Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്രിസ്ത്യാനികൾക്ക് വീഞ്ഞ് നിർബന്ധമല്ല; കത്തോലിക്ക സഭാധികാരികൾക്ക് വീഞ്ഞിനോട് അഡിക്ഷൻ!

ക്രിസ്ത്യാനികൾക്ക് വീഞ്ഞ് നിർബന്ധമല്ല; കത്തോലിക്ക സഭാധികാരികൾക്ക് വീഞ്ഞിനോട് അഡിക്ഷൻ!

ന്ദ്യ വയോധികനായ മാർ ക്രിസോസ്റ്റം വെളിപ്പെടുത്തിക്കഴിഞ്ഞു ക്രിസ്തുമതാനുഷ്ഠാനങ്ങൾക്ക് വീഞ്ഞ് നിർബന്ധമേയല്ല എന്ന്. കത്തോലിക്കാ സഭക്കാർ തന്നെ മദ്യ നിരോധനമുള്ള ഗൾഫ് രാജ്യങ്ങളിലും മറ്റു പ്രദേശങ്ങളിലും വീഞ്ഞുപയോഗിക്കുന്നില്ല എന്ന് പലരും പത്രങ്ങളിൽ എഴുതിയിരുന്നു. സഭാധികാരികൾ അത് നിഷേധിച്ചിട്ടുമില്ല. അവിടങ്ങളിലൊക്കെ പട്ടക്കാർക്ക് വീഞ്ഞിന് പകരം തലേ ദിവസം വെള്ളത്തിലിട്ട ഉണക്ക മുന്തിരി പിഴിഞ്ഞെടുക്കുന്ന ചാറു മതിയാകും കുർബാന ചൊല്ലാൻ. കുർബാന സ്വീകരിക്കുന്ന വിശ്വാസികൾക്കും - അധികവും പ്രവാസി മലയാളികൾ; പാലാക്കാരും മറ്റും ധാരാളം! അത് മതിയാകുന്നു! ഇതിൽ നിന്നു തന്നെ അറിയാമല്ലോ കാര്യങ്ങളുടെ കിടപ്പ്.

വെള്ളാപ്പള്ളി നടേശന്റെ ഇടപെടൽ കാരണം സത്യ വിശ്വാസികളായ കത്തോലിക്കർക്ക് ഞെട്ടിക്കുന്ന ഒരു പുതിയ സത്യം വെളിപ്പെട്ടു കിട്ടി. അവരുടെ മേല്പട്ടക്കാരായ 23 മെത്രാന്മാർക്ക് വീഞ്ഞ് വാറ്റിയെടുക്കാനുള്ള ലൈസൻസുണ്ടത്രേ! 24-ാമത് ഒരു ലൈസൻസ് കൂടി സഭയ്ക്കുണ്ട്. അതൊരു കന്യാസ്ത്രീയമ്മയുടെ പേരിലാണെന്നറിഞ്ഞപ്പോൾ ഞെട്ടലും അഭിമാനവും തുല്യ അളവിലായിരുന്നു! ഇതെല്ലാം പത്രങ്ങളിൽ വന്നതാണ്. പട്ടക്കാരനും സഭാ വാക്താവുമായപ്പോൾ തേലക്കാടിനെപ്പോലെയുള്ളവർ ഇത് നിഷേധിച്ചിട്ടില്ലാത്ത സ്ഥിതിയിക്ക് ഇതും സത്യ വിശ്വാസമായി തീർന്നിരിക്കുന്നു. തുറന്ന് അഭിപ്രായം പറയാൻ അവസരം കിട്ടിയാൽ ഭൂരിപക്ഷം പട്ടക്കാരും കുർബാനയിലെ വീഞ്ഞ് സംസ്‌കാരത്തെ എതിർക്കുമെന്നാണ് തോന്നുന്നത്.

എന്തായാലും പ്രതീകാത്മകമായിട്ടാണ് യേശുവിന്റെ രക്തത്തിന് പകരം വീഞ്ഞ് ഉപയോഗിക്കുന്നത്. അപ്പോൾ പിന്നെ മുന്തിരിച്ചാർ മതിയാകുമല്ലോ. എന്നു മാത്രമല്ല കുർബാനയിൽ വീഞ്ഞിനെക്കാൾ പ്രധാനപ്പെട്ട ഓസ്തി എന്ന അപ്പത്തിന് പകരം ക്രിസ്തുവിന്റെ ശരീരമായി ചപ്പാത്തിയും മറ്റുമാണ് നമ്മുടെ വടക്കേ ഇന്ത്യയിൽ പോലും ഉപയോഗിക്കുന്നത് എന്ന കാര്യം കത്തോലിക്കർക്ക് പരക്കെ അറിയാവുന്നതുമാണ്. അപ്പത്തിനുള്ള പ്രാധാന്യമല്ലേ വീഞ്ഞിനുമുള്ളൂ?

കത്തോലിക്കരായ യുവാക്കൾക്ക് മെത്രാന്മാരോട് ഒരു ചെറിയ പരിഭവമുണ്ട്. പന്ത്രണ്ട് കൊല്ലം വേദപാഠം പഠിക്കുന്ന തങ്ങളോട് ഈ വാറ്റു ലൈസൻസിന്റെ കാര്യം മാത്രം പറഞ്ഞില്ല? വെള്ളാപ്പള്ളി നടേശന് പോലും അറിയാവുന്ന ഈ അങ്ങാടിപ്പാട്ട് എന്തിന് അരമന രഹസ്യമാക്കി വച്ചിരുന്നു? പാലാ അരമനയ്ക്ക് പോലും തമിഴ് നാട്ടിൽ മുന്തിരിത്തോട്ടമുണ്ടെന്നറിയാവുന്ന ഈ വിശ്വാസികൾ ലൈസൻസ് കാര്യം കൂടി അറിഞ്ഞാൽ എന്തായിരുന്നു കുഴപ്പം? ബഹുമാനക്കൂടുതൽ കൊണ്ട് ക്രിസ്തു പറഞ്ഞതിന് വിരുദ്ധമായി പോലും 'പിതാവേ' എന്ന് വിളിക്കുന്നവർക്ക് മേൽ പട്ടക്കാരെക്കുറിച്ച് മതിപ്പ് കൂടുകയല്ലേ ഉണ്ടാകുമായിരുന്നുള്ളൂ.

വീഞ്ഞ് മാർക്കറ്റിൽ വിൽക്കുന്നുണ്ടോ എന്നൊന്നും തീർച്ചയില്ല. പക്ഷെ സ്വന്തം മുന്തിരിത്തോട്ടവും വാറ്റു സംവിധാനമുള്ള ഇവർ കുർബാന സ്വീകരിക്കുന്ന വിശ്വാസികൾക്ക് രണ്ട് തുള്ളി വീതം കൊടുക്കാനും കുർബാന ചൊല്ലുന്ന പട്ടക്കാരന് അല്പം പാനം ചെയ്യാനും മാത്രമേ വീഞ്ഞ് ഉദ്പ്പാദിപ്പിക്കുന്നുള്ളൂ.

പോപ്പിനോട് ചോദിക്കാം

അപ്പത്തിന്റെയോ വീഞ്ഞിന്റെയോ കാര്യത്തിൽ ലംഘിക്കാൻ പറ്റാത്ത കീഴ് വഴക്കമോ സഭാ നിയമമോ ഉണ്ടോ എന്നറിയുന്നതിന് ഇവിടെക്കിടന്ന് ആരും തമ്മിൽ തർക്കിക്കേണ്ട കാര്യമില്ലല്ലോ! നാഴികയ്ക്ക് നാല്പത് വട്ടം മെത്രാന്മാർ പേര് ഉദ്ധരിക്കാറുള്ളൂ. പരിശുദ്ധ സിംഹാസനവും പരിശുദ്ധ പിതാവുമുണ്ടല്ലോ; ചോദിക്കാം, പക്ഷെ അതിനാരും തയ്യാറാകുമെന്നു തോന്നുന്നില്ല. പരിശുദ്ധ സിംഹാസനത്തിനോ ആഡംബര വാഹനങ്ങൾക്കോ ഒരു പ്രാധാന്യവും കൊടുക്കാത്ത ഫ്രാൻസിസ് മാർപ്പാപ്പ എന്ത് മറുപടി പറയുമെന്ന് നമ്മുടെ മേല്പട്ടക്കാർക്ക് നല്ലത് പോലെ അറിയാം. ആഡംബര ഭ്രമക്കാരായ മെത്രാന്മാർക്ക് കിഴുക്കു കൊടുത്തിരിക്കുകയും പണി കൊടുക്കുകയും ചെയ്യുന്നയാളാണല്ലോ ഇപ്പോഴത്തെ മാർപ്പാപ്പ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP