Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു; ഗുജറാത്തിൽ നിന്നുള്ള നേതാവിന്റെ അന്ത്യം കോവിഡ് ബാധിതനായി ചികിൽസയിൽ തുടരുന്നതിനിടെ; വിടവാങ്ങുന്നത് സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തൻ; എട്ട് തവണ പാർലമെന്റിൽ അംഗമായ പട്ടേൽ മന്മോഹൻസിംഗിന്റെ ഭരണകാലത്ത് അധികാരത്തെ നിയന്ത്രിച്ച പ്രമുഖൻ; മന്ത്രിയാകാത്ത രാഷ്ട്രീയ ചാണക്യൻ വിടവാങ്ങുമ്പോൾ

കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചു; ഗുജറാത്തിൽ നിന്നുള്ള നേതാവിന്റെ അന്ത്യം കോവിഡ് ബാധിതനായി ചികിൽസയിൽ തുടരുന്നതിനിടെ; വിടവാങ്ങുന്നത് സോണിയാ ഗാന്ധിയുടെ അതിവിശ്വസ്തൻ; എട്ട് തവണ പാർലമെന്റിൽ അംഗമായ പട്ടേൽ മന്മോഹൻസിംഗിന്റെ ഭരണകാലത്ത് അധികാരത്തെ നിയന്ത്രിച്ച പ്രമുഖൻ; മന്ത്രിയാകാത്ത രാഷ്ട്രീയ ചാണക്യൻ വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുഗ്രാം: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ (71) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. ബുധനാഴ്ച പുലർച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അഹമ്മദ് പട്ടേൽ വിട വാങ്ങിയത്. മകൻ ഫൈസൽ പട്ടേലാണ് മരണവിവരം പുറത്തു വിട്ടത്. അധികാര കേന്ദ്രങ്ങളിൽ നിന്ന് അകന്നു നിന്ന രാഷ്ട്രീയ ചാണക്യനാണ് അഹമ്മദ് പട്ടേൽ.

ഈ വർഷം ഒക്ടോബർ ഒന്നിനാണ് അഹമ്മദ് പട്ടേലിന് കോവിഡ് സ്ഥിരീകരിക്കുന്നത്. കോവിഡ് പൊസീറ്റിവായെന്നും ഈ സാഹചര്യത്തിൽ താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. കൊവിഡിനെ തുടർന്ന് ആരോഗ്യനില വഷളായ അഹമ്മദ് പട്ടേലിനെ നവംബർ 15-നാണ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുപിഎ സർക്കാർ അധികാരത്തിലിരുന്ന പത്ത് വർഷവും പാർട്ടിയുടേയും സർക്കാരിലേയും നിർണായക അധികാര കേന്ദ്രമായിരുന്ന അഹമ്മദ് പട്ടേൽ. ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിട്ടാണ് അറിയപ്പെട്ടിരുന്നത്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന അദ്ദേഹം 2018-ൽ പാർട്ടിയുടെ ട്രഷററായി ചുമതലയേറ്റിരുന്നു.

ഗുജറാത്തിൽ നിന്നും എട്ട് തവണയാണ് അഹമ്മദ് പട്ടേൽ പാർലമെന്റിൽ എത്തിയത്. മൂന്ന് തവണ ലോക്‌സഭയിലൂടേയും അഞ്ച് തവണ രാജ്യസഭയിലൂടേയും. ഗുജറാത്തിൽ നിന്നും ലോക്‌സഭയിൽ എത്തിയ രണ്ടാമത്തെ മുസ്ലിം നേതാവുമാണ് പട്ടേൽ.

ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ നിന്നും 1976-ലാണ് കൗൺസിലറായി അഹമ്മദ് പട്ടേൽ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ഗാന്ധി - നെഹ്‌റു കുടുംബവുമായുള്ള ബന്ധം പട്ടേലിനെ കരുത്തനാക്കി. 1987-ലാണ് അദ്ദേഹം ആദ്യമായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അതിനും മുൻപ് 1985-ൽ അദ്ദേഹം രാജീവ് ഗാന്ധിയുടെ പാർലമെന്റെ സെക്രട്ടറിയായി നിയമിതനായിരുന്നു.

2004-ൽ യുപിഎ അധികാരത്തിൽ എത്തിയപ്പോൾ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി. കോൺഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായിരുന്നുവെങ്കിലും കോൺഗ്രസ് ഭാഗമായ ഒരു സർക്കാരിലും അദ്ദേഹം കേന്ദ്രമന്ത്രിയായില്ല. ട്രബിൾ ഷൂട്ടർ. ക്രൈസിസ് മാനേജർ. മാധ്യമങ്ങൾ ചാർത്തി കൊടുത്ത വിശേഷണങ്ങൾക്കപ്പുറമാണ് അഹമ്മദ് പട്ടേൽ. യുപിഎ സർക്കാർ രൂപീകരണത്തിൽ വഹിച്ച പങ്ക് നിർണായകമായിരുന്നു.

രാഹുൽ യുഗത്തിൽ ഒതുക്കപ്പെട്ടെങ്കിലും രാജസ്ഥാനിൽ അടക്കം പ്രതിസന്ധി ഉണ്ടായപ്പോൾ ഹൈക്കമാൻഡ് ആശ്രയിച്ചത് ആ പഴയ പട്ടേലിനെ തന്നെ. അത് വിജയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP