Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

'നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് കടൽ നിരപ്പല്ല' എന്ന ആഗോള സമുദ്ര സമ്മേളനത്തിന്റെ മുദ്രാവാക്യം ഒരിക്കൽ കൂടി നമുക്കേറ്റു ചൊല്ലാം; കേരളീയ ജനത എങ്കിലും അവസരത്തിനൊത്തു നമ്മുടെ കടലിനെയും കടൽ തീരങ്ങളെയും സംരക്ഷിക്കും എന്നോർത്ത്; നമ്മുടെ ഭാവിയും നിലനിൽപ്പും നമ്മുടെ സമുദ്രങ്ങൾ: രവിശങ്കർ കെ വി എഴുതുന്നു

'നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് കടൽ നിരപ്പല്ല' എന്ന ആഗോള സമുദ്ര സമ്മേളനത്തിന്റെ മുദ്രാവാക്യം ഒരിക്കൽ കൂടി നമുക്കേറ്റു ചൊല്ലാം; കേരളീയ ജനത എങ്കിലും അവസരത്തിനൊത്തു നമ്മുടെ കടലിനെയും കടൽ തീരങ്ങളെയും സംരക്ഷിക്കും എന്നോർത്ത്; നമ്മുടെ ഭാവിയും നിലനിൽപ്പും നമ്മുടെ സമുദ്രങ്ങൾ: രവിശങ്കർ കെ വി എഴുതുന്നു

രവിശങ്കർ കെ വി

 ജൂൺ 8. ഇന്ന് ലോക സമുദ്ര ദിനമാണ്. ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും. മനുഷ്യസമൂഹത്തിന്റെ ഭീതിദമായ ഒരു യാഥാർഥ്യമായി അവ നാം അനുഭവിച്ചു തുടങ്ങുകയും ചെയ്തിരിക്കുന്നു. കാലാവസ്ഥ മാറ്റത്തിന്റെ ആദ്യത്തെ ഇരകൾ ഏറ്റവും പാരിസ്ഥിതിക ദുർബല പ്രദേശങ്ങളായ കടൽ തീരങ്ങളാകുമെന്നത് ശാസ്ത്ര ലോകം നിരീക്ഷിച്ചിട്ടുള്ളതാണ്.

നിലനിൽപ്പിനായുള്ള മനുഷ്യരാശിയുടെ അവസാന നിമിഷ പോരാട്ടത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നായ മഹാസമുദ്രങ്ങളുടെയും കടലുകളുടെയും വീണ്ടെടുപ്പിനായി 1992 മുതൽ കുറെയേറെ ലോകരാഷ്ട്രങ്ങൾ മുൻകൈ എടുത്തു നടത്തുന്ന ഒരു ശ്രമത്തിന്റെ പരിണിതഫലമായി 2009 ജൂൺ 8 മുതൽ ഐക്യരാഷ്ട്ര സംഘടനയുടെ അഹ്വാന പ്രകാരം ആഗോളതലത്തിൽ ആഘോഷിക്കപ്പെടുന്ന, ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിനം എന്ന് ഒറ്റനോട്ടത്തിൽ പറയാം.

ഭൂമിയുടെ 70 % ത്തിൽ അധികം വ്യാപിച്ചു കിടക്കുന്ന സമുദ്രത്തെ പാടെ അവഗണിച്ചു, മനുഷ്യൻ നൂറ്റാണ്ടുകളോളം കാട്ടിക്കൂട്ടിയ പരാക്രമത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, കൊറോണ വൈറസ് മഹാമാരി. അത് ലോകമാകെയുള്ള മനുഷ്യരെ മുഴുവൻ ഒരു മുറിക്കുള്ളിൽ തളക്കപ്പെടുന്നതിന് മുൻപ് തന്നെ ശാസ്ത്ര-പരിസ്ഥിതി സമൂഹം മുഴുവൻ മുന്നറിയിപ്പ് നൽകിയതാണ്, ഭൂമിയുടെ വീണ്ടെടുപ്പ്. അതിൽ ഏറ്റവും പ്രാധ്യാന്യം അർഹിക്കുന്ന പ്രവർത്തനങ്ങൾ നടത്തേണ്ടത്, സമുദ്ര സംരക്ഷണത്തിൽ ആണെന്നും എല്ലാവരും അക്കമിട്ടു നിരത്തിയിട്ടും രാഷ്ട്രതലവന്മാരോ, സാധാരണ ജനതയെ അത് ചെവികൊണ്ടില്ല എന്നതിന്റെ പാശ്ചാത്തലത്തിൽ കൂടിയാണ് ഇത്തവണ ലോക സമുദ്ര ദിനം ആഘോഷിക്കുന്നത്.

സുസ്ഥിര സമുദ്രത്തിനായുള്ള നൂതനനാശയങ്ങൾ എന്നതാണ്, ഇത്തവണത്തെ സമുദ്ര ദിനാശയം. ഈ കോവിഡ് കാലത്തും ഐക്യരാഷ്ട്ര സംഘടനയും വേൾഡ് ഇക്കണോമിക് ഫോറം പോലുള്ള ഇതര പ്രസ്ഥാനങ്ങളും സജീവമായി സമുദ്രങ്ങളെ, അതിലെ ജീവജാലങ്ങളെ അതിലൂടെ ഭൂമിയിലെ കരയിൽ ജീവിക്കുന്ന മനുഷ്യ റഷ്യയെയും ജൈവ വൈവിധ്യത്തേയും രക്ഷിച്ചെടുക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനുള്ള ഭഗീരഥ ശ്രമത്തിൽ ആണ്. ഈ ജൂൺ 1 മുതൽ 5 വരെ ആഗോള സമുദ്ര സംരക്ഷണ വിർച്വൽ കോൺഫറൻസ് നടക്കുകയായിരുന്നു. അതിൽ പങ്കെടുക്കാൻ സാധിച്ച ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ മനസ്സിലായ കാര്യങ്ങൾ നമ്മുടെ കേരളത്തിന്റെ നിലനിൽപ്പിന് പോലും എന്ത് മാത്രം പ്രാധ്യാന്യം ഉണ്ടെന്നു മനസ്സിലാക്കുന്നത്.

വിവിധ രാഷ്ട്രതലവന്മാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും മാധ്യമ പ്രവർത്തകരും അടക്കം തിരഞ്ഞെടുക്കപ്പെട്ട 300 ഓളം പേർ പങ്കടുക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത് വരെ ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പ്ലാസ്റ്റിക് മാലിന്യവും മാത്രമാണ് സമുദ്രത്തിന്റെ നിലനിൽപ്പിന് ഏറ്റവും വിഘാതം എന്നാണ് ധരിച്ചിരുന്നത്. അതിലേറെ കടലിൽ നടക്കുന്ന ഓരോ ചെറിയ മാറ്റം പോലും മനുഷ്യകുലത്തെ ഒന്നായി ഇല്ലാതാക്കുമെന്ന മുന്നറിയിപ്പാണ് ലോകത്തിന് മുന്നിൽ സമർപ്പിക്കപ്പെട്ടത്.

കോവിഡ് മൂലം തകർന്നടിഞ്ഞ ടൂറിസം മേഖലയാണ്, കഴിഞ്ഞ നിരവധി വർഷങ്ങളായി, ആഗോള തലത്തിൽ സമുദ്ര സംരക്ഷണത്തിൽ മുഖ്യപങ്കു വഹിക്കുന്നതെന്നും ആ മേഖലയുടെ സാമ്പത്തിക സഹായം ഇല്ലായിരുന്നെകിൽ ഇന്ന് 7 % മാത്രം നടക്കുന്ന സംരക്ഷണ പ്രവർത്തനം പോലും നടക്കില്ലായിരുന്നു എന്നും ടൂറിസം മേഖല ഉയർത്തെഴുന്നേറ്റില്ലെങ്കിൽ, നമ്മുടെ സമുദ്രങ്ങളുടെ സംരക്ഷണവും വീണ്ടെടുപ്പും മുഴുവൻ വലിയ പ്രതിസന്ധിയിൽ ആകും എന്ന് സമ്മേളനത്തിന് മുന്നോടിയായുള്ള ആമുഖത്തിൽ പറയുമ്പോൾ കഴിഞ്ഞ 30 വർഷമായി, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പോലും അമ്പരപ്പായിരുന്നു.
2015 ൽ ഐക്യരാഷ്ട്രസഭ സുസ്ഥിര വികസനത്തിനായുള്ള 17 ഇന ആഗോള സൂചികകൾ പുറത്തിറക്കിയപ്പോൾ, അതിലൊരു ഇനം മാത്രമായിരുന്നു സമുദ്ര സംരക്ഷണം. 2030 ൽ ലഷ്യം നേടുമ്പോൾ അന്ന് വരെ 3 % മാത്രം സംരക്ഷിക്കപ്പെട്ടു പോന്നിരുന്ന, സമുദ്രത്തിന്റെ 30 % എങ്കിലും എത്തിക്കണമെന്നായിരുന്നു ഉദ്ദേശ്യം. എന്നാൽ 5 വര്ഷം കഴിയുമ്പോൾ ആ ലക്ഷ്യത്തിന്റെ അടുത്ത് പോലും എത്തിയിട്ടില്ല എന്നും ഈ കോവിഡ് മഹാമാരി ആ ലക്ഷ്യം ഇനിയും അകലെയാണെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുമ്പോൾ നാം പേടിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യയുടെ കാര്യം എടുത്താൽ ഏകദേശം 7516 കിലോമീറ്റര് നീളമുള്ളതാണ് നമ്മുടെ സമുദ്രതീരം. അറബി കടലും ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും ചേർന്ന നമ്മുടെ രാജ്യത്തിന്റെ സമുദ്ര സമ്പത്ത് ശരിക്കും വിലമതിക്കാനാവാത്തതാണ്. ലോകത്തെ ഏറ്റവും വലിയ സമുദ്രജൈവ വൈവിധ്യങ്ങളിൽ ഒന്നായ വെഡ്ജ് ബാങ്ക്, ഏഴെണ്ണമുള്ളതിൽ ഒന്ന് നമ്മുടെ കേരള തീരത്താണ്. കേരളത്തിന്റെ 580 കിലോമീറ്റര് നീളമുള്ള സമുദ്രതീരം നമ്മുടെ സംസ്ഥാനത്തിന്റെ കാലാവസ്ഥയിലും മനുഷ്യന്റെ നിലനിൽപ്പിനും നൽകുന്ന സംഭാവനയും വളരെ വലുതാണ്. നിർഭാഗ്യവശാൽ വിഴിഞ്ഞം പോർട്ട് പദ്ധതി പണി തുടങ്ങിയതോടെ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തെ ലക്ഷകണക്കിന് മൽസ്യതൊഴിലാളികൾക്ക് വര്ഷം മുഴുവൻ മത്സ്യ സമ്പത്ത് നിർലോഭം നൽകിയിരുന്ന കടലിനടിയിലെ ഒരു മഹാ ജൈവ സമ്പത്തു നാം വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ കൂട്ട് നിന്നിരുന്നു. ഇതിന്റെ പ്രത്യാഘാതം നാം ഭാവിയിൽ അനുഭവിക്കാൻ ഇരിക്കുന്നതെ ഉള്ളൂ.

എന്നാൽ ദേശീയ സമുദ്രതീര ഗവേഷണ കേന്ദ്രം 1990 മുതൽ 2016 വരെ നടത്തിയ നീണ്ടകാലത്തെ പഠന റിപ്പോർട്ടിൽ പറയുന്നത്, അശാസ്ത്രീയമായ വികസന നയങ്ങൾ കാരണം, നമ്മുടെ തീരങ്ങളുടെ 40 % കടലെടുത്തു എന്നാണ്. ഒരു ഭാഗത്ത് കര കടലെടുക്കുമ്പോൾ, മറുഭാഗത്ത് കരവിസ്താരം കൂടുന്നു എന്ന പ്രതിഭാസവും ശ്രദ്ധേയമാണ്. ആ പഠനത്തിന്റെ വിശകലനത്തിൽ നിർഭാഗ്യവശാൽ ഏറ്റവും കൂടുതൽ ഭീതി ഉണർത്തിയ കണ്ടെത്തൽ ഉണ്ടായതു നമ്മുടെ കേരളത്തിന്റെ കാര്യത്തിലാണ്. കേരളത്തിന്റെ 33 % കടലെടുത്ത് പോയി. 40 % കര കടലെടുത്തപ്പോൾ നമുക്ക് കര തിരിച്ചു കിട്ടിയത് വെറും 7 % മാത്രം. അതായത് കഴിഞ്ഞ 25 വർഷം കൊണ്ട്, കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ മൂന്നിലൊന്നും കടൽ കൊണ്ട് പോയി. എന്നിട്ടും ഇതൊന്നും നമ്മുടെ ഭരണ, രാഷ്ട്രീയ, ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ആയത് പോലുമില്ല എന്നതാണ്. ഒരിഞ്ചു ഭൂമിക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന, മാധ്യമങ്ങളും സമൂഹവും ഇത്രമാത്രം ഉണർന്നിരിക്കുന്ന ഒരു സമൂഹത്തിൽ ഏതാണ് സ്ഥിതി എങ്കിൽ മറ്റുള്ള സ്ഥലങ്ങളുടെ കാര്യം ഒന്നോർത്തു നോക്കൂ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമുദ്രതീരം നഷ്ടപ്പെട്ട സംസ്ഥാനം പശ്ചിമ ബംഗാൾ ആയിരുന്നു. 63 % ആണ് അവരുടെ കര കടൽ കൊണ്ട് പോയത്. ഏകദേശം 90 ചതുരശ്ര കിലോമീറ്റർ വരുന്ന ഭൂവിഭാഗം. പ്രകൃതി അവർക്ക് തിരിച്ചു നൽകിയത് 24 % മാത്രമാണ്. അതിന്റെ നേട്ടം ഉണ്ടായത് ഒഡിഷക്കും ആന്ധ്രപ്രദേശിനും ആണ്.

സാധാരണയായി കടൽ നിരപ്പുയരുകയും തന്മൂലമുള്ള തീരശോഷണവും ഒരു സ്വാഭാവിക പ്രതിഭാസമാണ്. എന്നാൽ ആഗോളതാപനം കടൽ നിരപ്പിന്റെ ക്രമാതീതമായ വർദ്ധനക്കിടയാക്കുകയും അതുമൂലമുള്ള തീരശോഷണം പതിന്മടങ്ങ് വേഗത്തിലാക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെയാണ് വികസനത്തിനായി മനുഷ്യന്റെ ഇടപെടലുകൾ വരുത്തുന്ന പ്രത്യാഘാതങ്ങളും.


നാഷണൽ സെന്റർ ഫോർ സസ്റ്റൈനബിൾ കോസ്റ്റൽ മാനേജ്മന്റ് (NCSSM) പുറത്തിറക്കിയ കേരള തീരത്തെ പറ്റിയുള്ള സമഗ്ര പഠനത്തിൽ വളരെ വ്യക്തമായി തന്നെ നമ്മുടെ തീരത്തെ കടലിന്റെ സ്വഭാവത്തെ പറ്റിയും, ഒഴുക്കിന്റെ ഗതിവിഗതികളെ കുറിച്ചും കൃത്രിമ പാരുകളും, മത്സ്യ ബന്ധന തുറമുഖ നിർമ്മിതിക്കു ശേഷം കരയുടെ തെക്കും, വടക്കും തമ്മിലെ വ്യത്യാസങ്ങളുടെ ഉപഗ്രഹ മാപ്പ് സഹിതം പറഞ്ഞിട്ടുണ്ട്. നമ്മുടെ ഫിഷറീസ് - ഹാർബർ എഞ്ചിനീയറിങ് വകുപ്പുകൾക്ക് മാത്രമേ ഇക്കാര്യത്തിൽ സംശയമുള്ളൂ. കേരള തീരത്തിന്റെ സ്ഥിര നിലനിൽപ്പിനായി യുദ്ധകാലാടിസ്ഥാനത്തിൽ നവീന മാതൃകകൾ സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു. കേരളത്തിന്റെ പശ്ചിമഘട്ട മലനിരകൾ മുഴുവൻ വലിയ പാരിസ്ഥിതിഘാത സംഘർഷത്തിലാണ്. നമ്മുടെ അശാസ്ത്രീയമായ നിർമ്മാണ രീതികളും വികസന മാതൃകകളും ഏറ്റവും കൂടുതൽ മുറിവേൽപ്പിച്ചത് മലനിരകളെ ആണെങ്കിൽ അതിന്റെ ഫലമായുണ്ടാകുന്ന വെള്ളപ്പൊക്ക കെടുതി അനുഭവിക്കാൻ യോഗമുണ്ടായത് നമ്മുടെ ഇടനാടിനെയാണ്.

ഇതിനേക്കാൾ ക്ർരോരമായ തരത്തിൽ ആണ് നാം നമ്മുടെ കടലിനോടും കടൽ തീരങ്ങളോടും പെരുമാറി കൊണ്ടിരിക്കുന്നത്. വളരെ ശാസ്ത്രീയമായ രീതിയിൽ, കടലറിവിന്റെ സ്വതം ഉൾക്കൊണ്ട് മത്സ്യ തൊഴിലാളിൽ മേഖലയിലെ വിദഗ്ധരെ മുഖവിലയ്ക്കെടുത്തു കൊണ്ടുള്ള സുസ്ഥിര വികസന നയങ്ങൾ പ്രഖ്യാപിച്ചില്ലെങ്കിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടു കൊണ്ട് നഷ്ടപ്പെട്ട കര കേരളത്തിന്റെ മൂന്നിലൊന്ന് ആണെങ്കിൽ അടുത്ത കാൽ നൂറ്റാണ്ടിൽ ഇനിയുള്ള ഭൂവിസ്തൃതിയുടെ പകുതിയും കടലെടുക്കുന്ന കാഴ്ച മലയാളികൾ കാണേണ്ടി വരും. ഇത് വരെയുള്ള എല്ലാ പഠനങ്ങളും വിശകലനങ്ങളും അതാണ് തെളിയിക്കുന്നത്. എന്നാൽ നമ്മുടെ ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥ വൃന്ദവും ഇതൊന്നും കണ്ടതായി പോലും ഭാവിക്കുന്നില്ല എന്നതാണ് നാം നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം.

യാതൊരു ശാസ്ത്രീയ സാങ്കേതിക പഠനങ്ങളും ഇല്ലാതെ നടപ്പിലാക്കുന്ന നമ്മുടെ വികസന പദ്ധതികൾ അത് വിഴിഞ്ഞം പോർട്ട് ആയാലും സെമി ഹൈ സ്പീഡ് കോറിഡോർ റെയിൽവേ പദ്ധതി ആണെങ്കിലും ദൂര വ്യാപക പാരിസ്ഥിതിക, സാമ്പത്തിക സാമൂഹിക ആഘാതം മാത്രമേ സൃഷ്ടിക്കുകയുള്ളൂ. ഒരു മഹാപ്രളയവും കോവിദഃ മഹാമാരിയും നമ്മെ ഒന്നും പഠിപ്പിച്ചിട്ടില്ല എന്ന തിരിച്ചറിവിൽ ഒരു സമുദ്ര ദിനം കൂടി കടന്നു പോകുമ്പോൾ നമുക്ക് പ്രതീക്ഷയോടെ ഭാവിയെ നോക്കി കാണാൻ മാത്രമേ സാധിക്കൂ. അത് വെറും ഒരു വ്യാമോഹം മാത്രമാണെങ്കിൽ പോലും...കടലിനെ സംരക്ഷിക്കാൻ 'നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് കടൽ നിരപ്പല്ല' എന്ന 2014 ൽ മാലി ദ്വീപിൽ നടന്ന ആഗോള സമുദ്ര സമ്മേളനത്തിന്റെ മുദ്രാവാക്യം ഒരിക്കൽ കൂടി നമുക്കേറ്റു ചൊല്ലാം. കേരളീയ ജനത എങ്കിലും അവസരത്തിനൊത്തു നമ്മുടെ കടലിനെയും കടൽ തീരങ്ങളെയും സംരക്ഷിക്കും എന്നോർത്ത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP