Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിലപാട് പറയുന്ന പെണ്ണിനെ കൂട്ടംകൂടി ആക്രമിക്കുന്ന കാലത്താണ് മായാനദി പ്രദർശനത്തിന് എത്തുന്നത്; 'ഫീൽ ഗുഡ് സിനിമ'കളുടെ കാലത്ത് ദുഃഖമാണ് പരമമായ അനുഭവമെന്ന എം.എൻ വിജയൻ മാഷിന്റെ വാക്കുകളെ ചിത്രം ഓർമിപ്പിക്കുന്നു; ഗൊദാർദിന്റെ 'ബ്രത്ത് ലസി'നോടാണ് പ്രമേയത്തിന് ചായ്‌വ്; ആഷിഖ് അബു ചിത്രത്തിന് ഒരു ആസ്വാദനക്കുറിപ്പ്

നിലപാട് പറയുന്ന പെണ്ണിനെ കൂട്ടംകൂടി ആക്രമിക്കുന്ന കാലത്താണ് മായാനദി പ്രദർശനത്തിന് എത്തുന്നത്; 'ഫീൽ ഗുഡ് സിനിമ'കളുടെ കാലത്ത് ദുഃഖമാണ് പരമമായ അനുഭവമെന്ന എം.എൻ വിജയൻ മാഷിന്റെ വാക്കുകളെ ചിത്രം ഓർമിപ്പിക്കുന്നു; ഗൊദാർദിന്റെ 'ബ്രത്ത് ലസി'നോടാണ്  പ്രമേയത്തിന് ചായ്‌വ്; ആഷിഖ് അബു ചിത്രത്തിന് ഒരു ആസ്വാദനക്കുറിപ്പ്

സോറി! മായാനദിയെ കുറിച്ചുതന്നെ!

When love beckons to you, follow him, Though his ways are hard and steep. And when his wings enfold you yield to him, Though the sword hidden among his pinions may wound you.'- Khalil jibran.

'ഫീൽ ഗുഡ് സിനിമ'കളുടെ കാലത്ത് ദുഃഖമാണ് പരമമായ അനുഭവമെന്ന എം.എൻ വിജയൻ മാഷിന്റെ വാക്കുകളെ മായാനദി ഓർമിപ്പിച്ചു.1960 ൽ ഫ്രഞ്ച് നവതരംഗ സിനിമയിൽ വെള്ളിടി പോലവതരിച്ച ഗൊദാർദിന്റെ 'ബ്രത്ത് ലസി''നോടാണ് മായാനദിയുടെ പ്രമേയത്തിന് ചായ്‌വ്. ജംപ് കട്ടുകളും അതി സമീപമുഖഭാവങ്ങളും വളരെ ചടുലമായ ക്യാമറാ ചലനങ്ങളും ഒക്കെ ചേർന്ന് സിനിമയുടെ ഫോമിനെ പരീക്ഷണാത്മകമായി ഉപയോഗിച്ച സിനിമ കൂടിയാണ് ' ബ്രെത് ലസ്'. പ്രണയവും വഞ്ചനയും നാടകീയമായ ട്വിസ്റ്റുകളും ബ്രെത് ലെസിനെ ആകാംക്ഷയോടെ കാണാൻ പ്രേരിപ്പിക്കും.

ചെറിയ സ്‌പേസിന്റെ പരിമിതിയെ ബുദ്ധിപൂർവ്വമായ ക്യാമറാ നിലയും നടീനടന്മാരുടെ ചലന സംവിധാനവും വഴി ഗൊദാർദ് മറികടന്നത് ഇന്നും അത്ഭുതപ്പെടുത്തും. മായാനദി 'ബ്രത് ലെസിന്റെ അനുവർത്തനമാണെന്ന് അണിയറ പ്രവർത്തകർ പറയുകയോ ചിത്രത്തിലെവിടേയും രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ചിത്രത്തിന്റെ അടിസ്ഥാന പ്രമേയത്തിന് ആ ക്ലാസിക് ചിത്രവുമായി സാമ്യമുണ്ട്.

ചലച്ചിത്ര സാക്ഷരതയിൽ ഏറെ മുന്നിൽ നില്ക്കുന്ന മലയാളി പ്രേക്ഷകർ അത്തരം മറച്ചു പിടിക്കലുകൾ കണ്ടെത്തുന്നതിൽ ഹരം പിടിക്കുമെന്നത് തീർച്ച! പക്ഷേ ദേശീയ അവാർഡ് ജേതാവായ, മലയാളത്തിൽ ഇന്ന് ഏറ്റവും പ്രോമിസിങ്ങ് ആയി കരുതുന്ന ശ്യാം പുഷ്‌കരനെ പോലുള്ള ഒരു എഴുത്തുകാരനും സാമൂഹ്യ / രാഷ്ട്രീയ വിഷയങ്ങളിൽ, പുരോഗമനപരമായ, തുറന്ന നിലപാടുകൾ സ്വീകരിക്കാറുള്ള ആഷിക് അബു എന്ന സംവിധായകനും ഇത്തരം ഒരു പ്രചോദനത്തെ വെളിപ്പെടുത്താനുള്ള Intellectual Honesty കാണിക്കാൻ അധൈര്യപ്പെടുന്നത് എന്തിനാണ് എന്ന ചോദ്യം മനസ്സിലുണ്ട്.

തീർച്ചയായും മായാനദിക്ക് സിനിമ എന്ന നിലയിൽ സ്വന്തമായ അസ്തിത്വമുണ്ട്. തിരക്കഥയുടെ ഇഴയടുപ്പം, സംഭാഷണത്തിലെ മിതത്വം /കൃത്യത, ദൃശ്യപരിചരണത്തിലെ ഏകാഗ്രത, ശബ്ദപഥത്തിന്റെ ജീവസ്സ് / സ്വാഭാവികത , മികച്ച കഥാപാത്രാവിഷ്‌കാരം ,വിശ്വസനീയമായ നടീനടന്മാരുടെ തിരഞ്ഞെടുപ്പ് എന്നിവ മായാ നദിയിൽ കാണാം.സിനിമ കാണലിനു ശേഷവും മനസ്സിനെ ചിന്തിപ്പിക്കുകയും നോവിക്കുകയും ചെയ്യുന്നുണ്ട് ഈ ചിത്രം.

'Struggling' ആയ ഒരു കൂട്ടം മനുഷ്യരെയാണ് മായാനദിയിൽ ആഷിക് കാണിച്ചുതരുന്നത്. അരക്ഷിതത്വവും ആത്മവിശ്വാസമില്ലായ്മയും ഒളിപ്പിക്കാനോ മറികടക്കാനോ ശ്രമിക്കുന്നവർ.
അവരവരുടേതായ വ്യക്തിത്വവും നിലപാടുകളും അവയെ സാധൂകരിക്കുന്ന ജീവിതാനുഭവ / പാഠങ്ങളുമുള്ളവർ. ഇവരുടെ അതിജീവന സ്വപ്നങ്ങളുടെ / തകർച്ചയുടെ കൂടി കഥയാണ് മായാനദി.

മാത്തൻ, അപർണ, മാത്തനെ പിന്തുടരുന്ന പൊലീസ് സംഘം ഈ മൂന്നു യൂണിറ്റുകളെ omnipresent ആയി narrate ചെയ്യുന്ന രീതിയിലാണ് ചിത്രത്തിന്റെ ആഖ്യാന ഘടന. ഈ ശൈലി സിനിമയ്ക്ക് നല്കുന്ന ത്രില്ലിങ് മൂഡ് ആദ്യാവസാനം ചിത്രത്തിൽ നിലനിർത്താനുള്ള ശ്രമം സംവിധായകനും തിരക്കഥാകൃത്തുക്കളും നടത്തുന്നുണ്ട്.

ചിത്രത്തിന്റ ആദ്യ ഫ്രെയിം മുതൽ സിനിമയുടെ Narrative ന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു സംവിധായകൻ. ഭൂതവും വർത്തമാനവും തുലഞ്ഞു പോയെന്ന് കരുതുന്ന, ഭാവിയിൽ പ്രതീക്ഷ ഏറെയുള്ള മാത്തന്റെ സംഭാഷണത്തിലാണ് ചിത്രത്തിന്റെ തുടക്കം. മാത്തൻ ചില്ലറ തട്ടിപ്പുകൾ കൈവശമുള്ളവനാണ്. വലിയ അന്തർ സഘർഷങ്ങൾ സൂക്ഷിക്കാത്ത പ്രകൃതം..മാത്തന്റെ വേഷം ടൊവിനൊയ്ക്ക് ചേരുന്നുണ്ട്. ഒന്നും കാര്യമായിട്ടെടുക്കാത്ത ,ഒഴുക്കൻ മട്ടിലുള്ള ശരീരഭാഷയിൽ മാത്തനെ ടൊവിനോ ആവിഷ്‌കരിക്കുന്നു. ഇനി ഫഹദ് ഫാസിൽ ഇതിലും നന്നാകുമെന്ന അഭിപ്രായങ്ങളോട് നമ്മൾ കാണുന്ന സിനിമയെയാണ്, ആഗ്രഹിക്കുന്ന സിനിമയെ വിലയിരുത്തരുതേ എന്നേ പറയാനുള്ളൂ.

സിനിമയിൽ നല്ല അവസരം തേടി അലയുന്ന / അരക്ഷിതയും ആത്മവിശ്വാസമില്ലാത്തവളുമായ അപർണ രവി എന്ന പെൺകുട്ടി പുതിയ കാലത്തിന്റെ പ്രതിനിധിയാണ്. അഭിനയം പാഷൻ ആയ ,എഞ്ചിനീയറിങ് പഠനം പാതിയിൽ വച്ച് ഉപേക്ഷിച്ച പെൺകുട്ടി. കല്യാണ ചടങ്ങുകളിലും മറ്റും MC ആയും ചെറുകിട സിനിമ വേഷങ്ങളുമായി കുടുംബത്തിന് വേണ്ടി പണിയെടുക്കുന്ന കുട്ടി. തന്റേടവും അത്യാവശ്യം ഈഗോയും ജീവിതത്തോട് അഭിനിവേശവും ഒക്കെ സൂക്ഷിക്കുന്ന അപർണയാണ് മായാ നദിയുടെ നട്ടെല്ല്. ഐശ്വര്യ ലക്ഷ്മി എന്ന അഭിനേത്രിയുടെ പ്രകടനം അഭിനന്ദനമർഹിക്കുന്നു. കഥാപാത്രത്തെ വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ ഐശ്വര്യ വിജയിച്ചിട്ടുണ്ട്.

കൊച്ചിയിൽ അപർണയെത്തേടി മാത്തൻ എത്തുന്നതോടെ തിരശ്ശീലയിൽ പ്രണയത്തിന്റെ ഊഷ്മളതയും മൗനങ്ങളും കുസൃതികളും തൃഷ്ണകളും നിറയുകയായി. മാത്തനും അപർണയും പഠന കാലത്ത് പ്രണയിച്ചവരായിരുന്നെന്ന് പ്രേക്ഷകരറിയുന്നു. ഒരു breach of trust പ്രണയത്തിൽ സംഭവിച്ചതിന്റെ പേരിൽ അപർണ അവനെ അകറ്റി നിർത്തിയിരിക്കുകയാണ്. മാത്തന്റ രണ്ടാം വരവ് അപർണയിൽ ഉണ്ടാക്കുന്ന ക്ഷോഭങ്ങൾ, മനസിലാക്കൽ, പ്രണയത്തിന്റെ വീണ്ടെടുക്കൽ എന്നിവ സത്യസന്ധമായി പകർത്താനുള്ള ശ്രമം മായാ നദിയിൽ ഉണ്ട്.
നായകനും നായികയും ചുംബിക്കുമ്പോൾ cut away Shots ആയി പക്ഷികൾ കൊക്കുരു മ്മുന്നതോ, കടൽ തിരമാലയോ, പൂക്കളോ / ചില്ലകളോ ഒന്നും കാണിച്ച് ഒളിച്ചോടാൻ ഈ ചിത്രത്തിൽ ശ്രമമില്ലാത്തത് ആളുകളെ തീർച്ചയായും അഭ്ഭുതപ്പെടുത്തും . എന്തായാലും ഒട്ടും വർഗർ അല്ലാത്ത വോയറിസ്റ്റിക് സ്വഭാവമില്ലാത്ത ചുംബന രംഗത്തിന് കത്തിവെക്കാത്ത സെൻസർ ബോർഡിന്റെ തീരുമാനത്തിന് അഭിവാദ്യങ്ങൾ .

തോൽക്കാൻ തയ്യാറാവാത്ത പെണ്ണാണ് അപർണ. സ്വയം മിസ്റ്റിഫൈ ചെയ്യാൻ ശ്രമിക്കാത്ത പെണ്ണ്. അവളുടെ പല ചോദനകളുടേയും ആഴം രണ്ടാമത്തെ വരവിലും മാത്തന് മനസ്സിലാക്കാൻ പറ്റുന്നില്ല. മായാനദി എന്ന പേർ പതിയെ അപർണയുടെ ആൾട്ടർ ഈഗോ ആയി മാറുന്നതിന്റെ ഭംഗി ഈ ചിത്രം നല്കുന്ന പുതുമയാർന്ന ആസ്വാദനമാവുന്നു. അപർണ 'ബോൾഡ്' ആകുന്നത് അവൾ ലൈംഗികത തുറന്ന മനസോടെ, പാപബോധമില്ലാതെ കാണുന്നു എന്നതുകൊണ്ടു മാത്രമല്ല. അത് അവളുടെ സ്വതന്ത്രമായ തീരുമാനമാണ് എന്ന നിലയ്ക്കാണ്.

തൂവാനത്തുമ്പികളിലെ 'ക്ലാരാ' സോഷ്യൽ മീഡിയാ വാഴ്‌ത്തപ്പെട്ടവളാക്കിയ കഥാപാത്രമാണ്.കുടുംബത്തിന് പുറത്ത് പുരുഷൻ ആഗ്രഹിക്കുന്ന ലൈംഗിക തൃഷ്ണയുടെ സ്ഥാപനവല്ക്കരണമാണ് യഥാർത്ഥത്തിൽ ഈ ക്ലാരാപ്രണയത്തിന് പിന്നിലെ മനഃശാസ്ത്രം. ക്ലാര ജയകൃഷണന് വഴങ്ങാൻ നിർബന്ധിതമായ ഒരു സാഹചര്യമുണ്ടെങ്കിൽ മായാനദിയിൽ അപർണയുടേത് തീർത്തും സ്വതന്ത്ര തീരുമാനമാണ്. അത് മാനസികമായ സന്തോഷത്തിന്റെ പ്രണയത്തിന്റെ ശാരീരിക പ്രതികരണമാണ്.

പരാജയപ്പെട്ടു പോകുമായുന്ന ഒരു ഓഡിഷനിൽ മാത്തനോട് തന്നെ മോട്ടിവേറ്റ് ചെയ്യാൻ പറയുന്നുണ്ട് അപർണ.മലയാള സിനിമയിൽ പുതുമയുള്ള ഒരു രംഗമാണ്. തോൽക്കാൻ തയ്യാറാവാതിരിക്കലാണ് ജയിക്കാനുള്ള / അതിജീവിക്കാനുള്ള ഏക വഴി എന്ന് ഓർമിപ്പിക്കുന്ന പറയാതെ പറയുന്ന ഈ സ്വീക്വൻസ് മായാനദിയിലെ ഏറ്റവും നല്ല മുഹൂർത്തമായി തോന്നി.
ആ സന്തോഷം അപർണ മാത്തനുമായി പരിധിയില്ലാതെ പങ്കുവെക്കുന്നു.

ഒരു ഉപകാരത്തിന് പ്രത്യുപകാരമായി ശരീരം പങ്കുവെക്കുന്ന ക്ലീഷെ സ്ത്രീ കഥാപാത്രമല്ല അപർണ എന്ന് ബോധ്യപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമായി Sex is not a promise എന്ന് അപർണ പറയുന്ന സംഭാഷണം.മാത്തന്റെ ആൺ മനസിന് അതിന്റെ ആഴം മനസിലാവാതെ വരുന്നത് പിന്നീടുള്ള കഥാഗതിയിൽ വൻ വഴിത്തിരിവുണ്ടാക്കുന്നു. സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നത്, ഇടയ്ക്കിടെ ചില പ്രസ്താനകൾ നടത്തുന്നത്, താല്ക്കാലിക കൈയടികൾ കിട്ടാനുള്ള കുറുക്കു വിദ്യകളായി മാറുന്ന കാലത്ത് ഇത്തരം മനഃപൂർവ്വമുള്ള Statement കൾ രംഗത്തിന്റെ സ്വഭാവികത ചോർത്തിക്കളഞ്ഞു എന്ന് പറയാതെ വയ.

തന്റെ അടങ്ങാത്ത ആന്തരിക തൃഷ്ണ വീണ്ടും ഒരിക്കൽ കൂടി കിടക്കയിൽ വച്ച് , അതിസാധാരണമായും മനോഹരമായും അപർണ വെളിപ്പെടുത്തുമ്പോൾ മാത്തൻ / ആൺ പ്രേക്ഷകൻ ഒന്നു അമ്പരക്കുന്നുണ്ട്. അതിനെ തുടർന്നുള്ള രംഗങ്ങളിലും കഴിഞ്ഞ രാത്രിയുടെ സ്‌നേഹത്തിന്റെ ചൂട് / ഓർമ അപർണയുടെ വാക്കിൽ / ഭാവത്തിൽ ഐശ്വര്യ അഭിനയിച്ചിരിക്കുന്നത് അത്രമേൽ സ്വാഭാവികമായാണ്.

അപർണയുടെ അമ്മയ്ക്കും അവളിലെ പെൺകുട്ടിയെ മനസ്സിലാക്കാൻ പറ്റാത്തതിന്റെ സംഘർഷങ്ങൾ ചിത്രത്തിലുടനീളമുണ്ട്. ആന്തരിക സംഘർഷങ്ങൾ ഏറെയുള്ള കഥാപാത്രത്തിന്റെ എല്ലാ അഭിനയസാധ്യതകളും ഐശ്വര്യ ലക്ഷ്മിക്ക് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ നേർ വിപരീതമായ് പെരുമാറുന്ന ആളാണ് മാത്തൻ. ഈ രണ്ടു പേരും ഒരുമിച്ചുള്ള രംഗങ്ങളിലെ രസം ഈ ആന്തര ജീവിതത്തിന്റെ മാറ്റുരക്കലിലാണ്.

കുഞ്ഞുനാളിലെ അനാഥനായ ആളാണ് മാത്തൻ.കുറ്റവാളി ആയി മാറുന്ന ആളുകളുടെ സ്ഥിരം പശ്ചാത്തലമായി തോന്നുമിത്.ഒരിക്കൽ എല്ലാവരേയും നഷ്ടപ്പെട്ട ഒരാൾ പിന്നീട് ആത്മാർത്ഥമായ / യഥാർത്ഥമായ സ്‌നേഹത്തിന് നേർക്ക് ഇത്രമാത്രം ഉദാസീനനായി / ഉത്തരവാദിത്വമില്ലാതെ പെരുമാറുമോ എന്ന സംശയം മാത്തന്റെ കഥാപാത്ര സൃഷ്ടിയിൽ ഉത്തരമില്ലാതുണ്ട്.

ഇഷ്ടപ്പെട്ട പുരുഷനോടൊപ്പം ഇടപഴകുന്ന പെണ്ണാണ് അപർണ.അതിന് അവൾ പരിധി ക ളും നിശ്ചയിക്കുന്നു.. ആത്മവിശ്വാസക്കുറവുണ്ടെങ്കിലും ആത്മാഭിമാനമുള്ളവനാണ് മാത്തൻ. സൂക്ഷ്മവായനയിൽ ഏക പത്‌നി / ഏക ഭാര്യാ സങ്കല്പത്തിൽ തന്നെയാണ് മാത്തന്റെയും അപർണയുടേയും വാർപ്പ് എന്നു കാണാം.

കഥാപാത്രങ്ങളുടെ ഉള്ളു കാണിക്കാനുള്ള സൂക്ഷ്മത സംഭാഷണത്തിലും സന്ദർഭങ്ങളിലും കാണാം.അപർണയുടെ സ്വത്വരൂപീകരണമുദാഹരണമാണ് അധികം ഭംഗിയില്ലാത്ത, എന്നാൽ താൻ കൂട്ടുകാരിയെക്കാൾ മിടുക്കിയാണെന്ന് ധരിക്കുന്ന ,സ്വയം പ്രചോദിതയാവാൻ ബുദ്ധിമുട്ടുന്ന പെൺകുട്ടി.

ഐശ്വര്യയുടെ സാധാരണത്വം, നിറം, ശരീരഭാഷ അപർണയ്ക്ക് ചേരുന്ന അനുപാതത്തിൽ തന്നെ. പക്ഷേ ഈ layering മാറ്റി നിർത്തിയാൽ 2.16 മിനിട്ട് കഴിയുമ്പോൾ സിനിമ പറഞ്ഞു വെക്കുന്നത് importance of trust in love എന്നത് മാത്രമായി ചുരുങ്ങി പോകുന്നില്ലേ? മാത്തന്റെ അവസാനവും അപർണയുടെ ഉയിർപും വൈകാരികമായി പ്രേക്ഷകനെ തൊടുമ്പോഴും മുഖ്യ പ്രമേയത്തിന്റെ പഴമ തികട്ടി വരുന്നുണ്ട്. പക്ഷേ ചില ക്ലീഷേകളെ സിനിമയുടെ ഭാഷയിൽ ,ആഖ്യാന ചാതുരിയിൽ ഭംഗിയായി മറച്ചുവെക്കുന്നതിൽ മായാനദി വിജയിക്കുന്നുണ്ട്.

സമീറ എന്ന അപർണയുടെ കൂട്ടുകാരി സിനിമയിൽ വിജയിച്ച താരമാണ്.സമീറയുടെ വിജയം അപർണയിൽ അപകർഷതയുണ്ടാക്കുന്നുണ്ട്. എന്നാൽ സമീറ പോലും എന്തുമാത്രം കപടമായ ആത്മവിശ്വാസമഭിനയിക്കുന്നു എന്ന് അവസാനമെത്തുമ്പോൾ നാം മനസ്സിലാക്കുന്നു. കൃത്രിമമായ സിനിമപെഴ്‌സോണയ്ക്കകത്ത് സമീറയും StrugIing ആയ സ്ത്രീയെ ഒളിപ്പിച്ചിരിക്കുന്നു.ലിയോണ ആ വേഷം നന്നായി ചെയ്തു.

മാത്തന്റെ സുഹൃത്തായ ആശാൻ, രൂപഭാവ പ്രകടനത്തിൽ കിറുകൃത്യമായ Casting ആയി അനുഭവപ്പെടും. ഒറ്റ സീനിൽ വന്ന സൗ ബിനും കയ്യടി നേടി. ട്രാൻസ് ജൻഡർ കഥാപാത്രങ്ങൾ സിനിമയിൽ പതിവു വാർപ്പുകളിൽ ചിരി ഉല്പാദിപ്പിക്കാനുള്ളവരാണോ എന്ന സംശയം തിയറ്ററിലെ ആളുകളുടെ ചിരിയിൽ തോന്നി സംവിധായകന്റെ നിലപാട് മറിച്ചായിരുന്നാലും!.
തമിഴ് പൊലീസ് ഉദ്യോഗസ്ഥർ മൂന്നു പേരും സ്വാഭാവികമായ അഭിനയത്തിലൂടെ ശ്രദ്ധേയരാവുന്നു.

റിയലിസ്റ്റിക് ആയ അഭിനയവും ട്രീറ്റ്‌മെന്റുമാണ് സംവിധായകൻ ആഷിഖ് അബു ഈ ചിത്രത്തിൽ പ്രയോഗിച്ചിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ തോന്നും. കേവല യാഥാർത്ഥ്യ ചിത്രീകരണത്തേക്കാൾ Cause and effect രീതിയിൽ മുന്നേറുന്ന തിരക്കഥയ്ക്കനുസരിച്ച് പേസിലും സിനിമാറ്റിക്കായും തന്നെയാണ് making എന്ന് സൂക്ഷിച്ചു നോക്കിയാൽ കാണാം. ത്രില്ലർ സിനിമയുടെ മൂഡിൽ, സന്ദർഭങ്ങളുടെ നാച്വറാലിറ്റി നഷ്ടപ്പെടാതിരിക്കാൻ സംവിധായകൻ കാണിച്ച ശ്രദ്ധയ്ക്ക് അഭിനന്ദനം.എന്നാൽ ഒരു സന്ദർഭത്തിൽ ഈ സ്വഭാവികത പാടെ തകിടം മറിഞ്ഞു. ലിഫ്റ്റിനകത്ത് വച്ച് മാത്തനും രണ്ടു പൊലീസുകാരും തമ്മിൽ നടക്കുന്ന രൂക്ഷമായ മൽപിടുത്തം /അടിയിൽ ഒരാൾക്ക് ഒഴിച്ച് മറ്റാർക്കും കാര്യമായ ക്ഷതം മുഖത്തേറ്റില്ല എന്നത് തീർത്തും വിശ്വസനീയമല്ലാതായി. അത്രയ്ക്കും വിശദമായാണ് ആ മർദ്ദന രംഗങ്ങൾ കാണിച്ചിട്ടുള്ളത്.

ഓരോ കഥാപാത്രവും എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്ന് പ്രകടനപരമല്ലാത്ത ചെറു ചെറു സംഭാഷണങ്ങളിലൂടെ രചയിതാക്കളായ ശ്യാം പുഷ്‌കരനും ദിലീഷ് നായരും വ്യക്തമാക്കുന്നുണ്ട്. തിരക്കഥയുടെ ബലത്തിലാണ് മായാ നദിയുടെ ഒഴുക്ക് സുഗമമാവുന്നത്.

ചിത്രത്തിലെ സൗണ്ട് ട്രാക്ക് ജയദേവൻ ചക്കാടത്തിലും തപസ് നായകും ചേർന്ന് അതി മനോഹരമായി സൃഷ്ടിച്ചെടുത്തിരിക്കുന്നു. ശബ്ദലേഖനവും മിശ്രണവും അതിസൂക്ഷമായ ഭാവങ്ങളെവരെ സ്വാഭാവികതയിലും മിഴിവിലും പ്രേക്ഷകനിൽ എത്തിക്കാനുതകുന്നുണ്ട്. പശ്ചാത്തല സംഗീതവും ഗാനങ്ങളും മായാ നദിയുടെ ആത്മാവായി മാറിയിരിക്കുന്നു. ഷഹബാസ് അമൻ പാടിയ 'മിഴിയിൽ നിന്ന് മിഴിയിലേക്ക്' സിനിമാ ബാഹ്യമായ ആസ്വാദനത്തിലും മികച്ചതായി .നാവിലുണ്ടത് ഇപ്പോഴും. റെക്‌സ് വിജയൻ ഒരുക്കിയ മ്യൂസിക് / BGM ഹൃദയസ്പർശിയായിരിക്കുന്നു.

ഗാനസന്ദർഭങ്ങൾ ക്ലീഷെയിൽ കുടുങ്ങുന്നുണ്ട്. പ്രണയം കാണിക്കാൻ പാട്ട് എന്ന പരമ്പരാഗത ശൈലിയെ വിട്ടു കളയുന്നില്ല മായാ നദിയും. പശ്ചാത്തല ശബ്ദമായും മൂളി പാട്ടായും, ബാത്ത് റൂം പാട്ടായും കൂട്ടുകാർ ഒരുമിച്ചിരിക്കുമ്പോൾ ദർശന പാടുന്ന ഗാനമായും പല ഭാഷാ സിനിമാ ഗാനങ്ങളുടെ സാന്നിധ്യമുണ്ട് ഈ സിനിമയിൽ. ജയേഷ് മോഹന്റെ ഊഷ്മളമായ ദൃശ്യങ്ങൾ, മികച്ച കോംപോസിഷൻസ്, ലെൻസ് ലാംഗ്വേജ് എന്നിവ അർത്ഥപൂർണമായി മായാനദിയെ പിന്തുണയ്ക്കുന്നു. സന്ദർഭത്തിനനുസരിച്ച് ക്യാമറയുടെ ശൈലി മാറ്റി സിനിമയോട് ചേർന്നിരിക്കുന്നു ജയേഷ്.പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാനായുള്ള ക്യാമറ ചലനങ്ങളോ ആംഗിളുകളോ ജയേഷ് മനഃപൂർവ്വം ഉപയോഗിക്കുന്നില്ല.

വെടിവെയ്പ് സീനിന്റെ unrest അനുഭവിപ്പിക്കാൻ ക്യാമറ handheld ചെയ്തതൊഴിച്ചാൽ ഒഴുക്കോടെ നീങ്ങുന്നു ദൃശ്യങ്ങൾ. പ്രണയത്തിന്റെ അടുപ്പം / വൈകാരികത അതി സമീപദൃശ്യങ്ങളിൽ പകർത്തിയ 'മിഴിയിൽ നിന്ന് ' എന്ന ഗാനരംഗം ലെൻസിങ്ങിന്റെ മിടുക്ക് കാണിക്കുന്നുണ്ട്.
സാമ്പ്രദായിക ട്രാക്ക് / ക്രെയിൻ Shot കൾ ഒക്കെ ചിത്രത്തിലുണ്ട്. എല്ലാം ചിത്രത്തിന്റെ mood, Pace എന്നിവയിൽ ലയിച്ചിരിക്കുന്നു. ചിത്രാന്ത്ര്യത്തിൽ ഉപയോഗിച്ച Zoom Shotകളും സമകാലിക സിനിമയിലെ വിനിമയ വ്യത്യസ്തതയായി തോന്നി. പുതിയ കാല റിയലിസ്റ്റിക് സിനിമയിൽ വംശനാശം വന്ന Shotകളാണിവ!

കാവ്യാത്മമായ അന്ത്യരംഗമാണ് ആഷിക് അബുവും സംഘവും ഒരുക്കിയത്.അല്പം പ്രവചന സ്വഭാവമുണ്ടെങ്കിലും മാത്തന്റെ മായക്കാഴ്ചയിൽ നിന്ന് യാഥാർത്ഥ്യത്തിലേക്കുള്ള transition മനോഹരമായിട്ടുണ്ട്. പശ്ചാത്തല സംഗീതവും നിശബ്ദതയും നാടകീയതയും ഒത്തുചേർന്ന ക്ലൈമാക്‌സ് മായാനദിയെ മായാക്കാഴ്ചയാക്കി മാറ്റിയിരിക്കുന്നു.

സിനിമയുടെ പുറത്തു നിന്നു നോക്കുമ്പോൾ, നിലപാട് പറയുന്ന പെണ്ണിനെ കൂട്ടം കൂടി ആക്രമിക്കുന്ന കാലത്താണ് മായാ നദി പ്രദർശനത്തിനെത്തുന്നത്. ഏത് പാതിരായ്ക്കും ആണിനും പെണ്ണിനും സ്വൈര്യമായി നടക്കാവുന്ന ഇടമായി കൊച്ചി നഗരത്തെ ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ബഹളങ്ങൾ / ആൾക്കൂട്ടങ്ങളില്ലാത്ത കൊച്ചി സ്വപ്നമാണ്. സ്ത്രിക്കും പുരുഷനും തുറിച്ചു നോട്ടങ്ങളില്ലാതെ, ചോദ്യം ചെയ്യലുകൾ നേരിടാതെ ഒരു മുറിയിലേക്ക് / വീട്ടിലേക്ക് കടന്നു ചെല്ലാനോ ഇടപഴകാനോ സ്വാതന്ത്ര്യമുള്ള നഗരം. അങ്ങനെ സ്വപ്നത്തിന്റെ നഗര / ഇടമായി കൊച്ചിയെ ഈ ചിത്രത്തിൽ വായിക്കാമെന്ന് തോന്നുന്നു. സെൻസിബിൾ ആയ ഒരു സിനിമയാണ്, മറ്റ് മഹദ് വത്ക്കരണങ്ങളെ പറ്റി ഒന്നും പറയാനില..

2017 ൽ ടേക്ക് ഓഫിൽ തുടങ്ങി മായാ നദിയിൽ അവസാനിക്കുന്ന സിനിമാ കലണ്ടർ തയ്യാറാക്കിയാൽ മലയാള സിനിമ മാധ്യമപരമായ വളർച്ചയിൽ / പരീക്ഷണ സ്വഭാവത്തിൽ മുന്നോട്ടു കുതിക്കുന്നതിന്റെ സൂചനകൾ വ്യക്തമാണ്. വിഷയ സ്വീകരണത്തിലും സംഭാഷണ രചനയിലും നാടക / സാഹിത്യ ഭാരത്തെ സിനിമ പതിയെ പൊഴിച്ചു കളയുന്നുണ്ട്. സാഹിത്യാഭിരുചിയുടെ മിടുക്കിൽ സിനിമയെ വിലയിരുത്താനോ വ്യാഖാനിക്കാനോ പറ്റാത്ത രീതിയിൽ വളരുന്ന ദൃശ്യഭാഷയ്ക്ക് ഭാവിയുണ്ട് എന്ന് 2017ൽ പുറത്തിറങ്ങിയ ഒരു പിടി ചിത്രങ്ങൾ ഓർമിപ്പിക്കുന്നു. ഭാവി പ്രതീക്ഷയുടേത് തന്നെ.

(അനു പാപ്പച്ചൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP