Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നമ്മുടെ ഗ്രന്ഥശാലകൾ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്റർ ആക്കി മാറ്റാം; പഠനം ഉൾപ്പടെയുള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അവക്ക് വേണ്ട പരിശീലനം, കാമ്പൈൻഡ് സ്റ്റഡിക്കുള്ള സംവിധാനം ഇവ ഒക്കെ ഒരുക്കിയാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വന്നിരുന്നു പരസ്പരം സംസാരിക്കാനും പറ്റിയ കോഫി ഷോപ്പുകൾ ആക്കി ബ്രാൻഡ് ചെയ്താൽ പുതിയതലമുറയെ വീണ്ടും ഇവിടെ എത്തിക്കാം; കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു

നമ്മുടെ ഗ്രന്ഥശാലകൾ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്റർ ആക്കി മാറ്റാം; പഠനം ഉൾപ്പടെയുള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അവക്ക് വേണ്ട പരിശീലനം, കാമ്പൈൻഡ് സ്റ്റഡിക്കുള്ള സംവിധാനം ഇവ ഒക്കെ ഒരുക്കിയാൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വന്നിരുന്നു പരസ്പരം സംസാരിക്കാനും പറ്റിയ കോഫി ഷോപ്പുകൾ ആക്കി ബ്രാൻഡ് ചെയ്താൽ പുതിയതലമുറയെ വീണ്ടും ഇവിടെ എത്തിക്കാം; കേരളത്തിലെ ലൈബ്രറി പ്രസ്ഥാനത്തിന്റെ ഭാവിയെ കുറിച്ച്  മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

യിരിത്തി തൊള്ളായിരത്തി എഴുപത്തി നാലിലോ എഴുപത്തി അഞ്ചിലോ ആയിരിക്കണം അമ്മാവൻ എന്നെ വെങ്ങോലയിൽ കർഷക ഗ്രന്ഥാലയത്തിൽ അംഗത്വം എടുക്കാൻ കൊണ്ടുപോയത്. വെങ്ങോലയുടെ അഭിമാനവും ലാൻഡ്മാർക്കും ആയ ശങ്കരപ്പിള്ളയുടെ ചായക്കടയുടെ അടുത്തുള്ള വാടകക്കെട്ടിടത്തിൽ ആണ് അന്ന് ഗ്രന്ഥശാല പ്രവർത്തിക്കുന്നത്. വൈകീട്ട് ഞാൻ അവിടെ ചെല്ലുമ്പോൾ എൻ എ ഗംഗാധരൻ എന്നൊരാളാണ് ലൈബ്രെറിയൻ ആയി അവിടെ ഉള്ളത്. എന്റെ പേര് ചോദിച്ചു, അംഗത്വം എടുത്തു. ആദ്യമായി ഒരു പുസ്തകവും എടുത്തു തന്നു. ഡിറ്റക്ടീവ് നോവൽ വേണം എന്നായിരുന്നു ആഗ്രഹം, പക്ഷെ കിട്ടിയത് അച്ചുതണ്ട് എന്നോ മറ്റോ പേരുള്ള ഒരു നോവൽ ആയിരുന്നു.

പിന്നെ ലൈബ്രറിയിൽ പോക്ക് പതിവായി. കൂടുതലും വെള്ളി, ശനി, ഞായർ തീയതികളിൽ ആണ്. അന്നൊക്കെ ലൈബ്രറിയിൽ നല്ല തിരക്കാണ്. പുസ്തകം എടുക്കാൻ കുറേപ്പേർ, കാരംസ് കളിക്കാൻ വേറെ ചിലർ, ചെസ്സ് കളിക്കുന്ന രണ്ടുപേർ, പേപ്പർ വായിക്കുന്നവർ ചിലർ. ഇതൊന്നും കൂടാതെ സംസാരിച്ചിരിക്കാൻ രാജനും തോമസും ഉൾപ്പടെ ഉള്ള യുവാക്കൾ. വിദ്യാഭ്യാസം ഓക്ക് നേടി തൊഴിൽ ഒന്നും ആകാതെ ഇരിക്കുകയാണ് അവർ അന്ന്. അവരുടെ സംസാരത്തിൽ നിന്നാണ് ഞാൻ രാഷ്ട്രീയവും പൊതുവിജ്ഞാനവും ഒക്കെ കൂടുതൽ പഠിച്ചത്.

കാലം മുമ്പോട്ട് പോയി, ഞാൻ വെങ്ങോല വിട്ടു, ഗംഗാധരനും രാജനും തോമസിനും ഒക്കെ സർക്കാർ ജോലികൾ കിട്ടി.

കഴിഞ്ഞ വർഷം ഞാൻ വീണ്ടും വെങ്ങോലയിൽ കർഷക ഗ്രന്ഥാലയത്തിൽ എത്തി. കാലം നാല്പത് വർഷം കഴിഞ്ഞു. ലൈബ്രറിക്കിപ്പോൾ സ്വന്തമായ സ്ഥലം ഉണ്ട്, കെട്ടിടം ഉണ്ട്, കൂടുതൽ സൗകര്യങ്ങൾ ഉണ്ട്, ടി വി ഉണ്ട്, പുസ്തകങ്ങൾ ഉണ്ട്, കമ്പൂട്ടർ ഉണ്ട്.

ഒരു കാര്യത്തിൽ മാത്രം മാറ്റമില്ല. ഗംഗാധരൻ ഇപ്പോഴും ലൈബ്രറിയുടെ ആത്മാവായി അവിടെ ഉണ്ട്. സർക്കാർ ജോലിയിൽ മൂന്നു പതിറ്റാണ്ടു കഴിഞ്ഞു റിട്ടയർ ചെയ്തതതിന് ശേഷം വീണ്ടും വെങ്ങോലയിൽ എത്തിയപ്പോൾ ഗ്രന്ഥാലയത്തിന്റെ കാര്യം നോക്കാൻ അദ്ദേഹം വീണ്ടും അവിടെ എത്തി.

മറ്റൊരു കാര്യത്തിൽ ഏറെ മാറ്റം ഉണ്ട്. വായനക്കാർ ആയി അവിടെ അധികം ആളൊന്നുമില്ല.

ഇത് വെങ്ങോലയുടെയോ കർഷക ഗ്രന്ഥാലയത്തിന്റെയോ മാത്രം കഥയല്ല. കേരളത്തിൽ ആയിരക്കണക്കിന് ഗ്രന്ഥശാലകൾ പൊതുവായിട്ടുണ്ട് (സ്‌കൂൾ, കോളേജ് ലൈബ്രറികൾ കൂടാതെ). അവക്കൊക്കെ ഭൗതികമായ കൂടുതൽ സൗകര്യങ്ങൾ കഴിഞ്ഞ നാല്പത് വർഷത്തിൽ ഉണ്ടായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഈ രംഗത്തും നാം നമ്പർ 1 ആണ്.

പക്ഷെ അപൂർവ്വം, ഒരു പക്ഷെ അഞ്ചു ശതമാനത്തിൽ താഴെ ലൈബ്രറികളിൽ ഒഴിച്ച് രണ്ടു കാര്യങ്ങൾ പൊതുവാണ്.

അൻപത് വയസ്സ് കഴിഞ്ഞ തലമുറയാണ് ഇപ്പോഴും ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്.

പുസ്തകങ്ങൾ കൂടിയിട്ടും വായിക്കാൻ ഒരിടത്തും ആളില്ല.

ഡെമോഗ്രാഫി ഈസ് ഡെസ്ടിനി എന്നാണ് ചൊല്ല്. ഒരു പ്രസ്ഥാനം നിലനിൽക്കുമോ എന്നറിയുന്നതിന് അതിലേക്ക് യുവാക്കൾ വരുന്നുണ്ടോ എന്ന് നോക്കിയാൽ മതി.

കേരളത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ കാര്യത്തിൽ ഇത് നൂറു ശതമാനം ശരിയാണ്. ഇവിടേക്ക് യുവാക്കൾ വരുന്നില്ല. ഗ്രന്ഥശാല പ്രസ്ഥാനം മരണ ശയ്യയിൽ ആണ്. സർക്കാർ നൽകുന്ന ഗ്രാന്റുകളും എം എൽ എ, എം പി ഫണ്ടുകളും നൽകുന്ന ഓക്‌സിജൻ ഉപയോഗിച്ച് പഴ തലമുറ ഒരു കർമ്മവും ധർമ്മവും പോലെ ഇതുകൊണ്ട് നടക്കുന്നു.

ചില കാര്യങ്ങൾ നാം ആത്മാർഥമായി ചിന്തിക്കണം.

1. നമ്മുടെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് ഒരു ഭാവിയുണ്ടോ ?
2. ഇല്ലെങ്കിൽ ഇതൊക്കെ നാം കൊണ്ട് നടക്കേണ്ട കാര്യമുണ്ടോ ?
3. ആയിരക്കണക്കിന് കെട്ടിടങ്ങളും കമ്മിറ്റികളും ഒക്കെയുള്ള ഈ പ്രസ്ഥാനത്തെ നമുക്ക് എങ്ങനെയാണ് സമൂഹത്തിന് വേണ്ടി ഉപയോഗിക്കാൻ പറ്റുന്നത് ?

എന്റെ ഉത്തരം ഞാൻ പറയാം.

1. വായനശാല, അല്ലെങ്കിൽ ഗ്രന്ഥ ശേഖരം, എന്ന നിലയിൽ ഇനി കേരളത്തിൽ മാത്രമല്ല ഗ്രന്ഥശാലകൾക്ക് ഭാവിയില്ല. കർഷക ഗ്രന്ഥാലയത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ഇത് തന്നെയാണ് സ്ഥിതി. പുതിയ തലമുറക്ക് വായനാശീലം ഇല്ല എന്നോ കുറയുന്നു എന്നതോ ഒന്നുമല്ല കാര്യം. ഒരു ദിവസം ശരാശരി പുതിയ തലമുറ നമ്മൾ പണ്ട് വായിച്ചിരുന്നതിന്റെ എത്രയോ ഇരട്ടി വായിക്കുന്നു. നമ്മൾ അറിഞ്ഞതിലും എത്രയോ കാര്യങ്ങൾ അവർ അറിയുന്നു. നമ്മുടെ ലൈബ്രറികൾക്ക് അവരുടെ വായനാശീലത്തെ തൃപ്തിപ്പെടുത്തുന്ന വസ്തുക്കൾ അവർക്കിഷ്ടപ്പെട്ട രൂപത്തിലും സാങ്കേതിക വിദ്യയിലും കൊടുക്കാൻ പറ്റുന്നില്ല എന്നതാണ് പ്രശ്‌നം. ഇത് നമ്മുടെ കുറവാണ്, പുതിയ തലമുറയുടേതല്ല.

2. ഇപ്പോഴത്തെ തരത്തിൽ നമ്മുടെ ഗ്രന്ഥശാലകൾ കൊണ്ടുനടക്കുന്നത് യാതൊരു സാമൂഹ്യ പ്രയോജനവും ഇല്ലാത്ത കാര്യമാണെന്നാണ് എന്റെ അഭിപ്രായം. കേരളത്തിലെ തൊണ്ണൂറു ശതമാനം ഗ്രന്ഥശാലകളും പൂട്ടിയാലും കേരളത്തിലെ വായനാലോകത്തിന് ഒന്നും സംഭവിക്കാൻ പോകുന്നില്ല.

3. അതേ സമയം നമ്മുടെ വായനശാലകളെ നമുക്ക് പുതിയലോകത്തിന് വേണ്ട സംവിധാനങ്ങൾ ആയി മാറ്റിയെടുക്കാം. ഉദാഹരണത്തിന് നമ്മുടെ ഓരോ ഗ്രാമത്തിലും പണ്ട് ഗ്രാമത്തിൽ നിന്നും പഠിച്ചു പുറത്തുപോയി ജോലി ചെയ്തു തിരിച്ചു വന്ന ആളുകൾ ഉണ്ട്. ഗ്രാമത്തിന് വേണ്ടിയും പുതിയ തലമുറക്ക് വേണ്ടിയും ഏറെ കാര്യങ്ങൾ ചെയ്യാനുള്ള അറിവ് അവരിൽ ഉണ്ട്. പക്ഷെ തൽക്കാലം അതൊക്കെ വീടുകൾക്കുള്ളിൽ സീരിയലുകളിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്രന്ഥശാലകളെ ക്‌ളബ്ബുകൾ ആക്കി മാറ്റി ഇവരെ മോചിപ്പിച്ചാൽ അവർക്കും സമൂഹത്തിനും ഗുണം ഉണ്ടാകും.

നമ്മുടെ ഗ്രന്ഥശാലകൾ കരിയർ കോച്ചിങ് ആൻഡ് മെന്ററിങ് സെന്റർ ആക്കി മാറ്റാം. പഠനം ഉൾപ്പടെ ഉള്ള അവസരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, അവക്ക് വേണ്ട പരിശീലനം, കാമ്പൈൻഡ് സ്റ്റഡിക്കുള്ള സംവിധാനം ഇവ ഒക്കെ ഒരുക്കിയാൽ, നമ്മുടെ കപട സദാചാരം ഒക്കെ മാറ്റി വച്ച് ചെറുപ്പക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വന്നിരുന്നു പരസ്പരം സംസാരിക്കാനും പറ്റിയ കോഫി ഷോപ്പുകൾ ആക്കി ബ്രാൻഡ് ചെയ്താൽ പുതിയ തലമുറയെ വീണ്ടും ഇവിടെ എത്തിക്കാം.

നമ്മുടെ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് മറുനാട്ടുകാരുണ്ട്. ഇവരെ നമ്മുടെ സമൂഹവും ആയി അടുപ്പിക്കാനുള്ള ഒന്നും നമ്മൾ ഇപ്പോൾ ചെയ്യുന്നില്ല. അവരെ നമ്മുടെ ഭാഷ പഠിപ്പിക്കാൻ, നമുക്ക് അവരുടെ ഭാഷ പഠിക്കാൻ, അവരുടെ കൾച്ചറൽ പ്രോഗ്രാമുകൾ നടത്താൻ, അവർക്കും നാട്ടുകാർക്കും പരസ്പരം സംസാരിക്കാൻ ഒക്കെ ഉള്ള വേദിയാക്കി ഒരു ലോക്കൽ കൾച്ചറൽ ഇന്റഗ്രേഷൻ സെന്റർ ആക്കി ഗ്രന്ഥശാലകൾ മാറ്റിയെടുക്കാം.

ചിന്തിച്ചാൽ ചെയ്യാവുന്ന മറ്റു പലതും ഉണ്ട്. ഇന്ന് എനിക്കിത്രയും ചിന്ത മതി, ബാക്കി നാട്ടിൽ ആയിരക്കണക്കിന് ഗ്രന്ഥശാല പ്രവർത്തകർ ഉണ്ടല്ലോ അവർ ചിന്തിക്കട്ടെ. വേണമെങ്കിൽ ഒന്നോ രണ്ടോ ഐഡിയ നിങ്ങൾക്കും പറയാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP