Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഭൗമദിനം അൻപതിന്റെ നിറവിൽ; കാലാവസ്ഥയ്ക്കായി പ്രവർത്തിക്കുക എന്നത് ഈ വർഷത്തെ മുദ്രാവാക്യം; മണ്ണിൽ രണ്ട് വിത്ത് കുഴിച്ചു വച്ചുകൊണ്ട് തുടങ്ങാം; ഒരു നല്ല നാളെക്കായി ഇന്നുമുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാം

ഭൗമദിനം അൻപതിന്റെ നിറവിൽ; കാലാവസ്ഥയ്ക്കായി പ്രവർത്തിക്കുക എന്നത് ഈ വർഷത്തെ മുദ്രാവാക്യം; മണ്ണിൽ രണ്ട് വിത്ത് കുഴിച്ചു വച്ചുകൊണ്ട് തുടങ്ങാം; ഒരു നല്ല നാളെക്കായി ഇന്നുമുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാം

സിന്ധു പ്രഭാകരൻ

ഭൗമദിനാചരണത്തിന് ഇന്ന് അമ്പതാണ്ട് തികയുന്നു. സർവ്വ ചരാചരങ്ങളുടെയും അമ്മയായ ഈ ഗ്രഹത്തിനെ പരിസ്ഥിതി മലിനീകരണത്തിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ദിനാചരണം ആരംഭിച്ചത്. 1970ൽ അമേരിക്കയിൽ ഒരു ചെറു സംരംഭമായി ആരംഭിച്ച ഈ ദിനാചരണം ഇന്ന് ഇരുന്നൂറോളം രാജ്യങ്ങൾ ഏറ്റെടുത്ത ഒരു വലിയ സംഭവമായി മാറിക്കഴിഞ്ഞു. പലതരത്തിലുള്ള പരിസ്ഥിതി മലിനീകരണ പ്രവർത്തനങ്ങളിലൂടെ അതിരൂക്ഷമായ കാലാവസ്ഥാവ്യതിയാനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഈ കാലാവസ്ഥയെ മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുക എന്ന ആഹ്വാനമാണ് ഈ വർഷത്തെ ഭൗമദിനം മുന്നോട്ടുവയ്ക്കുന്നത്.

നമ്മുടെ ഭൂമി നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. കാലിഫോർണിയൻ തീരത്ത് ഒഴുകിപ്പരന്ന എണ്ണ മൂലം കടൽജീവികൾക്കുണ്ടായ നാശം ശ്രദ്ധിക്കാനിടയായ ഗെയ്‌ലോർഡ് നെൽസൺ എന്ന അമേരിക്കൻ സെനറ്റർ ചില പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ദേശീയ മാധ്യമങ്ങളിലൂടെ കോളേജ് വിദ്യാർത്ഥികളെ ജലവായു മലിനീകരണത്തെ ക്കുറിച്ച് ബോധവൽക്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. അമേരിക്കയിൽ ഒരു പരിസ്ഥിതി സംരക്ഷണ സമിതിക്ക് തന്നെ രൂപം നൽകാൻ ഈ സംഭവം കാരണമായി.

ഈ ബോധവൽക്കരണമാണ് പിന്നീട് ഭൗമദിനാചരണമായി മാറിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1990ഓടു കൂടിയാണ് ഈ ദിനാചരണം ലോകത്താകമാനം വ്യാപിച്ചത്. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പ്രസിഡന്റിന്റെ മെഡൽ ഓഫ് ഫ്രീഡം നെൽസണ് ലഭിച്ചതും ഈ വർഷം തന്നെയായിരുന്നു.
എന്നാൽ 2009 ലാണ് യു എൻ ജനറൽ അസംബ്ലി ലോകഭൗമദിനമായി ഏപ്രിൽ 22നെ അംഗീകരിച്ചത്.

കോവിഡ് 19 ലോകത്താകമാനം ഭീഷണി ഉയർത്തുന്നുണ്ട് എങ്കിലും, പരിസ്ഥിതിയുടെ മേഖലകളിൽനിന്ന് വരുന്നത് ശുഭവാർത്തകളാണ്. വാഹനങ്ങളൊഴിഞ്ഞ റോഡും നിശബ്ദമായ വ്യവസായശാലകളും പരിസ്ഥിതി മലിനീകരണത്തോത് വ്യാപകമായി കുറയാൻ ഇടയാക്കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ ഡൽഹി പോലുള്ള പട്ടണങ്ങളിലടക്കം വായുമലിനീകരണം ഗണ്യമായി കുറഞ്ഞിരിക്കുന്നു. കറുത്ത ജലം ഒഴുകിയിരുന്ന പുഴകളും ഏറെ തെളിഞ്ഞിരിക്കുന്നു.

വർഷംതോറും ആചരിക്കപ്പെടുന്ന ഭൗമദിനാചരണം കൊണ്ട് മാത്രം നശിച്ച പ്രകൃതിയെ നമുക്ക് വീണ്ടെടുക്കാനാവില്ല. കേവലം ഒരു ദിവസത്തെ ദിനാചരണത്തിനപ്പുറം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഒരു ജീവിതചര്യയായി മാറേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ പരിസ്ഥിതി ദുരന്തങ്ങളെ നേരിടാൻ മനുഷ്യന് കഴിയാതെ വരും. പ്രകൃതിയുമായി ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു സുസ്ഥിരവികസന മാതൃകയാണ് ലോകം പിന്തുടരേണ്ടത് എന്ന് ഐക്യരാഷ്ട്രസംഘടനയും ചൂണ്ടിക്കാട്ടുന്നു. ഇത്തിരിയുള്ള മണ്ണിലെങ്കിലും രണ്ടു വിത്ത് കുഴിച്ചു വച്ചുകൊണ്ട് തുടങ്ങാം. ഒരു നല്ല നാളെക്കായി ഇന്നുമുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP