Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിംഗായത്ത് പരമാചാര്യൻ ശിവകുമാരസ്വാമി അന്തരിച്ചു; സിദ്ധഗംഗ മഠാധിപതിയുടെ വിയോഗം 111-ാം വയസ്സിൽ; വിടവാങ്ങുന്നത് സമുദായാംഗങ്ങളുടെ മനസ്സിൽ ബസവേശ്വരന്റെ പുനർജന്മമായ സ്വാമി; അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

ലിംഗായത്ത് പരമാചാര്യൻ ശിവകുമാരസ്വാമി അന്തരിച്ചു; സിദ്ധഗംഗ മഠാധിപതിയുടെ വിയോഗം 111-ാം വയസ്സിൽ; വിടവാങ്ങുന്നത് സമുദായാംഗങ്ങളുടെ മനസ്സിൽ ബസവേശ്വരന്റെ പുനർജന്മമായ സ്വാമി; അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം

ബംഗളൂരു: ലിംഗായത്ത് പരമാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാര സ്വാമി നിര്യാതനായി. 111-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ വിയോഗം. കുറച്ചുദിവസമായി ആരോഗ്യ നില വഷളായി തുടരുകയായിരുന്നു. കർണാടക രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിന്റെ പരമാചാര്യൻ ആയതിനാൽ തന്നെ രാഷ്ട്രീയ രംഗത്തെ നിരവധി പേർ കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

മഠത്തിൽ തന്നെ വെന്റിലേറ്റർ ഒരുക്കിയാണ് അദ്ദേഹത്തിന് വൈദ്യസഹായം നൽകിയിരുന്നത്. സംസ്‌കാരം നാളെ നടക്കും. കർണാടകത്തിലെ പ്രബല സമുദായത്തിന്റെ ആചാര്യനായ സ്വാമിയുടെ വിയോഗത്തിന് പിന്നാലെ അനിഷ്ട സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകി. തുംകൂരുവിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ശിവകുമാരസ്വാമിയുടെ വിയോഗത്തെ തുടർന്നു കർണാടകയിലെ രാഷ്ട്രീയപാർട്ടികൾ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. സർക്കാരിനെതിരായ ബിജെപി നീക്കം പ്രതിരോധിക്കാൻ കോൺഗ്രസ് ബിഡദിയിലെ റിസോർട്ടിലേക്കു മാറ്റിയ എംഎൽഎമാരോട് തിരികെ പോകാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.

ഇന്നു നടത്താനിരുന്ന നിയമസഭാ കക്ഷിയോഗവും റദ്ദാക്കി. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുമകൂരുവിലെ സിദ്ധഗംഗ മഠത്തിലെത്തി. ദൾകോൺഗ്രസ് സർക്കാർ ഏകോപന സമിതി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തുമകൂരുവിലേക്കു തിരിച്ചു. വരൾച്ചാബാധിത മേഖലകളിൽ ബിജെപി ഇന്നു തുടങ്ങാനിരുന്ന സന്ദർശനം റദ്ദാക്കി പാർട്ടി അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയും തുമകൂരുവിലെത്തി.

2015ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ശിവകുമാര സ്വാമിയെ, 12-ാം നൂറ്റാണ്ടിലെ നവോത്ഥാന നായകനായ ബസവേശ്വരന്റെ പുനർജന്മമായാണ് ലിംഗായത്ത് വിശ്വാസികൾ കണക്കാക്കുന്നത്. 125 വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ശ്രീസിദ്ധഗംഗാ എജ്യൂക്കേഷൻ സൊസൈറ്റിയുടെ അധിപൻ കൂടിയാണ്. 1907 ഏപ്രിൽ ഒന്നിന് രാമനഗര ജില്ലയിലെ വീരപുരയിലാണ് ജനനം.

മഠത്തിൽ ഒരുക്കിയിരിക്കുന്ന വെന്റിലേറ്ററിലുള്ള സ്വാമിയുടെ സ്ഥിതി കുറച്ചുദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. മരുന്നുകൾക്കു ഫലം കാണുന്നുണ്ടെന്നായിരുന്നു ഏറ്റവും ഒടുവിൽ മെഡിക്കൽ റിപ്പോർട്ട്. എന്നാൽ തിങ്കളാഴ്ച ഉച്ചയോടെ സ്ഥിതി മോശമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.

കെങ്കേരി ബിജിഎസ് ഗ്ലോബൽ ആശുപത്രിയിൽ സ്റ്റെന്റ് മാറ്റുന്ന ശസ്ത്രക്രിയക്ക് വിധേയനാക്കിയ ശേഷം ചെന്നൈ റീലാ ആശുപത്രിയിയിലും ചികിൽസിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണു മഠത്തിലേക്കു മാറ്റിയത്. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ, ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ, മൈസൂരു കീരീടാവകാശി യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർ തുടങ്ങിയവരും സ്വാമിയെ സന്ദർശിച്ചിരുന്നു.

ഹരിയാനയിലെ റിസോർട്ടിൽ നിന്നെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ തുംകൂരുവിലെത്തി കഴിഞ്ഞദിവസം അദ്ദേഹത്തെ കണ്ടിരുന്നു. കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വര, ആഭ്യന്തര മന്ത്രി എംപി പാട്ടീൽ തുടങ്ങിയവരും ആരോഗ്യ നില അറിയാൻ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP