Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുടർച്ചയായി കുറയുന്നതിനിടയിൽ പൊടുന്നനേ ഇന്നലെ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വർദ്ധനവ്; ബ്രിട്ടനിൽ വീണ്ടും 30,000 ന് അടുത്ത് രോഗികളും 100 കടന്ന് മരണങ്ങളും

തുടർച്ചയായി കുറയുന്നതിനിടയിൽ പൊടുന്നനേ ഇന്നലെ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും വർദ്ധനവ്; ബ്രിട്ടനിൽ വീണ്ടും 30,000 ന് അടുത്ത് രോഗികളും 100 കടന്ന് മരണങ്ങളും

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: കഴിഞ്ഞ രണ്ടാഴ്‌ച്ചകളായി കോവിഡ് വ്യാപനം പിടിച്ചുകെട്ടാനായതിന്റെ ആശ്വാസത്തിലിരിക്കുന്ന ബ്രിട്ടനെ മനസ്സിൽ ഭയം വിതറിക്കൊണ്ട് വീണ്ടും രോഗവ്യാപന തോത് ഉയരുകയാണ്. രണ്ടാഴ്‌ച്ചയ്ക്ക് ശേഷം പ്രതിദിന രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതാണ് ബ്രിട്ടനെ ഞെട്ടിച്ചിരിക്കുന്നത്. ഇന്നലെ 20,312 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിചത്. കഴിഞ്ഞയാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ആറു ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗവ്യാപനം കുറയുന്നത് മന്ദഗതിയിൽ ആയിരുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന്റെ പരിണിതഫലമാണ് ഈ വേഗതക്കുറവെന്ന് ഈ രംഗത്തെ വിദഗ്ദർ പറയുകയും ചെയ്തിരുന്നു. ഒരുപക്ഷെ അതുതന്നെയാകാം ഇന്നലെ രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനയ്ക്ക് കാരണവും. രോഗവ്യാപന തോതിനൊപ്പം കോവിഡ് മരണനിരക്കും വർദ്ധിക്കുകയാണ്. ഇന്നലെ 119 കോവിഡ് മരണങ്ങളാണ് ബ്രിട്ടനിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്‌ച്ചയിലേതുമായി താരതമ്യം ചെയ്യുമ്പോൾ 31 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

അതേസമയം, രോഗം മൂർച്ഛിച്ച് ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ കുറവു തന്നെയാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ ശനിയാഴ്‌ച്ച 668 രോഗികളേയാണ് വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 19.1 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. മാത്രമല്ല, മൊത്തമാശുപത്രികളിലുമായി കോവിഡ് ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം ജൂലായ് 25 ന് ശേഷം ഇതാദ്യമായി 5000 ൽ താഴെയാവുകയും ചെയ്തു.

ബ്രിട്ടനിലെ വിജയകരമായ വാക്സിൻ പദ്ധതിതന്നെയാണ് ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കുന്നതിൽ ഭാഗികമായിട്ടെങ്കിലും പങ്കുവഹിക്കുന്നത് എന്ന് ഈ രംഗത്തെ വിദഗ്ദർ പറയുന്നു. ഇന്നലെ 1,43,002 പേർക്കാണ് വാക്സിന്റെ രണ്ടാം ഡോസ് നൽകിയത്. ഇതോടെ മുതിർന്നവരിൽ 73.2 ശതമാനം പേർക്കും വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇതോടൊപ്പം വാക്സിൻ പദ്ധതിയുടെ അടുത്ത ഘട്ടം ഉടൻ ആരംഭിക്കുമെന്ന് ഔദ്യൊഗിക അറിയിപ്പും ഉണ്ടായിട്ടുണ്ട്.16 ഉം 17 ഉം വയസ്സുള്ളവർക്കാണ് ഈ ഘട്ടത്തിൽ വാക്സിൻ നൽകുക.

ഇത് എന്ന് ആരംഭിക്കും എന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ഒന്നുമില്ലെങ്കിലും സെപ്റ്റംബറിൽ വേനലവധിക്ക് ശേഷം സ്‌കൂളുകൾ തുറക്കാനിരിക്കെ, എത്രയും പെട്ടെന്നു തന്നെ ഇത് ആരംഭിക്കും എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്. അതേസമയം, ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായെങ്കിലും പ്രതിവാര ശരാശരിയിൽ 13.7 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. അതായത്, ഭയപ്പെടേണ്ട ഒരു സാഹചര്യം ഇപ്പോൾ നിലവിലില്ല എന്നർത്ഥം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP