Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാൻ പറ്റാത്ത കൂട്ടിൽ ഇട്ട് ദിവസങ്ങളോളം മർദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കിയാണ് മെരുക്കുന്നത്; മിക്ക ആനകളുടെയും കാലിൽ കാണുന്ന വ്രണങ്ങൾ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല; പാപ്പാന്മാർ ചട്ടവ്രണം ഉണ്ടാക്കുന്നതാണ്: 'ആനപ്രേമി'കൾ അറിയാൻ 15 കാര്യങ്ങൾ

ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാൻ പറ്റാത്ത കൂട്ടിൽ ഇട്ട് ദിവസങ്ങളോളം മർദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കിയാണ് മെരുക്കുന്നത്; മിക്ക ആനകളുടെയും കാലിൽ കാണുന്ന വ്രണങ്ങൾ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല; പാപ്പാന്മാർ ചട്ടവ്രണം ഉണ്ടാക്കുന്നതാണ്: 'ആനപ്രേമി'കൾ അറിയാൻ 15 കാര്യങ്ങൾ

ജിതിൻദാസ്

തൃശ്ശർ പൂരവുമായി ബന്ധപ്പെട്ട് വിവാദങ്ങളാണ് ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വേണ്ടി ആനപ്രേമികൾ കൂട്ടത്തോടെ രംഗത്തുണ്ട്. എന്നാൽ, ആനപ്രേമികളുടെ ആവേശത്തിനിടയിലും ഒരു സാധുജീവിയോട് നമ്മൾ ചെയ്യുന്ന ക്രൂരതകളെ കുറിച്ച് നാം ഓർക്കാറില്ല. അത്തരം ആനപ്രേമികൾ വായിച്ചറിയാൻ വേണ്ടി ദുബായ് മലയാളിയായ ജിതിൻദാസ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്കിൽ എഴുതിയ ലേഖനമാണ് പുനപ്രസിദ്ധീകരിക്കുന്നത്. ആനപ്രേമികൾ വായിച്ചറായാനുള്ള 15 കാര്യങ്ങളാണ് ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചത്.

പ്രേമിക്കുന്നവരോടാണ്,

1. ആന വന്യജീവിയാണ്. അതിനെ ഇണക്കാൻ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വർഷമായി ആനയെ പിടിച്ചു മെരുക്കാൻ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തിൽ നിന്നു പിടിച്ച് വളർത്താൻ തുടങ്ങിയ താറാവുകൾ ഇപ്പോൾ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങൽ എന്നാൽ അങ്ങനെയാണ്.

2. ആനയ്ക്ക് മനുഷ്യസംസർഗ്ഗം ഇഷ്ടമല്ല. കാട്ടാനയുടെ സേഫ്റ്റി ബബിൾ (respectful distance) ലംഘിച്ചാൽ നിങ്ങൾക്ക് അത് നല്ലതുപോലെ മനസ്സിലായിക്കോളും.

3.സാധാരണഗതിയിൽ ആനകൾ നിങ്ങളെപ്പോലെ പറ്റമായി ജീവിക്കുന്ന സാമൂഹ്യജീവികളാണ് (pack animals). അതിനു ഏകാന്തവാസം സഹിക്കാനാവില്ല.

4. ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാൻ പറ്റാത്ത കൂട്ടിൽ ഇട്ട് ദിവസങ്ങളോളം മർദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കൽ (crushing). എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കിൽ മെരുക്കുന്നവർ മരക്കറകൾ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന പ്രശസ്ത ആന ഒറ്റക്കണ്ണൻ ആയത് ഇങ്ങനെയാണ്. മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്‌നേഹിക്കാൻ തുടങ്ങും എന്നു കരുതുന്നെങ്കിൽ തെറ്റാണ്.

5. തണുപ്പും നനവുമുള്ള കാട്ടുമണ്ണിൽ ജീവിക്കുന്ന ജന്തുവാകയാൽ ആനയ്ക്ക് കുളമ്പുകൾ ഇല്ല. ഉറച്ചതും ചൂടുള്ളതുമായ റോഡിലും പറമ്പിലും നടക്കുമ്പോൾ ആനയ്ക്ക് കാലു പൊള്ളും. നാട്ടാനകളിൽ മിക്കതിന്റെയും കാൽ പൊള്ളിയും പഴുത്തും പോയ പാടുകൾ ഉള്ളവയാണ്.

6. തണലിൽ ജീവിക്കുന്ന ജന്തുവാകയാൽ ആനയ്ക്ക് വിയർപ്പു ഗ്രന്ഥി കാൽനഖങ്ങൾക്കു ചുറ്റുമേയുള്ളൂ. ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്‌നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയിൽ ഏറെനേരം താങ്ങാനുള്ള ശേഷി ആനയ്ക്കില്ല.

7. ആന കാട്ടിൽ സഞ്ചരിച്ച് ഇലകൾ, തണ്ടുകൾ മരത്തൊലികൾ പാറയിലെ ഉപ്പുകൾ തുടങ്ങി 120 ഓളം വൈവിദ്ധ്യമാർന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകൾ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലിൽ തടയുമ്പോൾ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളിൽ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാൽ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങൾ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും.

8. കാട്ടാന ഒരു ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കും. കാട്ടിൽ നിന്നു പുറത്തായാൽ ഇതിലും എത്രയോ അധികം വേണ്ടി വരും. നാട്ടാനയ്ക്ക് ആവശ്യത്തിന്, ആവശ്യമുള്ള സമയം വെള്ളം ലഭിക്കുന്നില്ല.

9. മദപ്പാട് (musth) ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോർമോൺ (testosterone) 60 മടങ്ങ് വരെ വർദ്ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിനു കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് 'വാട്ടൽ' എന്നു നിങ്ങൾ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളർന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങൾക്ക് സ്ഥിരമായി കേടുസംഭവിക്കുകയും ചിലപ്പോൾ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കിൽ മനുഷ്യൻ വിവാഹം കഴിക്കുന്നതും മയിൽ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ.

10. മിക്ക ആനകളുടെയും കാലിൽ കാണുന്ന വ്രണങ്ങൾ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാർ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കിൽ ആന നിരന്തരം വേദന ഓർക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതിൽ കുത്തിയാൽ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും.

11. വനജീവി ആകയാൽ ആനയ്ക്ക് ശബ്ദവും പുകയും തീയും പേടിയാണ്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ചു ബന്ധിച്ച് അതിന്റെ മുന്നിൽ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും നടത്തുമ്പോൾ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല.

12. നാട്ടിൽ കാണുന്ന കുട്ടിയാനകൾ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്‌നം മൂലമാണ്. അതു കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടിൽ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല.

13. ആനയ്ക്ക് മനുഷ്യസംസർഗ്ഗം മൂലം രോഗം ബാധിക്കാറുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകൾക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്കു പോയ ആനകൾ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകൾക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാൻ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് നിങ്ങൾ അറിയുന്നുണ്ടോ?

14. ആന നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. അപൂർവ്വം ചില ദേവസ്വം ബോർഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇൽ പുറത്ത് ആനകളേ അമ്പതു വർഷം മുന്നേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാൽ സ്വത്ത് ഏറെയുള്ള അമ്പലങ്ങളിൽ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം പോലും ആനയല്ല കാക്കുക്കത്. എന്നാൽ മിക്കവാറും 200 സ്വകാര്യവക്തികളുടേതായി 700ഇൽ അധികം ആനകൾ കേരളത്തിലുണ്ട്.

15. ലോകത്ത് ഏറ്റവും വേഗത്തിൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയിൽ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യൻ ആന. ഇവയുടെ വാസസ്ഥലങ്ങളും ആനത്താരകളും മനുഷ്യൻ അതിക്രമിച്ചു നശിപ്പിച്ച മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കാട്ടാനയെ പിടിച്ചു ദ്രോഹിച്ചു അതിനു പ്രജനനാവസരം കൂടി നഷ്ടമാക്കുന്ന ആനപ്രേമവും. ഇന്ത്യയിലെ നാട്ടാനയുടെ മഹാഭൂരിപക്ഷവും കേരളത്തിലാണ് ഇന്ന്. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ കേരളത്തിൽ മർദ്ദനവും അമിതാദ്ധ്വാനവും ക്ഷയവും എരണ്ടക്കെട്ടും ഒക്കെമൂലം ആയിരത്തിലധികം ആനകൾ ചെരിഞ്ഞിട്ടുണ്ട്.

ഇപ്പോഴും നിങ്ങൾ 'ആനപ്രേമി'തന്നെയാണോ??

(കടപ്പാട്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP