Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികൾക്കും സ്തുതി

ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികൾക്കും സ്തുതി

നന്ദം കൊണ്ടെനിക്ക് ഇരിക്കാൻ വയ്യേ.., ഇത് ഒരു പരസ്യ വാചകത്തിന്റെ ഭാഗമാണ്. കേരളത്തിലെ കത്തോലിക്കാ പൗരോഹിത്യം ഇപ്പോൾ ഈ മാനസികാവസ്ഥയിലാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ്ഫലം പുറത്ത് വന്ന് ഇടുക്കിയിലെ ഇടതുവിജയം ഉറപ്പായപ്പോൾ ആവേശപൂർവ്വം അവിടുത്തെ ബിഷപ്പ് ഇടതുമുന്നണി ഇടുക്കി ജില്ലാ കൺവീനറുടെ സ്വരത്തിൽ പ്രതികരിച്ചത് തന്നെ ഈ മാനസികാവസ്ഥയുടെ തെളിവാണ്. തങ്ങൾ നിശ്ചയിക്കുന്നതുപോലെ പൊതുകാര്യങ്ങൾ നടക്കുന്നു എന്നറിയുമ്പോൾ ആർക്കാണ് സന്തോഷവും അഭിമാനവും അൽപം ഹുങ്കും തോന്നാത്തത്. ഇത്തരം ലൗകിക സ്വഭാവങ്ങൾ കൊഴിച്ചുകളഞ്ഞ് സ്ഥിതപ്രജ്ഞരായിത്തീർന്ന ആചാര്യന്മാരല്ലല്ലോ ഇക്കാലത്ത് ഇടയസിംഹാസനങ്ങളിൽ വാണരുളുന്നത് എന്ന് നമ്മുക്ക് സമാധാനിക്കാം.


മതപൗരോഹിത്യങ്ങളും സമുദായ നേതൃത്വങ്ങളും ജയരാജഭാഷയിൽ പ്രതികരിക്കുന്നതും പെരുമാറുന്നതും എന്തുകൊണ്ടാണെന്ന് ജനാധിപത്യബോധമുള്ളവർ ആലോചിക്കണം. തിരഞ്ഞെടുപ്പുകൾ ഇനിയും വരും. ജനപ്രതിനിധികളെ പൗരോഹിത്യം നിശ്ചയിക്കും എന്ന നിലയിലേക്ക് കാര്യങ്ങൾ പുരോഗമിക്കുന്നത് ആത്മാഭിമാനബോധമുള്ള രാഷ്ട്രീയ പ്രവർത്തകർക്കും പൊതുസമൂഹത്തിനും ഉൾക്കൊള്ളാനാകുമോ?. പൗരോഹിത്യം അതതുകാലത്തെ ഭരണകൂടങ്ങൾക്കുമേൽ സമ്മർദ്ദങ്ങളുയർത്താൻ ശ്രമിക്കുന്നത് പുതിയകാര്യമല്ല. പൊതുസമൂഹത്തിന്റെ നന്മയെ കരുതിയുള്ള മൂല്യാധിഷ്ഠിത നിലപാടുകളുടെ സമ്മർദ്ദങ്ങളല്ല അവരുയർത്താറുള്ളത്. സ്വന്തം കുഞ്ഞാടുകളുടെ ശ്രേയസ്സ് ലക്ഷ്യമാക്കിയുള്ള സമ്മർദ്ദതന്ത്രങ്ങളുമല്ല. സ്വന്തംനിയന്ത്രണത്തിലുള്ള സ്ഥാപനവൽകൃത സാമ്രാജ്യത്തിന്റെ മേൽക്കോയ്മ നിലനിർത്തുന്നതിനും ബലപ്പെടുത്തുന്നതിനുമുള്ള താൽപ്പര്യങ്ങളാണ് മറ്റുപല രൂപത്തിൽ പൗരോഹിത്യത്തിന്റെ ഭാഗത്തു നിന്നുണ്ടാവാറുള്ളത് .എന്നാൽ പ്രസ്താവനകളും ആഹ്വാനങ്ങളും വഴി ചില ബഹളങ്ങളുണ്ടാക്കാൻ കഴിയുന്നതിനപ്പുറത്ത് വൻതോതിൽ ജനങ്ങളെ സമരസജ്ജരാക്കാൻ സമീപകാലത്തൊന്നും പൗരോഹിത്യത്തിന് കഴിഞ്ഞിരുന്നില്ല. അതിന് ആഗ്രഹിക്കാഞ്ഞിട്ടോ ശ്രമിക്കാഞ്ഞിട്ടോ അല്ല; മറിച്ച് കുഞ്ഞാടുകളെ പറ്റം പറ്റമായി അണികളായി കിട്ടുന്നുണ്ടായിരുന്നില്ല. വിമോചനസമരകാലത്തിനു ശേഷം ഗാഡ്ഗിൽ കാലത്തിലാണ് വൻതോതിൽ ജനങ്ങളെ തെരുവിലിറക്കാൻ പൗരോഹിത്യത്തിന് കഴിഞ്ഞത്, ഇടയന്മാരെക്കുറിച്ച് ഉണ്ടായിക്കൊണ്ടിരുന്ന തിരിച്ചറിവിൽ നിന്ന്, തങ്ങളുടെ രക്ഷകർ ഇവരല്ലാതെ മറ്റാരാണ് എന്ന നിസ്സഹായതാബോധത്തിലേക്ക് കുഞ്ഞാടുകൾ കൂപ്പുകുത്തി. പൊതുവിൽ ഇടയന്മാരുടെ രാഷ്ട്രീയ ഇടപെടലുകളും ഇടങ്കോലുകളും ആർക്കുവേണ്ടിയാണെന്ന് മനസ്സിലാക്കിയിട്ടുള്ള വിശ്വാസികൾ ഉൾപ്പെടെ അവർക്കു പിന്നിൽ അണിനിരന്നു. ഇതൊരു പിന്നോട്ടു നടത്തമാണ്. ഇടയന്മാരുമായി നേരിട്ട് ഇടയാൻ ചുരുക്കം ചില 'പുലി'ക്കുന്നന്മാരെ ഉണ്ടായിരുന്നുള്ളു എങ്കിലും അത്തരമാളുകൾ ഉയർത്തിപ്പിടിച്ച മനോഭാവം വ്യാപകമാവുന്നുണ്ടായിരുന്നു. യേശുവിലാണെൻ വിശ്വാസം കീശയിലാണെൻ ആശ്വാസം എന്ന വിളിക്കാത്ത മുദ്രാവാക്യം പൗരോഹിത്യത്തിന്റെ തിരുനെറ്റിയിൽ എഴുതിവച്ചിരിക്കുന്നത് വായിക്കാൻ ശേഷിയുള്ള വിശ്വാസികളുടെ എണ്ണം ചെറുതല്ലായിരുന്നു. ദശകങ്ങൾ കൊണ്ടുണ്ടായിവന്ന ഈ മാറ്റങ്ങളെല്ലാം അസാധുവാക്കാൻ കിട്ടിയ ആയുധങ്ങളായി ഗാഡ്ഗിൽ- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു.

ഗാഡ്ഗിൽ റിപ്പോർട്ട് പശ്ചിമഘട്ട സംരക്ഷണകാര്യത്തിൽ ഉദ്ദേശ ശുദ്ധിയുള്ള ഒന്നാണെന്ന് ആ വിഷയത്തെക്കുറിച്ച് പ്രാഥമിക ധാരണയുള്ളവരെല്ലാം സമ്മതിക്കും. എന്നാൽ ആ റിപ്പോർട്ടിൽ, അത് തയ്യാറാക്കിയ വിദഗ്ദന്മാരുടെ ജനബന്ധമില്ലായ്മയിൽ നിന്നുണ്ടായ ചില വീഴ്ചകളുണ്ടെന്നതും ജനകീയ തലത്തിലെ യാഥാർത്ഥ്യങ്ങൾ അറിയുന്നവർ അംഗീകരിക്കും. കസ്തൂരിരംഗൻ റിപ്പോർട്ട് ഉദ്ദേശശുദ്ധിയില്ലാത്തതും പരിസ്ഥിതിലോല പ്രദേശങ്ങളുടെ നിർണ്ണയത്തിൽ വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമാണെന്നതും വ്യക്തമാണ്. ഈ റിപ്പോർട്ടുകളുടെ ഫലമായി പശ്ചിമഘട്ടത്തിലെ ജനങ്ങൾക്കിടയിലുണ്ടായ അങ്കലാപ്പ് തങ്ങൾക്ക് കൃഷിയിറക്കാനുള്ള വളക്കൂറുള്ള മണ്ണാണെന്ന തിരിച്ചറിവ് പൗരോഹിത്യത്തിനുണ്ടായി. ഗാഡ്ഗിൽ റിപ്പോർട്ടിലെ പോരായ്മകൾ യഥാസമയം ജനമദ്ധ്യത്തിലവതരിപ്പിക്കാനും അവയ്ക്ക് പരിഹാരം നിർദ്ദേശിക്കാനുമുള്ള ജനാഭിപ്രായരൂപീകരണത്തിന് മുൻകൈയെടുക്കേണ്ട രാഷ്ടീയ കക്ഷികൾ നിർബ്ദതപുലർത്തി. ആ നിശബ്ദത തന്ത്രപരമായിരുന്നു എന്നു കരുതുന്നതിലും തെറ്റില്ല. പശ്ചിമഘട്ട മേഖലയിലെ ഖനനതാൽപര്യങ്ങൾ പങ്കുവയ്ക്കുന്നവർ ഉയർന്ന രാഷ്ട്രീയ നേതൃത്വമണ്ഡലത്തിലുള്ളർ കൂടിയാണല്ലോ. ഗാഡ്ഗിൽ റിപ്പോർട്ടിനെ അവഗണിക്കാനുള്ള കാരണം പ്രതീക്ഷിച്ചിരുന്നതുപോലുള്ള നിസ്സംഗതയാണവർ പുലർത്തിയത്. ഇതാണ് പൗരോഹിത്യം ഉപയോഗിച്ച അവസരം. ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വലിയ ജനപിന്തുണയോടെ പ്രതിരോധനിര കെട്ടിപ്പടുത്തിയവർക്ക് കസ്തൂരി രംഗൻ റിപ്പോർട്ടിനെതിരെയും ജനങ്ങളെ അണിനിരത്തുക എളുപ്പമായിരുന്നു. എന്നാൽ ഇതിനിടയിൽ സംഭവിച്ചത് പൗരോഹിത്യത്തിന്റെ രാഷ്ട്രീയ ശാക്തീകരണമായിരുന്നു. ഇടയന്മാർ രാഷ്ട്രീയ നേതൃത്വങ്ങളെ പരസ്യമായി വിരട്ടാൻ മാത്രം കരുത്തരായി. പിന്നിൽ അണിനിരന്ന ജനങ്ങളുടെ ശക്തി കൊണ്ടാണവർക്ക് അങ്ങനെ ചെയ്യാനായത്. ഗാഡ്ഗിൽ-കസ്തൂരിരംഗൻ വിരുദ്ധ സമരത്തിന്റെ കൊടി കത്തോലിക്കാ പൗരോഹിത്യത്തിന്റെ കൈകളിൽ നിന്ന് ഏറ്റെടുക്കാൻ രാഷ്ട്രീയ കക്ഷികൾക്കോ ഇതര സമുദായ നേതൃത്വങ്ങൾക്കോ കഴിഞ്ഞില്ല. എല്ലാവരും പിന്നണിപ്പോരാളികളായി സ്വയം ചുരുങ്ങി കത്തോലിക്കാ പൗരോഹ്യത്തിന് കരുത്ത് പകർന്നു. പശ്ചിമഘട്ടമേഖലയിലെ ജനങ്ങളുടെ പ്രതിഷേധക്കരുത്തിൽ പൗരോഹിത്യം നിലവിട്ട് പെരുമാറാനും അട്ടഹാസങ്ങൾ മുഴക്കാനും തുടങ്ങി. പി.ടി തോമസിന്റെ ശവഘോഷയാത്ര മുതൽ കൊട്ടിയൂർമേഖലയിലെ അഴിഞ്ഞാട്ടങ്ങൾ വരെ അതിന്റെ ഉദാഹരണങ്ങളാണ്.

പൗരോഹിത്യത്തിന്റെ നീക്കങ്ങളെല്ലാം എത്ര നിലവാരം കുറഞ്ഞതായിരുന്നു എങ്കിലും അവയെല്ലാം അവരുടെ നിഗൂഢ ലക്ഷ്യങ്ങളിലേക്ക് മുന്നേറ്റമുണ്ടാക്കിക്കൊണ്ടിരുന്നു. ഇടതുപക്ഷം നാല് വോട്ടിന്റെ മോഹവലയത്തിൽപ്പെട്ട് പൗരോഹിത്യ നേതൃത്വത്തിൽ കീഴിൽ അഭയം പ്രാപിച്ചപ്പോൾ മുതൽ പൗരോഹിത്യരാഷ്ട്രീയത്തിന്റെ വിജയമാരംഭിക്കുകയായിരുന്നു. പി.ടി. തോമസിന് കോൺഗ്രസ്സ് സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ പൗരോഹിത്യം രണ്ടാം വിജയമാഘോഷിച്ചു. ജോയിസിനെ സ്ഥാനാർത്ഥിയാക്കിയപ്പോൾ മൂന്നാം വിജയം. ജോയിസിന്റെ നല്ലഭൂരിപക്ഷത്തിലുള്ള വിജയത്തോടെ സമ്പൂർണ്ണവിജയം. മലയോരമേഖലയിലെ മണ്ഡലങ്ങളിലെല്ലാം തന്നെ കേരളകോൺഗ്രസ്സിന്റെതൊഴികെയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഒന്നുങ്കിൽ പരാജയം അല്ലെങ്കിൽ ഭൂരിപക്ഷത്തിൽ ഗണ്യമായ ഇടിവ്. ഇനി ഗാഡ്ഗിൽ റിപ്പോർട്ടോ കസ്തൂരിരംഗൻ റിപ്പോർട്ടോ നടപ്പിലാക്കിയാലുമില്ലെങ്കിലും ആർക്കുചേതം! തങ്ങളുടെ കരുത്തും അധീശത്വവും ഇതുപോലെ തെളിയിക്കാൻ സമീപകാലത്തൊന്നും മറ്റൊരവസരം കിട്ടിയില്ലെങ്കിലും ഈ വിജയം നൽകിയ വിലപേശൽശേഷി ഉപയോഗപ്പെടുത്തി ഏറെക്കാലം മുന്നോട്ടുപോകാനാവുമെന്ന് പൗരോഹിത്യത്തിനറിയാം. ഇലക്ഷന് മുമ്പും ശേഷവും കേരളത്തിലും ദേശീയ തലത്തിലും നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാ രാഷ്ട്രീയ വിശകലനങ്ങളും മത-ജാതി മാനദണ്ഡങ്ങളെ മാത്രമടിസ്ഥാനമാക്കിയാണെന്നത് പൗരോഹിത്യത്തിന് കൂടുതൽ പ്രതീക്ഷ നൽകുന്നു. ഈ രാജ്യത്ത് മാദ്ധ്യമങ്ങളുടെയും രാഷ്ട്രീയ കക്ഷികളുടെയും കണ്ണിൽ പൗരന്മാരില്ലാതാവുകയും ഹിന്ദുവും, മുസ്ലീമും, കത്തോലിക്കനും, യാദവനും, കുർമിയും മറ്റും മാത്രം അവശേഷിക്കുകയും ചെയ്തിരിക്കുന്ന നല്ലകാലമോർത്ത് പൗരോഹിത്യത്തിന് സന്തോഷിക്കാം.

മേൽസൂചിപ്പിച്ച നാടകങ്ങൾ അരങ്ങേറുമ്പോൾ കാണികളുടെ റോൾപോലും ലഭിക്കാതെ പോയ് ഒരു വിഭാഗമാണ് കേരളത്തിലെ പരിസ്ഥിതിവാദികൾ. പശ്ചിമഘട്ടസംരക്ഷണകാര്യത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിനപ്പുറമോ ഇപ്പുറമോ ഒന്നുമില്ല എന്ന യാഥാർത്ഥ്യബോധമില്ലാത്ത നിലപാടെടുക്കുകയാണവർ ചെയ്തത്. സാധാരണ ജനങ്ങളുമായി ബന്ധമില്ലാതെയും സ്വന്തം ജീവിത ഇടങ്ങളിൽ ഉണ്ടാവുന്ന പാരിസ്ഥിതിക തിരിച്ചടികളിൽ പ്രതികരണമില്ലാതെയും, മറ്റെവിടെയെങ്കിലും ഉണ്ടാകുന്ന പാരിസ്ഥിതിക തിരിച്ചടികളിലെ ഇരകൾ നടത്തുന്ന സമരങ്ങളിൽ ഐക്യദാർഢ്യതീർത്ഥാടനം നടത്തിയും, ചാനലുകളിൽ വിശകലനം നടത്തിയും പരിസ്ഥിതിവാദി ചമഞ്ഞു നടക്കുന്ന അത്തരമാളുകൾക്ക് എങ്ങനെയാഥാർത്ഥ്യബോധത്തോടെ ഒരു വിഷയത്തിൽ നിലപാടെടുക്കാനാവും. ഒരു ജനതയുടെ ഭാവിയെബാധിക്കുന്ന വിഷയത്തിൽ ആ ജനതയുടെ ജീവിത സാഹചര്യങ്ങളിലൂടെ കാര്യങ്ങളെ വായിച്ചറിയുവാനുള്ള കാഴ്ചയുടെ തെളിച്ചമില്ലാത്തവർ കർഷകരോട്, 'സ്റ്റാൻഡപ്പ്, നിങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ട് വായിച്ചിട്ടുണ്ടോക്ഷ എന്ന ഒരേ ഒരു ചോദ്യമുന്നയിക്കുന്നതാണ് കണ്ടത്. പട്ടണങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിച്ച്, ഗാഡ്ഗിൽ റിപ്പോർട്ടിൽ കർഷകരെ പശ്ചിമഘട്ടത്തിൽ നിന്ന് കുടിയിറക്കാൻ ഒരു വാചകം പോലും പറഞ്ഞിട്ടില്ല എന്ന് പല തവണ ആവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തനമാണ് നടന്നത്. ഏതു റിപ്പോർട്ടും അത് ബാധിക്കുന്ന ജനങ്ങളുടെ കണ്ണുകളിലൂടെയും അനുഭവങ്ങളിലൂടെയും നോക്കിക്കാണാൻ ഉള്ള വിനയവും ബൗദ്ധിക തുറവിയുമുള്ളവർക്കെ ആ ജനങ്ങളുമായി ഫലപ്രദമായി സംവാദിക്കാനാവു. വളരെ വൈകി യൂത്ത് ഡയലോഗ് എന്ന ഒരു കൂട്ടായ്മ ആവഴിക്കൊരു ശ്രമം നടത്തിയതും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അപര്യാപ്തതകൾ പരിഹരിക്കാൻ ചർച്ചകൾ നടത്തിയിട്ട് വേണം ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കാൻ എന്ന ഒരു നിലപാടെടുത്തതും മാത്രമാണ്, ഗാഡ്ഗിൽ റിപ്പോർട്ടിന് ശേഷം ആവിഷയവുമായി ബന്ധപെട്ട് പരിസ്ഥിതിവാദികളിൽ നിന്നുണ്ടായ ക്രിയാത്മക നിലപാടുകൾ. യഥാസമയം ഗാഡ്ഗിൽ റിപ്പോർട്ടിന്റെ പരിമിതികളെക്കുറിച്ച് തുറന്ന നിലപാടെടുക്കാൻ പരിസ്ഥിതിവാദികൾക്ക് എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ പൗരോഹിത്യത്തിന് ഈ വിധത്തിലൊരു ഏകപക്ഷീയ വിജയമുണ്ടാകുമായിരുന്നില്ല. ഇതെല്ലാമറിയാവുന്ന പൗരോഹിത്യം ഗാഡ്ഗിലിനും കസ്തൂരിരംഗനും പരിസ്ഥിതിവാദികൾക്കും സ്തുതി പറയും എന്നുറപ്പാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP