Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഒരു മനുഷ്യന്റെ കാൽവെപ്പും മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു വമ്പൻ കുതിച്ചുചാട്ടവും'; മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള ആദ്യ കാൽവയ്‌പ്പിന് അൻപത് ആണ്ട് തികയുമ്പോൾ: അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

'ഒരു മനുഷ്യന്റെ കാൽവെപ്പും മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു വമ്പൻ കുതിച്ചുചാട്ടവും'; മനുഷ്യന്റെ ചന്ദ്രനിലേക്കുള്ള ആദ്യ കാൽവയ്‌പ്പിന് അൻപത് ആണ്ട് തികയുമ്പോൾ: അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

അഡ്വ. സുനിൽ സുരേഷ്

ഹിരാകാശ രംഗത്ത് സോവിയറ്റ് യൂണിയൻ കൈവരിച്ച വിപ്ലവകരമായ നേട്ടങ്ങളിൽ ഇരിക്കപ്പൊറുതിയില്ലാതെയായ അമേരിക്കയുടെ വാശിയേറിയ മറുപടി കൂടിയാണ് അപ്പോളൊ 11 ദൗത്യം. കാരണം 1969 നു മുൻപ് തന്നെ റഷ്യയുടെ 'ലൂണ' പേടകങ്ങൾ വിവിധ ദൗത്യങ്ങളിലായി ചന്ദ്രന്റെ അടുത്തു കൂടി സഞ്ചരിക്കുകയും ചന്ദ്രനെ വലം വെയ്ക്കുകയും ചന്ദ്രനിൽ ഇടിച്ചിറങ്ങുകയും ചന്ദ്രനിൽ സോഫ്ട് ലാൻഡിങ് നടത്തുകയും ചെയ്തിരുന്നു. ബഹിരാകാശം കീഴടക്കിയ ആദ്യ വാഹനവും (സ്പുട്‌നിക് ) ആദ്യ പുരുഷനും (യൂറി ഗഗാറിൻ) ആദ്യ വനിതയും (വാലന്റീന തെരഷ്‌കോവ) എന്തിന് ആദ്യ മൃഗവും (ലെയ്ക്ക എന്ന നായക്കുട്ടി) റഷ്യയിൽ നിന്നു തന്നെ ആകുമ്പോൾ അമേരിക്കയ്ക്ക് ഹാലിളകുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ലല്ലോ.

അത്തരം ഒരു സാഹചര്യത്തിൽ 1969 ജൂലൈ 21ന് മനുഷ്യന്റെ ചന്ദ്രോപരിതലത്തിലുള്ള ആദ്യ ചുവടുവെപ്പ് യാഥാർത്ഥ്യമാവുകയായിരുന്നു.

പ്രഥമ ചാന്ദ്ര യാത്രയിൽ മൂന്ന് യാത്രികർ : നീൽ ആംസ്‌ട്രോങ്, ബസ് ഓൾഡ്രിൻ, മൈക്കിൾ കോളിൻസ്. ചരിത്രമാകാൻ പോകുന്ന ആ സുവർണ്ണ മുഹൂർത്തത്തിൽ ചന്ദ്രോപരിതലത്തിൽ നിന്നുകൊണ്ട് പ്രസ്ഥാവിക്കുവാൻ ആംസ്‌ട്രോങ്ങും ഓൾഡ്രിനും മുൻകൂട്ടി തയ്യാറാക്കിയ വാചകമാണ് ' ഒരു മനുഷ്യന്റെ കാൽവെപ്പും മനുഷ്യരാശിയെ സംബന്ധിച്ചിടത്തോളം ഒരു വമ്പൻ കുതിച്ചുചാട്ടവും.' എന്നത്. അപകടകരമായ ഒരു പരീക്ഷണമായിരുന്ന ചാന്ദ്രയാത്ര ഒരു പക്ഷെ ദുരന്തത്തിൽ കലാശിച്ചിരുന്നു എങ്കിൽ പിന്നീട് നൽകുവാനുള്ള അനുശോചനസന്ദേശം വരെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് നിക്‌സൺ തയ്യാറാക്കിയിരുന്നു.

പ്രധാനമായും മൂന്ന് ഭാഗങ്ങൾ ചേരുന്നതാണ് ചാന്ദ്രദൗത്യവാഹനം. സാറ്റേൺ റോക്കറ്റ്, അതിനു മുകളിലായി ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനുള്ള ലൂണാർ മോഡ്യൂൾ ആയ ഈഗിൾ, അതിനും മുകളിൽ യാത്രികർ ഇരിക്കുന്ന മാതൃപേടകമായ സർവ്വീസ് മോഡൂൾ ആയ കൊളംബിയ. ഏകദേശം 7 മീറ്റർ ഉയരമുള്ള സർവ്വീസ് മോഡ്യൂളിൽ യാത്രികർക്ക് കഷ്ടിച്ച് നിൽക്കുകയോ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതിനുള്ള സൗകര്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. 36 നിലക്കെട്ടിടത്തിന്റെ ഉയരമുള്ള 365 അടി ഉയരവും 3000 ടൺ ഭാരവുമുള്ള അതിഭീമാകാരനായ സാറ്റേൺ റോക്കറ്റ് ആയിരുന്നു ചാന്ദ്രയാത്രയുടെ ആദ്യ മൂന്ന് ഘട്ടങ്ങൾക്ക് തിരി കൊളുത്തിയത്.

4.51 ബില്യൺ വർഷം പ്രായമുള്ള ഭൂമിയുടെ പ്രകൃതിദത്ത ഉപഗ്രഹം ആണ് ചന്ദ്രൻ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള സ്ഥാനം അനുസരിച്ച് ഇവ തമ്മിലുള്ള ദൂരം 3.63 ലക്ഷം കി.മീറ്റർ മുതൽ 4.05 ലക്ഷം കി.മീറ്റർ വരെ വ്യത്യാസപ്പെടാം.

ചാന്ദ്രയാത്ര ലളിതമായി ഇപ്രകാരം: മണിക്കൂറിൽ 9,900 കി.മീറ്റർ വേഗതയിൽ ഭൗമോപരിതലത്തിൽ നിന്നും 68 കി.മീറ്റർ പിന്നിടുന്ന ആദ്യ ഘട്ടം.
മണിക്കൂറിൽ 25,000 കി.മീറ്റർ വേഗതയിൽ 182 കി.മീറ്റർ പിന്നിടുന്ന രണ്ടാം ഘട്ടം. ഭൗമോപരിതലത്തിൽ നിന്നും 100 കി.മീറ്റർ ഉയരെയുള്ള സാങ്കൽപ്പിക രേഖയായ കാർമൻ ലൈൻ കടക്കുന്നതോടുകൂടി വാഹനം ബഹിരാകാശത്തിലേക്ക് പ്രവേശിക്കുകയായി. ഏകദേശം 9 മിനിട്ട് കൊണ്ട് ആദ്യ രണ്ടു ഘട്ടങ്ങൾ പൂർത്തിയാകും. മണിക്കൂറിൽ 28000 കി.മീ വേഗയിൽ 188 കി.മീ ഉയരെയുള്ള ഭ്രമണപഥത്തിലെത്തുന്ന മൂന്നാം ഘട്ടം. യാത്ര തുടങ്ങി ഏകദേശം 12 മിനിട്ട് കൊണ്ട് വാഹനം ഭ്രമണപഥത്തിൽ എത്തിയിരിക്കും. ഒന്നുരണ്ടു തവണ ഭൗമ ഭ്രമണം പൂർത്തിയാക്കിയ ശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ഭൗമഭ്രമണപഥത്തിനു വെളിയിലേക്ക് മൂന്നു ദിവസം നീളുന്ന യാത്ര ആരംഭിക്കുന്നു. മൂന്നാം ഘട്ടത്തിൽ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 40,000 കി.മീറ്ററിനോടടുത്തു വരെ എത്തും. നമ്മുടെ നാട്ടിലെ രാജധാനി എക്സ്‌പ്രസ്സിൽ മണിക്കൂറിൽ 120 കി.മീറ്റർ വേഗതയിൽ ചീറിപ്പായുമ്പോഴുള്ള സുഖം. അതൊന്നു വേറെ തന്നെയാണല്ലോ.

ചാന്ദ്രഭ്രമണപഥത്തിലെത്തിയശേഷം ചന്ദ്രോപരിതലത്തിൽ ഇറങ്ങേണ്ടവർ കമാൻഡ് മോഡ്യൂളിൽ നിന്നും ലൂണാർ മോഡ്യൂളിലേക്ക് പ്രവേശിക്കുന്നു. ലൂണാർ മോഡ്യൂൾ കമാൻഡ് മോഡ്യൂളിൽ നിന്നും വേർപെട്ട് (Undocking) ചന്ദ്രോപരിതലത്തിലേക്ക്. ദൗത്യം പൂർത്തിയാക്കി ലൂണാർ മോഡ്യൂൾ മുകളിൽ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന കമാൻഡ് മോഡ്യൂളിനെ ലക്ഷ്യമാക്കി കുതിക്കുന്നു; കമാൻഡ് മോഡ്യൂളുമായി കൂടിച്ചേരുന്നു. (Docking)
യാത്രികർ ലൂണാർ മോഡ്യൂളിൽ നിന്ന് കമാൻഡ് മോഡ്യൂളിലേക്ക് പ്രവേശിക്കുന്നു; ലൂണാർ മോഡ്യൂൾ മാതൃ പേടകത്തിൽ നിന്നും വേർപെടുത്തി ചന്ദ്രനിൽ ഉപേക്ഷിക്കുന്നു; ഭൂമിയിലേക്ക് മടക്കയാത്ര.

ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള 3,84,000 കി.മീറ്റർ ദൂരം ഏകദേശം 51 മണിക്കൂറുകൾ കൊണ്ട് പിന്നിട്ടാണ് ആംസ്‌ട്രോങ്ങും കൂട്ടരും ചാന്ദ്ര ഭ്രമണപഥത്തിലെത്തിയത്. (നിലവിൽ ഇരുപത് കോടി കിലോമീറ്റർ അകലെയുള്ള ചൊവ്വാ ഗ്രഹത്തിലെത്താൻ ഒരു വർഷം ദൈർഘ്യമുള്ള യാത്ര ചെയ്യേണ്ടതായുണ്ട്.)

ആംസ്‌ട്രോങ്ങും ഓൾഡ്രിനും 'ഈഗിൾ' എന്ന ലൂണാർ മോഡ്യൂളിൽ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയപ്പോൾ കൊളിൻസ് മാത്രം എകാന്തതയുടെ അപാരതീരങ്ങളും താണ്ടി 'കൊളംബിയ' എന്ന മാതൃപേടകത്തിൽ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുകയായിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ ആംസ്‌ട്രോങ്ങും ഓൾഡ്രിനും മാത്യപേടകത്തിൽ തിരികെയെത്തുന്നില്ലെങ്കിൽ ഭൂമിയിലേക്ക് മടങ്ങുക എന്നതായിരുന്നു കൊളിൻസിന് ലഭിച്ചിരുന്ന നിർദ്ദേശം.

'പ്രശാന്തസമുദ്രം' (സീ ഓഫ് ട്രാൻക്വിലിറ്റി) എന്ന പ്രതലത്തിലാണ് ഈഗിൾ ഇറങ്ങിയത്. ഭൂമിയിൽ നിന്നും നഗ്‌നനേത്രങ്ങളാൽ ദൃശ്യമാകുന്ന ചന്ദ്രന്റെ രണ്ടാം പകുതിയിലെ കറുത്ത മധ്യഭാഗം ആണ് സീ ഓഫ് ട്രാൻക്വിലിറ്റി. വാഹനത്തിന് സോഫ്ട് ലാൻഡിങ് സാദ്ധ്യമാക്കുന്ന കീഴ്ഭാഗത്തുള്ള ബ്രേക്കിങ് എൻജിനിൽ 5 മിനുട്ട് കൂടി പിടിച്ചു നിൽക്കാനുള്ള ഇന്ധനം മാത്രം ബാക്കി നിൽക്കെ ആയിരുന്നു ലാൻഡിങ്. ഈഗിൾ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്ത ശേഷം ഏകദേശം 7 മണിക്കൂർ സമയത്തെ തയ്യാറെടുപ്പുകൾക്കു ശേഷമാണ് ആംസ്‌ട്രോങ് ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത്. മുൻപ് തീരുമാനിച്ച പ്രകാരം ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനു മുൻപ് ഷെഡ്യൂൾ ചെയ്തിരുന്ന ഉറക്കം ആംസ്‌ട്രോങിന്റെ അഭ്യർത്ഥന പ്രകാരം ഒഴിവാക്കുകയായിരുന്നു. മാനത്തെ വെള്ളിക്കിണ്ണത്തെ തൊടുവാനുള്ള മനുഷ്യന്റെ ആഗ്രഹത്തിനു മുന്നിൽ ഒരുവേള സാക്ഷാൽ ആംസ്‌ട്രോങ്ങിനു പോലും പിടിച്ചുനിൽക്കാനായില്ല എന്നു ചുരുക്കം.

1967 ജൂലൈ 22 ന് ഇന്ത്യൻ സമയം വെളുപ്പിന് 1.48 ന് നക്ഷത്രക്കുഞ്ഞുങ്ങളെയും അങ്ങ് ദൂരെ ജീവന്റെ തുടിപ്പുകളും പേറി നിലകൊള്ളുന്ന ഭൂമിയെയും സാക്ഷി നിർത്തി നീൽ ആംസ്‌ട്രോങ്ങിന്റെ കാൽപ്പാടുകൾ ചന്ദ്രോപരിതലത്തിൽ 0.3 സെ.മീറ്റർ ആഴത്തിൽ പതിഞ്ഞു. 15 മിനിട്ടുകൾക്കു ശേഷം ഓൾഡ്രിനും ചന്ദ്രോപരിതലത്തിലേക്കിറങ്ങി.
ആംസ്‌ട്രോങ്ങും ഓൾഡ്രിനും ചന്ദ്രോപരിതലം കീഴടക്കിയപ്പോൾ 100 കി.മീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ ചന്ദ്രനെ വലം വെച്ചു കൊണ്ട് കൊളിൻസ് അപ്പവും വീഞ്ഞും കഴിച്ച് കുർബാന അർപ്പിച്ചു.

പാറകളും ഗർത്തങ്ങളും നിറഞ്ഞ ഇരുണ്ട തരിശുഭൂമിക്ക് സമാനമായ നിറം കെട്ട ഒരു ലോകമായിരുന്നു ആംസ്‌ട്രോങിനെയും ഓൾഡ്രിനെയും കാത്തിരുന്നത്. എങ്കിലും മനോഹരമായിരുന്നു ആ ലോകം. ഉപരിതലത്തിൽ ഇറങ്ങിയ ആംസ്‌ട്രോങ് ആദ്യം തന്നെ കുറച്ച് ചാന്ദ്ര ധൂളികൾ ശേഖരിച്ച് ബാഗിൽ ആക്കിയിരുന്നു. എന്തെങ്കിലും അടിയന്തിര സാഹചര്യം ഉണ്ടായി ഭൂമിയിലേക്ക് തിരിച്ചു പോരേണ്ടി വന്നാൽ ഒപ്പം കൊണ്ടുവരുവാനായിരുന്നു അത്. ശേഷം പേടകത്തിന്റെയും വിവിധ ചാന്ദ്ര കാഴ്‌ച്ചകളുടെയും ചിത്രങ്ങൾ എടുത്തു. തുടർന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള ചില പരീക്ഷണങ്ങൾ.

ഭൂമിയിൽ നിന്നും അയക്കുന്ന ലേസർ രശ്മികൾ തിരികെ ഭൂമിയിലേയ്ക്ക് തന്നെ പ്രതിഫലിപ്പിക്കുന്നതിനായി അപ്പോളൊ 11,14,15 ലെ ചാന്ദ്രയാത്രികർ ചന്ദ്രോപരിതലത്തിൽ സ്ഥാപിച്ചിട്ടുള്ള ഉപകരണമാണ് ലേസർ റിഫ്‌ളക്ടർ. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം നിശ്ചയിക്കുന്നതിൽ ലേസർ റിഫ്‌ളക്ടറുകൾ മുഖ്യപങ്കുവഹിക്കുന്നു. പ്രതിവർഷം 3.8 സെന്റിമീറ്റർ എന്ന കണക്കിൽ ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്നു കൊണ്ടിരിക്കുകയാണെന്ന് ലേസർ പരീക്ഷണത്തിൽ നിന്നും കണ്ടെത്തി. സൂര്യനിൽ നിന്നും ഉത്ഭവിക്കുന്ന ചാർജ്ജുള്ള കണങ്ങൾ അഥവാ സൗരവാതത്തെ സംബന്ധിക്കുന്ന പഠനങ്ങൾക്കായി സോളാർ വിൻഡ് കംപോസിഷൻ ഡിറ്റക്ടർ എന്ന ഉപകരണവും; ചന്ദ്രോപരിതലത്തിൽ പതിക്കുന്ന ഉൽക്കകളുടെ ആഘാതത്തെയും ചന്ദ്രോപരിതല ചലനങ്ങളെയും സംബന്ധിക്കുന്ന പഠനങ്ങൾക്കായി സീസ്മിക് ഡിറ്റക്ടർ എന്ന ഉപകരണവും സ്ഥാപിച്ചു. തുടർന്ന് രണ്ടു പേരും ചേർന്ന് യു.എസ്സിന്റ പതാക നാട്ടി.

ചന്ദ്രനിൽ ആദ്യമായി മൂത്രം ഒഴിച്ച മനുഷ്യൻ എന്ന രസകരമായ റെക്കോർഡിന് ഉടമയാണ് ഓൾഡ്രിൻ. ചന്ദ്രോപരിതലത്തിലേക്ക് നേരിട്ടല്ലെങ്കിൽ കൂടി.

മനുഷ്യൻ ചന്ദ്രനിൽ കാലു കുത്തുന്ന തത്സമയ ദൃശ്യങ്ങൾ ഈഗിൾ ഭൂമിയിലേക്ക് അയച്ചിരുന്നു.
മൊബൈൽ ഫോണോ 4G ഇന്റർനെറ്റോ ഇല്ലാതിരുന്ന കാലത്ത് ചന്ദ്രനിൽ നിന്നും ഒരു ലൈവ്! ഈഗിളിന്റെ പുറത്തേക്കുള്ള ദൃശ്യങ്ങൾ പകർത്താൻ സാധിക്കും വിധം ക്രമീകരിച്ചിരുന്ന ഒരു വിൻഡോ ക്യാമറയാണ് ആംസ്‌ട്രോങ്ങ് ചന്ദ്രനിൽ ഇറങ്ങുന്ന രംഗങ്ങൾ പകർത്തിയത്. നിശ്ചല ദൃശ്യങ്ങൾ പകർത്താൻ സ്‌പേസ് സ്യൂട്ടിന്റെ നെഞ്ച് ഭാഗത്തായി ഘടിപ്പിച്ചിരുന്ന ഹസ്സൽബാൾഡ് ക്യാമറ, ഒരു ഹാൻഡി ക്യാമറ എന്നിവയും സജ്ജമാക്കിയിരുന്നു. ഫോട്ടോ ഫിലിം രംഗത്തെ അതികായരായിരുന്ന കൊഡാക് നിർമ്മിച്ച ഫിലിം ആയിരുന്നു ക്യാമറയിൽ ഉപയോഗിച്ചത് . തന്റെ ഹാൻഡി ക്യാമറയിൽ ആംസ്‌ട്രോങ്ങ് എടുത്ത ഓൾഡ്രിന്റെ മിഴിവാർന്ന ചിത്രമാണ് പിൽക്കാലത്ത് കലണ്ടറുകളിലും പുസ്തകങ്ങളുടെ പുറം ചട്ടകളിലും മറ്റും ആദ്യ ചാന്ദ്രമനുഷ്യൻ എന്ന പേരിൽ സ്ഥാനം പിടിച്ചത്.

ഇന്നത്തെ ബഹിരാകാശ ദൗത്യങ്ങളിൽ മിക്കതിലും റോക്കറ്റിന്റെ വശങ്ങളിൽ ഉറപ്പിച്ചിട്ടുള്ള ഓൺ ബോർഡ് ക്യാമറ ദൃശ്യങ്ങൾ ലഭ്യമാണ്. ഭൗമോപരിതലത്തിൽ നിന്നും കുതിച്ചുയർന്ന് മേഘക്കൂട്ടങ്ങളെയും പിന്നിലാക്കി ബഹിരാകാശം വരെയെത്തുന്ന ആ കാഴ്ചകൾ അതിമനോഹരമാണ്.

അപ്പോളോ-11 അയച്ചുകൊണ്ടിരുന്ന ദൃശ്യസിഗ്‌നലുകൾ ഓസ്‌ട്രേലിയയിലെ ഹണിസക്കിൾ ക്രീക്ക്‌സ് സ്റ്റേഷൻ സ്വീകരിക്കുകയും ആയത് ഹൂസ്റ്റൺ മിഷൻ കൺട്രോളിലെ വലിയ സ്‌ക്രീനിൽ തെളിയുകയും പ്രസ്തുത ദൃശ്യങ്ങൾ മറ്റൊരു ക്യാമറ വഴി ടിവി സിഗ്‌നലുകളാക്കി സംപ്രേഷണം ചെയ്യുകയുമായിരുന്നു.

അന്നത്തെ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തി ആദ്യ ചാന്ദ്രയാത്രയിലെ ദൃശ്യങ്ങൾ പകർത്തിയത് ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറയിലായിരുന്നു. പിന്നീടങ്ങോട്ടുള്ള ദൗത്യങ്ങളിൽ കളർ ക്യാമറ ഉപയോഗിച്ചിരിക്കുന്നതായി കാണാം.ഏകദേശം 600 മില്യൺ ആളുകളാണ് ചാന്ദ്ര ദൗത്യ ത്തിന്റെ ലൈവ് ദൃശ്യങ്ങൾ ടി.വിയിൽ കണ്ടത്.

ചന്ദ്രോപരിതലത്തിൽ ചെലവഴിക്കപ്പെടുന്ന ഓരോ നിമിഷവും അത്യന്തം വിലപ്പെട്ടതായതിനാൽ എന്ത് എപ്പോൾ എങ്ങനെ ചെയ്യണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കും. എങ്കിലും അപ്പോളോ 11 നും അതിനു ശേഷവും ചന്ദ്രനിലെത്തിയ യാത്രികരിൽ പലരും ഓടിയും ചാടിയും മറിഞ്ഞുവീണും ഗോൾഫ് കളിച്ചും ഒക്കെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി. ഏകദേശം 85 കി.ഗ്രാം ഭാരം വരുന്ന സ്‌പേസ് സ്യൂട്ടും ധരിച്ചു കൊണ്ടാണ് ഈ കസർത്തുകളൊക്കെയും കാണിച്ചത്. ധരിച്ചിരിക്കുന്ന സ്‌പെയ്‌സ് സ്യൂട്ടിന്റെ ഘടന നിമിത്തം പരിമിതമായ ചലനങ്ങളാണ് ചന്ദോപരിതലത്തിൽ സാധ്യമാകുന്നത്. എന്നാൽ പരിമിതമായ ഗുരുത്വാകർഷണം നിമിത്തം ഓട്ടവും ചാട്ടവുമൊക്കെ ആയാസരഹിതവും രസകരവുമായിരിക്കും.

വെടിമരുന്നിന്റെ ഗന്ധത്തോടുകൂടിയ സൂക്ഷ്മമായ മണൽത്തരികൾക്ക് സമാനമായ ധൂളികളാൽ സമൃദ്ധമാണ് ചന്ദ്രോപരിതലം. എന്നാൽ ചന്ദ്രോപരിതലത്തിൽ നിന്നു കൊണ്ട് ഈ ഗന്ധം നേരിട്ടറിയാൻ സാധിക്കില്ല. സ്‌പേസ് സ്യൂട്ട് തന്നെ കാരണം. അത്യുഷ്ണമോ അതിശൈത്യമോ ആണ് ചന്ദ്രനിലെ കാലാവസ്ഥ. പകൽ 127 ഡിഗ്രി സെൽഷ്യസ് മുതൽ രാത്രി - l73 ഡിഗ്രി സെൽഷ്യസ് വരെ വ്യതിയാനം അനുഭവപ്പെടുന്നു. ഭൂമിയുടേതിൽ നിന്നും വിഭിന്നമായി ചന്ദ്രന് അന്തരീക്ഷം ഇല്ലാത്തതിനാൽ ഭ്രമണപഥം ഭേദിച്ചെത്തുന്ന ഉൽക്കകൾ എരിഞ്ഞടങ്ങാതെ ചന്ദ്രോപരിതലത്തിലേക്ക് നേരിട്ട് പതിക്കും. അപ്രകാരം ഉണ്ടായ ഗർത്തങ്ങളാണ് പിന്നീട് 'ചന്ദ്രമുഖി' എന്ന വിശേഷണത്തിന് അടിസ്ഥാനമായത്. അതിസൂക്ഷ്മ ഗർത്തം മുതൽ 290 കി.മീറ്റർ വ്യാസം ഉള്ള ഗർത്തം വരെ ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്നു. കോപ്പർനിക്കസ്, പ്ലേറ്റോ തുടങ്ങിയ പ്രമുഖരുടെ നാമങ്ങളിലും ചില ഗർത്തങ്ങൾ അറിയപ്പെടുന്നു. ധ്രുവപ്രദേശങ്ങളിലുള്ള ചില ഗർത്തങ്ങൾ 12 കി.മീറ്റർ വരെ ആഴം ഉള്ളവയാണ്. മൈനസ് 250 ഡിഗ്രിയിലും താഴ്ന്ന ഊഷ്മാവുള്ള ഇവയുടെ ആഴങ്ങളിൽ കാണപ്പെട്ടേക്കാവുന്ന ജലസാന്നിദ്ധ്യവും പഠനവിധേയമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പർവ്വതങ്ങളും ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്നു.

ഭൂമിയിൽ നിന്നും ചന്ദ്രനെ കാണുന്നതിന് സമാനമായി അത്യന്തം പ്രകാശിതമായിത്തന്നെ എന്നാൽ നാലിരട്ടി വലിപ്പത്തിൽ ഭൂമിയെ ചന്ദ്രനിൽ നിന്നും കാണുവാൻ സാധിക്കും. അതി മനോഹരം ആണ് ആ കാഴ്ച. ഭൂഖണ്ഡങ്ങളുടെ സ്ഥാനവും കടലും കരയുമൊക്കെ ആ കാഴ്ചയിൽ ദർശിക്കാം. കറുത്തവാവ് ദിനത്തിലായിരിക്കും 'പൂർണ്ണഭൂമി' ദൃശ്യം ദർശിക്കാനാകുക. ചന്ദ്രനിൽ നീലാകാശം ഇല്ല. അവിടെ ആകാശത്തിനു നിറം കറുപ്പാണ്.

ചന്ദ്രനിലെ ഒരു രാത്രിക്കും പകലിനും ഏകദേശം 14 ദിവസങ്ങളുടെ ദൈർഘ്യം ആണ് അനുഭവപ്പെടാറുള്ളത്. കൃത്യമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ പകൽസമയം ചന്ദ്രോപരിതലത്തിൽ ചെന്നിറങ്ങാൻ സാധിക്കുന്ന രീതിയിലാണ് ചാന്ദ്രയാത്രകളുടെ തയ്യാറെടുപ്പുകൾ നടത്തിയിട്ടുള്ളത്.

ചന്ദ്രോപരിതലത്തിൽ കാറ്റ് ഇല്ലാത്തതിനാൽ ചാന്ദ്ര ധൂളികളിൽ പതിഞ്ഞ ആദ്യ യാത്രികരുടെ കാൽപാടുകൾ ഇന്നും അങ്ങനെ തന്നെ അവശേഷിക്കുന്നു.50 വർഷങ്ങൾക്ക് മുൻപ് പതിഞ്ഞ നിൽ ആംസ്‌ട്രോട്രോങിന്റെ കാൽപ്പാടുകൾ ആ ഭാഗത്ത് ഉൽക്കകളോ മറ്റു വസ്തുക്കളോ പതിച്ചിട്ടില്ലെങ്കിൽ ഇന്നും അങ്ങനെ തന്നെ കാണപ്പെടും.

ആദ്യ ചാന്ദ്രയാത്രികർ ചന്ദ്രോപരിതലത്തിൽ നാട്ടിയ യു.എസ് പതാക വളരെ നേർത്ത തുണികൊണ്ടാണ് നർമ്മിച്ചിരിക്കുന്നത്. ലംബമായും തിരശ്ചീനമായും യോജിപ്പിച്ചിരിക്കുന്ന ഒരു ബാറിൽ ആയിരുന്നു പതാക ഉറപ്പിച്ചിരുന്നത്. പതാകയുടെ മടക്കുകൾ കൃത്യമായി നിവരാത്തതിനാലും ചന്ദ്രൻ പതാകയ്ക്കു മേൽ പ്രയോഗിക്കുന്ന പരിമിതമായ ഗുരുത്വാകർഷണബലത്താലും (ഭൂമിയുടെ ആറിലൊന്നു മാത്രം) പതാക കാറ്റിൽ പാറിപ്പറക്കുന്നതായി തോന്നുന്നു എന്നതാണ് വാസ്തവം. പിൽക്കാലത്ത് 'മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല' എന്ന ഗൂഢാലോചനാ സിദ്ധാന്തത്തിന് അടിവരയിട്ട വാദങ്ങളിലൊന്ന് ഈ പതാകയുടെ ചിത്രങ്ങളായിരുന്നു. മടക്കയാത്രയ്ക്ക് മുന്നോടിയായി നടത്തിയ ജ്വലനത്തിൽ പതാക തകർന്നിരുന്നു എന്നാണ് ആംസ്‌ട്രോങ് പിന്നീട് പറഞ്ഞത്.

വിവിധ രാഷ്ട്രത്തലവന്മാർ തയ്യാറാക്കിയ സന്ദേശങ്ങൾ, സ്മരണികകൾ തുടങ്ങിയവ ചന്ദ്രോപരിതലത്തിൽ നിക്ഷേപിച്ചശേഷമായിരുന്നു മടക്കം. അപ്പോളൊ 1 ദൗത്യത്തിന്റെ പരിശീലന ഘട്ടത്തിലുണ്ടായ അഗ്‌നിബാധയിൽ ജീവൻ നഷ്ടപ്പെട്ട യാത്രികരുടെ ഓർമ്മയ്ക്കായ് ഒരു സ്മരണികയും ചന്ദ്രോപരിതലത്തിൽ നിക്ഷേപിച്ചു. ഭാരം കുറയ്ക്കുവാൻ വേണ്ടിയും പല വസ്തുക്കൾ ചന്ദ്രോപരിതലത്തിൽ ഉപേക്ഷിച്ചിരുന്നു.

രണ്ടര മണിക്കൂർ മാത്രം ചന്ദ്രോപരിതലത്തിൽ ചെലവിട്ടതിനു ശേഷം ആംസ്‌ട്രോങ്ങും ഓൾഡ്രിനും ഈഗിളിലേക്ക് തിരികെ കയറി. ഇതിനിടയ്ക്ക് ഈഗിളിന്റെ കൺട്രോൾ പാനലിലെ അതിപ്രധാനമായ ഒരു സർക്യൂട്ട് ബ്രേക്കർ ഒടിഞ്ഞു പോയതായി കണ്ടെത്തി. മടക്കയാത്രയ്ക്കുള്ള എൻജിന്റെ ജ്വലനത്തിന് പ്രസ്തുത സർക്യൂട്ട് ബ്രേക്കറിന്റെ പ്രവർത്തനം അനിവാര്യമായിരുന്നു. സഹായത്തിന് ഇലക്ട്രിഷ്യനെയോ പ്ലംബറെയോ വിളിച്ചാൽ കിട്ടുന്ന ഇടത്തേക്കല്ലല്ലോ യാത്ര പോയത്. സ്‌പെയർ പാർട്ട്‌സ് അപ്രാപ്യമായിരുന്ന ഒരു സാഹചര്യത്തിൽ കൊളിൻസ് തന്റെ പേന യൂണിറ്റിലേക്ക് തിരുകിക്കയറ്റി സർക്യൂട്ട് ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.

വീണ്ടും ഏകദേശം 7 മണിക്കൂറുകൾ നീളുന്ന മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾക്കു ശേഷം 100 കി.മീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന മാതൃപേടകമായ കൊളംബിയ ലക്ഷ്യമാക്കി ഈഗിൾ സ്വയം പറന്നു പൊങ്ങി കൊളംബിയയുമായി വീണ്ടും കൂടിച്ചേർന്നു. (Docking) അതിസങ്കീർണ്ണമാണ് ഡോക്കിങ്. അപകടകരവും. അതിവേഗത്തിൽ ഭ്രമണപഥത്തിൽ വലംവെച്ചുകൊണ്ടിരിക്കുന്ന ഒരു വാഹനത്തെ പിന്തുടർന്ന് പിഴവുകളില്ലാതെ അതുമായി കൃത്യമായി കൂടിച്ചേരുക! വേഗത അധികമായാൽ ഡോക്കിങ് സാധ്യമാകാതെ ഭ്രമണപഥത്തിനു വെളിയിലേക്ക്; കുറവായാൽ ഡോക്കിങ് സാദ്ധ്യമാകാതെ ഇന്ധനം തീർന്ന് 100 കി.മീറ്റർ ഉയരത്തിൽ നിന്നും നേരെ ചന്ദ്രോപരിതലത്തിലേക്ക്. ഈ പ്രതിസന്ധികളെ ഒക്കെയും തന്നെ അതിജീവിച്ച് ഈഗിൾ കൊളംബിയയുമായി കൂടിച്ചേരുന്ന നിർണ്ണായക രംഗം കൊളിൻസ് തന്റെ ക്യാമറയിൽ പകർത്തി. മൂന്നടി വീതിയും ഒന്നര അടി നീളവുമുള്ള ഒരു കുഴലിലൂടെ ആംസ്‌ട്രോങും ഓൾഡ്രിനും കൊളംബിയയിലേക്ക് നുഴഞ്ഞു കയറി. തുടർന്ന് ഈഗിൾ കൊളംബിയയിൽ നിന്നും വേർപെടുത്തി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങാൻ വിട്ട ശേഷം ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. മണിക്കൂറിൽ 1,609 കി.മീറ്റർ വേഗതയിൽ സ്വയം കറങ്ങുകയും 1,08,000 കി.മീറ്റർ വേഗതയിൽ സൂര്യനു ചുറ്റും ചീറിപ്പാഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്ന ഭൂമിയെ ലക്ഷ്യം വെച്ച് കൃത്യമായ ഒരു ഫിനിഷിങ് പോയന്റിൽ ചെന്നിറങ്ങുക എന്നത് എത്രമാത്രം സങ്കീർണ്ണമാണെന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.

അത്യുജ്വലമായ ചരിത്ര ദൗത്യശേഷം മൂന്ന് യാത്രികരുമായി അപ്പോളൊ 11 സുരക്ഷിതമായി പസഫിക് സമുദ്രത്തിൽ ഇറങ്ങി. യാത്രികരെയും പേടകത്തെയും വിവിധ രാസവസ്തുക്കളാൽ ശുദ്ധികലശം നടത്തി. ഭൂമിക്ക് വെളിയിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയ യാത്രികർക്കൊപ്പം ഇതര അപകടങ്ങൾ ഒന്നും തന്നെ ഒപ്പം എത്തിയിട്ടില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി 20 ഓളം ദിവസങ്ങൾ ആംസ്‌ട്രോങ്ങും കൂട്ടരും നിരീക്ഷണത്തിലായിരുന്നു. ഏകദേശം 21 കിലോ ചാന്ദ്ര ധൂളികളും പാറയുടെ സാംപിളുകളും മറ്റും ഇവർ ഭൂമിയിലേക്ക് കൊണ്ടുവന്നു.

അപ്പോളോ 11 നു ശേഷം ഹാരിസൺ ജാക്‌സ്മിത്ത് , അലൻ ബീൻ, ചാൾസ് ദ്യൂക്ക്, എഡ്ഗാർ മിച്ചൽ, അലൻ ഷെപ്പേർഡ്, ഡേവിഡ് സ്‌കോട്ട്, ജയിംസ് ഇർവിൻ, ജോൺ യംഗ്, ചാൾസ് കോൺറാഡ്, യൂജീൻ സർണാൻ എന്നിങ്ങനെ 12 യാത്രികർ ചന്ദ്രേപരിതലത്തിൽ ഇറങ്ങി. അതായത് ആകെ ആറ് തവണ വിജയകരമായി മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി. 1972 ലെ അപ്പോളൊ 17 ദൗത്യത്തിലെ യുജീൻ സെർണാൻ ആണ് അവസാനമായി ചന്ദ്രനിൽ ഇറങ്ങിയത്.

അപ്പോളൊ 11 ദൗത്യത്തിൽ ഭൂമിയിലേക്ക് തിരികെ വന്ന ഏക ഭാഗം ആയ കൊളംബിയ ക്യാപ്‌സൂൾ ഇന്ന് വാഷിങ്ടൺ ഡി.സി യിലെ എയർ ആൻഡ് സ്‌പേസ് മ്യൂസിയത്തിൽ അന്ത്യവിശ്രമം കൊള്ളുന്നു. ആംസ്‌ട്രോങ് 2012 ൽ തന്റെ 82 ആം വയസ്സിൽ നിര്യാതനായി. ഓൾഡ്രിനും കൊളിൻസും വിശ്രമജീവിതം നയിച്ചു വരുന്നു.

മനുഷ്യന്റെ പ്രഥമ ചാന്ദ്രദൗത്യത്തിന്റെ 50 ആം വാർഷിക വേളയിൽ 2019 ജൂലൈ 20 ആം തിയതി അവശേഷിക്കുന്ന 8 ചാന്ദ്രയാത്രികർ ന്യൂയോർക്കിൽ വെച്ച് ഒത്തുകൂടി തങ്ങളുടെ ഓർമ്മകൾ പുതുക്കി.
എല്ലാ വർഷവും ജൂലൈ 21 ചാന്ദ്രദിനം ആയി ആചരിച്ചു വരുന്നു.

(തിരുവനന്തപുരം കേരള ലോ അക്കാഡമിയിലെ അസി: പ്രൊഫസറാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP