Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വഞ്ചിക്കപ്പെട്ട കർഷകർ

വഞ്ചിക്കപ്പെട്ട കർഷകർ

ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരായ സമരത്തിന്റെ മുൻനിരയിൽ കർഷകരെ തെറ്റിദ്ധരിപ്പിച്ച് അണിനിരത്തുന്നതിന് മത രാഷ്ട്രീയ നേതൃത്വം നടത്തിയ ശ്രമം ഒട്ടൊക്കെ വിജയിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾക്കെതിരെ കുറെ കർഷകരെങ്കിലും പ്രത്യക്ഷ സമരത്തിനുണ്ട്. കർഷക മനസ്സ് ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരായിക്കഴിഞ്ഞു. പരിസ്ഥിതി പ്രവർത്തകരെ പ്രതിക്കൂട്ടിൽ നിർത്തിയതിന്റെ ഫലമായി പരിസ്ഥിതി പ്രവർത്തനം ഏതോ കർഷക വിരുദ്ധ പ്രവർത്തനമാണെന്ന് തെറ്റിദ്ധരിക്കുന്നതിനും ഇടയായിട്ടുണ്ട്. കർഷകർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം അംഗീകരിച്ചു വന്നു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇതെന്നത് ചരിത്രത്തിന്റെ ദുര്യോഗം.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കർഷകരുൾപ്പെടെയുള്ള മുഴുവൻ ജനങ്ങൾക്കും അത്യന്താപേക്ഷിതമാണ്. ഇത്രകാലം ചർച്ചകളിലും സെമിനാറുകളിലും ഒതുങ്ങി നിന്ന പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രായോഗിക നടപടികളാണ് ഗാഡ്ഗിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇ.എസ്.ഐ. കണക്കാക്കിയതിലെ അപാകതകളെച്ചൊല്ലി കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെടാം. പക്ഷെ ഗാഡ്ഗിൽ റിപ്പോർട്ടോ? പശ്ചിമഘട്ടത്തിലെ കർഷകർക്കുള്ള ഒരു രക്ഷാകര പദ്ധതിയാണ് യഥാർത്ഥത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട്.

ഹരിതവിപ്ലവത്തിന്റെയും രാസവളകീടനാശിനി അടിസ്ഥാനമാക്കിയുള്ള കൃഷിയുടെയും ദുരന്തഫലങ്ങൾ കർഷകനെ വേട്ടയാടുന്ന നാളുകളാണ് വരാനിരിക്കുന്നത്. എത്ര കിലോ വിഷം കീടനാശിനികളുടെയും കളനാശിനികളുടെയും രാസവളത്തിന്റെയും രൂപത്തിൽ നമ്മളുടെ മണ്ണിലേയ്ക്ക് പ്രതിവർഷം തള്ളിവിടുന്നുണ്ടെന്ന് ഓരോ പ്രദേശത്തെയും കൃഷിയുടെ ഏകദേശകണക്ക് പരിശോധിച്ച് ആർക്കും ബോധ്യപ്പെടുന്നതെയുള്ളു. അത്തരത്തിൽ മണ്ണ് മരിക്കുന്നുണ്ടെന്നത് യഥാർത്ഥ കർഷകരുടെ അനുഭവസാക്ഷ്യം തന്നെയാണ്. മണ്ണിലെ ക്ലേദാംശം മണ്ണ് മരിച്ചാൽ കൃഷിയുടെ ഭാവി ഇരുട്ടിലാകുമെന്ന് യഥാർത്ഥ കർഷകർക്കറിയാം. മൂന്നും നാലും പ്രാവശ്യം പ്ലാന്റിങ് നടത്തിയിട്ടുള്ളവയാണ് കേരളത്തിലെ മിക്ക റബ്ബർ മേഖലകളും. ഇങ്ങനെ പോയാൽ ഇനി എത്ര തവണ റീപ്ലാന്റ് നടത്താനാവും. ഇത് യഥാർത്ഥ കർഷകരെ ബാധിക്കുന്ന കാര്യമാണ്. ഇതിനുള്ള പരിഹാരം കീടനാശിനിരാസവിഷമുക്തമായ കൃഷിയിലേക്ക് ഘട്ടംഘട്ടമായി തിരിച്ചുപോകുക തന്നെയാണ്. അത് പറഞ്ഞ ഗാഡ്ഗില്ലിനെ നഖശിഖാന്തം എതിർക്കുന്നത് കർഷകപക്ഷത്ത് നിൽക്കുന്നവരല്ല. ഇത്തരത്തിൽ കൃഷിരീതിയിൽ മാറ്റം വരുത്തണമെന്ന് ആദ്യമായി പറഞ്ഞയാൾ ഗാഡ്ഗിലല്ല. ആധുനിക കാലത്ത് ജപ്പാനിലെ ഫുക്കുവോയും, അമേരിക്കയിലെ റേയ്ച്ചൽ കാർസനുമൊക്കെ ഇതേ അഭിപ്രായക്കാരായിരുന്നു. ഇപ്പോൾ സുഭാഷ് പാലേക്കരുടെ നേതൃത്വത്തിൽ നടന്നുവരുന്ന സീറോ ബഡ്ജറ്റ് നാച്വറൽ ഫാമിങ് യഥാർത്ഥത്തിൽ കർഷകർക്ക് ഏറെ പ്രതീക്ഷ നല്കുന്നതാണ്.

അങ്ങനെ സ്വന്തം ചെലവിൽ രാസകൃഷി ഉപേക്ഷിച്ചുകൊണ്ടിരുന്ന കർഷകർക്ക് ജൈവകൃഷിയിലേക്ക് തിരിയുന്നതിനാവശ്യമായ സഹായം നല്കണമെന്നാണ് ഗാഡ്ഗിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഗാഡ്ഗിലിനെ എതിർക്കുന്ന റിയൽ എസ്റ്റേറ്റുകാർക്കോ പാറമടക്കാർക്കോ ഇത്തരത്തിലുള്ള സഹായങ്ങളൊന്നും ആവശ്യമില്ല. മണ്ണ് സംരക്ഷിക്കപ്പെടുകയും മണ്ണിന്റെ ആരോഗ്യം പുഷ്ടിപ്പെടുകയും ചെയ്യുമ്പോൾ കൃഷി അഭിവയോധികിപ്പെടുകയും കർഷകന് നേട്ടമുണ്ടാകുകയുംചെയ്യും. അതുപോലെ വിഷരഹിതമായ കൃഷിയിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന സാധനങ്ങൾ വേണ്ടത്ര ശ്രമമുണ്ടായാൽ വിലക്കൂടുതൽ ലഭിക്കുകയും ചെയ്യും. നഷ്ടമുണ്ടാകുന്നത് കീടനാശിനി കമ്പനികൾക്ക് മാത്രമായിരിക്കും.

യഥാർത്ഥ ഗാഡ്ഗിൽ റിപ്പോർട്ടിൽ കർഷകർ വിമർശിക്കുന്ന ഒരു സംഗതി 30% ചരിവുള്ള സ്ഥലങ്ങളിൽ വാർഷിക വിളകൾ പാടില്ല എന്ന നിർദ്ദേശത്തെ മാത്രമാണ്. ആ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ മിക്ക മേഖലയിലും ഭക്ഷ്യവിളകൾ കൃഷിചെയ്യാൻ പറ്റാതാകും. ചരിവുള്ള സ്ഥലങ്ങളിൽ മണ്ണിളക്കി ചെയ്യുന്ന വാർഷിക വിളകൃഷി മണ്ണൊലിപ്പിന് കാരണമാകും എന്നതുകൊണ്ടാണ് ഈ നിർദ്ദേശം മുന്നോട്ടു വച്ചിട്ടുള്ളത്. മണ്ണിൽ പുതയിടീൽ നടത്തിക്കൊണ്ട് മണ്ണൊലിപ്പുണ്ടാകാതെ വാർഷിക വിളകൾ ചെരിവുള്ള സ്ഥലങ്ങളിൽ കൃഷിചെയ്യാവുന്നതാണ്. അത്തരത്തിൽ പുതയിടുന്നതിനുള്ള ധനസഹായം സർക്കാർ ചെയ്യണമെന്നു മാത്രം.

ഇത്തരത്തിലൊരു ഭേദഗതിയിലൂടെ പ്രസ്തുത നിർദ്ദേശത്തിലെ കർഷക വിരുദ്ധത ഇല്ലാതാക്കാവു ന്നതാണ്. അതിനുപകരം ഗാഡ്ഗിൽ റിപ്പോർട്ടിനെ അപ്പാടെ എതിർക്കുന്നത് യഥാർത്ഥത്തിൽ കർഷക ദ്രോഹമാണ്. രാസവിളകീടനാശിനികളുണ്ടാക്കുന്ന വരാനിരിക്കുന്ന വലിയ കാർഷിക തകർച്ചയുടെ ഇരകളാക്കപ്പെടുന്നവരെ മുൻനിർത്തി സ്ഥാപിതതാല്പര്യക്കാർ നടത്തുന്ന സമരം യഥാർത്ഥത്തിൽ കർഷക ദ്രോഹമാണ്. ഗാഡ്ഗില്ലും പരിസ്ഥിതിവാദികളും യഥാർത്ഥത്തിൽ കർഷക പക്ഷത്താണ്. ഗാഡ്ഗിൽ റിപ്പോർട്ടിനെ തള്ളിക്കളയുന്നത് ഭാവിയിൽ കർഷകർക്ക് ദ്രോഹം ചെയ്യും. ചർച്ച ചെയ്ത് ആവശ്യമായ ഭേദഗതികളോടെ ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കുക തന്നെയാണ് വേണ്ടത്. കർഷക രക്ഷയ്ക്കും നാടിന്റെ രക്ഷയ്ക്കും അത് അത്യാവശ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP