Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾ പരിഹസിക്കുന്ന അതേ 'ഈർക്കിൽ സംഘടന'കളാണ് വഞ്ചീസ്‌ക്വയറിലെ കന്യാസ്ത്രീസമരത്തിനും തുടക്കംകുറിച്ചതെന്നോർക്കുക; അന്നും പതിനഞ്ചോ പതിനാറോ പേരേ നിരാഹാരസമരപ്പന്തലിൽ ആദ്യം ഉണ്ടായിരുന്നുള്ളു; കൂക്കിവിളികളും കല്ലേറും കിട്ടിയേക്കാം..എങ്കിലും അടിപതറാതെ അവർ മുന്നോട്ടുനീങ്ങും; ഇടയലേഖനം കത്തിച്ച കെസിആർഎം പോലുള്ള 'ഈർക്കിലി സംഘടന'കളെ പരിഹസിച്ച 'മറുനാടൻ മലയാളി'ക്ക് ഒരു മറുപടി

നിങ്ങൾ പരിഹസിക്കുന്ന അതേ 'ഈർക്കിൽ സംഘടന'കളാണ് വഞ്ചീസ്‌ക്വയറിലെ കന്യാസ്ത്രീസമരത്തിനും തുടക്കംകുറിച്ചതെന്നോർക്കുക; അന്നും പതിനഞ്ചോ പതിനാറോ പേരേ നിരാഹാരസമരപ്പന്തലിൽ ആദ്യം ഉണ്ടായിരുന്നുള്ളു; കൂക്കിവിളികളും കല്ലേറും കിട്ടിയേക്കാം..എങ്കിലും അടിപതറാതെ അവർ മുന്നോട്ടുനീങ്ങും; ഇടയലേഖനം കത്തിച്ച കെസിആർഎം പോലുള്ള 'ഈർക്കിലി സംഘടന'കളെ പരിഹസിച്ച 'മറുനാടൻ മലയാളി'ക്ക് ഒരു മറുപടി

ജോർജ് മൂലേച്ചാലിൽ

മറുനാടൻ മലയാളിക്ക് ഒരു മറുപടി

ടയലേഖനം കത്തിച്ച കെസിആർഎം പോലുള്ള 'ഈർക്കിലി സംഘടന'കളെ പരിഹസിച്ച് 'മറുനാടൻ മലയാളി'യിൽ വന്ന വാർത്താക്കുറിപ്പുകണ്ടു. ദശലക്ഷങ്ങൾ അംഗങ്ങളായുള്ള ഒരു സമൂഹത്തിലെ അമ്പതോ അമ്പത്തഞ്ചോ പേർ മാത്രമുള്ള മെത്രാന്മാരുടെ ഒരു ഈർക്കിലി സംഘടന ആ സമൂഹത്തെ ഒന്നാകെ ബാധിക്കുന്ന ഏകപക്ഷീയതീരുമാനങ്ങളെടുത്ത് അടിച്ചേൽപ്പിക്കുന്ന രാജകീയ സമ്പ്രദായത്തിനെതിരെ കണ്ണടച്ചുകൊണ്ട്, അതിലെ തെറ്റായ തീരുമാനങ്ങൾക്കെതിരെ നീതിബോധത്തിന്റെ മാത്രം ബലത്തിൽ സാഹസികമായി പ്രതികരിക്കാൻ തയ്യാറാകുന്ന ചെറിയൊരു സംഘത്തെ (ആറു പേരായിരുന്നില്ല, 16 പേരാണുണ്ടായിരുന്നത്) പരിഹസിക്കുന്ന 'മറുനാടൻ മലയാളി' അതാർജിച്ചെടുത്ത ആദർശമുഖം സ്വയം നഷ്ടപ്പെടുത്തിയിരിക്കുന്നു എന്നാണ് ആദ്യമേ പറയാൻ തോന്നുന്നത്. തുടർന്നുവന്ന ചില പ്രതികരണങ്ങളിൽനിന്ന്, നവീകരണരംഗത്തെ ചില പ്രമുഖരുടെ മനോവീര്യം കെടുത്താനും 'മറുനാടൻ മലയാളി'ക്കു കഴിഞ്ഞു എന്നു മനസ്സിലാക്കുന്നു.

'മറുനാടൻ മലയാളി' പരിഹസിക്കുന്ന അതേ 'ഈർക്കിൽ സംഘടന'കളാണ് വഞ്ചീസ്‌ക്വയറിലെ കന്യാസ്ത്രീസമരത്തിനും തുടക്കംകുറിച്ചതെന്നോർക്കുക. അന്നും പതിനഞ്ചോ പതിനാറോ പേരേ നിരാഹാരസമരപ്പന്തലിൽ ആദ്യം ഉണ്ടായിരുന്നുള്ളു. എങ്കിലും, കുറഞ്ഞത് രണ്ടാഴ്ചത്തെ നിരാഹാരസമരം പതിനഞ്ചോ പതിനാറോ പേരേ നിരാഹാരസമരപ്പന്തലിൽ ആദ്യം ഉണ്ടായിരുന്നുള്ളു. എങ്കിലും, കുറഞ്ഞത് രണ്ടാഴ്ചത്തെ നിരാഹാരസമരം കെസിആർഎം
പ്ലാൻ ചെയ്തിരുന്നു. കന്യാസ്ത്രീകൾ സമരപ്പന്തലിലെത്തുമെന്നറിയുന്നതിനു മുമ്പായിരുന്നു, ഈപ്ലാനിങ്. കന്യാസ്ത്രീകൾ വന്നതാണ് സമരത്തെ വിജയിപ്പിച്ച പ്രധാനഘടകം എന്നു സമ്മതിക്കുമ്പോഴും, അതിന് അരങ്ങൊരുക്കിയത് ഈ 'ഈർക്കിൽ സംഘടന'കളുടെ നീതിബോധവും നിശ്ചയദാർഢ്യവുമായിരുന്നു എന്ന കാര്യം ആരും, 'മറുനാടൻ മലയാളി'യും, മറക്കാൻ പാടില്ല.

സാമൂഹികമാറ്റത്തിനായി പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനവും, ഒരു കാലത്തും, ആൾക്കൂട്ടപ്രസ്ഥാനങ്ങളല്ല എന്ന വസ്തുത 'മറുനാടൻ മലയാളി'മാത്രമല്ല, തങ്ങളുടെ പ്രതികരണപരിപാടിക്ക് ആൾക്കാർ കുറഞ്ഞുപോയല്ലോ എന്നു പരിതപിച്ച്, രംഗത്തുനിന്നു പിന്മാറാൻ നോക്കുന്ന സഭാനവീകരണരംഗത്തെ പ്രവർത്തകരും അറിഞ്ഞിരിക്കണം. യേശുവിനെക്കൂടി ഉൾപ്പെടുത്തിയാൽ വെറും 13 പേരുടെ ഒരു 'ഈർക്കിലിസംഘ'മായിരുന്നില്ലേ അദ്ദേഹത്തിന്റേതും എന്നും ഇവിടെ ഓർക്കാം.

പുളിമാവിന്റെ അളവിലല്ല വീര്യത്തിലാണു കാര്യം. സത്യബോധവും നിശ്ചയദാർഢ്യവുമുള്ള ഒരൊറ്റയാൾക്കുപോലും ലോകത്തെ മാറ്റിമറിക്കാനാകുമെന്നാണ് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. അപ്പോൾ, അത്തരം ആറു പേരോ 16 പേരോ ഉണ്ടായാൽ തന്നെ അതു സമൂഹത്തിന് അനുഗ്രഹമാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും സ്ഥാപനങ്ങളുടെയും കോട്ടക്കൊത്തളങ്ങളുയർത്തി, ലക്ഷക്കണക്കിന് പുരോഹിതഭടന്മാരെ അണിനിരത്തി, ഭീഷണമായി നിൽക്കുന്ന ഒരു മതസംവിധാനത്തിനുള്ളിൽ അതിനെതിരെ ചിന്തിക്കാനും സാഹസികമായി പ്രതികരിക്കാനും 10-15 പേരെങ്കിലുമുണ്ടെങ്കിൽ അതൊരു നിസ്സാരകാര്യമല്ല തന്നെ. അതിലൊരാളും, പിന്നിലേക്കു നോക്കി അണികളില്ലല്ലോ എന്നു പരിതപിക്കുകയല്ല; മറിച്ച് അതിലൊരാളായതിൽ അഭിമാനിക്കുകയാണ് വേണ്ടത്.

സാഹസികത ആവശ്യമായ ഘട്ടങ്ങളിൽ, ഓശാനപാടിയവരും പിന്മാറി 'അവനെ ക്രൂശിക്കുക' എന്ന് ആക്രോശിക്കും. അത് ആൾക്കൂട്ടമനഃശ്ശാസ്ത്രം. എന്നാൽ 'മറുനാടൻ മലയാളി' പോലുള്ള ഒരു മാധ്യമം ഇത്തരം ആൾക്കൂട്ടമനഃശ്ശാസ്ത്രത്തിനൊപ്പം ചാഞ്ചാടാമോ? എങ്കിൽ, കന്യാസ്ത്രീസമരത്തെ പിന്തുണയ്ക്കാൻ 'മറുനാടൻ മലയാളി' തയ്യാറായത്, കന്യാസ്ത്രീകളും 'എസ്.ഒ.എസ് ആക്ഷൻ കൗൺസി'ലും ഉയർത്തിയ ചോദ്യങ്ങളിലെ ധാർമ്മികനിലപാടു കണ്ടിട്ടല്ല; മറിച്ച്, ആസമരത്തിനു ലഭിച്ച ബഹുജനപിന്തുണ കണ്ടിട്ടുമാത്രമായിരുന്നു എന്നുവരില്ലേ?

ധർമ്മനിഷ്ഠർക്ക് ഇടതും വലതും നോക്കാതെയുള്ള സ്വധർമ്മനിർവ്വഹണത്തിലാണ് നിഷ്ഠ. കൂക്കിവിളികളും കല്ലേറും കിട്ടിയേക്കാം. എങ്കിലും, അടിപതറാതെ അവർ മുന്നോട്ടുനീങ്ങും. അത്തരം പ്രവർത്തനങ്ങളാണ് സമൂഹത്തിൽ മാതൃകയായി നിലകൊള്ളുന്നത്. സജ്ജനങ്ങൾ അതേറ്റെടുത്ത് വ്യാപകമാക്കുകയും ചെയ്യും. സഭാധികൃതരുടെ അഴിമതികൾക്കും അധാർമ്മികതകൾക്കുമെതിരെ പ്രതികരിക്കുന്നവരുടെ കണ്ണിലെ കരടെടുക്കാനെന്ന വ്യാജേന, ശിക്ഷണനടപടികളുടെ കുറിപ്പടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നവരുടെ കണ്ണിൽക്കിടക്കുന്ന തടികൾ കാണുന്നവരാണ് ഇവിടുത്തെ ക്രൈസ്തവ സമൂഹവും പൊതുസമൂഹവും. അതുകൊണ്ടുതന്നെ, ഇൻക്വിസിഷൻ മനോഭാവത്തോടെ രൂപംകൊടുത്ത ഈ ഇടയലേഖനം പള്ളികളിൽ വായിച്ചുടനെ മേജർ ആർച്ചുബിഷപ്സ് ഹൗസിനുമുമ്പിൽ കത്തിച്ചുചാമ്പലാക്കിയ കെ.സി.ആർ.എം നടപടി വിശ്വാസിസമൂഹം ഒരു മാതൃകയായി സ്വീകരിച്ച് വ്യാപകമാക്കുകതന്നെചെയ്യും. രൂപതാ ആസ്ഥാനങ്ങളും ടൗണുകളും കേന്ദ്രീകരിച്ച് വിശ്വാസി സമൂഹംതന്നെ ഈ ഇടയലേഖനം കത്തിക്കുന്നത് എല്ലാ മലയാളികളും 'മറുനാടൻ മലയാളി'കളും കാണാൻ പോകുന്നതേയുള്ളു.

ഫോൺ: 9497088904

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP