ആടുജീവിതം പലവട്ടം വായിച്ചിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഭാഗമാണ് നജീബിന്റെ രക്ഷപ്പെടലും മരുഭൂമിയിലെ കാഴ്ചകളും. നജീബും, ഹക്കീമും, ഇബ്രാഹിം ഖാദിരിയും കൂടി മരുഭൂമിയിൽ കൂടി നടത്തിയ പലായനം പത്തു ദിവസത്തോളം നീണ്ടു നിന്നതാണ്. അതിന്റെ വിവരണം അതീവ ഹൃദ്യമായും തീവ്രമായും തന്നെ ബെന്യാമിൻ വിവരിച്ചിരിക്കുന്നു. മരുഭൂമിയിലെ അനുഭവം ഒരിക്കൽ പോലും യഥാർത്ഥ മരുഭൂമിയിൽ ജീവിക്കേണ്ടി വരാത്ത നോവലിസ്റ്റ് നിർവഹിച്ചിരിക്കുന്നത് ഫിക്ഷന്റെ സ്വാതന്ത്ര്യമെടുത്തു തന്നെയാവണമെന്ന ധാരണയ്ക്കു മേലാണ് ആരോപണമുന്നയിച്ച വൃക്തി റോഡ് ടു മെക്കയിലെ ഭാഗങ്ങൾ ചൂണ്ടിക്കാട്ടി സമർത്ഥിച്ചിരിക്കുന്നത്. അതിനുത്തരം തരേണ്ടത് ബെന്യാമിൻ തന്നെയാണ്.

മലയാളത്തിൽ സാഹിത്യചോരണവിവാദം ആദ്യമായല്ല. ആരുടെയും പേരെടുത്തുപറഞ്ഞ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുദ്ദേശിക്കുന്നില്ലെങ്കിലും സമർത്ഥമായി ചോരണം നടത്തിയ ചില ബണ്ടിചോറുകൾ സാംസ്‌കാരിക ഇരിപ്പിടങ്ങളിൽ ഗർവ്വോടെ ആസനസ്ഥരായിരിക്കുന്നതിനു പ്രബുദ്ധ കേരളം സാക്ഷ്യം വഹിച്ചതാണല്ലോ. അവരിൽ പലരും കോപ്പിയടി എന്ന ചെറുകിട മോഷണത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചു കൂടാത്ത അദ്ധ്യാപകവൃത്തിയിലേർപ്പെട്ടവരുമാണെന്നതാണ് ഏറ്റവും രസം.

എഴുത്തിൽ അൽപം പോലും മൗലികതയില്ലാത്ത, കട്ടെഴുത്തുകാരാണ് പുരോഗമനമെന്ന മേനി നടിച്ച് ഞെളിഞ്ഞുനിന്ന് പ്രസംഗിക്കുന്ന ഇടതുപക്ഷചിന്തകരെന്ന യാഥാർത്ഥ്യം ഇതിനോടകം തെളിയിക്കപ്പെട്ടതാണ്. പക്ഷേ ഇവിടെ കള്ളനു കഞ്ഞി വച്ചവനെ വാഴിക്കുന്ന നാടാണ്. സ്വന്തമായി എഴുതാനുള്ള ബുദ്ധിയും കഴിവും സർഗ്ഗശേഷിയുമില്ലാത്തവരാണല്ലോ മറ്റുള്ളവർ എഴുതിയത് മോഷ്ടിക്കുന്നത്. അവർക്കാണല്ലോ അവാർഡും സാംസ്‌കാരികനായക പട്ടവും പട്ടും പൊന്നാടയും പറ്റുമെങ്കിൽ ഒരു സീറ്റും നല്കി അവരോധിക്കുന്നത്. അതിനു പറയുന്ന പേരാണ് കേരളാ മോഡൽ 916 പ്രബുദ്ധത.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഏറ്റവും വിപുലമായി വിശദീകരിച്ച വകുപ്പുകളിൽ ഒന്നാണു മോഷണം.അക്ഷരമാലാക്രമത്തിൽ എ,ബി,സി,ഡി..... എന്നു തുടങ്ങി എൽ,എം,എൻ,ഒ,പി വരെ എത്തി നിൽക്കുന്നു വിശദീകരണം. പുസ്തകം മോഷ്ടിക്കുന്നതും മോഷണമാണ്. പുസ്തകത്തിന്റെ ഉള്ളടക്കം മോഷ്ടിക്കുന്നതും മോഷണമാണ്. ആദ്യത്തേതിൽ ഇന്ത്യൻ പീനൽ കോഡ് അനുസരിച്ചും രണ്ടാമത്തേതിൽ ഇന്ത്യൻ കോപ്പി റൈറ്റ് ആക്റ്റ് 57, 63, 63(എ) വകുപ്പുകൾ അനുസരിച്ചും കേസെടുക്കും. തടവു ശിക്ഷ രണ്ടിനും തുല്യമാണ്. മൂന്നു മാസം മുതൽ മൂന്നു വർഷം വരെ പിഴ 50,000 രൂപ മുതൽ രണ്ടു ലക്ഷം രൂപവരെ. കുറ്റം ആവർത്തിച്ചാൽ ശിക്ഷ കടുക്കും. അതാണു വ്യവസ്ഥ. ചുരുക്കി പറഞ്ഞാൽ നിയമത്തിന്റെ ദൃഷ്ടിയിൽ പുസ്തകം മോഷ്ടിക്കുന്നതിലും കടുത്ത കുറ്റമാണ് ഉള്ളടക്കം മോഷ്ടിക്കുന്നതെന്നു വ്യക്തം. പക്ഷേ നമ്മുടെ പ്രബുദ്ധകേരളത്തിൽ ഇടതുപക്ഷത്തിനൊപ്പം നിന്നാൽ ഏത് ചോരണവും ആഭരണമാകും ഏത് ബണ്ടിചോറും സെലിബ്രിട്ടിയാകും. Incredible Kerala

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP