Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ബോൾഗാട്ടിയിലെ കൺവെൻഷൻ സെന്റർ പദ്ധതിയെ എന്തുകൊണ്ട് എതിർക്കുന്നു?

ബോൾഗാട്ടിയിലെ കൺവെൻഷൻ സെന്റർ പദ്ധതിയെ എന്തുകൊണ്ട് എതിർക്കുന്നു?

ബോൾഗാട്ടിയിലെ ഹോട്ടൽകൺവെൻഷൻ സെന്റർ സമുച്ചയ നിർമ്മാണത്തിനെതിരെ നീതിന്യായ കോടതികളെ സമീപിക്കാൻ കാരണം ഹർജിക്കാർക്കോ വക്കീലന്മാർക്കോ പദ്ധതിയുടെ നടത്തിപ്പുകാരായ ലുലു ഗ്രൂപ്പിനോടോ അതിനു ചുക്കാൻ പിടിക്കുന്ന പ്രമുഖ മലയാളി ബിസിനസ്സുകാരനായ ശ്രീ യൂസഫലിയോടോ എന്തെങ്കിലും വ്യക്തിവിദ്വേഷമോ വൈരാഗ്യമോ ഉണ്ടായതു കൊണ്ടല്ല. മറിച്ച് ഭൂമിയും പ്രകൃതിവിഭവങ്ങളും വരും തലമുറകളോടു നീതി പുലർത്തുന്ന തരത്തിൽ നിയന്ത്രിതവും സമതുലിതവുമായേ ഉപയോഗിക്കാവൂ എന്ന അനുഭവപാഠ ത്തിൽനിന്നും കുബേരനും കുചേലനും നിയമത്തിനു മുന്നിൽ സമന്മാരാണെന്ന തുല്യനീതിയിലധി ഷ്ഠിതമായ നിയമവാഴ്ച ഉറപ്പു വരുത്തുന്നതിനുമാണു ഹൈക്കോടതിയിലും മറ്റു കോടതികളിലു മായ് സമയവും പണവും മെനക്കെടുത്തുന്നത്. പണവും അധികാരമുണ്ടെങ്കിൽ എന്തും വെട്ടിപ്പിടി ക്കാമെന്നതാണു പൊതുവിലോരവസ്ഥ. ഇത് ചോദ്യം ചെയ്യുമ്പോൾ, പൊതുവെ ഉപയോഗിച്ചുവരുന്ന ആയുധമാണ് വികസനം, സാമ്പത്തിക പുരോഗതി, തൊഴിലവസരം, വിദേശ ഫണ്ടിങ്ങ്, പരിസ്ഥിതി തീവ്രവാദം എന്നിങ്ങനെയുള്ള ആരോപണങ്ങൾ.

ബോൾഗാട്ടി പദ്ധതിയിലും പറയുന്ന ന്യായം ഇത് തന്നെയാണു നാലായിരത്തിലധികം പേർക്ക് തൊഴില കൊടുക്കുന്ന പദ്ധതിയാണ്. ഇന്ന് ജീവിച്ചിരിക്കുന്ന നാലായിരം പേർക്ക് വേണ്ടി ഇനി വരാനിരിക്കുന്ന തലമുറകളിലെ എണ്ണപ്പെടനാവാത്ത അസംഖ്യം മനുഷ്യർക്ക് മണ്ണ്, വായു, ജലം എന്നീ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കണമെന്നാണോ? നാലായിരം പേർക്ക് തൊഴിൽനൽകാനായിട്ടു മാത്രമാണോ ലുലു ഈ പദ്ധതിക്ക് പണം നിക്ഷേപിക്കുന്നത്? പദ്ധതിയിൽ നിന്നുള്ള ലാഭം തൊഴിലാളികൾക്കും നാടിനും ദാനം ചെയ്യുമായിരിക്കും. തങ്ങൾക്ക് ലാഭം കൊയ്യുന്നതിനായ് ഏറ്റെടുക്കുന്ന പദ്ധതിയുടെ നിർമ്മാണ ചെലവുകളിലൊന്നു മാത്രമാണു ഈ ഉയർത്തിക്കാണിക്കുന്ന തൊഴിൽ. മറിച്ച്, 4000 തൊഴിലാളികളുടെ മാനുഷികാധ്വാനം അതിൽ കുറഞ്ഞ ചെലവിൽ യന്ത്രങ്ങളോ റോബോട്ടുകളോ ചെയ്യുമെങ്കിൽ മുതലാളി തൊഴിലാളികൾക്ക് തൊഴിൽ പോകുമെന്നു കരുതി തന്റെ ലാഭം കുറയ്ക്കാനോന്നും പോകുന്നില്ല.

പശ്ചാത്തല മേഖലയിലുള്ള ഹോട്ടൽ, കൺവെൻഷൻ സെന്റർ, വ്യാപാരസമുച്ചയം എന്നീ പദ്ധതികൾ, കൃഷിയോ വ്യവസായമോ പോലുള്ള ഉല്പാദനമേഖലയിലുള്ള പദ്ധതികൾ പോലെ പുതുതായി ധനസ്രോതസ്സ് സൃഷ്ടിക്കുന്നില്ല. കുറച്ചു വിദേശനാണ്യമൊഴിച്ച് ഇവിടെ മറ്റുമേഖലകളിൽ ജനറേറ്റ് ചെയ്യപ്പെടുന്ന ധനത്തിന്റെ വിനിമയം മാത്രമേ സാധ്യമാക്കുന്നുള്ളു.

ഇനി ഈ ഉയർത്തികാണിക്കുന്ന നാലായിരത്തിലധികമെന്ന സംഖ്യ എവിടെ നിന്ന് കിട്ടി. കണക്കുകളുടെ കസർത്തുകളിലൂടെ സാമ്പത്തികാഭിവയോധികി ഉയർത്തിക്കാട്ടുന്ന അക്കങ്ങളോടുള്ള അഭിനിവേശം പോലെ, ജനതയെ കാനേഷുമാരി കണക്കിലെ നൂറുകോടി കവിയുന്ന അക്കങ്ങളായി മാത്രം കാണുന്ന ആ അഭിനിവേശത്തിൽ നിന്ന് മാത്രമാകും അടിസ്ഥാനമില്ലാത്ത ഈ നാലായിരം തൊഴിൽ സാധ്യത. ലുലു ഗ്രൂപ് തിരദേശ നിയന്ത്രണ ചട്ടപ്രകാരമുള്ള അനുമതിക്കായ് നല്കിയ അപേക്ഷയിൽ നിർമ്മാണ സമയത്ത് 100 തൊഴിലവസരവും നിർമ്മാണം കഴിഞ്ഞു കുറച്ചു തൊഴിലവസരവും എന്ന് മാത്രമാണു പറയുന്നത്. നഗരാസൂത്രണ നിയമങ്ങളിൽ നിന്നും ഇളവിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പിന് നൽകിയ അപേക്ഷയിൽ ആകെ 500 തൊഴിലവസരമാണു പദ്ധതിയിലൂടെ അവർ പ്രതീക്ഷിക്കുന്നത്.

അക്കങ്ങളുടെ ഈ മായാജാലം കൊച്ചിയുടെ വികസനക്കുതിപ്പിലെ നാഴികകല്ലെന്നു വിശേഷിപ്പിച്ച വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പ്രോജക്ടിലും കേട്ടതാണ്. 10000 ത്തിലധികം തൊഴിലവസരങ്ങൾ. ആയിരക്കണക്കിനു കോടികൾ പൊതുഖജനാവിൽ നിന്ന് ചെലവഴിച്ചു നിർമ്മിച്ച ആ പദ്ധതിയുടെ ബി.ഓ.ടി നടത്തിപ്പുകാരായ ദുബായ് പോർട്ട് ഇന്റർനാഷണൽ സ്ഥിര, അസ്ഥിര തൊഴിലാളികളായ് ഏകദേശം 200 ൽ താഴെ പേർക്കാണ് തൊഴിൽ നൽകുന്നത്. ഏകദേശം 6000 കോടിയിലധികം രൂപ ചെലവഴിച്ച ആ പദ്ധതി കൊച്ചി തുറമുഖത്തിനെ തീരാനഷ്ടത്തിന്റെ അഴിമുഖത്താണു എത്തിച്ചത്. കപ്പൽചാലിലെ ചെളി നീക്കുന്നതിന് മാത്രം പോർട്ട് ട്രസ്‌റിന് പ്രതിവർഷം 130 കോടിയിലധികം രൂപ വേണം. ടെർമിനൽ നടത്തിപ്പുകാരിൽ നിന്നും പോർട്ടിന് ഒരു വർഷം ലഭിക്കുന്ന ലാഭവിഹിതം പ്രതിവർഷം 40 കോടിയിൽ താഴെ രൂപ മാത്രം. അത് കൊണ്ടു അക്കങ്ങളുടെ അൾത്താരയിൽ പാവം ജനങ്ങളെ ഇനിയും പ്രലോഭിപ്പിച്ചു വഞ്ചിക്കാതിരിക്കൂ.

കായൽ നികന്നു നികന്നു ഉപ്പുവെള്ളം മധ്യ കേരളത്തിന്റെ കുടിവെള്ള സ്രോതസ്സായ പെരിയാറിനെ ഒരു ഉപ്പുതടാകമാക്കി മാറ്റുകയാണെന്നും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുകയാണെന്ന സത്യവും അക്കങ്ങളിൽ ഇനിയും പൂഴ്തിവെക്കരുത്. ഒരു ജനതയുടെ കുടിവെള്ളമാണോ നുറോളം പേർക്ക് നല്കുന്ന കുറഞ്ഞ കൂലിയാണോ വലുത്. കൊച്ചിയിലെ മറ്റു നിർമ്മാണമേഖല അപേക്ഷിച്ച് പൈലിങ്ങിനു ഏറ്റവും കുറവ് വേതനം നല്കുന്നത് ലുലുവിന്റെ ബോൾഗാട്ടി സൈറ്റിലാണെന്നു തൊഴിലാളികള പറയുന്നു. മുഖ്യനെയും പ്രതിപക്ഷ നേതാവിനെയും അവരുടെ പാർട്ടികളെയും ഒരു വണ്ടിയിലുരുത്തി ലുലുമാളിലൂടെ ഓടിക്കാൻ സാധിച്ച പത്മശ്രീ യൂസഫലി സാഹിബിനു എന്തും സാധിക്കുമായിരിക്കും. പക്ഷേ അത് പാവം ജനങ്ങളുടെ മൗലികാവകാശങ്ങൾ ചവിട്ടിഞ്ഞെരിച്ചു വേണ്ട എന്ന് മാത്രം. ശതകോടീശ്വരന്മാരുടെ റേറ്റിങ്ങ് കാണിക്കുന്ന ഫോബ്‌സ് മാഗസിന്റെ മിനുസക്കടലാസല്ല, ഇവിടത്തെ ശതകോടിജനങ്ങൾക്ക് അസ്ഥിത്വം പകരുന്ന 395 ഖണ്ഡികകളടങ്ങുന്ന ഒരു മഹാഗ്രന്ഥത്തിന്റെ അന്തസത്തയാണ് നാം കാത്തുസൂക്ഷിക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP