Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

കരിമ്പന തോട്ടിലേക്ക് മാലിന്യമൊഴുക്കി സിപിഐ(എം) ഭരിക്കുന്ന വടകര നഗരസഭ; സഹികെട്ട് സഖാക്കൾ കൊടി പിടിച്ചപ്പോൾ ഉടനടി നടപടി: ഒരു ജനകീയ സമരം വിജയം നേടിയത് ഇങ്ങനെ

കരിമ്പന തോട്ടിലേക്ക് മാലിന്യമൊഴുക്കി സിപിഐ(എം) ഭരിക്കുന്ന വടകര നഗരസഭ; സഹികെട്ട് സഖാക്കൾ കൊടി പിടിച്ചപ്പോൾ ഉടനടി നടപടി: ഒരു ജനകീയ സമരം വിജയം നേടിയത് ഇങ്ങനെ

എം പി റാഫി

വടകര: നിരവധി വിപ്ലവസമരങ്ങൾ കണ്ടു ശീലിച്ചവരാണ് വടകരക്കാർ. കടത്തനാട്ടിൽ ഇത്തവണ തവണ ഭരണക്കാരായി സിപിഎമ്മും പാർട്ടി സഖാക്കളും തമ്മിൽ ഏറ്റുമുട്ടുകയയാണ്. കരിമ്പനത്തോട് സംരക്ഷിക്കുന്ന വിഷയത്തിലാണ് സിപിഐ(എം) ഭരണസമിതിക്കെതിരെ സഖാക്കൾ രംഗത്തെത്തിയത്. കഴിഞ്ഞ ബുധനാഴ്ച മുതലായിരുന്നു കരിമ്പനത്തോട് സംരക്ഷണ സമിതി വടകര നഗരസഭ കവാടത്തിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. വർഷങ്ങളായി സിപിഐ(എം) ഭരണം കയ്യാളുന്ന നഗരസഭയാണ് വടകര. ഇവിടേക്ക് നടത്തുന്ന ഉപവാസ സമരത്തിന് നേതൃത്വം കൊടുക്കുന്നതാകട്ടെ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും ലോക്കൽ കമ്മിറ്റിയിലെയും ബ്രാഞ്ച് കമ്മിറ്റിയിലെയും അംഗങ്ങളുമാണ്. ജില്ലാ-സംസ്ഥാന നേതൃത്വത്തിന്റെ മൗന സമ്മതവുമുണ്ട് ഈ സമരത്തിന്. വർഷങ്ങളായി കരിമ്പനത്തോടിനു വേണ്ടിയുള്ള പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നുണ്ടെങ്കിലും, ഇതാദ്യമായാണ് നഗരസഭാ കവടത്തിൽ അനിശ്ചിതകാല സമരം സംഘടിപ്പിച്ചിരുന്നത്. സമരം മൂന്ന് ദിവസം പിന്നിട്ടപ്പോൾ സമരക്കാരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു നഗരസഭ. ഇത് സമരക്കാർക്ക് താൽക്കാലിക വിശ്രമം നൽകി.


സമരക്കാർ ചൂണ്ടിക്കാട്ടുന്ന പ്രധാനകാര്യം എന്നത്, വടകര നഗരസഭയിലെ നാലു വാർഡുകൾ പൂർണ്ണമായും മൂന്ന് വാർഡുകൾ ഭാഗികമായും ബന്ധപ്പെടുന്ന കരിമ്പനത്തോടിന്റെ പരിപൂർണ്ണ മാലിന്യ മുക്തമാക്കിയുള്ള സംരക്ഷണമാണ്. തോട്ടിനെ സംരക്ഷിച്ച് മാലിന്യ മുക്തമാക്കേണ്ടതിനു പകരം നഗരസഭ തന്നെ കരിമ്പനത്തോട്ടിലേക്ക് മാലിന്യം ഒഴുക്കി വിടുന്ന അവസ്ഥയാണുള്ളത്. ഇതാണ് നാട്ടുകാരെയും സമരക്കാരെയും പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രകൃത്യാ നിറഞ്ഞൊഴുകിയിരുന്ന നീർത്തടമായിരുന്നു കരിമ്പനത്തോട്. നഗര വികസനത്തിന്റെയും നഗരത്തിൽ നിന്നുള്ള പുറം തള്ളലുകളുടെയും രക്തസാക്ഷിയാണ് വടകര നാരായണ നഗരത്തെ ചതുപ്പ് സ്ഥലങ്ങളിൽ നിന്ന് ആരംഭിച്ച് ചുള്ളിയിൽ, കണ്ണംകുഴി, കരിമ്പന, കയ്യിൽ, പാക്കയിൽ തൂടങ്ങിയ പ്രദേശങ്ങളിലൂടെ ഒഴുകി കുട്ട്യാമ വഴി കുറ്റ്യാടി പുഴയിൽ ചെന്ന് ചേരുന്ന കരിമ്പനത്തോട്. നാളിതു വരെ നഗരസഭാ ഭരണകൂടം ഉണർന്ന് പ്രവർത്തിക്കാത്തതിന്റെ ദുരിതമാണ് ഒരു ജനത ഇന്ന് പേറിക്കൊണ്ടിരിക്കുന്നത്. പകൽ സമയത്ത് പോലും വീടിന്റെ വാതിൽ തുറന്നിടാൻ പറ്റാത്ത അവസ്ഥ, അനിയന്ത്രിതമായ കൊതുക് ശല്യം, തോട്ടിലെ മലിന ജലം വീടുകളിലെ കിണറുകളിൽ ഉറവയായെത്തി മലിനമാകുന്ന അവസ്ഥ. മകളെ പെണ്ണുകാണാൻ വന്ന യുവാവ് ദുർഗന്ധം സഹിക്കാനാകാതെ ഇറങ്ങിപ്പോയ സംഭവം മുതൽ അടുത്ത ബന്ധുക്കൾക്കു പോലും വീട്ടിലേക്കു വരാൻ മടിക്കുന്നതായ നിരവധി കഥകൾ പറയാനുണ്ട് കരിമ്പനത്തോട് നിവാസികൾക്ക്...

Stories you may Like


സമഗ്ര അഴുക്കുചാൽ പദ്ധതി നടപ്പാക്കുക, നഗരസഭ തോട്ടിലേക്ക് ഒഴുക്കുന്ന മാലിന്യപൈപ്പ് നീക്കം ചെയ്യുക, കരിമ്പനത്തോടിനെ മാലിന്യ മുക്തമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമര സമിതി അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചത്. സിപിഐ(എം) ഭരണകൂടത്തിനെതിരിൽ ഒരു കൂട്ടം സി.പി.എമ്മുകാരുടെ നേതൃത്വത്തിൽ തന്നെ നടക്കുന്ന സത്യാഗ്രഹ സമരത്തിനായിരുന്നു വർഷങ്ങൾക്കു ശേഷം താൽക്കാലികമായി വിജയം കാണുന്നത്. സത്യാഗ്രഹ സമരത്തിലേക്ക് നയിക്കാനുണ്ടായ സാഹചര്യവും ജനങ്ങൾ നേരിടുന്നപ്രതിസന്ധിയെ കുറിച്ചും കരിമ്പനത്തോട് സംരക്ഷണ സമിതി കൺവീനറും സിപിഐ(എം) കാരാട് ബ്രാഞ്ച് സെക്രട്ടറിയുമായ പി. ഗിരീശൻ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.

ഈ സമരം പതിനഞ്ച് വർഷമായി പല രീതികളിലായി നടന്നു വരികയാണ്. സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കണ്ണങ്കുഴി നവഭവന കലാ വേദിയായിരുന്നു ഈ സമരം ആരംഭിച്ചത്. ഇവരുടെ നേതൃത്വത്തിൽ ഒരുപാട് പ്രകടനങ്ങളും പ്രതിഷേതങ്ങളും പ്രക്ഷോപ പരിപാടികളും നടത്തി. പിന്നീട് നിരവധി നിവേദനങ്ങൾ കൊടുത്തു. ഈ സമയത്ത് തോട്ടിലേക്ക് മാലിന്യമൊഴുക്കരുതെന്ന വിധി വന്നു. പക്ഷെ ഇതിനുവേണ്ടി നഗരസഭക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ പറഞ്ഞിരുന്നത് ഇതിന് പരിഹാരമായി സമഗ്ര അഴുക്കുചാൽ പദ്ധതിമാത്രമാണ്.

അതിനാണെങ്കിൽ പണംമുടക്കുനും പറ്റുന്നില്ല അതിന്റെമാർഗ്ഗങ്ങൾ തിരയുകയോ ചെയ്യുന്നുമില്ല. ഇതു കൊണ്ടു തന്നെ ഈ പ്രശ്‌നം നീണ്ടുപോയി. പിന്നീട് ഈ വിഷയം ഡി.വൈ.എഫ് ഏറ്റെടുത്തു. അതിനു ശേഷം മനുഷ്യ ചങ്ങലയും മറ്റു ജനകീയ പ്രക്ഷോഭങ്ങളുമായി വന്നപ്പോൾ നഗരസഭക്ക് എന്തെങ്കിലും ചെയ്‌തേ പറ്റുള്ളൂ എന്ന തോന്നൽ വന്നു. അങ്ങിനെയാണ് നഗരസഭ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നത്. ഇതിൽ ഒന്നര ലക്ഷം ലിറ്റർ വെള്ളം മാത്രമെ ട്രീറ്റ് ചെയ്യാനുള്ള കപ്പാസിറ്റിയുള്ളൂ എന്നൽ ഏകദേശം ഒരു ദിവസം പത്തു ലക്ഷത്തിലേറെ ലിറ്റർ വെള്ളം അവിടെ ഒഴുകി എത്തുന്നുണ്ട്. നഗരം വളരുവാണല്ലോ അതിനനുസരിച്ച് ഇവിടേക്ക് എത്തുന്ന വെള്ളവും കൂടുന്നു. അപ്പോ ഇത് അപര്യാപ്തമായി വന്നു. അതുപോലെ ട്രീറ്റ് ചെയ്തതും അല്ലാത്തതുമായ വെള്ളം ഒരുമിച്ചാണ് തോട്ടിലേക്ക് നഗരസഭ ഒഴുക്കികൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ മുപ്പതു ലക്ഷം രൂപ വിലയുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉപകാരമില്ലാതെയായി. ഈ സമയത്താണ് ജനകീയാസൂത്രണത്തിന്റെ ഭാഗമായി റഗുലേറ്റർ കംബ്രിഡ്ജ് സ്ഫാപിക്കുന്നത്. ഇതുവന്നതിനു ശേഷം മൂന്ന് വർഷം ഷട്ടർ ഇട്ടപ്പോൾ ശക്തമായ ഉപ്പ് ഒഴുകാതെ തടസ്സം ചെയ്യാൻ കഴിയും. പിന്നീട് കരിമ്പനത്തോട് ഭാഗത്ത് നിന്ന് മാലിന്യങ്ങൾ ഒഴുകി വരാൻ തുടങ്ങിയപ്പോൾ ഷട്ടർ അടച്ചിടുന്നത് ജനങ്ങൾക്ക് കൂടുതൽ ദുരിതമായതിനാൽ ഗുണകരമല്ലാതെ മാറി പിന്നീടത് തുറന്നിടേണ്ടി വന്നു. അതുകൊണ്ടു തന്നെ ഇപ്പോൾ ഉപ്പ് വെള്ളവും മലിന ജലവും കയറുന്ന അവസ്ഥയാണുള്ളത്. ഇത് വീണ്ടും നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തിപ്പോൾ അവർ ഒന്നും ചെയ്യാൻ തയ്യാറായില്ല.

അങ്ങിനെയാണ് 2013 ജനുവരി ഒന്നിന് ഞങ്ങൾ വീണ്ടും ഒരു കമ്മിറ്റി ഉണ്ടാക്കി കരിമ്പനത്തോട് സംരക്ഷണ സമിതി എന്ന പേരിൽ ഈ പ്രക്ഷോപത്തിന് നേതൃത്വം കൊടുത്തു. ഇതിന്റെ ഭാഗമായി പ്രകടനങ്ങളും സമരങ്ങളുമെല്ലം ഞങ്ങൾ നടത്തിക്കൊണ്ടിരുന്നു എന്നാൽ പരിഹാരം കാണുമെന്നു പറയുകയല്ലാതെ യാതൊരു നടപടിയും നഗരസഭ എടുത്തിരുന്നില്ല. ഈ അടുത്തിടെയാണ് നഗരസഭയുടെ ബസ്റ്റാന്റിലുള്ള മൂത്രപ്പുര സ്വകാര്യ ഏജൻസിക്ക് പുതുക്കിപ്പണിയാൻ കൊടുക്കുന്നത്. ഇതിന്റെ നിർമ്മാണം ആരംഭിച്ചതിന്റെ ശേഷം ഞങ്ങൾ അവിടെ നോക്കിയപ്പോൾ മനസ്സിലായത് വടകര പോലോത്ത ജനങ്ങൾ വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്ന കൺഫട്ട് സ്റ്റേഷന് പറ്റുന്ന ടാങ്ക് അല്ല അവിടെ സ്ഥാപിച്ചത്. ഈ വിഷയം ഉന്നയിച്ച് നഗരസഭക്ക് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ടാങ്കിയിലേക്ക് പോകുന്ന മാലിന്യങ്ങളെല്ലാം തോട്ടിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. ഇത് കരാറുകാരനോട് ചൂണ്ടിക്കാട്ടിയപ്പോൾ പറഞ്ഞത് ഓവർ ഫ്‌ളോ ഉണ്ടാകുമ്പാൾ മാത്രമെ തോട്ടിലേക്ക് പോകൂ എന്നായിരുന്നു. പക്ഷെ ഇതിന്റെ യാഥാർത്ഥ്യം എന്നത് നഗരസഭ തോട്ടിലേക്ക് മാലിന്യം ഒഴുക്കിവിട്ടു എന്നുള്ളതാണ്. ഈ തോട്ടിന്റെ പരിസരത്ത് താമസിക്കുന്ന ജനങ്ങളെ ഇത് ഒരുപാട് പ്രയാസപ്പെടുത്തുകയാണ്. മനം മടുപ്പിക്കുന്ന മണം കാരണം ഇവർക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല. അതിഥികൾക്ക് വരാൻ പറ്റുന്നില്ല, ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല, ആസ്മ പോലോത്തത് ഉള്ള രോഗികൾക്ക് ജീവിതം തള്ളിനീക്കാൻ വളരെ പ്രയാസമാണ്.

ഒരു കല്ല്യാണത്തിന് ആലോചന വന്നാൽ വെള്ളം കുടിക്കാനു പോലും പറ്റില്ല അവർ മൂക്കും പൊത്തി പോവുക എന്നല്ലാതെ തിരിച്ചി വരാറില്ല. സാമാന്യം നല്ല ബന്ധം കിട്ടണമെങ്കിൽ വലിയ പ്രയാസത്തിലേക്ക് ആളുകൾ മാറി. ഇതെല്ലാം നഗരസഭയുടെ ശ്രദ്ധയിൽ പെടത്തിയതാണ്. നഗര സഭാ കൗൺസിലർമാരിൽ മൂന്നുപേർ ഈ തോട്ടിനു അരികെ താമസിക്കുന്നവരാണ്. അവരും ഇത് മിണ്ടാതെ വന്നപ്പോഴാണ് ജനങ്ങളെല്ലാം സംഘടിക്കുന്നത്. ഇതെല്ലാം സി.പിഎമ്മിന്റെ ആളുകൾ ഒക്കെ തന്നെയാണ് ഭരണവും ചെയർമാനും ആളുകളെല്ലാം തന്നെ സിപിഐ(എം) കാർ തന്നെയാണ്. പക്ഷെ ഞങ്ങൾ പറഞ്ഞത് ഇതിൽ ഒരു പരിഹാരം ഉണ്ടാക്കിത്തരണമെന്നേയുള്ളൂ അല്ലാതെ വേറെ താൽപര്യങ്ങളൊന്നും ആർക്കുമില്ല. അങ്ങിനെ വന്നപ്പോഴാണ് നഗരസഭയോട് ഈ ഓവ് പൈപ്പ് തോട്ടിലേക്ക് ഇടരുതെന്ന് പറയുന്നത്. പണി കഴിഞ്ഞിട്ടും തോട്ടിലേക്കിട്ടിരുന്ന പൈപ്പ് നഗരസഭ തുറന്നു കൊടുത്തിരുന്നില്ല.

പിന്നീട് ട്രേഡ് യൂണിയനുകൾ ഒരു ദിവസം സമരം ചെയ്തതിൻരെ പേരിൽ അത് തുറന്നു വിടുകയായിരുന്നു. ഇത് തുറന്നിട്ടാൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്ന് ഞങ്ങൾ സൂചിപ്പിച്ചപ്പോൾ ഇതൊന്നും വക വെയ്ക്കാൻ നഗരസഭ തയ്യാറായില്ല. ഞങ്ങൾ നിരവധി സമര പരിപാടികൾ നടത്തിയെങ്കിലും ഇതെല്ലാം അവഗണിച്ച് അവർ മുന്നോട്ടു പോയി. അങ്ങിനെയാണ് അനിശ്ചിത കാല സത്യാഗ്രഹ നിരാഹാര സമരത്തിന് തീരുമാനമെടുത്തത്. ഈ സമരം ആരംഭിച്ചതിന് ശേഷം ഇവർ മൂന്ന് തവണ ചർച്ചക്ക് വിളിക്കുകയുണ്ടായെങ്കിലും അതിൽ തീരുമാനമൊന്നുമായില്ല. അവസാനം ഇന്നലെ ഞങ്ങളുടെ ആവശ്യം പരിഹരിക്കാമെന്ന ഇറപ്പിന്മേലാണ് സമരം താൽക്കാലികമായി അവസാനിപ്പിച്ചത്. ഇതും വെറും വാക്കിൽ തന്നെ ഒതുങ്ങുകയാണെങ്കിൽ ശക്തമായ സമരമുറയുമായി സമിതി രംഗത്തിവരും. ഇപ്പോഴത്തെ ട്രീറ്റ്‌മെന്റ് സംവിധാനം പരാചയമാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. അതുപോലെ തന്നെ ഒന്നരകോടി രൂപാ ചിലവിൽ പത്തു ലക്ഷം ലിറ്റർ ഉൾകൊള്ളാവുന്ന ടാങ്ക് നിർമ്മിക്കുമെന്ന് പറഞ്ഞു. ഇതിന് ഏഴ് മാസത്തെ കാലാവധിയും വേണം. അതുവരെ ഞങ്ങൾ പറയുന്ന പോലെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഒഴുക്കി വിട്ട് ബാക്കി ദിവസങ്ങളിൽ തടഞ്ഞു നിർത്തുന്ന അവസ്ഥ വേണം . ഇത് രണ്ട് ദിവസം സഹിച്ചാൽ മതിയല്ലോ.. ഇതെല്ലാം നഗരസഭ അംഗീകരിച്ചെങ്കിലും നഗരസഭയുടെ കംഫട്ട് സ്റ്റേഷന്റെ ഓവ് പൈപ്പ് നീക്കം ചെയ്യണമെന്ന ആവശ്യം മുമ്പ് അംഗീകാരിച്ചില്ല.

ആയിരത്തോളം തൊഴിലാളികൾ ഉപജീവനം നടത്തിയിരുന്ന ഒരു വ്യവസായ കേന്ദ്രമായിരുന്നു കരിമ്പനത്തോട്. ഇന്ന് ഇത് മലിനമായതോടെ ആരും ഇതിൽ ഇറങ്ങാതായി. ഇവർക്കെല്ലാം പണിയില്ലാണ്ടായി. പല മില്ലുകളും കച്ചവട സ്ഥാപനങ്ങലും ഇത് തുടർന്ന് കൊണ്ടു പോകാൻ കഴിയാതെ അവരെല്ലാം പൂട്ടി മറ്റു മാർഗ്ഗങ്ങളിലേക്ക് പോയി. ഇന്ന് ആരും ഈ തോട്ടിലേക്ക് ഇറങ്ങുന്നേ ഇല്ല. ഞങ്ങൾ നടത്തുന്ന സമരം ആർക്കും എതിരെയല്ല ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു വേണ്ടിയാണ്. സി.പിഎമ്മിനോട് ഞങ്ങൾക്കാർക്കും ഒരു വിരോധവുമില്ല ആര് ഭരിച്ചാലും പൊതുജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാതെ ഇവർക്ക് മുന്നോട്ടു പോവാൻ കഴിയില്ല. മാത്രമല്ല. ഞങ്ങളുടെ ഈ സമരത്തിൽ പങ്കെടുക്കുന്നവരും നേതൃത്വം കൊടുക്കുന്നവരുമെല്ലാം സി.പി.എമ്മുകാർ തന്നെയാണ് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയുമൊക്കെ വിവിധ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നവരാണ്. ഞങ്ങളെല്ലാം ഭരണസമിതിയോടും പാർട്ടി നേതൃത്വത്തോടും പറഞ്ഞതാണ് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാതെ മുന്നോട്ടു പോകാൻ കഴിയില്ലെന്ന്. ഈ ജനങ്ങളെല്ലാം തന്നെ വർഷങ്ങലായിട്ട് സി.പി.എമ്മിന്റെ കൂടെ നിൽക്കുന്നവരാണ്. പാർട്ടിക്കു വോട്ടു ചെയ്യുന്നവരാണ്.


ഇതിൽ മററ്റൊരു പ്രയാസമുണ്ടാക്കുന്ന കാര്യമെന്നത് പാർട്ടി നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ലാ എന്നുള്ളതാണ്. നേതൃത്വമിപ്പോൾ സമരത്തെ എതിർക്കണമെന്നോ അനുകൂലിക്കണമെന്നോ പറഞ്ഞിട്ടില്ല. ഒരു മൗന സമ്മതമാണ് സമരത്തിന് പാർട്ടിയുടെ നിലപാട് ഇതുവരെ. ഈ സമരത്തിനിപ്പോൾ എല്ലാ പാർട്ടിക്കാരുടെയും ജനങ്ങളുടെയും പിന്തുണ ഉണ്ടെങ്കിലും സജീവമായി പങ്കെടുക്കുന്നത് സിപിഐ(എം) പ്രവർത്തകരും അനുപാവികളുമാണ്. ഭരണ സമിതി പറയുന്നതു പോലെ സിപിഐ(എം) വിരുദ്ധർ നടത്തുന്ന സമരമല്ല എന്നുള്ളതിന് തെളിവാണിത്. ഞാനുൾപ്പടെ മൂന്ന് ബ്രാഞ്ച് സെക്ക്രട്ടറിമാറി ഈ സമര സമിതിയുടെ ഭാരവാഹികളാണ്.

ഈ സമരം ഞങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കണമെങ്കിൽ ഇവിടേക്ക് സമഗ്ര അഴുക്കുചാൽ പദ്ധതി കൊണ്ടു വരണം അതു പോലെ എല്ലാവർക്കും മാതൃകയാകേണ്ട നഗരസഭ പുറം തള്ളുന്ന മാലിന്യത്തിന്റെ പൈപ്പ് നീക്കം ചെയ്യണം എന്നുള്ളതാണ്. 1958ൽ വടകര നഗരസഭ രൂപം കൊണ്ട ശേഷം ഇന്നേ വരെ ഒരു നഗരസഭക്ക് അത്യന്താപേക്ഷികമായ അഴുക്കുചാൽ പദ്ധതി ആധുനിക കാലഘട്ടത്തിൽ ഒരു നഗരസഭ രൂപീകരിക്കുമ്പോൾ സമഗ്രമായൊരു ഓവുചാൽ പദ്ധതിയും ഇവർ കാണേണ്ടതല്ലേ..അത് ഇതുവരെ കൊണ്ടു വാരാത്തത് നഗരസഭയുടെ പരാചയം തന്നെയാണ്. നമ്മളൊക്കെ പഠിക്കുമ്പോൾ മനസിലാക്കിയ മോഹൻജദാരോ, ഹാരപ്പ സംസ്‌കാരത്തിലൊക്കെ അന്ന് തന്നെ ഇത്തരം സംവിധാനങ്ങൾ ഉണ്ടായിരുന്നു എന്നുള്ളതാണ്.

ഞങ്ങൾക്കുള്ളരു വലിയ സംശയമെന്നത്, നിലവിൽ എൽ.ഡി.എഫ് ഭരിക്കുന്ന ഈ മുനിസിപ്പാലിറ്റിയിൽ സ്വാഭാവികമായും ഒരു പ്രതിപക്ഷം ഇവിടെ ഉണ്ടല്ലോ..സാധാരണ രീതിയിൽ ജനങ്ങൽ നേരിടുന്ന ഒരു പ്രശ്‌നം വരുമ്പോൾ പ്രതിപക്ഷം എന്ന നിലയിൽ ഇത് കൈകാര്യം ചെയ്യേണ്ടതല്ലേ..,പക്ഷെ ഇവിടത്തെ പ്രതിപക്ഷം ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇതുവരെ തയ്യാറായിട്ടില്ല. കോൺഗ്രസും തയ്യാറായിട്ടില്ല മുസ്ലിംലീഗും തയ്യാറായിട്ടില്ല ബിജെപി കൗൺസിലർമാരില്ല എങ്കിൽ പോലും അവർക്ക് സ്വാധീനമുള്ള മോഖലയാണല്ലോ, പക്ഷെ അവരും മുന്നോട്ടു വന്നിട്ടില്ല. ഇതെല്ലാം ഞങ്ങൾക്കു വല്ലാത്ത അതൽഭുതമാണ് തോന്നുന്നത്, അതോടൊപ്പെ ശംശയവും. ഇനി ഭരണം മാറി ഇവരുടെ കയ്യിൽ കിട്ടിയാൽ ഇവർക്കും പരിഹരിക്കാൻ കഴിയില്ല എന്ന തോന്നലാണോ?.. സ്ഥലം എം.ൽ.എ ഇതുവരെ ഇങ്ങോട്ട് വന്നിട്ടില്ല,അവർക്കൊക്കെ ഇത് അറിയാലോ..

ഞങ്ങൾക്ക് അധികാരികളോടും നോതൃത്വത്തോടും പറയാനുള്ളത് ജനങ്ങളനുഭവിക്കുന്ന ഈ പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുകയും വരും തലമുറക്കു കൂടി ഉപകരിക്കുന്ന തരത്തിലുള്ള പദ്ധതികളും കൊണ്ടുവരണമെന്നുള്ളതാണ്, അതുകൊണ്ട് ഇന്നലെ സത്യാഗ്രഹ സമരം ആവശ്യം അംഗീകരിക്കാമെന്ന ഉറപ്പിന്മേൽ താൽക്കാലികമായി അവസാനിപ്പിച്ചെങ്കിലും ഞങ്ങൾ പറയുന്നത് അംഗീകരിക്കാതെ ഈ സമരം പൂർണ്ണമായി പിൻവലിക്കുന്ന പ്രശ്‌നമില്ല, ഈ സമരം ദൈനംദിനം ശക്തമായി തന്നെ മുന്നോട്ടു കൊണ്ടുപോകും..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP