Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഈ പുസ്തകം ഇയ്യോബിന്റേതല്ല....... അമൽ നീരദ് ചിത്രത്തിന് ഒരു സ്ത്രീപക്ഷ വായന

ഈ പുസ്തകം ഇയ്യോബിന്റേതല്ല....... അമൽ നീരദ് ചിത്രത്തിന് ഒരു സ്ത്രീപക്ഷ വായന

ത്തി വിടർത്തിയ പുരുഷരൂപങ്ങളുടെ പകർന്നാട്ടമല്ല, നിശബ്ദം നിർഭയം അവരെ വിരൽത്തുമ്പിൽ നിയന്ത്രിക്കുന്ന സ്ത്രീകളുടെ ആത്മബലമാണ് 'ഇയ്യോബിന്റെ പുസ്തക'ത്തെ വേറിട്ടു നിർത്തുന്നത്. അമൽ നീരദിന്റെ ചിത്രത്തിന് ഒരു സ്ത്രീപക്ഷവായന.

'All men are guitly for everyone' - Fyodor Dostoevsky

കാമവെറിയിൽ നിന്നുടലെടുക്കുന്ന പിതൃഹത്യയുടെ ക്ലാസിക്കുകളായി സിഗ്മണ്ട് ഫ്രോയ്ഡ് ചൂണ്ടിക്കാണിക്കുന്ന മൂന്നുകൃതികളുടെയും (ഈഡിപ്പസ് റെക്‌സ്, ഹാംലറ്റ്, കരമസോവ് സഹോദരന്മാർ) നിഴൽ അമൽനീരദിന്റെ 'ഇയ്യോബിന്റെ പുസ്തക'ത്തിലുണ്ടെങ്കിലും ആഖ്യാനത്തിലും ഘടനയിലും ദസ്തയവ്‌സ്‌കിയെയാണ് ആ ഈ ചിത്രം ആഴത്തിൽ പിന്തുടരുന്നത്. 'മണ്ണിൽ വീണഴിയുന്ന വിത്തുകളേ പുതുമുളകൾ ജനിപ്പിക്കൂ' എന്ന ബൈബിൾവാക്യം തന്റെ നോവലിന്റെ ആമുഖമായി ചേർക്കുന്ന ദസ്തയവ്‌സ്‌കിയെ മാതൃകയാക്കി 'ഇയ്യോബിന്റെ പുസ്തക'വും അഴിയുന്ന വിത്തുകളുടെ ഒരു കുടുംബേതിഹാസം രചിക്കുന്നു. ഇന്നോളം മനുഷ്യനെക്കുറിച്ചെഴുതപ്പെട്ടിട്ടുള്ള ഏറ്റവും മഹത്തായ സാഹിത്യകൃതികളിലൊന്നായ 'കരമസോവ് സഹോദരന്മാരെ' പലതലങ്ങളിൽ കടം കൊള്ളുമ്പോൾത്തന്നെ മൗലികമായ ഒരു ചരിത്ര, കാല, സ്ഥലഭൂമികയിലേയ്ക്ക് ആ കൃതി അനുകല്പനം ചെയ്തു നിർമ്മിക്കപ്പെട്ട ഈ സിനിമ ഒറ്റനോട്ടത്തിൽ പുരുഷകാമനകളുടെ കുതിരസവാരിയാണെന്നു തോന്നാമെങ്കിലും അങ്ങനെയല്ല കാര്യങ്ങളുടെ കിടപ്പ്. 'Who does not desire his father's death?' എന്ന ചോദ്യം കരമസോവിലെ പോലെ ഇയ്യോബിലും ആദ്യന്തം മുഴങ്ങുന്നുണ്ട്.

കരമസോവിലേതുപോലെത്തന്നെ ഇയ്യോബിന്റെ കുടുംബത്തിലും എന്തുംസംഭവിക്കാം-'Everything is pemitted' എന്നതാണിവിടെയും പ്രമാണം. പക്ഷെ, പത്തിവിടർത്തിയ പാമ്പുകളെപോലെ പുരുഷന്മാർ നിറഞ്ഞാടുമ്പോഴും അവരുടെ ജീവിതങ്ങളെയും ചരിത്രത്തെത്തന്നെയും വിരൽത്തുമ്പിൽ നിർത്തുന്ന ഒരുപറ്റം സ്ത്രീകളുടെ വിധിയെഴുത്തും കാലക്കാഴ്ചയുമാണ് ഈ സിനിമ. അന്നാമ്മ, റാഹേൽ, കഴലി, മാർത്ത, ചീരു, റോസമ്മ പുന്നൂസ്... ചരിത്രത്തിലും ഭാവനയിലും നിന്ന് 'ഇയ്യോബിന്റെ പുസ്തകം' വീണ്ടെടുക്കുന്ന സ്ത്രീകളുടെ കണ്ണിലൂടെയാണ് ഈ ചിത്രത്തിന്റെ ആഖ്യാനം നിർവ്വഹിക്കപ്പെടുന്നത്. അനീതി വ്യവസ്ഥയാകുമ്പോൾ പ്രതിരോധം ധർമമായേറ്റെടുക്കുന്നു, ഇവർ. ജനപ്രിയ സിനിമയുടെ മലയാള ചരിത്രത്തിൽ ഇത്രമേൽ കർതൃശേഷിയും സ്വാതന്ത്യബോധവുമുള്ള സ്ത്രീകൾ അത്രമേൽ സാധാരണമല്ല.

'ഇയ്യോബിന്റെ പുസ്തകം' മനോബലവും ആത്മധൈര്യവുമുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമല്ല സിനിമയുടെ കാഴ്ചകൾ അവരിലൂടെ രൂപപ്പെടുത്തുകയും ചെയ്യുന്നു. 'ഭയം അവരുടെ ശിരോവസ്ത്രമല്ല'. നിർഭയത്വത്തിന്റെയും പ്രതിരോധത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും ജീവിതാസക്തിയുടെയും കൂർമ്മബുദ്ധിയുടെയും പെൺജീവിതങ്ങളായി അന്നാമ്മയും റാഹേലും കഴലിയും മാർത്തയും ചീരുവും മാറിത്തീരുന്നു. ആണിന്റെ അനീതിയുടെയും ദുരയുടെയും ഹിംസയുടെയും അധികാരപ്രമത്തതയ്‌ക്കെതിരെ ഈ സ്ത്രീകൾ സങ്കീർണ്ണമായ എതിർലോകങ്ങൾ നെയ്‌തെടുക്കുന്നു. ചിത്രത്തിലുടനീളം സ്ത്രീയുടെയും പുരുഷന്റെയും ലോകങ്ങൾ വ്യത്യസ്തമായാണ് അവതരിപ്പിക്കപ്പെടുന്നത്. സിനിമയുടെ കാഴ്ചയെത്തന്നെ നിർണ്ണയിക്കുകയും സംഭവഗതികളെയാകമാനം നിയന്ത്രിക്കുകയും ചെയ്യുന്ന ആത്മബലമുള്ള സ്ത്രീ കഥാപാത്രങ്ങൾ മലയാള സിനിമയിൽ അപൂർവ്വമാണ്. 'ഇയ്യോബിന്റെ പുസ്തകം' മനോബലവും ആത്മധൈര്യവുമുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുക മാത്രമല്ല സിനിമയുടെ കാഴ്ചകൾ അവരിലൂടെ രൂപപ്പെടുത്തുകയും ചെയ്യുന്നു. 'ഭയം അവരുടെ ശിരോവസ്ത്രമല്ല'. നിർഭയത്വത്തിന്റെയും പ്രതിരോധത്തിന്റെയും കരുണയുടെയും സഹനത്തിന്റെയും ജീവിതാസക്തിയുടെയും കൂർമ്മബുദ്ധിയുടെയും പെൺജീവിതങ്ങളായി അന്നാമ്മയും റാഹേലും കഴലിയും മാർത്തയും ചീരുവും മാറിത്തീരുന്നു. ആണിന്റെ അനീതിയുടെയും ദുരയുടെയും ഹിംസയുടെയും അധികാരപ്രമത്തതയ്‌ക്കെതിരെ ഈ സ്ത്രീകൾ സങ്കീർണ്ണമായ എതിർലോകങ്ങൾ നെയ്‌തെടുക്കുന്നു. ചിത്രത്തിലുടനീളം സ്ത്രീയുടെയും പുരുഷന്റെയും ലോകങ്ങൾ വ്യത്യസ്തമായാണ് അവതരിപ്പിക്കപ്പെടുന്നത്.

സഹിഷ്ണുതയുള്ള സ്ത്രീകളും അസഹിഷ്ണുക്കളായ പുരുഷന്മാരുമാണ് (അലോഷിയും ചെമ്പനുമാണ് ഇതിനപവാദം) ഇയ്യോബിന്റെ ലോകത്തുള്ളത്. എന്നാൽ സ്ത്രീകളങ്ങനെയല്ല. ഭൂതദയയുടെ ആൾരൂപമായിരുന്നു അന്നാമ്മ. ഹാരിസൺ സായ്‌വിന്റെ ഇടഞ്ഞോടിയ കുതിരയെ മെരുക്കിയെടുക്കുന്ന കഴലിയും കൂറ്റൻകാളയെ മേച്ച് കൂടോത്രത്തിന്റെയും ഒടിവിദ്യയുടെയും ശക്തികൊണ്ട് പുരുഷന്മാരെ ഭയപ്പെടുത്തി ദൂരെനിർത്തുന്ന മാർത്തയും ഇയ്യോബിന്റെ കുടുംബത്തിലും ദിമിത്രിയുടെ കിടപ്പറയിലും അനുഭവിക്കുന്ന നരകയാതനയിലും പൂച്ചയെ ഓമനിക്കുന്ന റാഹേലും മൃഗങ്ങളെ വിനോദത്തിനായി സ്‌നേഹിക്കുന്നവർ മാത്രമല്ല. കഴലിയുടെയും റാഹേലിന്റെയും മാർത്തയുടെയും ഏകാന്തതയുടെയും മനോവേദനകളുടെയും പങ്കാളികൾ കൂടിയാണവർ. ചിത്രത്തിലെ ഏറ്റവും ജനപ്രീതി കിട്ടിയ ദൃശ്യങ്ങളിലൊന്ന് കാടിളക്കി വരുന്ന ഒറ്റയാനെ വെടിവച്ചു വീഴ്‌ത്തുന്ന ഇയ്യോബിന്റെ വേട്ടയാണല്ലോ.

സ്ത്രീകൾ മൃഗങ്ങളെ മെരുക്കിയും ഓമനിച്ചും കൂടെക്കൂട്ടുമ്പോൾ ആണുങ്ങൾ അവയെ തങ്ങളുടെ അധികാരപ്രയോഗത്തിനായുള്ള ഉരുക്കളിലൊന്നായി മാത്രമേ കരുതുന്നുള്ളു. പുരുഷന് നീതി(അനീതി) അതൊന്നേയുള്ളു- മനുഷ്യരോടാകട്ടെ, മൃഗത്തോടാകട്ടെ - വേട്ട. അതിലാണ് അവന്റെ ആനന്ദം. അലോഷിക്ക് തന്നെപ്പോലെ വേട്ടയിൽ കമ്പമില്ല എന്നറിയുന്ന ഇയ്യോബ് അവൻ അന്നാമ്മയുടെ താവഴിയാണെന്ന് തിരിച്ചറിയുന്നു. കരമസോവിലേതുപോലെ അലോഷിയും അമ്മയുടെ മകനാണ്. അപ്പൻ അവനേയും ആദ്യം അവിശ്വസിച്ചു. കായേന് ആബേലിനോടെന്നപോലെ ദിമിത്രിക്കും ഐവാനും അലോഷിയോട് പകനിറഞ്ഞു. പുരുഷനെങ്കിലും അലോഷി സ്വാംശീകരിച്ച ജീവിതബോധവും മൂല്യങ്ങളും അന്നാമ്മയുടേതാണ്. അന്നാമ്മ മകളെപ്പോലെ സ്‌നേഹിച്ച വേലക്കാരിപ്പെണ്ണിനെ അവൻ കൂടപ്പിറപ്പിനെപോലെ കണ്ടു. അന്നാമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരിയോട് (കഴലി) അവനും സൗഹൃദം പുലർത്തിവന്നു. സിനിമയുടെ ആന്തരയുക്തി സഹിഷ്ണുക്കളായ സ്ത്രീകളുടെ താവഴിയിലാണ് സഞ്ചരിക്കുന്നത്. ഹാരിസൺ സായ്‌വിന്റെ പുതിയ മദാമ്മയെ ആണുങ്ങൾക്കാർക്കും ഇഷ്ടപ്പെട്ടില്ല. അവർ മനസിൽ അതിന്റെ നീരസം കാത്തുവച്ചു. പക്ഷെ പെണ്ണുങ്ങൾക്കിടയിൽ ഇത്തരം നീരസമൊന്നും ഉടലെടുത്തില്ല. അവർ ആർദ്രമായ സൗഹൃദത്തിനു തുടക്കം കുറിക്കുകയും മക്കളിലൂടെ അത് ഊഷ്മളമാക്കുകയും ചെയ്തു.

ഈ സിനിമയിലെ സ്ത്രീകഥാപാത്രങ്ങളൊന്നും തന്നെ പരമ്പരാഗത സ്ത്രീസങ്കല്പങ്ങൾക്കുള്ളിൽ നിന്ന് ദുഃഖിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നവരല്ല. റാഹേൽ, കഴലി, മാർത്ത, ചീരു, റോസമ്മ പുന്നൂസ് ഇവരൊക്കയും അധികാരത്തിനും പുരുഷനും ദുരന്തങ്ങൾക്കും മുന്നിൽ തലകുനിക്കാത്തവരാണ്. വ്യസനിച്ചും പ്രാർത്ഥിച്ചും വ്യവസ്ഥാപിത സ്ത്രീസങ്കല്പങ്ങൾക്കുള്ളിൽ തുടരുന്ന അന്നാമ്മയാകട്ടെ സിനിമയുടെ തുടക്കത്തിൽത്തന്നെ മരിക്കുകയാണ്. ആൺതുണയില്ലാത്ത കഴലിയും മാർത്തയും ജീവിതത്തെ ധീരമായി നോക്കിക്കാണുന്നവരും ആണിനെ ഭയപ്പെടുത്താൻ പോന്നവരുമാണ്. ഇയ്യോബ് ജീവിതത്തിലുടനീളം കഴലിയുടെ ശാപത്തെ ഉൾക്കിടിലത്തോടെ ഓർക്കുന്നുണ്ട്. തന്റെ കുടുംബത്തിന്റെ ദുരന്തങ്ങളുടെയെല്ലാം കാടിളകുമ്പോൾ ഇയ്യോബിന്റെ മനസിൽ കഴലിയുടെ ശാപവചസുകൾ പൊന്തിവരുന്നു.

ഷണ്ഡനായ ദിമിത്രിക്കുവേണ്ടി ഇയ്യോബ് കരുതികൊടുക്കുന്ന റാഹേലാകട്ടെ ആത്മാവും ശരീരവും ആയുധങ്ങളാക്കി ഇയ്യോബിന്റെ കുടുംബത്തെ തകർത്തുകൊണ്ടേയിരുന്നു. റാഹേലിനെ ഇയ്യോബും അയാളുടെ തുടർച്ചയായ ഐവാനും ഭയക്കുന്നുണ്ട്. പണിക്കാരികളുടെ മാനം കവരുന്ന ഇയ്യോബിന്റെ മക്കളുടെ അനീതിയ്‌ക്കെതിരെയുള്ള പ്രഹരവും അവർക്കുമുന്നിൽ പതറാത്ത കീഴാളസ്ത്രീകളുടെ എതിർസ്വരവുമാണ് ചീരു. കേരള രാഷ്ട്രീയത്തിലെ സജീവസാന്നിദ്ധ്യമായി റോസമ്മ പുന്നൂസ് സിനിമയിലും നിന്ന് ചരിത്രത്തിലൂടെ മുന്നോട്ട് പോകുകയും ചെയ്യുന്നു.
ഇയ്യോബല്ല അലോഷിയെ വളർത്തിയത്. അന്നാമ്മയുടെ ഉപ്പാണവൻ. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കുകയും നവോത്ഥാനം മുന്നോട്ടുവച്ച വിവിധ ആശയങ്ങൾ സ്വാംശീകരിക്കുകയും പി.ജെ ആന്റണിയെപ്പോലുള്ള മനുഷ്യരുമായി സൗഹൃദം പുലർത്തുകയും ചെയ്യുന്ന അയാൾ ഇയ്യോബിന്റെ നിയമപുസ്തകങ്ങൾ അനുസരിക്കുന്നവനല്ല. സിനിമയുടെ നിർണ്ണായകസന്ദർഭങ്ങളായ അലോഷിയുടെ ഒളിച്ചോട്ടവും തിരിച്ചുവരവും സ്തീകളെ പ്രതിയാണ്. അമ്മച്ചി മകളെപ്പോലെ സ്‌നേഹിച്ച പെണ്ണിനെ ചേട്ടന്മാർ കൊന്നുകെട്ടിത്തൂക്കുന്നതുകണ്ട് മനംനൊന്താണ് അലോഷി വീട്‌വിട്ട് പോകുന്നതെങ്കിൽ അവന്റെ മടങ്ങിവരവിന്റെ ഉദ്ദേശ്യം മാർത്തയെ കണ്ടെത്തുക എന്നതാണ്.

അന്നാമ്മയുടെ സ്‌നേഹവും സഹാനുഭൂതിയും കണ്ടുവളർന്ന അയാൾ കാടിന്റെ നീതി അന്നാമ്മയുടേതാണെന്നും ഇയ്യോബിന്റേതല്ലെന്നും തിരിച്ചറിയുന്നുണ്ട്. സ്ത്രീകളോടും മൃഗങ്ങളോടും ശത്രുക്കളോടും കീഴാളരോടും മാനുഷികമായി പെരുമാറുന്ന അലോഷി ബ്രിട്ടീഷ് റോയൽ നേവിയിൽ ആഭ്യന്തരകലാപം നടത്തുന്ന കമ്മ്യൂണിസ്റ്റ് മാത്രമല്ല, കേരളീയനവോത്ഥാനം വിഭാവനം ചെയ്ത 'മനുഷ്യനു'മാണ്. അപ്പന്റെ സാമ്രാജ്യത്തിലാകട്ടെ, ബ്രിട്ടീഷ് സൈന്യത്തിലാകട്ടെ അലോഷി വേട്ടക്കാരുടെ കൂടെയല്ല, ഇരകളുടെ കൂടെയാണ്.

ഇയ്യോബിന്റെ ചോരത്തുടർച്ചയാണ് ഐവാൻ. പിതാപുത്രബന്ധത്തിന്റെ തിന്മനിറഞ്ഞ ഏടുകളിൽ 'കരമസോവ് സഹോദരന്മാരെ' നിരന്തരം ഓർമ്മിപ്പിക്കുന്ന 'ഇയ്യോബിന്റെ പുസ്തകം' ഇയ്യോബ് - ഐവാൻ ബന്ധത്തിലൂടെ നിലനിർത്തുന്ന പാപമുദ്ര ശ്രദ്ധേയമാണ്. ഇയ്യോബിന്റെ ചോരത്തുടർച്ചയാണ് ഐവാൻ. പിതാപുത്രബന്ധത്തിന്റെ തിന്മനിറഞ്ഞ ഏടുകളിൽ 'കരമസോവ് സഹോദരന്മാരെ' നിരന്തരം ഓർമ്മിപ്പിക്കുന്ന 'ഇയ്യോബിന്റെ പുസ്തകം' ഇയ്യോബ് - ഐവാൻ ബന്ധത്തിലൂടെ നിലനിർത്തുന്ന പാപമുദ്ര ശ്രദ്ധേയമാണ്. ഐവാൻ പിതാവിനെ ഭയക്കുന്നുണ്ട്. തന്റെ സ്വാതന്ത്ര്യം ഇയ്യോബിൽ അവസാനിക്കുന്നു എന്ന് അയാൾക്കറിയാം. ആ ബോധ്യം ഭയത്തിന്റെ ഉറവിടത്തെ എന്നത്തേയ്ക്കുമായി ഇല്ലാതാക്കാൻ അയാളെ പ്രേരിപ്പിക്കുന്നു. റാവുത്തരോട് ഐവാനുതോന്നുന്ന ആഭിമുഖ്യം അയാൾ സ്വന്തം പിതാവിനെ കൊന്നിട്ടുണ്ട് എന്നതുകൊണ്ട് കൂടിയാണ്. പിതൃഹത്യയ്ക്ക് അടങ്ങാത്ത വാഞ്ഛയുള്ള ഐവാൻ കരമസോവിൽ പറയുന്നതുപോലെ 'ആരാണ് സ്വന്തം പിതാവിനെ കൊല്ലാനാഗ്രഹിക്കാത്തത്?' എന്നു ചിന്തിക്കുന്ന അധികാരമോഹിയാണ്. ഐവാന്റെ സാമ്പത്തിക താല്പര്യങ്ങളെയും (റാവുത്തർ, കഞ്ചാവ് കൃഷിക്കെത്തുന്ന രാഷ്ട്രീയക്കാരൻ) ലൈംഗികതയെയും (ദിമിത്രിക്കുവേണ്ടി റാഹേലിനെ കരുതിവയ്ക്കുന്ന ഇയ്യോബ് ഐവാനെ പെണ്ണുകെട്ടിക്കണമെന്നാഗ്രഹിക്കുന്നില്ല) മാനിക്കാത്ത പിതാവിന്റെ മരണം അയാൾ ആഗ്രഹിക്കുന്നുണ്ട്. അധികാരപ്രമത്തതയിലും ഹിംസയിലും ഐവാൻ ഇയ്യോബിനെപ്പോലെത്തന്നെ ശക്തനാണ്.

അതൃപ്തകാമത്തിന്റെ ആൾരൂപമല്ല റാഹേൽ. ഈ സിനിമയെ തന്റെതന്നെ പുസ്തകമാക്കി മാറ്റുംവിധം കർതൃശേഷിയുണ്ട് അവൾക്ക്. റാഹേലിന്റെ കാഴ്ചയും ഭാഷ്യവുമാണ് ഇയ്യോബിന്റെ പുസ്തകം. ബൈനോക്കുലറിലമർന്ന കൈവിരലുകൾ മുതൽ ഇരട്ടക്കുഴൽ തോക്കിന്റെ കാഞ്ചിയലമർന്ന കാൽവിരൽവരെ, റാഹേലിന്റെ വിരൽതുമ്പിലാണ് ഈ സിനിമയുടെ ആഖ്യാനം. സഖാവ് പറയുന്നതുപോലെ, 'ഹാരിസൺ സായ്‌വ് ഇയ്യോബിന്റെ കുടുംബത്തിൽ നിക്ഷേപിച്ചുപോയ കുഴിബോംബാണ്' അവൾ. ഇയ്യോബ് അടിച്ചോടിക്കുന്ന സായ്‌വിന്റെ ആശ്രിതനാണ് റാഹേലിന്റെ അപ്പൻ. അവളും അമ്മയും ഇയ്യോബിനെത്തന്നെ അഭയം പ്രാപിക്കുമ്പോൾ ഷണ്ഡനായ ദിമിത്രിക്കു വേണ്ടി അവളെ കെണിയിൽപ്പെടുത്തുകയാണയാൾ. ഇയ്യോബിന്റെ കുടുംബത്തിന്റെ സഹജമായ ഹിംസാഭിമുഖ്യവും അനീതിയും അവൾക്ക് നരകം പണിതു. പുരം കത്തിയെരിക്കുന്ന കണ്ണകിയുടെ മധ്യവർഗസ്വരൂപമാണ് റാഹേൽ. കഴലിയുടെ ശാപത്തെ സാക്ഷാത്കരിക്കും വിധം പടനീക്കം നടത്തുന്നത് റാഹേലാണ്. തന്റെ ജീവിതാസക്തികളെയും കാമനകളെയും ദു:സഹമാക്കിയ ഇയ്യോബിന്റെ കുടുംബം വേരോടെ തകർക്കാൻ റാഹേൽ നടത്തുന്ന നിശബ്ദപോരാട്ടത്തിന്റെ കഥയാണ് ഈ സിനിമ. പ്രാഥമികവിദ്യഭ്യാസം ലഭിച്ച റാഹേൽ വായനയിലും ചിത്രങ്ങളിലും താല്പര്യമുള്ള മധ്യവർഗ, നാഗരികസ്ത്രീയാണ്.

സത്യജിത്‌റായ് ഇന്ത്യൻ സിനിമയിലവതരിപ്പിച്ച സ്ത്രീ മാതൃകകളുടെ എക്കാലത്തെയും മിഴിവാർന്ന ദൃശ്യമാണ് ചാരുലതയുടെ ബൈനോക്കുലർ നോട്ടങ്ങൾ. അകത്തു നിന്നും പുറത്തേക്കുള്ള സ്ത്രീയുടെ നോട്ടങ്ങളാണിവ. ആൻഫ്രാങ്കിന്റെ ജീവിതത്തിലുമുണ്ട് ഇത്തരം നോട്ടങ്ങൾ. അകംലോകങ്ങളുടെ മരവിപ്പും വിരസതയും മാത്രമാണ് ചാരുലതയെ പുറത്തേക്കുനോക്കാൻ പ്രേരിപ്പിച്ചതെങ്കിൽ ആൻഫ്രാൻങ്ക് തങ്ങൾക്കുനേരെ ഏതുനിമിഷവും വന്നെത്താവുന്ന നാസി ആക്രമണങ്ങളെക്കുറിച്ചറിയാൻകൂടിയാണ് പുറത്തേക്കു നോക്കിയത്. ഇയ്യോബിന്റെ ഭയന്നുള്ള ഒളിച്ചോട്ടം റാഹേൽ ബൈനോക്കുലറിലൂടെ കാണുന്നുണ്ട്. എന്നാൽ ഈ കാഴ്ച അവൾ ഐവാൻ അടുത്തുണ്ടായിരുന്നിട്ടും അയാളോട് പങ്കുവയ്ക്കാൻ തയ്യാറാകുന്നില്ല. അവൾക്കറിയാം താൻ ഏകാകിയായ പോരാളിയാണെന്നും ഇത് തന്റെ ഏറ്റവും വലിയ വിജയമാണെന്നും. ഇയ്യോബിന്റെ പുത്രന്മാർ മൂവരേയും പ്രാപിക്കാൻ റാഹേൽ ശ്രമിക്കുന്നുണ്ട്. അലോഷിമാത്രം അതിന് വഴങ്ങുന്നില്ല യഥാർത്ഥത്തിൽ റാഹേലിന്റേത് പ്രണയമോ കാമമോ അല്ല; പെരുകിവരുന്ന പകയാണ്. കരമസോവിൽ ഇവാനും ദിമിത്രിയും ഒരുപോലെ പ്രണയിക്കുന്ന കാതറീനയെപ്പോലെയല്ല റഹേൽ. അപ്പൻ കരമസോവും ദിമിത്രിയും ഒരുപോലെ കാമിക്കുന്നതിലൂടെ പിതൃഹത്യയുടെ ആണിക്കല്ലായി മാറുന്ന ഗ്രുഷങ്കയെപ്പോലൊരു കഥാപാത്രം ഇയ്യോബിലില്ല. പക്ഷെ മറ്റൊരർത്ഥത്തിൽ കാതറീനയുടെയും ഗ്രുഷങ്കയുടെയും ധർമ്മം റാഹേൽ ഒറ്റയ്ക്കു നിറവേറ്റുന്നു. റാഹേലിന്റെ ഏറ്റവും മൂർച്ചയേറിയ ആയുധം അവളുടെ ലൈംഗികതയാണ്. അവളുടെ സംഭോഗങ്ങളൊന്നും തന്നെ കാമപൂരണത്തിനുവേണ്ടി മാത്രമാകുന്നില്ല. പുരുഷനെതിരെയുള്ള വിജയത്തിന്റെ സ്വേച്ഛാപരമായ ആഘോഷങ്ങളാണവ. ദിമിത്രിയെ കൊന്നശേഷവും ഇയ്യോബിന്റെ ഒളിച്ചോട്ടത്തിനുശേഷവും അവൾ ഐവാനെ പ്രാപിക്കുന്നുണ്ട്. ഈ രണ്ടിടത്തും റാഹേലിന്റെ ഗൂഢമായ ആനന്ദം ഐവാന് അപ്രാപ്യമാണ്. പുരുഷന് തിരിയാത്ത രതിയുടെ സുവിശേഷമാണ് അവളുടെ പ്രാപിക്കലുകളൊക്കെത്തന്നെ. ലൈംഗികശേഷിയില്ലാത്ത ദിമിത്രിയുടെ അനീതി അവസാനിക്കുന്നതും ഈ അനീതിക്കായി തനിക്ക് അഭയം (?) തന്ന ഇയ്യോബിന്റെ കടന്നുകളയലുമാണ് റാഹേലിന്റെ ഏറ്റവും വലിയ വിജയങ്ങൾ.


ഇയ്യോബിന്റെ ഓരോ ആത്മസംഘർഷത്തിലും റാഹേൽ ആനന്ദം കണ്ടെത്തുന്നു. കഴലിയുടെ വരവുമായി ബന്ധപ്പെട്ട് നടന്ന ഐവാന്റെയും അലോഷിയുടെയും അടിപിടിയിലും തുടർന്നുള്ള അലോഷിയുടെ ഇറങ്ങിപ്പോക്കിലുമാണ് ഇയ്യോബിന്റെ സംഘർഷങ്ങൾ തുടങ്ങുന്നത്. അലോഷിയൊഴികെ, റാവുത്തരടക്കമുള്ള പുരുഷന്മാരുടെയെല്ലാം ദൗർബല്യങ്ങൾ അവൾക്കറിയാം. ദിമിത്രിയുടെ മരണശേഷം ഭക്ഷണം കഴിക്കുന്ന ഇയ്യോബിന്റെ വിഷഭയത്തിൽനിന്ന് അയാളെത്ര ദുർബലനാണെന്ന് അവൾ തിരിച്ചറിയുന്നു. സിനിമയിലെ പ്രധാന സന്ദർഭങ്ങളാണ് ദിമിത്രിയുടെ മരണവും ഇയ്യോബിന്റെ പതനപവും. ഇവരണ്ടും റാഹേലിന്റെ കരുനീക്കത്തിന്റെ വിജയങ്ങളാണ്.

വളരെക്കുറച്ചു വാക്കുകൾ മാത്രമേ സിനിമയിൽ റാഹേൽ സംസാരിക്കുന്നുള്ളു. അവയെല്ലാംതന്നെ സിനിമയെ നിയന്ത്രിക്കുന്ന ശബ്ദങ്ങളുമാണ്. 'എന്തിനാ വെറുതേ സമയം മെനക്കെടുത്തുന്നേ?' എന്ന ദിമിത്രിയോടുള്ള ചോദ്യവും 'നീ ആരെയാ കൊന്നിട്ടുളേള?' എന്ന ഐവാനോടുള്ള ചോദ്യവും അവരുടെ പൗരുഷത്തെ മാത്രമല്ല, അന്നേവരെയുള്ള ജീവിതങ്ങളെത്തന്നെയും ഒന്നോടെ നിരസിക്കുന്നതും പരിഹസിക്കുന്നതുമാണ്. ഇയ്യോബിന്റെ ആധിപത്യം ആ വീട്ടിൽ അവസാനിച്ചുവെന്ന് നാമറിയുന്നതും റാഹേലിന്റെ വാക്കുകളിലൂടെയാണ്. ഇയ്യോബിന് കിടപ്പുമുറിയിൽത്തന്നെ ഭക്ഷണം വിളമ്പുന്ന വേലക്കാരി പറയുന്നു: 'കൊച്ചമ്മ പറഞ്ഞു ഇനി ഇവിടെത്തന്നാൽ മതിയെന്ന്'. ഐവാൻ അവസാനിക്കണമെന്നും റാവുത്തർ തുടരണമെന്നുമുള്ള തന്റെ നിശ്ചയം റാഹേൽ റാവുത്തരോട് പങ്കുവയ്ക്കുന്നുണ്ട്. അതാണ് ഐവാന്റെ കൊലയ്ക്കു റാവുത്തരെ പ്രേരിപ്പിച്ചത്. സിനിമയെ അടിമുടി നിർണ്ണയിക്കുന്നമട്ടിൽ വിധ്യാത്മകമായി രൂപപ്പെടുന്നവയാണ് റാഹേലിന്റെ നീക്കങ്ങൾ ഒന്നടങ്കം. കൊല്ലാനാഗ്രഹിച്ചവരെയൊന്നും കൊല്ലാനാവാത്ത ദിമിത്രിയോടും ഐവാനോടും റാഹേലിന് പുച്ഛമാണുള്ളത്.

പടുമരണത്തെ നിറജീവിതത്തിനു പകരം ചോദിച്ചുവാങ്ങുന്ന ഒരൊറ്റ നോട്ടത്തിലാണ് ചീരു ഐവാന്റെ പൗരുഷവും പകയും കാമവും വെറിയും തളർത്തിക്കളയുന്നത്. ദിമിത്രിയെ ഷണ്ഡനാക്കിയും കൂറ്റൻ കാളയെ ഇണക്കിയും പുരുഷജന്മങ്ങളെ മാത്രമല്ല ഒരു ദേശത്തെത്തന്നെ മെരുക്കി നിർത്തുന്നു മാർത്ത. രണ്ട് തലമുറകളെയും ഇയ്യോബിന്റെ വംശവൃക്ഷത്തെത്തന്നെയും ശപിച്ചുതുലയ്ക്കുന്നു കഴലി. റാഹേൽ ഇവരിൽനിന്നെല്ലാം മുന്നോട്ടുപോയി, ഈ സിനിമയുടെ ആഖ്യാതാവുതന്നെയായി മാറുന്നു. തനിക്കനുകൂലമല്ല സാഹചര്യങ്ങൾ എന്നറിയുമ്പോൾ ഇയ്യോബ് കാടുകയറുകയാണ്; ഭയന്നോടുകയാണ്. എന്നാൽ പ്രതികൂല പരിതസ്ഥിതിയിൽനിന്നും ഭയന്നോടാനല്ല റാഹേൽ ഉദ്യമിക്കുന്നത്. അങ്ങനെയൊരു ആലോചന റാഹേലിനില്ല.


ഗാർഹികമായ അസ്വാതന്ത്ര്യവും അനീതിയും ഹിംസയും പീഡനവും ഏതൊരു സ്ത്രീയെയും കൊണ്ടെത്തിക്കുന്ന അവസ്ഥയുടെ പേരാണ് റാഹേൽ. ഒരു 'പിരിയഡ്ഫിലിം' എന്ന നിലയിൽ ഭാവന ചെയ്യപ്പെടുമ്പോഴും കൊളോണിയൽ ആധിപത്യങ്ങൾക്കെതിരെ പലനിലകളിൽ നടക്കുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് 'ഇയ്യോബിന്റെ പുസ്തക'ത്തിലേത്. ആണാകട്ടെ, പെണ്ണാകട്ടെ, പ്രസ്ഥാനങ്ങളാകട്ടെ, പ്രത്യയശാസ്ത്രങ്ങളാകട്ടെ ഈ പ്രതിരോധങ്ങളുടെ വക്താക്കൾ സിനിമയിലുടനീളം തികച്ചും നിർഭയരാണ്. 'അനീതിയുടെ വറുതിക്കാലത്ത് പ്രതിരോധിക്കുന്നവർക്ക് മാത്രമാണ് നിലനിൽക്കാനാവുക' എന്ന് ഈ ചിത്രം പറയുന്നുണ്ട്. ഈ പ്രതിരോധത്തിന്റെ പാതയിൽ ഇയ്യോബിന്റെ (പുരുഷന്റെ) പഴയനിയമത്തിനെതിരെ റാഹേലിന്റെ (സ്ത്രീയുടെ) പുതിയ നിയമത്തിന്റെ പുസ്തകമാണ് ഈ ചിത്രം പ്രേക്ഷകർക്കു മുന്നിൽ തുറന്നുവയ്ക്കുന്നത്.റാഹേലിന്റെ ശരീരം മനസിന്റെ പ്രതികാരചിന്തയിൽ പങ്കെടുക്കാത്ത ഒന്നല്ല. ശരീരത്തെ അപരസ്ഥാനമായല്ലാതെ വിനിയോഗിക്കുന്നതിലാണ് റാഹേൽ സാമർത്ഥ്യം കാണിക്കുന്നത്. സ്വാതന്ത്ര്യത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തികഞ്ഞബോധം അവൾക്കുണ്ട്. അവളുടെ വായനയിലും ലക്ഷ്യത്തിലും അത് പ്രകടമാണ്. ഗാർഹികമായ അസ്വാതന്ത്ര്യവും അനീതിയും ഹിംസയും പീഡനവും ഏതൊരു സ്ത്രീയെയും കൊണ്ടെത്തിക്കുന്ന അവസ്ഥയുടെ പേരാണ് റാഹേൽ. ഒരു 'പിരിയഡ്ഫിലിം' എന്ന നിലയിൽ ഭാവന ചെയ്യപ്പെടുമ്പോഴും കൊളോണിയൽ ആധിപത്യങ്ങൾക്കെതിരെ പലനിലകളിൽ നടക്കുന്ന പ്രതിരോധത്തിന്റെ രാഷ്ട്രീയമാണ് 'ഇയ്യോബിന്റെ പുസ്തക'ത്തിലേത്. ആണാകട്ടെ, പെണ്ണാകട്ടെ, പ്രസ്ഥാനങ്ങളാകട്ടെ, പ്രത്യയശാസ്ത്രങ്ങളാകട്ടെ ഈ പ്രതിരോധങ്ങളുടെ വക്താക്കൾ സിനിമയിലുടനീളം തികച്ചും നിർഭയരാണ്. 'അനീതിയുടെ വറുതിക്കാലത്ത് പ്രതിരോധിക്കുന്നവർക്ക് മാത്രമാണ് നിലനിൽക്കാനാവുക' എന്ന് ഈ ചിത്രം പറയുന്നുണ്ട്.

ഈ പ്രതിരോധത്തിന്റെ പാതയിൽ ഇയ്യോബിന്റെ (പുരുഷന്റെ) പഴയനിയമത്തിനെതിരെ റാഹേലിന്റെ (സ്ത്രീയുടെ) പുതിയ നിയമത്തിന്റെ പുസ്തകമാണ് ഈ ചിത്രം പ്രേക്ഷകർക്കു മുന്നിൽ തുറന്നുവയ്ക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിലെന്നപോലെ എളുപ്പമല്ല റാഹേലിന്റെ പുസ്തകത്തിലെ എഴുത്ത്. തനിക്കുമാത്രം വായിക്കാവുന്ന പെൺപ്രതിരോധത്തിന്റെ പുതിയ ഭാഷ്യമാണ് അത് രചിക്കുന്നത്. ഇയ്യോബിന്റെ കുടുംബത്തിലെയും കാലത്തെയും പുരുഷന്മാരെപ്പോലെ റാഹേൽ ധനമോഹിയോ മരണഭീരുവോ അല്ല. തന്റെ ലക്ഷ്യങ്ങളെല്ലാം നിറവേറ്റിയശേഷമാണ് അവൾ സ്വയം മരണത്തെ പ്രാപിക്കുന്നത്. ആ രംഗമാകട്ടെ, ദിമിത്രിയെ കൊന്നശേഷവും ഇയ്യോബിറങ്ങിപ്പോകുമ്പോഴും ഐവാനെ പ്രാപിക്കുന്ന റാഹേലിനെ അനുസ്മരിപ്പിക്കും വിധം മറ്റൊരു രതിമുഹൂർത്തം തന്നെയാണുതാനും. തോക്കിന്റെ കാഞ്ചിയിൽ കാലമർത്തി തോക്കിന്റെ കുഴലിനെ പുണരുന്ന റാഹേലിന്റെ മുഖം മാത്രമല്ല ആ രംഗത്തെ പശ്ചാത്തലസംഗീതംപോലും പ്രണയഭരിതവും കാമപൂരിതവുമാണ്.

ഇയ്യോബും ദിമിത്രിയും ഐവാനും കൊളോണിയൽ പുരുഷാധികാരത്തിന്റെ വ്യവസ്ഥയാണ്. റാഹേലും ചീരുവും കഴലിയും മാർത്തയും റോസമ്മ പുന്നൂസുമുൾപ്പെടുന്ന സ്ത്രീകളാകട്ടെ അതിനെ അടിത്തട്ടിൽത്തന്നെ പിടിച്ചുലയ്ക്കുന്ന സ്വത്വബോധമാർജിച്ച സ്ത്രീയുടെ പ്രതിരോധവും. പുരുഷന്മാരെ അവതരിപ്പിക്കുമ്പോൾ ചലച്ചിത്രത്തിന്റെ ഭാഷ ഹിംസയും നായാട്ടും തോക്കും തീറ്റയും ആസക്തിയും വേഗവും ഉടനീളം സന്നിവേശിപ്പിക്കുന്നു. സ്ത്രീകളെ അവതരിപ്പിക്കുമ്പോഴാകട്ടെ; വിലോഭനീയവും ലസിതവുമായ ശരീരതാളങ്ങളിലേക്ക് ദൃശ്യങ്ങളുടെ ചുവടുമാറുന്നു. തിരക്കഥാകൃത്ത് ഗോപൻചിദംബരം ഒരു സ്വകാര്യസംഭാഷണത്തിൽ പറഞ്ഞതുപോലെ, അന്നാമ്മയിലൂടെ നടക്കാതെപോയ കേരളീയ നവോത്ഥാനത്തിന്റെ എതിർസ്വരമായിപ്പോലും റാഹേലിനെ വായിച്ചെടുക്കാൻ കഴിയും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP