Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പിതാവ് ചെറുപ്പത്തിൽ മരിച്ചപ്പോൾ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു; പുരയിടത്തിൽ കൃഷി ചെയ്തു ഭക്ഷണവും ഉപ ജീവനവും; പ്രയാസങ്ങൾക്കും പട്ടിണിയുടെ ഓരത്തുകൂടെ ജീവിച്ചപ്പോൾ പാട്ട് എഴുതിപ്പാടിയാണ് ആസ്വദിച്ചു; അനുഭവത്തിൽ നിന്നുള്ള നാടൻപാട്ടെഴുത്ത് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുട ഇടയിൽ ഫോക്ലോറായി; പിൽക്കാലത്ത് സഞ്ചാര സുവിശേഷകനും; എം ഐ വർഗീസ് എന്ന സാധു കൊച്ചുകുഞ്ഞു ഉപദേശിയെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു

പിതാവ് ചെറുപ്പത്തിൽ മരിച്ചപ്പോൾ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു; പുരയിടത്തിൽ കൃഷി ചെയ്തു ഭക്ഷണവും ഉപ ജീവനവും; പ്രയാസങ്ങൾക്കും പട്ടിണിയുടെ ഓരത്തുകൂടെ ജീവിച്ചപ്പോൾ പാട്ട് എഴുതിപ്പാടിയാണ് ആസ്വദിച്ചു; അനുഭവത്തിൽ നിന്നുള്ള നാടൻപാട്ടെഴുത്ത് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുട ഇടയിൽ ഫോക്ലോറായി; പിൽക്കാലത്ത് സഞ്ചാര സുവിശേഷകനും; എം ഐ വർഗീസ് എന്ന സാധു കൊച്ചുകുഞ്ഞു ഉപദേശിയെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

സാധു കൊച്ചുകുഞ്ഞു ഉപദേശി.. അങ്ങനെ ഒരു പേര് മധ്യ തിരിവിതാംകൂറിന് അപ്പുറത്തുള്ള അധികം ആരും കേൾക്കാൻ സാധ്യത ഇല്ല. ബാല്യകാലത്ത് മനസ്സിൽ കയറിപറ്റിയ രുചി ഓർമ്മകളും, പാട്ട് ഓർമ്മകളും, അനുഭവ ഓർമ്മകളും, കഥകളും, അബോധ മനസ്സിൽ രൂഢമൂലമാകുന്ന ചിലതാണ്. കുട്ടികൾ ആയിരിക്കുമ്പോൾ രുചി മുകുളങ്ങൾ നമ്മുടെ തലച്ചോറീൽ ഓർമ്മകൾ ആയി രേഖപെടുത്തുന്നതുകൊണ്ടാണ് ചെറുപ്പത്തിലേ ഭക്ഷണം എത്ര പ്രായമായാലും ഇഷ്ട്ടപ്പെടുന്നത്. അതുകൊണ്ടാണ് മത്തികറിയും കപ്പ വേവിച്ചതും ഇപ്പോഴും ഇഷ്ട്ടം. അതുപോലെ ഇഷ്ട്ടമുള്ളതാണ് സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ :

' കാക്കകളെ വിചാരിപ്പിൻ, വിതയില്ല, കൊയ്തുമില്ല, ദൈവമവാക്കായി വേണ്ടതേകുന്നു.
ലില്ലി പുഷ്പങ്ങൾക്കും അവൻ ശോഭ നൽകുന്നു '

അതുപോലെ വേറൊന്ന്.
' ദുഃഖത്തിന്റ പാന പാത്രം കർത്താവെന്റെ കൈയിൽ തന്നാൽ സന്തോഷത്തോടതു വാങ്ങി, ഹാലെലുയ്യ പാടീടും ഞാൻ '
അദ്ദേഹത്തിന്റെ മകൻ മരിച്ചപ്പോൾ എഴുതിയതാണത്.

അത്‌പോലെ വേറൊന്ന് :
' ആത്മസുഖം പോലെന്തു പാരിൽ,
പരമാത്മ സുഖം പോലെ വേറെന്തു പാരിൽ '

ഇതെല്ലാം നാലാമത്തെ വയസിൽ മനസ്സിൽ കയറിയതാണ്.

അതു കഴിഞ്ഞു ആയിരത്തിൽ അധികം പുസ്തകം വായിച്ചാലും നാലാം വയസിൽ മനസ്സിൽ കയറിയത് ഓർമ്മകളുടെ അടിവാരങ്ങളിൽ സജീവമായിരിക്കും.

അതു കൊണ്ടു ഇന്നലെ സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ കേട്ടാണ് ഉറങ്ങിയത്.

കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റ ആദ്യം മുതൽ വളർന്നുവന്ന ക്രിസ്തീയ ഭക്തി ഗാനങ്ങൾ മലയാള ഭാഷയുടെ വളർച്ചയുടെ അടയാളപ്പെടുത്തലാണ്. അവയിൽ പലതിലും നാട്ടു മൊഴികളും, തമിഴ്, സംസ്‌കൃതമൊക്കെയുണ്ട്. പക്ഷെ മുഖ്യധാര മലയാള ഭാഷ പഠനത്തിൽ ഇവയൊന്നും കാണാൻ സാധ്യതയില്ല. മണിപ്രവാളം കാണും.

ആറന്മുളക്കു അടുത്തുള്ള കെ വി സൈമണും കൊച്ചു കുഞ്ഞു ഉപദേശിയും കൂട്ട് കാർ ആയിരുന്നെങ്കിലും അവർ രണ്ടു രീതിയിലാണ് എഴുതിയത്. കെ വി സൈമൺ കൂടുതൽ സംസ്‌കൃത പദങ്ങൾ ഉപയോഗിച്ചു എഴുതിയപ്പോൾ കൊച്ചുകുഞ്ഞു ഉപദേശി അനുഭവത്തിൽ നിന്ന് നാട്ടിലെ പാട്ടുകൾ എഴുതി. പിൽക്കാലത്തു കെ വി സൈമൺ വേദവിഹാരം എഴുതിയ കവി എന്നറിയപ്പെട്ടു.

കൊച്ചു കുഞ്ഞു ഉപദേശി പാട്ടുകാരനായി മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യാനികളുട ഇടയിൽ ഫോക്ലോറായി. പ്രതേകിച്ചു മാർത്തോമാക്കാരുടെ ഇടയിൽ.

ഇലവുംതിട്ട എന്ന ചെറിയ ഗ്രാമത്തിലാണ് ബാല്യ കാലം. എന്നെ വായിക്കാൻ പഠിപ്പിച്ചതും വായിച്ചത് വ്യാഖാനിക്കാൻ പഠിപ്പിച്ചതും സങ്കീർത്തനങ്ങൾ കാണാതെ പഠിപ്പിച്ചതും പാട്ടുകളും സംസ്‌കൃത ശ്ലോകങ്ങളും പഠിപ്പിച്ചതും നീതിസാരം പറഞ്ഞു തന്നതും എന്റെ അമ്മയുടെ അപ്പനായ പട്ടിരേത്തു ഗീവർഗീസാണ്. എന്റെ ആദ്യ ഗുരു അപ്പച്ചനായിരുന്നു.

കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടാണ് എന്ന് പറഞ്ഞു പാടി പഠിപ്പിച്ചപ്പോൾ ചോദിച്ചു.

'അപ്പച്ച, അതാരാണ്. '?

അന്ന് കേട്ടത് ഇപ്പോൾ പറയാം.

ആറന്മുളക്കു അടുത്തു ഇടയാറന്മുള എന്ന് സ്ഥലത്തു മൂത്താമ്പക്കൽ എന്ന വീട്ടിലെ ആളാണ്..

ജനിച്ചത് 1883 നവംബർ 29 നു. മരിച്ചത് 1945 നവമ്പർ 30 നു. പതിനാലു വയസ്സ് വരെ അടുത്തുള്ള സ്‌കൂളികളിൽ പഠിച്ചു.

അദ്ദേഹത്തിന്റെ പിതാവ് ചെറുപ്പത്തിൽ തന്നെ മരിച്ചതിനാൽ കുടുംബ ഭാരം ഇരുപത് വയസ്സിന് മുമ്പേ എടുക്കേണ്ടി വന്നു. വളരെ ഇടത്തരം കുടുംബം. അൽപ്പം പുരയിടത്തിൽ കൃഷി ചെയ്തു ഭക്ഷണവും ഉപ ജീവനവും. പക്ഷേ പ്രയാസങ്ങൾക്കും പട്ടിണിയുടെ ഓരത്തുകൂടെ ജീവിച്ചപ്പോൾ പാട്ട് എഴുതി പ്പാടിയാണ് അദ്ദേഹം ആശ്വസിച്ചത്.

മത വിശ്വാസം പാവപ്പെട്ടവർക്ക് ആശ പ്രത്യാശകളാണ്. അനുഭവ നിശ്വാസങ്ങളുടെ ആശ്വാസമാണ്. മാർക്‌സ് പറഞ്ഞത്‌പോലെ ഹൃദയമില്ലാത്ത ലോകത്തിന്റെ ഹൃദയവും അടിച്ചമർത്തപെട്ടവരുടെ നിശ്വാസവുമാണ്.

മതങ്ങളെ മനുഷ്യനെ മയക്കുന്ന കറുപ്പ് ആക്കുന്നത് അധികാര വ്യവസ്ഥാപനങ്ങളാണ്. സംഘടിത മതങ്ങൾ എന്നും രാഷ്ട്രീയ അധികാരത്തിന്റെ അകമ്പടിക്കാരായ വിശ്വാസ പ്രമാണ ആചാരങ്ങളുടെ പുരോഹിത വർഗ്ഗ താല്പര്യങ്ങൾ ആയിരുന്നു.

എന്നാൽ പാവങ്ങളുടെ വിശ്വാസങ്ങൾ അവരുടെ അനുഭവ തലത്തിലെ ആകാംഷകളും കഷ്ടതകളിൽ ആശ്വാസവും സങ്കടങ്ങളിൽ പ്രത്യാശയുമാണ്. അതു പലപ്പോഴും പലർക്കും അന്ധവിശ്വാസങ്ങൾ ആയിരിക്കും. പക്ഷേ ആ വിശ്വാസങ്ങൾ മറ്റുള്ളവർക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കിടത്തോളം കാലം അതു അവരവരുടെ വിശ്വാസങ്ങളാണ്. അതിലെ ശരി തെറ്റുകൾ വേറെയൊരാൾ വിലയിരുത്തിയിട്ട് പ്രതേകിച്ചു കാര്യമില്ല.

അത്‌കൊണ്ടാണ് വ്യവസ്ഥാപിത മത അധികാര താല്പര്യങ്ങളെയും ആത്മീയ വ്യാപാര വ്യവസായത്തെയും വിമർശിക്കാറുള്ളപ്പോഴും ഓരോ വ്യക്തിയുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നത്.

സംഘ ബലങ്ങളിൽ നിന്നും സഭാ ശക്തികളിൽ നിന്നും വഴിമാറി നടന്നു പാട്ടുകൾ പാടി ജീവിതം തന്നെ സുവിശേഷമാക്കിയതുകൊണ്ടാണ് കൊച്ചു കുഞ്ഞു ഉപദേശി വേറിട്ടു നിൽക്കുന്നത്.

അനുഭവങ്ങൾ കൊണ്ടു അന്തരംഗത്തിൽ നിന്ന് പാട്ട് എഴുതി മനോഹരമായി ആത്മാവിനെ തൊട്ട് പാടിയത്.

കഷ്ട്ടവും പട്ടിണിയും വന്നപ്പോൾ, പാടി.

' എന്റെ ദൈവം മഹത്വത്തിൽ ആർദ്രവനായി ജീവിക്കുമ്പോൾ ,
സാധു ഞാനീ ക്ഷോണി തന്നിൽ ക്ലേശിപ്പാൻ
ഏതും കാര്യമില്ലന്നെന്റെയുള്ളം ചൊല്ലുന്നു.

ആരുമെനിക്കില്ലന്നോ ഞാൻ ഏകനായി തീർന്നുവെന്നോ

മാനസത്തിൽ ആധി പൂണ്ടു ഖേദിപ്പാൻ,
സാധു അന്ധനായി തീർന്നിടല്ലേ ദൈവമേ '

'ദുഃഖിതനായി ഓടിപ്പോയി മരുഭൂവിൽ കിടന്നാലും
എന്നെയോർത്തു ദൈവദൂതർ വന്നീടും
സ്‌നേഹ ചൂട്ടോടാപ്പവുമായി വന്നിടും

നാളയെകൊണ്ടൻ മനസ്സിൽ ലവലേശം ഭാരമില്ല'

മനുഷ്യ കഷ്ടതകളുടെ ഇടയിൽ മനസ്സിന്റെ ഉള്ളിൽ നിന്നുള്ള പ്രത്യാശയെന്ന പ്രതീക്ഷയാണ് ഓരോ മനുഷ്യനെയും സങ്കടകടലിൽ നിന്ന് കര കയറാൻ ആത്മ ധൈര്യവും ഉൾബലവും കൊടുക്കുന്നത്. അതു സാധാരണ യുക്തികൊണ്ടല്ല സാധാരണ മനുഷ്യർ നേരിടുന്നത്. ഈ മാനുഷിക അവസ്ഥകൾ എന്നും ഉള്ളതുകൊണ്ടാണ് സാധു കൊച്ചു കുഞ്ഞു ഉപദേശിയുടെ പാട്ടുകൾ ലക്ഷകണക്കിന് ആളുകളെ മനസ്സിൽ തട്ടി തങ്ങി നിൽക്കുന്നത്. സാധു കൊച്ചു കുഞ്ഞു ഉപദേശി എന്നത് നാട്ടുകാരിട്ട വിളിപ്പേരാണ്. യഥാർത്ഥ പേര്. എം ഐ വർഗീസ് എന്നാണ്. മൂത്താമ്പക്കൽ ഇട്ടി വർഗീസ് എന്നാണ്. അപ്പൻ ഇട്ടി. അമ്മ. മറിയാമ്മ.

അദ്ദേഹം കൂടുതൽ അറിയപ്പെട്ടത് ഒരു സഞ്ചാര സുവിശേഷകനായാണ്. മനോഹരമായി പാട്ട് പാടി പ്രസംഗിച്ചു കാൽനടയായും വള്ളത്തിലും കാളവണ്ടിയിലും സഞ്ചരിച്ച സാധു വായിരുന്നു.

മാർത്തോമാ സഭ അംഗമായിരുന്നുവെങ്കിലും കൂടുതലും സ്വതന്ത്ര സുവിശേഷകനായി ജീവിച്ചു. സ്ത്രീധനത്തിനു എതിരായിരുന്നു. അടിമ വേലക്കും അടിച്ചമർത്തലുകൾക്കും.സമൂഹത്തിൽ വിവേചനം അനുഭവിക്കുന്ന എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം കിട്ടണം എന്നതായിരുന്നു കാഴ്ചപ്പാട്. വളരെ കഷ്ടതകളിലും സങ്കടങ്ങളിലും ജീവിച്ച ആ മനുഷ്യൻ വ്യവസ്ഥാപിത അധികാരത്തിൽ നിന്ന് വഴിമാറി നടന്ന വിശുദ്ധനായിരുന്നു. ഒന്നും സമ്പാദിക്കാതെ പാട്ടുകളുടെ ആശ്വാസവും പ്രത്യാശകളും തിരു ശേഷിപ്പുക്കളായി മലയാളത്തിനും മലയാളിക്കും തന്നേച്ചു പോയ അവധൂതനായിരുന്നു. അതുകൊണ്ടാകും കൊച്ചു കുഞ്ഞു ഉപദേശി മരിച്ചപ്പോൾ പതിനായിരങ്ങൾ കൂടിയത്. കാരണം അത് പോലെയുള്ള പ്രത്യാശയുടെ പാട്ടുകാർ ഭൂമിയിൽ കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP