Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ 'എൽ ചാപ്പോയെ' വിവാഹം ചെയ്തത് 18ാം വയസിൽ; ഭർത്താവിനും മക്കൾക്കുമൊപ്പം അധോലോക ജീവിതം; ലഹരി കടത്തിന് ഭർത്താവിനെ സഹായിച്ച കുറ്റത്തിന് എമ കൊറോണൽ ഐസ്പുറോ അറസ്റ്റിൽ

കുപ്രസിദ്ധ ലഹരിമാഫിയ തലവൻ 'എൽ ചാപ്പോയെ' വിവാഹം ചെയ്തത് 18ാം വയസിൽ; ഭർത്താവിനും മക്കൾക്കുമൊപ്പം അധോലോക ജീവിതം; ലഹരി കടത്തിന് ഭർത്താവിനെ സഹായിച്ച കുറ്റത്തിന് എമ കൊറോണൽ ഐസ്പുറോ അറസ്റ്റിൽ

ന്യൂസ് ഡെസ്‌ക്‌

വാഷിങ്ടൺ: കുപ്രസിദ്ധ മെക്‌സിക്കൻ ലഹരിമാഫിയ തലവൻ എൽ ചാപോ എന്ന വാക്വിൻ ഗുസ്മന്റെ ഭാര്യ എമ കൊറോണൽ ഐസ്പുറോ(31) യു.എസിൽ അറസ്റ്റിൽ. ജയിലിൽ കഴിയുന്ന ഭർത്താവിനു ലഹരിമരുന്നു കടത്ത് തുടരാൻ സഹായിച്ചെന്ന് ആരോപിച്ചാണ് എമ്മയെ യുഎസിൽ അറസ്റ്റ് ചെയ്തത്.

വിർജീനിയയിലെ ഡള്ളസ് രാജ്യാന്തര വിമാനത്താവളത്തിൽവച്ചാണ് ഇവരെ പിടികൂടിയത്. മുൻ മെക്‌സിക്കൻ പ്രതിരോധ മന്ത്രി സാൽവദോർ സീൻഫ്യൂഗോസിനെ ഒക്ടോബറിൽ തടവിലാക്കിയ ശേഷം ലഹരിമരുന്ന് കേസിൽ യുഎസ് അറസ്റ്റ് ചെയ്യുന്ന പ്രധാനപ്പെട്ട വ്യക്തിയാണ് എമ്മ. അമേരിക്കയിലേക്കു നിയമവിരുദ്ധമായി ഹെറോയിൻ, കൊക്കെയ്ൻ, മരിജുവാന, മെത്താംഫെറ്റാമിൻ എന്നിവ കടത്താൻ ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരായ കുറ്റം.



2015-ൽ ഗുസ്മനെ ജയിലിൽനിന്ന് രക്ഷപ്പെടുത്താൻ സഹായിച്ചെന്ന കുറ്റവും ഇവർക്കെതിരെയുണ്ട്. പ്രതിയെ ചൊവ്വാഴ്ച തന്നെ വാഷിങ്ടണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കും.

സാൻഫ്രാസിസ്‌കോയിൽ ജനിച്ച് മെക്‌സിക്കോയിലെ ദുരംഗോയിൽ വളർന്ന എമ കൊറോണൽ ഐസ്പുറോ ലഹരിമാഫിയ തലവനായ ഗുസ്മനെ വിവാഹം കഴിച്ചതോടെയാണ് വാർത്തകളിലിടം നേടുന്നത്. സൗന്ദര്യമത്സരങ്ങളിൽ തിളങ്ങിയ 18 വയസ്സുകാരി തന്നെക്കാൾ മൂന്നിരട്ടി പ്രായമുള്ള മാഫിയ തലവനെ വിവാഹം കഴിച്ചത് ആളുകളെ ഞെട്ടിച്ചു. എന്നാൽ പൊലീസിനെയും വിവിധ അന്വേഷണ ഏജൻസികളെയും വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഗുസ്മനൊപ്പം എമ തന്റെ ദാമ്പത്യജീവിതം ആസ്വദിച്ചു. ഒളിത്താവളങ്ങളിലിരുന്ന് മെക്സിക്കൻ അധോലോകത്തെ ഗുസ്മൻ നിയന്ത്രിക്കുമ്പോൾ എമയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. രണ്ട് മക്കളാണ് ഇവർക്കുള്ളത്.

1993-ലാണ് മാഫിയ തലവനായ ഗുസ്മൻ ആദ്യമായി പിടിയിലാകുന്നത്. അന്ന് ഗ്വാട്ടിമാലയിൽ പിടിയിലായ ഗുസ്മനെ പിന്നീട് മെക്സിക്കോയ്ക്ക് കൈമാറുകയും 20 വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. 2001-ൽ ഇയാൾ ജയിൽ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ജയിൽചാടി. പിന്നീട് 2014-ലാണ് ഗുസ്മൻ വീണ്ടും പിടിയിലായത്. പക്ഷേ, ഒരുവർഷത്തിന് ശേഷം ആരെയും അമ്പരപ്പിക്കുന്നരീതിയിൽ ഗുസ്മൻ ജയിൽചാടി. സെല്ലിന് താഴെനിന്ന് ജയിൽവളപ്പിന് പുറത്തേക്ക് തുരങ്കം നിർമ്മിച്ചായിരുന്നു രക്ഷപ്പെടൽ. ഈ സംഭവത്തിലാണ് ഭാര്യ ഉൾപ്പെടെയുള്ള സംഘം ഗുസ്മനെ സഹായിച്ചെന്ന് കണ്ടെത്തിയത്. ജയിലിനടുത്ത് സ്ഥലം വാങ്ങിയ എമയും സംഘവും ദിവസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിലാണ് ഗുസ്മനെ ജയിലിൽനിന്ന് പുറത്തെത്തിച്ചതെന്നാണ് അധികൃതരുടെ വാദം.

എന്നാൽ 2016-ൽ വെടിവെപ്പിലൂടെ ഗുസ്മനെ മെക്സിക്കൻ പൊലീസ് കീഴ്പ്പെടുത്തി. ഒരുവർഷത്തിന് ശേഷം യു.എസിന് കൈമാറി. 2019-ൽ ഗുസ്മൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നിലവിൽ ഫ്ളോറൻസിലെ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.



ഗുസ്മന്റെ കേസിൽ വിചാരണ നടക്കുന്നതിനിടെ ഇടയ്ക്കിടെ കോടതിയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഭാര്യ എമ കൊറോണൽ ഐസ്പുറോയെ ഏവരും ശ്രദ്ധിച്ചിരുന്നു. ലോകത്തെ കുപ്രസിദ്ധ മാഫിയ തലവന്റെ ഭാര്യ, തന്റെ ഭർത്താവിന് വേണ്ടി നിയമപോരാട്ടം നടത്തുന്നതും അവരുടെ വസ്ത്രധാരണവും വരെ ചർച്ചയായി. ചുരുങ്ങിയ കാലം കൊണ്ട് സെലിബ്രറ്റി പരിവേഷം ലഭിച്ച എമ ഐസ്പുറോ 2019-ൽ യു.എസിൽ സ്വന്തം ബ്രാൻഡിലുള്ള വസ്ത്രങ്ങളും പുറത്തിറക്കി. മാഫിയ കുടുംബങ്ങളെക്കുറിച്ചുള്ള റിയാലിറ്റി ഷോയിലും ഇവർ പങ്കെടുത്തു. തന്നെ ഒരു സാധാരണസ്ത്രീയായി മാത്രമാണ് താൻ പരിഗണിക്കുന്നതെന്നും മറ്റുള്ളവർ തങ്ങളെക്കുറിച്ച് ഒന്നും മനസിലാക്കാതെ കാര്യങ്ങൾ വിലയിരുത്തുന്നത് ദുഃഖകരമാണെന്നും എമ റിയാലിറ്റി ഷോയിൽ തുറന്നുപറഞ്ഞിരുന്നു. ഭർത്താവിനോട് വിശ്വസ്തത പുലർത്തുന്നതിനെക്കുറിച്ചും മക്കളെ വളർത്തുന്നതിലുള്ള ശ്രദ്ധയെക്കുറിച്ചും എമ മാധ്യമങ്ങൾക്ക് മുന്നിൽ വിവരിച്ചു. ഒടുവിൽ ഭർത്താവിന് പിന്നാലെ എമയെയും അധികൃതർ പൂട്ടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP